തിമൊഥെയൊസിന് എഴുതിയ ഒന്നാമത്തെ കത്ത് 3:1-16
3 ഇതു വിശ്വാസയോഗ്യമായ പ്രസ്താവനയാണ്: മേൽവിചാരകനാകാൻ+ പരിശ്രമിക്കുന്ന ഒരാൾ വാസ്തവത്തിൽ വിശിഷ്ടമായൊരു കാര്യമാണ്* ആഗ്രഹിക്കുന്നത്.
2 എന്നാൽ മേൽവിചാരകൻ ആക്ഷേപരഹിതനും ഒരു ഭാര്യ മാത്രമുള്ളവനും ശീലങ്ങളിൽ മിതത്വം പാലിക്കുന്നവനും സുബോധമുള്ളവനും*+ ചിട്ടയോടെ ജീവിക്കുന്നവനും അതിഥിപ്രിയനും+ പഠിപ്പിക്കാൻ കഴിവുള്ളവനും+ ആയിരിക്കണം.
3 കുടിയനോ+ അക്രമാസക്തനോ* ആയിരിക്കരുത്. വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളവനായിരിക്കണം.*+ വഴക്ക് ഉണ്ടാക്കുന്നവനോ+ പണക്കൊതിയനോ+ ആയിരിക്കരുത്.
4 സ്വന്തകുടുംബത്തിൽ നല്ല രീതിയിൽ നേതൃത്വമെടുക്കുന്നവനായിരിക്കണം.* മേൽവിചാരകന്റെ മക്കൾ നല്ല കാര്യഗൗരവമുള്ളവരായി* അദ്ദേഹത്തിനു കീഴ്പെട്ടിരിക്കുന്നവരായിരിക്കണം.+
5 (കാരണം സ്വന്തകുടുംബത്തിൽ നേതൃത്വമെടുക്കാൻ* അറിയാത്ത ഒരാൾ ദൈവത്തിന്റെ സഭയെ എങ്ങനെ പരിപാലിക്കാനാണ്?)
6 അഹങ്കാരിയായിത്തീർന്നിട്ട് പിശാചിനു വന്ന ശിക്ഷാവിധിയിൽ വീണുപോകാതിരിക്കാൻ, പുതുതായി വിശ്വാസം സ്വീകരിച്ചയാളുമായിരിക്കരുത്.+
7 മാത്രമല്ല, ദുഷ്കീർത്തിയിലും* പിശാചിന്റെ കെണിയിലും അകപ്പെട്ടുപോകാതിരിക്കാൻ പുറത്തുള്ളവർക്കിടയിലും സത്പേരുള്ള* ആളായിരിക്കണം.+
8 അതുപോലെ, ശുശ്രൂഷാദാസന്മാരും കാര്യഗൗരവമുള്ളവരായിരിക്കണം.* സന്ദർഭത്തിനനുസരിച്ച് കാര്യങ്ങൾ മാറ്റിപ്പറയുന്നവരോ* ധാരാളം വീഞ്ഞു കുടിക്കുന്നവരോ വളഞ്ഞ വഴിയിലൂടെ നേട്ടമുണ്ടാക്കാൻ നോക്കുന്നവരോ ആയിരിക്കരുത്.+
9 പകരം, ശുദ്ധമനസ്സാക്ഷിയോടെ+ വിശ്വാസത്തിന്റെ പാവനരഹസ്യത്തോടു പറ്റിനിൽക്കുന്നവരായിരിക്കണം.
10 ഇവർ യോഗ്യരാണോ എന്ന് ആദ്യംതന്നെ പരിശോധിച്ചറിയണം. ആരോപണരഹിതരാണെങ്കിൽ+ അവർ ശുശ്രൂഷകരായി സേവിക്കട്ടെ.
11 അതുപോലെതന്നെ, സ്ത്രീകളും കാര്യഗൗരവമുള്ളവരായിരിക്കണം.* അവർ പരദൂഷണം പറയാത്തവരും+ ശീലങ്ങളിൽ മിതത്വം പാലിക്കുന്നവരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.+
12 ശുശ്രൂഷാദാസന്മാർ ഒരു ഭാര്യ മാത്രമുള്ളവരും മക്കളുടെയും സ്വന്തകുടുംബത്തിന്റെയും കാര്യത്തിൽ നല്ല രീതിയിൽ നേതൃത്വമെടുക്കുന്നവരും ആയിരിക്കട്ടെ.
13 നല്ല രീതിയിൽ ശുശ്രൂഷ ചെയ്യുന്നവർ ഒരു നല്ല പേര് നേടിയെടുക്കും. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി നല്ല ആത്മധൈര്യത്തോടെ സംസാരിക്കാനും അവർക്കു സാധിക്കും.
14 താമസിയാതെതന്നെ നിന്റെ അടുത്ത് വരാമെന്നാണു പ്രതീക്ഷിക്കുന്നതെങ്കിലും ഞാൻ ഈ കാര്യങ്ങൾ നിനക്ക് എഴുതുകയാണ്.
15 കാരണം ഞാൻ വരാൻ താമസിച്ചാലും ദൈവത്തിന്റെ വീട്ടുകാരുടെ ഇടയിൽ, ജീവനുള്ള ദൈവത്തിന്റെ സഭയിൽ,+ പെരുമാറേണ്ടത് എങ്ങനെയാണെന്നു നീ അറിഞ്ഞിരിക്കണം. സത്യത്തിന്റെ തൂണും താങ്ങും ആണല്ലോ സഭ.
16 ഈ ദൈവഭക്തിയുടെ പാവനരഹസ്യം ശരിക്കും അതിമഹനീയമാണ്: ‘അദ്ദേഹം ജഡത്തിൽ* വെളിപ്പെട്ടു;+ ആത്മശരീരത്തിൽ നീതിമാനായി പ്രഖ്യാപിക്കപ്പെട്ടു;+ ദൂതന്മാർക്കു പ്രത്യക്ഷനായി;+ ജനതകൾക്കിടയിൽ പ്രസംഗിക്കപ്പെട്ടു;+ ലോകത്തിൽ വിശ്വസിക്കപ്പെട്ടു;+ തേജസ്സിൽ എടുക്കപ്പെട്ടു.’
അടിക്കുറിപ്പുകള്
^ അഥവാ “വിശിഷ്ടമായൊരു വേല ചെയ്യാനാണ്.”
^ അഥവാ “നല്ല വകതിരിവോടെ തീരുമാനമെടുക്കുന്നവനും.”
^ അഥവാ “ന്യായബോധമുള്ളവനായിരിക്കണം; വഴക്കമുള്ളവനായിരിക്കണം.”
^ അഥവാ “തല്ലുകാരനോ.”
^ അഥവാ “നല്ല രീതിയിൽ കാര്യങ്ങൾ നോക്കിനടത്തുന്നവനായിരിക്കണം.” അക്ഷ. “മുന്നിൽ നിൽക്കുന്നവനായിരിക്കണം.”
^ അഥവാ “കാര്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നവരായി.”
^ അഥവാ “സ്വന്തകുടുംബത്തിൽ കാര്യങ്ങൾ നോക്കിനടത്താൻ.”
^ അഥവാ “പുറത്തുള്ളവരുടെ നല്ല സാക്ഷ്യം കിട്ടിയ.”
^ അഥവാ “മാനക്കേടിലും.”
^ അഥവാ “കാര്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നവരായിരിക്കണം.”
^ അഥവാ “വഞ്ചകമായി കാര്യങ്ങൾ പറയുന്നവരോ.”
^ അഥവാ “കാര്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നവരായിരിക്കണം.”