സങ്കീർത്തനം 21:1-13
സംഗീതസംഘനായകന്. ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
21 യഹോവേ, അങ്ങയുടെ ശക്തിയിൽ രാജാവ് ആഹ്ലാദിക്കുന്നു;+അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ അവൻ എത്രമാത്രം സന്തോഷിക്കുന്നെന്നോ!+
2 അവന്റെ ഹൃദയാഭിലാഷം അങ്ങ് സാധിച്ചുകൊടുത്തിരിക്കുന്നു;+അവന്റെ അധരങ്ങളുടെ യാചനകളൊന്നും അങ്ങ് നിരസിച്ചിട്ടില്ല. (സേലാ)
3 ഏറെ അനുഗ്രഹങ്ങളുമായി അങ്ങ് രാജാവിനെ എതിരേൽക്കുന്നു;അവന്റെ തലയിൽ തങ്കക്കിരീടം* അണിയിക്കുന്നു.+
4 രാജാവ് അങ്ങയോടു ജീവൻ ചോദിച്ചു; അങ്ങ് അതു നൽകി;+ദീർഘായുസ്സ്, എന്നുമെന്നേക്കുമുള്ള ജീവൻ, കൊടുത്തു.
5 അങ്ങയുടെ രക്ഷാപ്രവൃത്തികൾ രാജാവിനെ മഹിമാധനനാക്കുന്നു.+
അന്തസ്സും മഹിമയും അങ്ങ് അവനെ അണിയിക്കുന്നു.
6 രാജാവ് എന്നും അനുഗൃഹീതനായിരിക്കാൻ അങ്ങ് ഇടയാക്കുന്നു.+അങ്ങയുടെ സാമീപ്യമേകുന്ന* സന്തോഷം അവനെ ആനന്ദഭരിതനാക്കുന്നു.+
7 കാരണം, രാജാവിന്റെ ആശ്രയം യഹോവയിലാണ്;+അത്യുന്നതൻ അചഞ്ചലസ്നേഹം കാണിക്കുന്നതിനാൽ അവൻ ഒരിക്കലും കുലുങ്ങില്ല. +
8 അങ്ങയുടെ കൈ ശത്രുക്കളെയെല്ലാം തേടിപ്പിടിക്കും;അങ്ങയുടെ വലങ്കൈ അങ്ങയെ വെറുക്കുന്നവരെ തിരഞ്ഞുപിടിക്കും.
9 നിശ്ചയിച്ച സമയത്ത് അവരുടെ നേരെ ശ്രദ്ധ തിരിക്കുന്ന അങ്ങ് അവരെ തീച്ചൂളപോലെയാക്കും.
തന്റെ കോപത്തിൽ യഹോവ അവരെ വിഴുങ്ങിക്കളയും; തീ അവരെ ചാമ്പലാക്കും.+
10 അങ്ങ് അവരുടെ സന്തതികളെ* ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും;അവരുടെ മക്കളെ മനുഷ്യമക്കളുടെ ഇടയിൽനിന്ന് തൂത്തെറിയും.
11 കാരണം, അങ്ങയ്ക്കു ദോഷം ചെയ്യാനായിരുന്നു അവരുടെ ഉദ്ദേശ്യം;+ഒരിക്കലും വിജയിക്കാത്ത കുതന്ത്രങ്ങൾ അവർ മനഞ്ഞു.+
12 അങ്ങ് അവരുടെ നേരെ വില്ലു കുലയ്ക്കുമ്പോൾഅവർ പിൻവാങ്ങും.+
13 യഹോവേ, എഴുന്നേൽക്കേണമേ, ശക്തി കാണിക്കേണമേ;
അങ്ങയുടെ ശക്തി ഞങ്ങൾ വാഴ്ത്തിപ്പാടും.*
അടിക്കുറിപ്പുകള്
^ അഥവാ “ശുദ്ധീകരിച്ച സ്വർണംകൊണ്ടുള്ള കിരീടം.”
^ അക്ഷ. “മുഖം നൽകുന്ന.”
^ അക്ഷ. “ഫലത്തെ.”
^ അക്ഷ. “ശക്തിയെക്കുറിച്ച് ഞങ്ങൾ പാടും, സംഗീതം ഉതിർക്കും.”