ശമുവേൽ ഒന്നാം ഭാഗം 10:1-27
10 ശമുവേൽ തൈലക്കുടം എടുത്ത് തൈലം ശൗലിന്റെ തലയിലൊഴിച്ചു.+ എന്നിട്ട്, ശൗലിനെ ചുംബിച്ച് ഇങ്ങനെ പറഞ്ഞു: “യഹോവ തന്റെ അവകാശത്തിന്മേൽ+ നേതാവായി താങ്കളെ അഭിഷേകം ചെയ്തിരിക്കുന്നു.+
2 ഇന്നു താങ്കൾ എന്റെ അടുത്തുനിന്ന് പോകുമ്പോൾ ബന്യാമീന്റെ പ്രദേശത്തെ സെൽസഹിലുള്ള, റാഹേലിന്റെ ശവകുടീരത്തിന്+ അടുത്തുവെച്ച് രണ്ടു പുരുഷന്മാരെ കാണും. അവർ പറയും: ‘താങ്കൾ അന്വേഷിച്ചുപോയ കഴുതകളെ കിട്ടി. പക്ഷേ, ഇപ്പോൾ കഴുതകളുടെ കാര്യമൊക്കെ വിട്ട് താങ്കളെക്കുറിച്ചാണ് അപ്പന്റെ ചിന്ത.+ “മകന്റെ കാര്യത്തിൽ ഞാൻ ഇനി എന്തു ചെയ്യും” എന്ന് അദ്ദേഹം പറയുന്നു.’
3 അവിടെനിന്ന് യാത്ര തുടർന്ന് താബോരിലെ വലിയ വൃക്ഷത്തിന്റെ അടുത്തുവരെ ചെല്ലുക. അവിടെവെച്ച്, ബഥേലിൽ+ സത്യദൈവത്തിന്റെ അടുത്തേക്കു പോകുന്ന മൂന്നു പുരുഷന്മാരെ കണ്ടുമുട്ടും. ഒന്നാമന്റെ കൈയിൽ മൂന്നു കോലാട്ടിൻകുട്ടികളും രണ്ടാമന്റെ കൈയിൽ മൂന്ന് അപ്പവും മൂന്നാമന്റെ കൈയിൽ ഒരു വലിയ ഭരണി വീഞ്ഞും ഉണ്ടായിരിക്കും.
4 അവർ താങ്കളുടെ ക്ഷേമം അന്വേഷിക്കുകയും രണ്ട് അപ്പം തരുകയും ചെയ്യും. അവ വാങ്ങണം.
5 അതിനു ശേഷം താങ്കൾ സത്യദൈവത്തിന്റെ കുന്നിലെത്തും. അവിടെ ഫെലിസ്ത്യരുടെ കാവൽസേനാകേന്ദ്രമുണ്ട്. താങ്കൾ നഗരത്തിലേക്കു ചെല്ലുമ്പോൾ ആരാധനാസ്ഥലത്തുനിന്ന്* ഇറങ്ങിവരുന്ന ഒരു കൂട്ടം പ്രവാചകന്മാരെ കണ്ടുമുട്ടും. അവർ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ മുന്നിൽ ചിലർ തന്ത്രിവാദ്യവും തപ്പും കുഴലും കിന്നരവും വായിക്കുന്നുണ്ടാകും.
6 അപ്പോൾ, യഹോവയുടെ ആത്മാവ് താങ്കൾക്കു ശക്തി തരും.+ താങ്കളും അവരോടൊപ്പം പ്രവചിക്കും. താങ്കൾ മറ്റൊരാളായി മാറും.+
7 ഈ അടയാളങ്ങൾ സംഭവിച്ചുകഴിയുമ്പോൾ യുക്തംപോലെ ചെയ്തുകൊള്ളുക. കാരണം, സത്യദൈവം താങ്കളുടെകൂടെയുണ്ട്.
8 പിന്നെ, എനിക്കു മുമ്പേ ഗിൽഗാലിലേക്കു പോകുക.+ ദഹനബലികളും സഹഭോജനബലികളും അർപ്പിക്കാൻ ഞാൻ അവിടെ താങ്കളുടെ അടുത്ത് വരും. ഞാൻ വരുന്നതുവരെ ഏഴു ദിവസം കാത്തിരിക്കണം. താങ്കൾ എന്തു ചെയ്യണമെന്ന് അപ്പോൾ ഞാൻ അറിയിക്കും.”
