രാജാക്കന്മാർ ഒന്നാം ഭാഗം 18:1-46
18 കുറച്ച് നാൾ കഴിഞ്ഞ്, മൂന്നാം വർഷം,+ ഏലിയയ്ക്ക് യഹോവയിൽനിന്ന് ഈ സന്ദേശം ലഭിച്ചു: “നീ പോയി ആഹാബിനെ കാണുക. ഞാൻ ഇതാ, ഭൂമിയിൽ മഴ പെയ്യിക്കാൻപോകുന്നു.”+
2 അങ്ങനെ ഏലിയ ആഹാബിനെ കാണാൻ പോയി. ശമര്യയിൽ അപ്പോൾ ക്ഷാമം അതിരൂക്ഷമായിരുന്നു.+
3 ഇതിനിടെ ആഹാബ് കൊട്ടാരവിചാരകനായ ഓബദ്യയെ വിളിപ്പിച്ചു. (യഹോവയോടു വളരെയധികം ഭയഭക്തിയുണ്ടായിരുന്ന ഒരാളായിരുന്നു ഓബദ്യ.
4 ഇസബേൽ+ യഹോവയുടെ പ്രവാചകന്മാരെ കൊന്നൊടുക്കിയപ്പോൾ ഓബദ്യ 100 പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയി 50 പേരെ വീതം ഗുഹയിൽ ഒളിപ്പിച്ച് അവർക്ക് അപ്പവും വെള്ളവും എത്തിച്ചുകൊടുത്തു.)
5 ആഹാബ് ഓബദ്യയോടു പറഞ്ഞു: “ദേശത്തുകൂടെ സഞ്ചരിച്ച് എല്ലാ അരുവികളിലും താഴ്വരകളിലും* ചെന്ന് നോക്കുക. അവിടെയെങ്ങാനും പുല്ലുണ്ടെങ്കിൽ, നമ്മുടെ മൃഗങ്ങളെല്ലാം ചത്തൊടുങ്ങാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞേക്കും.”
6 തങ്ങൾ സഞ്ചരിക്കേണ്ട ദേശം അവർ രണ്ടായി ഭാഗിച്ചു. ആഹാബ് തനിച്ച് ഒരു വഴിക്കും ഓബദ്യ തനിച്ചു മറ്റൊരു വഴിക്കും പോയി.
7 ഓബദ്യ പോകുന്ന വഴിക്ക് അയാളെ കാത്ത് ഏലിയ നിൽക്കുന്നുണ്ടായിരുന്നു. ഏലിയയെ കണ്ട ഉടനെ ഓബദ്യ ഏലിയയെ തിരിച്ചറിഞ്ഞു.+ ഓബദ്യ ഏലിയയുടെ മുന്നിൽ കമിഴ്ന്നുവീണ്, “അങ്ങ് എന്റെ യജമാനനായ ഏലിയയല്ലേ” എന്നു ചോദിച്ചു.
8 മറുപടിയായി ഏലിയ പറഞ്ഞു: “അതെ, ഞാൻതന്നെ. നീ ചെന്ന് നിന്റെ യജമാനനോട്, ‘ഏലിയ ഇവിടെയുണ്ട്’ എന്നു പറയുക.”
9 എന്നാൽ ഓബദ്യ പറഞ്ഞു: “അടിയൻ എന്തു പാപം ചെയ്തിട്ടാണ് അങ്ങ് എന്നെ ആഹാബിന്റെ കൈയിൽ കൊല്ലാൻ ഏൽപ്പിക്കുന്നത്?
10 അങ്ങയുടെ ദൈവമായ യഹോവയാണെ, അങ്ങയെ തിരഞ്ഞ്+ എന്റെ യജമാനൻ ആളയയ്ക്കാത്ത ഒരു ജനതയോ രാജ്യമോ ഇല്ല. ‘അയാൾ ഇവിടെയില്ല’ എന്ന് അവർ പറഞ്ഞപ്പോൾ അങ്ങയെ കണ്ടിട്ടില്ലെന്ന് അദ്ദേഹം ആ രാജ്യത്തെയും ജനതയെയും കൊണ്ട് സത്യം ചെയ്യിക്കുകപോലും ചെയ്തു.
11 എന്നാൽ അങ്ങ് ഇപ്പോൾ എന്നോട്, ‘നീ ചെന്ന് നിന്റെ യജമാനനോട്, “ഏലിയ ഇവിടെയുണ്ട്” എന്നു പറയുക’ എന്നു കല്പിക്കുന്നു.
