സങ്കീർത്തനം 55:1-23
സംഗീതസംഘനായകന്; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്. മാസ്‌കിൽ.* ദാവീദിന്റേത്.
55 ദൈവമേ, എന്റെ പ്രാർഥന കേൾക്കേണമേ;+കരുണയ്‌ക്കായുള്ള എന്റെ യാചന അവഗണിക്കരുതേ.*+
2 എന്റെ വാക്കുകൾ ശ്രദ്ധിക്കേണമേ, എനിക്ക് ഉത്തരമേകേണമേ.+
എന്റെ ആകുലതകൾ എന്നെ അസ്വസ്ഥനാക്കുന്നു;+എന്റെ മനസ്സ് ആകെ പ്രക്ഷുബ്ധമാണ്.
3 അതിനു കാരണം ശത്രുവിന്റെ വാക്കുകളുംദുഷ്ടന്റെ സമ്മർദവും ആണ്.
അവർ എന്റെ മേൽ പ്രശ്‌നങ്ങൾ കുന്നുകൂട്ടുന്നല്ലോ;കോപിഷ്ഠരായ അവർ എന്നോടു കടുത്ത ശത്രുത വെച്ചുപുലർത്തുന്നു.+
4 എന്റെ ഹൃദയം ഉള്ളിൽ വേദനകൊണ്ട് പിടയുന്നു;+മരണഭീതി എന്നെ കീഴടക്കുന്നു.+
5 എനിക്കു പേടിയും സംഭ്രമവും തോന്നുന്നു;വിറയൽ എന്നെ പിടികൂടുന്നു.
6 ഞാൻ ഇങ്ങനെ പറഞ്ഞു: “എനിക്കു പ്രാവിനെപ്പോലെ ചിറകുണ്ടായിരുന്നെങ്കിൽ,
ദൂരേക്കു പറന്നുപോയി സുരക്ഷിതമായ ഒരിടത്ത് താമസിച്ചേനേ.
7 അതെ! ഞാൻ ദൂരേക്ക് ഓടിപ്പോയേനേ.+
ഞാൻ വിജനഭൂമിയിൽ കഴിഞ്ഞേനേ.+ (സേലാ)
8 വീശിയടിക്കുന്ന കാറ്റിൽനിന്ന്, ഉഗ്രമായ കൊടുങ്കാറ്റിൽനിന്ന്, അഭയം തേടിഒരു രക്ഷാകേന്ദ്രത്തിലേക്കു പോയേനേ.”
9 യഹോവേ, അവരെ ആശയക്കുഴപ്പത്തിലാക്കേണമേ. അവരുടെ പദ്ധതികൾ വിഫലമാക്കേണമേ;*+കാരണം, ഞാൻ നഗരത്തിൽ കണ്ടത് അക്രമവും വഴക്കും ആണ്.
10 അവ രാവും പകലും അതിന്റെ മതിലുകളിൽ ചുറ്റിനടക്കുന്നു;മതിലുകൾക്കുള്ളിലോ ദ്രോഹചിന്തയും കുഴപ്പങ്ങളും.+
11 നാശം അതിന്റെ നടുവിലുണ്ട്;അവിടെ പൊതുസ്ഥലത്ത്* അടിച്ചമർത്തലും വഞ്ചനയും ഒഴിഞ്ഞ നേരമില്ല.+
12 ശത്രുവല്ല എന്നെ നിന്ദിക്കുന്നത്;+ശത്രുവായിരുന്നെങ്കിൽ എനിക്ക് അതു സഹിക്കാമായിരുന്നു.
ഒരു എതിരാളിയല്ല എനിക്ക് എതിരെ എഴുന്നേറ്റിരിക്കുന്നത്;എതിരാളിയായിരുന്നെങ്കിൽ എനിക്ക് അവനിൽനിന്ന് ഒളിക്കാമായിരുന്നു.
