സങ്കീർത്തനം 104:1-35
104 ഞാൻ യഹോവയെ സ്തുതിക്കട്ടെ.+
എന്റെ ദൈവമായ യഹോവേ, അങ്ങ് എത്ര വലിയവൻ!+
അങ്ങ് മഹത്ത്വവും തേജസ്സും ധരിച്ചിരിക്കുന്നു.+
2 അങ്ങ് വസ്ത്രംപോലെ പ്രകാശം അണിഞ്ഞിരിക്കുന്നു,+കൂടാരത്തുണിപോലെ ആകാശം വിരിക്കുന്നു.+
3 ദൈവം തന്റെ മേൽമുറികളുടെ തുലാം, മുകളിലുള്ള വെള്ളത്തിൽ ഉറപ്പിക്കുന്നു;*+മേഘങ്ങൾ രഥമാക്കി+ കാറ്റിൻചിറകിൽ സഞ്ചരിക്കുന്നു.+
4 ദൈവം തന്റെ ദൂതന്മാരെ കാറ്റും*തന്റെ ശുശ്രൂഷകന്മാരെ, ചുട്ടെരിക്കുന്ന തീയും ആക്കുന്നു.+
5 ദൈവം ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചു;+ഒരു കാലത്തും അതു സ്വസ്ഥാനത്തുനിന്ന് ഇളകില്ല.*+
6 വസ്‌ത്രംകൊണ്ടെന്നപോലെ അങ്ങ് ആഴിയാൽ അതു മൂടി.+
വെള്ളം പർവതങ്ങളെക്കാൾ ഉയർന്നുനിന്നു.
7 അങ്ങയുടെ ശകാരം കേട്ട് അത് ഓടിക്കളഞ്ഞു;+അങ്ങയുടെ ഇടിനാദം കേട്ട് അതു പേടിച്ചോടി,
8 —പർവതങ്ങൾ ഉയർന്നു,+ താഴ്വരകൾ താണു—അങ്ങ് നിശ്ചയിച്ച സ്ഥാനത്ത് ചെന്ന് നിന്നു.
9 പിന്നെ ഒരിക്കലും അതു ഭൂമിയെ മൂടാതിരിക്കേണ്ടതിന്ലംഘിക്കരുതാത്ത ഒരു അതിർ അതിനായി വെച്ചു.+
10 ദൈവം നീരുറവകളെ താഴ്‌വരകളിലേക്ക്* അയയ്ക്കുന്നു;മലനിരകൾക്കിടയിലൂടെ അവ ഒഴുകുന്നു.
11 കാട്ടുമൃഗങ്ങളെല്ലാം അവയിൽനിന്ന് കുടിക്കുന്നു;കാട്ടുകഴുതകൾ ദാഹം തീർക്കുന്നു.
12 ആകാശപ്പറവകൾ അവയ്‌ക്കു മുകളിൽ ചേക്കേറുന്നു;പച്ചിലപ്പടർപ്പുകൾക്കിടയിൽ ഇരുന്ന് അവ പാട്ടു മൂളുന്നു.
13 തന്റെ മേൽമുറികളിൽനിന്ന്* ദൈവം പർവതങ്ങളെ നനയ്ക്കുന്നു.+
അങ്ങയുടെ പ്രവൃത്തികളുടെ ഫലം അനുഭവിച്ച് ഭൂമി തൃപ്തിയടയുന്നു.+
14 ദൈവം ഭൂമിയിൽനിന്ന് ആഹാരം വിളയിക്കുന്നു;കന്നുകാലികൾക്കു പുല്ലുംമനുഷ്യർക്കായി സസ്യജാലങ്ങളും മുളപ്പിക്കുന്നു;+
15 മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും+മുഖകാന്തിയേകുന്ന എണ്ണയുംമർത്യന്റെ ഹൃദയത്തെ പോഷിപ്പിക്കുന്ന അപ്പവും ദൈവം നൽകുന്നു.+
16 യഹോവയുടെ വൃക്ഷങ്ങൾക്ക്,ലബാനോനിൽ ദൈവം നട്ട ദേവദാരുക്കൾക്ക്,മതിയാവോളം വെള്ളം ലഭിക്കുന്നു.
17 പക്ഷികൾ അവയിൽ കൂടു കൂട്ടുന്നു.