9 ശൗൽ ശമുവേലിന്റെ അടുത്തുനിന്ന് പോകാൻ തിരിഞ്ഞ ഉടനെ ദൈവം ശൗലിന്റെ ഹൃദയം മറ്റൊരാളുടേതുപോലെയാക്കിത്തുടങ്ങി. ആ അടയാളങ്ങളെല്ലാം അന്ന് അങ്ങനെതന്നെ സംഭവിക്കുകയും ചെയ്‌തു.
10 അവർ അവിടെനിന്ന് കുന്നിൻപുറത്തേക്കു പോയി. ശൗൽ ഒരു പ്രവാചകഗണത്തെ കണ്ടുമുട്ടി. ഉടനെ ദൈവത്തിന്റെ ആത്മാവ് ശൗലിനു ശക്തി കൊടുത്തു.+ ശൗലും അവരുടെകൂടെ പ്രവചിച്ചുതുടങ്ങി.+
11 പ്രവാചകന്മാരുടെകൂടെ ശൗലും പ്രവചിക്കുന്നതു ശൗലിനെ പരിചയമുള്ളവർ കണ്ടപ്പോൾ അവർ പരസ്‌പരം പറഞ്ഞു: “കീശിന്റെ മകന് എന്തു പറ്റി? ശൗലും പ്രവാചകഗണത്തിലുണ്ടോ?”
12 അപ്പോൾ, അവിടെയുണ്ടായിരുന്ന ഒരാൾ ചോദിച്ചു, “അങ്ങനെയെങ്കിൽ, മറ്റു പ്രവാചകന്മാരോ? അവരുടെ പിതാക്കന്മാർ ആരാണ്?” “ശൗലും പ്രവാചകഗണത്തിലുണ്ടോ” എന്നത് അങ്ങനെ ഒരു പഴഞ്ചൊല്ലായി.+
13 പ്രവചിച്ചുകഴിഞ്ഞപ്പോൾ ശൗൽ ആരാധനാസ്ഥലത്തേക്കു* ചെന്നു.
14 ശൗലിന്റെ പിതൃസഹോദരൻ പിന്നീട് ശൗലിനോടും പരിചാരകനോടും, “നിങ്ങൾ എവിടെ പോയിരുന്നു” എന്നു ചോദിച്ചു. അപ്പോൾ ശൗൽ പറഞ്ഞു: “കഴുതകളെ അന്വേഷിച്ചുപോയതാണ്.+ പക്ഷേ, അവയെ കാണാതെ വന്നപ്പോൾ ഞങ്ങൾ ശമുവേലിന്റെ അടുത്തേക്കു പോയി.”
15 അപ്പോൾ, ശൗലിന്റെ പിതൃസഹോദരൻ ചോദിച്ചു: “ശമുവേൽ നിങ്ങളോട് എന്തു പറഞ്ഞു? ദയവായി എന്നോടു പറയൂ.”
16 അപ്പോൾ ശൗൽ പറഞ്ഞു: “കഴുതകളെ കണ്ടുകിട്ടിയെന്നു ശമുവേൽ ഞങ്ങളോടു പറഞ്ഞു.” പക്ഷേ, രാജാവാകുന്നതിനെക്കുറിച്ച് ശമുവേൽ പറഞ്ഞതു ശൗൽ മിണ്ടിയില്ല.
17 തുടർന്ന്, ശമുവേൽ ജനത്തെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി.+
18 എന്നിട്ട് ഇസ്രായേല്യരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘ഈജിപ്തിൽനിന്ന് ഇസ്രായേലിനെ വിടുവിച്ച് കൊണ്ടുവന്നത് ഈ ഞാനാണ്.+ ഈജിപ്തിന്റെയും നിങ്ങളെ ഞെരുക്കിക്കൊണ്ടിരുന്ന എല്ലാ രാജ്യങ്ങളുടെയും പിടിയിൽനിന്ന് ഞാൻ നിങ്ങളെ രക്ഷിച്ചു.
19 പക്ഷേ, നിങ്ങളുടെ എല്ലാ പ്രയാസങ്ങളിലും കഷ്ടതകളിലും നിങ്ങളുടെ രക്ഷകനായി മാറിയ നിങ്ങളുടെ ദൈവത്തെ ഇന്നു നിങ്ങൾ തള്ളിക്കളഞ്ഞ്+ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “അങ്ങ് ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരണം, അല്ലാതെ പറ്റില്ല.” അതുകൊണ്ട്, നിങ്ങൾ ഇപ്പോൾ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും* യഹോവയുടെ സന്നിധിയിൽ നിൽക്കുക.’”