12 ഞാൻ ഇവിടെനിന്ന് പോകുന്ന ഉടനെ യഹോവയുടെ ആത്മാവ്+ അങ്ങയെ എടുത്ത് എനിക്ക് അറിയാത്ത ഒരു സ്ഥലത്തേക്കു കൊണ്ടുപോകും. ഞാൻ ആഹാബിനെ വിവരം അറിയിക്കുമ്പോൾ അദ്ദേഹത്തിന് അങ്ങയെ കണ്ടെത്താനായില്ലെങ്കിൽ അദ്ദേഹം എന്നെ ഉറപ്പായും കൊന്നുകളയും. എന്നാൽ അടിയൻ ചെറുപ്പംമുതൽ യഹോവയെ ഭയപ്പെടുന്നവനാണ്.
13 ഇസബേൽ യഹോവയുടെ പ്രവാചകന്മാരെ കൊന്നൊടുക്കിയപ്പോൾ ഞാൻ എന്താണു ചെയ്തതെന്ന് അങ്ങ് കേട്ടിട്ടുണ്ടാകുമല്ലോ.+ ഞാൻ യഹോവയുടെ പ്രവാചകന്മാരിൽ 100 പേരെ 50 പേർ അടങ്ങുന്ന സംഘങ്ങളായി ഗുഹയിൽ ഒളിപ്പിക്കുകയും അവർക്ക് അപ്പവും വെള്ളവും എത്തിച്ചുകൊടുക്കുകയും ചെയ്തു.
14 എന്നാൽ അങ്ങ് ഇപ്പോൾ എന്നോട്, ‘നീ ചെന്ന് നിന്റെ യജമാനനോട്, “ഏലിയ ഇവിടെയുണ്ട്” എന്നു പറയുക’ എന്നു കല്പിക്കുന്നു. ആഹാബ് എന്നെ കൊന്നുകളയുമെന്ന് ഉറപ്പാണ്.”
15 അപ്പോൾ ഏലിയ പറഞ്ഞു: “ഞാൻ സേവിക്കുന്ന, സൈന്യങ്ങളുടെ അധിപനായ യഹോവയാണെ, ഞാൻ ഇന്ന് ആഹാബിന്റെ മുന്നിൽ നിൽക്കുകതന്നെ ചെയ്യും.”
16 അങ്ങനെ ഓബദ്യ ചെന്ന് ആഹാബിനെ കണ്ട് വിവരം അറിയിച്ചു; ആഹാബ് ഏലിയയെ കാണാൻ പുറപ്പെട്ടു.
17 ഏലിയയെ കണ്ട ഉടനെ ആഹാബ് ചോദിച്ചു: “ആരാണ് ഇത്, ഇസ്രായേലിനെ ദ്രോഹിക്കുന്നവനോ?”*
18 അപ്പോൾ ഏലിയ ആഹാബ് രാജാവിനോട്: “ഇസ്രായേലിനെ ദ്രോഹിക്കുന്നതു ഞാനല്ല. യഹോവയുടെ കല്പനകൾ ഉപേക്ഷിക്കുകയും ബാൽ ദൈവങ്ങളെ സേവിക്കുകയും ചെയ്തുകൊണ്ട് രാജാവും രാജാവിന്റെ പിതൃഭവനവും ആണ് അങ്ങനെ ചെയ്യുന്നത്.+
19 ഇപ്പോൾ രാജാവ് എല്ലാ ഇസ്രായേലിനെയും കർമേൽ+ പർവതത്തിൽ എന്റെ അടുത്ത് കൂട്ടിവരുത്തുക. ഇസബേലിന്റെ മേശയിൽനിന്ന് ആഹാരം കഴിക്കുന്ന 450 ബാൽപ്രവാചകന്മാരെയും പൂജാസ്തൂപത്തിന്റെ*+ 400 പ്രവാചകന്മാരെയും വിളിച്ചുകൂട്ടണം.”
20 അങ്ങനെ ആഹാബ് ഇസ്രായേൽ ജനങ്ങളുടെയെല്ലാം അടുത്ത് ആളയച്ചു; പ്രവാചകന്മാരെ കർമേൽ പർവതത്തിൽ കൂട്ടിവരുത്തി.