ജൂനിപ്പർ വൃക്ഷങ്ങൾ കൊക്കിന്റെ പാർപ്പിടം.+
18 ഉയരമുള്ള മലകൾ മലയാടുകളുടെ സങ്കേതം;+പാറമുയലിനോ പാറക്കെട്ടുകൾ അഭയം.+
19 കാലങ്ങൾ നിശ്ചയിക്കാൻ ദൈവം ചന്ദ്രനെ ഉണ്ടാക്കി;അസ്‌തമയസമയം സൂര്യനു നന്നായി അറിയാം.+
20 അങ്ങ് ഇരുട്ടു വീഴ്ത്തുന്നു, രാത്രി വരുന്നു;+അപ്പോൾ, വന്യമൃഗങ്ങളെല്ലാം ചുറ്റിനടക്കുന്നു.
21 കരുത്തരായ സിംഹങ്ങൾ* ഇരയ്ക്കുവേണ്ടി അലറുന്നു;+അവ ദൈവത്തോട് ആഹാരം ചോദിക്കുന്നു.+
22 സൂര്യൻ ഉദിക്കുമ്പോൾഅവ വീണ്ടും മടകളിൽ പോയി കിടക്കുന്നു.
23 മനുഷ്യനോ പണിക്ക് ഇറങ്ങുന്നു;അവൻ അന്തിയോളം പണിയെടുക്കുന്നു.
24 യഹോവേ, അങ്ങയുടെ സൃഷ്ടികൾ എത്രയധികം!+
അങ്ങ് അവയെയെല്ലാം ജ്ഞാനത്തോടെ ഉണ്ടാക്കി.+
അങ്ങയുടെ സൃഷ്ടികളാൽ ഭൂമി നിറഞ്ഞിരിക്കുന്നു.
25 അതാ സമുദ്രം! അനന്തം! അതിവിശാലം!അതിൽ നിറയെ ചെറുതും വലുതും ആയ എണ്ണമറ്റ ജീവജാലങ്ങൾ!+
26 അതിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നു;അതിൽ കളിച്ചുനടക്കാൻ അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാനുമുണ്ട്.*+
27 സമയത്ത് ആഹാരം കിട്ടാൻഅവയെല്ലാം അങ്ങയെ നോക്കിയിരിക്കുന്നു.+
28 അങ്ങ് നൽകുന്നത് അവ തിന്നുന്നു.+
തൃക്കൈ തുറക്കുമ്പോൾ നല്ല വസ്തുക്കളാൽ അവയ്‌ക്കു തൃപ്തിവരുന്നു.+
29 അങ്ങ് മുഖം മറയ്ക്കുമ്പോൾ അവ അസ്വസ്ഥരാകുന്നു.
അങ്ങ് അവയുടെ ജീവശക്തി* എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്കു മടങ്ങുന്നു.+
30 അങ്ങ് ആത്മാവിനെ* അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;+അങ്ങ് മണ്ണിനു നവജീവനേകുന്നു.
31 യഹോവയുടെ മഹത്ത്വം എന്നെന്നും നിലനിൽക്കും.
യഹോവ തന്റെ സൃഷ്ടിയിൽ ആനന്ദിക്കും.+
32 ദൈവം ഭൂമിയെ നോക്കുമ്പോൾ അതു വിറയ്ക്കുന്നു;മലകളെ തൊടുമ്പോൾ അവ പുകയുന്നു.+
33 ജീവിതകാലം മുഴുവൻ ഞാൻ യഹോവയ്ക്കു പാട്ടു പാടും;+ജീവനുള്ളിടത്തോളം എന്റെ ദൈവത്തെ പാടി സ്തുതിക്കും.*+
34 എന്റെ ചിന്തകൾ ദൈവത്തിനു പ്രസാദകരമായിരിക്കട്ടെ.*
ഞാൻ യഹോവയിൽ ആനന്ദിക്കും.
35 പാപികൾ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരാകും;ദുഷ്ടർ മേലാലുണ്ടായിരിക്കില്ല.+
ഞാൻ യഹോവയെ സ്തുതിക്കട്ടെ. യാഹിനെ വാഴ്ത്തുവിൻ!*
അടിക്കുറിപ്പുകള്‍
^ അക്ഷ. “തുലാം വെള്ളത്തിൽ ഉറപ്പിക്കുന്നു.”
^ അഥവാ “ആത്മാക്കളും.”
^ അഥവാ “അതു ചാഞ്ചാടില്ല.”
^ അഥവാ “നീർച്ചാലുകളിലേക്ക്.”
^ അതായത്, പുരമുകളിലെ മുറി.
^ അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങൾ.”
^ അഥവാ “ആത്മാവ്.”
^ അതായത്, ദൈവാത്മാവ്.
^ അഥവാ “ദൈവത്തിനു സംഗീതം ഉതിർക്കും.”
^ മറ്റൊരു സാധ്യത “ദൈവത്തെക്കുറിച്ചുള്ള എന്റെ ധ്യാനം പ്രസാദകരമായിരിക്കട്ടെ.”
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”