20 അങ്ങനെ, ശമുവേൽ ഇസ്രായേൽഗോത്രങ്ങളെയെല്ലാം അടുത്ത് വരുത്തി.+ ബന്യാമീന്റെ ഗോത്രം തിരഞ്ഞെടുക്കപ്പെട്ടു.+
21 പിന്നെ, ബന്യാമീന്റെ ഗോത്രത്തെ കുലംകുലമായി അടുത്ത് വരുത്തി. മത്രിയുടെ കുലം തിരഞ്ഞെടുക്കപ്പെട്ടു. ഒടുവിൽ, കീശിന്റെ മകനായ ശൗൽ തിരഞ്ഞെടുക്കപ്പെട്ടു.+ പക്ഷേ, അവർ ശൗലിനെ അന്വേഷിച്ചെങ്കിലും അവിടെയെങ്ങും കണ്ടില്ല.
22 അതുകൊണ്ട്, അവർ യഹോവയോട്,+ “ആ പുരുഷൻ ഇവിടെ വന്നിട്ടുണ്ടോ” എന്ന് ആരാഞ്ഞു. അപ്പോൾ യഹോവ, “അവൻ അതാ, ആ സാധനങ്ങൾക്കിടയിൽ ഒളിച്ചിരിപ്പുണ്ട്” എന്നു പറഞ്ഞു.
23 അപ്പോൾ, അവർ ഓടിച്ചെന്ന് ശൗലിനെ അവിടെനിന്ന് കൂട്ടിക്കൊണ്ടുവന്നു. ജനത്തിന് ഇടയിൽ നിന്നപ്പോൾ ശൗലിന് എല്ലാവരെക്കാളും വളരെ പൊക്കമുണ്ടായിരുന്നു.+
24 ശമുവേൽ ജനത്തോടു പറഞ്ഞു: “യഹോവ തിരഞ്ഞെടുത്തിരിക്കുന്ന ആളെ നിങ്ങൾ കണ്ടോ?+ ജനത്തിന് ഇടയിൽ ശൗലിനെപ്പോലെ മറ്റാരുമില്ലല്ലോ.” അപ്പോൾ ജനമെല്ലാം, “രാജാവ് നീണാൾ വാഴട്ടെ!” എന്ന് ആർത്തുവിളിക്കാൻതുടങ്ങി.
25 രാജാക്കന്മാർക്കു ന്യായമായി അവകാശപ്പെടാവുന്ന+ സംഗതികളെക്കുറിച്ച് ശമുവേൽ ജനത്തോടു പറയുകയും അത് ഒരു പുസ്തകത്തിലെഴുതി യഹോവയുടെ സന്നിധിയിൽ വെക്കുകയും ചെയ്‌തു. തുടർന്ന്, ശമുവേൽ ജനത്തെ മുഴുവൻ അവരവരുടെ വീട്ടിലേക്കു പറഞ്ഞയച്ചു.
26 ശൗലും ഗിബെയയിലെ വീട്ടിലേക്കു പോയി. യഹോവ ചില യുദ്ധവീരന്മാരുടെ മനസ്സുണർത്തിയതുകൊണ്ട് അവരും ശൗലിനെ അനുഗമിച്ചു.
27 പക്ഷേ, കൊള്ളരുതാത്ത ചിലർ പറഞ്ഞു: “ഇയാൾ നമ്മളെ എങ്ങനെ രക്ഷിക്കാനാണ്?”+ അതുകൊണ്ട്, അവർ ശൗലിനു വില കല്പിക്കുകയോ കാഴ്‌ചകൾ കൊണ്ടുവരുകയോ ചെയ്‌തില്ല.+ ശൗൽ പക്ഷേ, അതെപ്പറ്റി മൗനം പാലിച്ചു.*
അടിക്കുറിപ്പുകള്‍
^ അക്ഷ. “ഉയർന്ന സ്ഥലത്തുനിന്ന്.”
^ അക്ഷ. “ഉയർന്ന സ്ഥലത്തേക്ക്.”
^ അഥവാ “കുലംകുലമായും.”
^ അക്ഷ. “അവനാകട്ടെ ഊമനെപ്പോലെയിരുന്നു.”