സങ്കീർത്തനം 12:1-8
സംഗീതസംഘനായകന്; ശെമിനീത്ത്* രാഗത്തിൽ ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
12 യഹോവേ, എന്നെ രക്ഷിക്കേണമേ; വിശ്വസ്തർ ഇല്ലാതായിരിക്കുന്നല്ലോ.വിശ്വസിക്കാവുന്നവരെ മനുഷ്യരുടെ ഇടയിൽ കാണാനേ ഇല്ല.
2 അവർ പരസ്‌പരം നുണ പറയുന്നു.നാവുകൊണ്ട് അവർ മുഖസ്‌തുതി പറയുന്നു, വഞ്ചന നിറഞ്ഞ ഹൃദയത്തോടെ* സംസാരിക്കുന്നു.+
3 മുഖസ്‌തുതി പറയുന്ന വായുംപൊങ്ങച്ചം പറയുന്ന നാവും യഹോവ മുറിച്ചുമാറ്റും.+
4 അവർ പറയുന്നു: “നാവുകൊണ്ട് ഞങ്ങൾ ജയിക്കും.
തോന്നിയതുപോലെ ഞങ്ങൾ ഞങ്ങളുടെ വായ് ഉപയോഗിക്കും.ഞങ്ങൾക്കു യജമാനനാകാൻപോന്ന ആരുണ്ട്?”+
5 “ക്ലേശിതരെ അടിച്ചമർത്തുന്നു,പാവങ്ങൾ നെടുവീർപ്പിടുന്നു.+അതുകൊണ്ട് ഞാൻ എഴുന്നേറ്റ് നടപടിയെടുക്കും” എന്ന് യഹോവ പറയുന്നു.
“അവരോടു പുച്ഛത്തോടെ പെരുമാറുന്നവരിൽനിന്ന് അവരെ ഞാൻ രക്ഷിക്കും.”
6 യഹോവയുടെ വാക്കുകൾ നിർമലം.+അവ മണ്ണുകൊണ്ടുള്ള ഉലയിൽ* ഏഴു പ്രാവശ്യം ശുദ്ധീകരിച്ചെടുത്ത വെള്ളിപോലെ.
7 യഹോവേ, അങ്ങ് അവരെ കാക്കും.+അവരെ ഓരോരുത്തരെയും അങ്ങ് ഈ തലമുറയിൽനിന്ന് എന്നേക്കുമായി രക്ഷിക്കും.
8 മനുഷ്യമക്കൾ വഷളത്തത്തിന് ഒത്താശ ചെയ്യുന്നതുകൊണ്ട്,ദുഷ്ടന്മാർ എങ്ങും അഴിഞ്ഞാടുന്നു.+
അടിക്കുറിപ്പുകള്‍
^ അക്ഷ. “ഒരു ഹൃദയവും ഒരു ഹൃദയവും കൊണ്ട്.”
^ മറ്റൊരു സാധ്യത “നിലത്ത് ഉറപ്പിച്ച ഉലയിൽ.”