21 അപ്പോൾ ഏലിയ ജനത്തിന്റെ അടുത്തേക്കു ചെന്ന് അവരോട്: “നിങ്ങൾ എത്രത്തോളം രണ്ടു പക്ഷത്ത് നിൽക്കും?*+ യഹോവയാണു സത്യദൈവമെങ്കിൽ ആ ദൈവത്തെ സേവിക്കുക.+ അല്ല, ബാലാണെങ്കിൽ ആ ദൈവത്തെ സേവിക്കുക!” എന്നാൽ ജനം മറുപടിയൊന്നും പറഞ്ഞില്ല.
22 പിന്നെ ഏലിയ ജനത്തോടു പറഞ്ഞു: “യഹോവയുടെ പ്രവാചകനായി ഞാൻ മാത്രമേ ബാക്കിയുള്ളൂ.+ എന്നാൽ ബാലിന്റെ പ്രവാചകന്മാർ 450 പേരുണ്ട്.
23 അവർ ഞങ്ങൾക്കു രണ്ടു കാളക്കുട്ടികളെ തരട്ടെ. അവർ അതിൽ ഒരു കാളക്കുട്ടിയെ എടുത്ത് കഷണങ്ങളാക്കി വിറകിന്മേൽ വെക്കട്ടെ. എന്നാൽ അതിൽ തീയിടരുത്. മറ്റേ കാളക്കുട്ടിയെ ഞാനും ഒരുക്കി വിറകിന്മേൽ വെക്കാം. ഞാനും അതിനു തീയിടില്ല.
24 പിന്നെ നിങ്ങൾ നിങ്ങളുടെ ദൈവത്തിന്റെ പേര് വിളിച്ചപേക്ഷിക്കണം.+ ഞാൻ യഹോവയുടെ പേര് വിളിച്ചപേക്ഷിക്കും. തീകൊണ്ട് ഉത്തരം തരുന്ന ദൈവമായിരിക്കും സത്യദൈവം.”+ അപ്പോൾ ജനം മുഴുവൻ പറഞ്ഞു: “നീ പറഞ്ഞതു കൊള്ളാം.”
25 അതിനു ശേഷം ഏലിയ ബാലിന്റെ പ്രവാചകന്മാരോടു പറഞ്ഞു: “നിങ്ങൾ കുറെ പേരുണ്ടല്ലോ. അതുകൊണ്ട് ആദ്യം നിങ്ങൾതന്നെ ഒരു കാളക്കുട്ടിയെ എടുത്ത് ഒരുക്കിക്കൊള്ളുക. പിന്നെ നിങ്ങൾ നിങ്ങളുടെ ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കണം. എന്നാൽ നിങ്ങൾ അതിനു തീ കൊടുക്കരുത്.”
26 അങ്ങനെ അവർ തങ്ങൾക്കു കിട്ടിയ കാളക്കുട്ടിയെ അറുത്ത്, രാവിലെമുതൽ ഉച്ചവരെ ബാലിന്റെ പേര് വിളിച്ച്, “ബാലേ, ഉത്തരമരുളേണമേ” എന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ ഒരു മറുപടിയും ഒരു ശബ്ദവും ഉണ്ടായില്ല.+ തങ്ങൾ ഉണ്ടാക്കിയ യാഗപീഠത്തിനു ചുറ്റും അവർ തുള്ളിക്കൊണ്ടിരുന്നു.
27 ഉച്ചയാകാറായപ്പോൾ അവരെ പരിഹസിച്ചുകൊണ്ട് ഏലിയ പറഞ്ഞു: “നിങ്ങൾ കുറച്ചുകൂടി ഉച്ചത്തിൽ വിളിക്കൂ. എന്തായാലും ബാൽ ഒരു ദൈവമല്ലേ!+ ബാൽ ചിലപ്പോൾ ധ്യാനത്തിലായിരിക്കും; അല്ലെങ്കിൽ ചിലപ്പോൾ വിസർജനത്തിന് ഇരിക്കുകയായിരിക്കും.* അതുമല്ലെങ്കിൽ ഉറങ്ങുകയായിരിക്കും; അങ്ങനെയാണെങ്കിൽ ആരെങ്കിലും ബാലിനെ ഉണർത്തേണ്ടിവരും!”