13 പക്ഷേ നീയാണല്ലോ ഇതു ചെയ്‌തത്, എന്നെപ്പോലുള്ള* ഒരാൾ,+എനിക്ക് അടുത്ത് അറിയാവുന്ന എന്റെ സ്വന്തം കൂട്ടുകാരൻ.+
14 നമ്മൾ ഉറ്റ ചങ്ങാതിമാരായിരുന്നില്ലേ?വൻജനാവലിയോടൊപ്പം നമ്മൾ ഒന്നിച്ച് ദൈവഭവനത്തിലേക്കു പോയിരുന്നതല്ലേ?
15 പൊടുന്നനെ നാശം അവരെ പിടികൂടട്ടെ!+
അവർ ജീവനോടെ ശവക്കുഴിയിലേക്ക്* ഇറങ്ങട്ടെ;അവർക്കിടയിലും അവരുടെ ഉള്ളിലും ദുഷ്ടത കുടികൊള്ളുന്നല്ലോ.
16 ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും;യഹോവ എന്നെ രക്ഷിക്കും.+
17 രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും ഞാൻ ആകെ വിഷമിച്ച് ഞരങ്ങുകയാണ്;*+ദൈവം എന്റെ ശബ്ദം കേൾക്കുന്നു.+
18 എന്നോടു പോരാടുന്നവരിൽനിന്ന് എന്നെ രക്ഷിച്ച്* ദൈവം എനിക്കു സമാധാനം തരും;ജനസഹസ്രങ്ങളാണല്ലോ എനിക്ക് എതിരെ വരുന്നത്.+
19 പുരാതനകാലംമുതൽ+ സിംഹാസനസ്ഥനായ ദൈവംഎന്റെ ശബ്ദം കേട്ട് അവരോടു പ്രതികരിക്കും.+ (സേലാ)
അവർ ദൈവത്തെ ഭയപ്പെടാത്തവർ;+മാറ്റം വരുത്താൻ അവർ കൂട്ടാക്കില്ല.
20 താനുമായി സമാധാനത്തിലായിരുന്നവരെ അവൻ* ആക്രമിച്ചു;+അവൻ സ്വന്തം ഉടമ്പടി ലംഘിച്ചു.+
21 അവന്റെ വാക്കുകൾ വെണ്ണയെക്കാൾ മൃദുവാണ്;+അവന്റെ ഹൃദയത്തിലുള്ളതോ ശണ്ഠയും.
അവന്റെ വാക്കുകൾക്ക് എണ്ണയെക്കാൾ മയമുണ്ട്;എന്നാൽ അവ ഊരിപ്പിടിച്ച വാളുകളാണ്.+
22 നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക.+ദൈവം നിന്നെ പുലർത്തും.+
നീതിമാൻ വീണുപോകാൻ* ദൈവം ഒരിക്കലും അനുവദിക്കില്ല.+
23 എന്നാൽ ദൈവമേ, ദുഷ്ടന്മാരെ അങ്ങ് അത്യഗാധമായ കുഴിയിലേക്ക് ഇറക്കും.+
രക്തം ചൊരിഞ്ഞ കുറ്റമുള്ള ആ വഞ്ചകർ അവരുടെ ആയുസ്സിന്റെ പകുതിപോലും തികയ്‌ക്കില്ല.+
ഞാൻ പക്ഷേ, അങ്ങയിൽ ആശ്രയിക്കും.
അടിക്കുറിപ്പുകള്‍
^ അഥവാ “സഹായത്തിനായി ഞാൻ പ്രാർഥിക്കുമ്പോൾ അങ്ങ് മറഞ്ഞിരിക്കരുതേ.”
^ അക്ഷ. “അവരുടെ നാവ് വിഭജിക്കേണമേ.”
^ അഥവാ “പൊതുചത്വരത്തിൽ.”
^ അഥവാ “എനിക്കു തുല്യനായ.”
^ അഥവാ “ഒച്ചവെക്കുകയാണ്.”
^ അക്ഷ. “വീണ്ടെടുത്ത്.”
^ അതായത്, 13, 14 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന മുൻസ്നേഹിതൻ.
^ അഥവാ “പതറിപ്പോകാൻ; ചഞ്ചലപ്പെടാൻ.”