28 അവർ ഉറക്കെ നിലവിളിച്ചുകൊണ്ട്, അവരുടെ ആചാരമനുസരിച്ച് കഠാരയും കുന്തവും കൊണ്ട് ദേഹം മുഴുവൻ മുറിവേൽപ്പിച്ചു. അവരുടെ ശരീരത്തിൽനിന്ന് രക്തം ഒഴുകാൻതുടങ്ങി.
29 നേരം ഉച്ച കഴിഞ്ഞു; വൈകുന്നേരം ധാന്യയാഗം അർപ്പിക്കുന്ന സമയംവരെ അവർ ഉറഞ്ഞുതുള്ളിക്കൊണ്ടിരുന്നു.* എന്നാൽ ആരും അതു കേൾക്കുന്നില്ലായിരുന്നു.+ എന്തെങ്കിലും മറുപടിയോ ശബ്ദമോ ഉണ്ടായുമില്ല.
30 ഒടുവിൽ ഏലിയ ജനത്തോടു മുഴുവൻ ഇങ്ങനെ പറഞ്ഞു: “എന്റെ അടുത്തേക്കു വരൂ.” അപ്പോൾ ജനം മുഴുവൻ ഏലിയയുടെ അടുത്ത് ചെന്നു. ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം ഏലിയ നന്നാക്കി.+
31 പിന്നെ ഏലിയ, “നിന്റെ പേര് ഇസ്രായേൽ എന്നായിരിക്കും”+ എന്ന് യഹോവ പറഞ്ഞ യാക്കോബിന്റെ ആൺമക്കളുടെ ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് 12 കല്ല് എടുത്തു.
32 ആ കല്ലുകൾകൊണ്ട് യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു.+ അതിനു ശേഷം യാഗപീഠത്തിനു ചുറ്റും, രണ്ടു സെയാ* വിത്തു വിതയ്ക്കാൻ പറ്റുന്നത്ര വലുപ്പത്തിൽ ഒരു കിടങ്ങ് ഉണ്ടാക്കി.
33 പിന്നെ വിറക് അടുക്കി, കാളക്കുട്ടിയെ കഷണങ്ങളാക്കി മുറിച്ച് അതിന്മേൽ വെച്ചു.+ ഏലിയ പറഞ്ഞു: “നാലു വലിയ കുടത്തിൽ വെള്ളം നിറച്ച് ദഹനയാഗത്തിന്മേലും വിറകിന്മേലും ഒഴിക്കുക.”
34 തുടർന്ന്, “വീണ്ടും അങ്ങനെതന്നെ ചെയ്യുക” എന്നു പറഞ്ഞു; അവർ വീണ്ടും അങ്ങനെ ചെയ്തു. “മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യുക” എന്നു പറഞ്ഞു. അങ്ങനെ അവർ മൂന്നാമതും വെള്ളം ഒഴിച്ചു.
35 വെള്ളം യാഗപീഠത്തിനു ചുറ്റും ഒഴുകി; കിടങ്ങിലും ഏലിയ വെള്ളം നിറച്ചു.
36 വൈകുന്നേരം, ഏകദേശം ധാന്യയാഗം അർപ്പിക്കുന്ന സമയമായപ്പോൾ+ ഏലിയ പ്രവാചകൻ യാഗപീഠത്തിന് അടുത്തേക്കു ചെന്ന് ഇങ്ങനെ പറഞ്ഞു: “അബ്രാഹാമിന്റെയും+ യിസ്ഹാക്കിന്റെയും+ ഇസ്രായേലിന്റെയും ദൈവമായ യഹോവേ, അങ്ങാണ് ഇസ്രായേലിൽ ദൈവമെന്നും ഞാൻ അങ്ങയുടെ ദാസനാണെന്നും അങ്ങയുടെ ആജ്ഞയനുസരിച്ചാണു ഞാൻ ഇതെല്ലാം ചെയ്തതെന്നും അങ്ങ് ഇന്നു വെളിപ്പെടുത്തേണമേ.+
37 യഹോവേ, ഉത്തരമരുളേണമേ! യഹോവ എന്ന അങ്ങാണു സത്യദൈവമെന്നും അങ്ങ് ഈ ജനത്തിന്റെ ഹൃദയങ്ങളെ അങ്ങയിലേക്കു തിരിക്കുകയാണെന്നും+ ഇവർ തിരിച്ചറിയാൻ എനിക്ക് ഉത്തരമരുളേണമേ.”
38 അപ്പോൾ യഹോവയുടെ തീ ഇറങ്ങി ദഹനയാഗവും+ വിറകും കല്ലും മണ്ണും എല്ലാം ദഹിപ്പിച്ചുകളഞ്ഞു; കിടങ്ങിലുണ്ടായിരുന്ന വെള്ളവും വറ്റിച്ചു!+
39 അതു കണ്ട ഉടനെ ജനം മുഴുവൻ കമിഴ്ന്നുവീണ്, “യഹോവയാണു സത്യദൈവം! യഹോവയാണു സത്യദൈവം!” എന്നു വിളിച്ചുപറഞ്ഞു.
40 അപ്പോൾ ഏലിയ അവരോടു പറഞ്ഞു: “ബാലിന്റെ പ്രവാചകന്മാരെ പിടിക്കൂ! ഒരുത്തനെപ്പോലും രക്ഷപ്പെടാൻ അനുവദിക്കരുത്!” അവർ ഉടനെ അവരെ പിടിച്ചു. ഏലിയ അവരെ താഴെ കീശോൻ തോട്ടിലേക്കു*+ കൊണ്ടുപോയി, അവിടെവെച്ച് വെട്ടിക്കൊന്നു.+
41 പിന്നെ ഏലിയ ആഹാബിനോടു പറഞ്ഞു: “ചെന്ന് തിന്നുകയും കുടിക്കുകയും ചെയ്യുക; ഒരു പെരുമഴയുടെ+ മുഴക്കം കേൾക്കുന്നുണ്ട്.”
42 അങ്ങനെ ആഹാബ് പോയി തിന്നുകയും കുടിക്കുകയും ചെയ്തു. അപ്പോൾ ഏലിയ കർമേൽ പർവതത്തിന്റെ മുകളിൽ ചെന്ന് നിലത്ത് ഇരുന്ന് മുഖം മുട്ടുകൾക്കിടയിൽ വെച്ചു.+
43 പിന്നെ തന്റെ ദാസനോട്, “നീ മുകളിലേക്കു ചെന്ന് കടലിനു നേരെ നോക്കുക” എന്നു പറഞ്ഞു. അയാൾ ചെന്ന് നോക്കിയിട്ട്, “അവിടെ ഒന്നുമില്ല” എന്നു പറഞ്ഞു. അങ്ങനെ, ഏഴു പ്രാവശ്യം ഏലിയ ആ ദാസനോട്, “പോയി നോക്കുക” എന്നു പറഞ്ഞു.
44 എന്നാൽ ഏഴാം തവണ ഏലിയയുടെ ദാസൻ ഇങ്ങനെ പറഞ്ഞു: “അതാ, ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം കടലിൽനിന്ന് പൊങ്ങിവരുന്നു!” അപ്പോൾ ഏലിയ ദാസനോട്: “പോയി ആഹാബിനോട് ഇങ്ങനെ പറയുക: ‘പെരുമഴ നിന്റെ യാത്ര മുടക്കാതിരിക്കാൻ രഥം പൂട്ടി പെട്ടെന്നു പുറപ്പെട്ടുകൊള്ളുക.’”
45 പൊടുന്നനെ മേഘങ്ങൾ നിറഞ്ഞ് ആകാശം കറുത്ത് ഇരുണ്ടു. കാറ്റു വീശി; ശക്തിയായി മഴ പെയ്തു.+ ആഹാബ് രഥം തെളിച്ച് ജസ്രീലിലേക്കു+ പോയി.
46 എന്നാൽ യഹോവയുടെ കൈ ഏലിയയുടെ മേൽ വന്നു; ഏലിയ തന്റെ വസ്ത്രം അരയ്ക്കു കെട്ടി* ജസ്രീൽ വരെ ആഹാബിനു മുമ്പായി ഓടി.
അടിക്കുറിപ്പുകള്
^ അഥവാ “നീർച്ചാലുകളിലും.”
^ അഥവാ “ഒറ്റപ്പെടുത്തുന്നവനോ?”
^ അഥവാ “രണ്ടു തോണിയിൽ കാൽ വെക്കും?”
^ മറ്റൊരു സാധ്യത “ചിലപ്പോൾ ഒരു യാത്ര പോയതായിരിക്കും.”
^ അഥവാ “പ്രവാചകന്മാരെപ്പോലെ പെരുമാറിക്കൊണ്ടിരുന്നു.”
^ അഥവാ “നീർച്ചാലിലേക്ക്.”
^ അഥവാ “ഏലിയ അര കെട്ടി.”