വിലാപങ്ങൾ 2:1-22
א (ആലേഫ്)
2 യഹോവ സീയോൻപുത്രിയെ കോപത്തിന്റെ മേഘംകൊണ്ട് മൂടിയല്ലോ!
ദൈവം ഇസ്രായേലിന്റെ മഹത്ത്വം ആകാശത്തുനിന്ന് ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു.+
ദൈവത്തിന്റെ കോപദിവസത്തിൽ ദൈവം തന്റെ പാദപീഠത്തെ+ ഓർത്തില്ല.
ב (ബേത്ത്)
2 യഹോവ യാക്കോബിന്റെ വാസസ്ഥലങ്ങളെ ഒരു കരുണയും കൂടാതെ വിഴുങ്ങി.
ഉഗ്രകോപത്തിൽ യഹൂദാപുത്രിയുടെ കോട്ടകളെ ദൈവം തകർത്തുകളഞ്ഞു.+
ദൈവം രാജ്യത്തെയും അവളുടെ പ്രഭുക്കന്മാരെയും+ നിലത്തേക്കു തള്ളിയിട്ട് അപമാനിച്ചു.+
ג (ഗീമെൽ)
3 കടുത്ത കോപത്തിൽ ദൈവം ഇസ്രായേലിന്റെ ശക്തി* ഇല്ലാതാക്കിയിരിക്കുന്നു.
ശത്രു വന്നപ്പോൾ ദൈവം തന്റെ വലതുകൈ പിൻവലിച്ചു.+ചുറ്റുമുള്ള സകലവും ദഹിപ്പിക്കുന്ന ഒരു തീപോലെ ദൈവം യാക്കോബിൽ ജ്വലിച്ചുകൊണ്ടിരുന്നു.+
ד (ദാലെത്ത്)
4 ദൈവം ഒരു ശത്രുവിനെപ്പോലെ വില്ലു വളച്ച് കെട്ടിയിരിക്കുന്നു,* ഒരു എതിരാളിയെപ്പോലെ വലതുകൈ ഓങ്ങിയിരിക്കുന്നു.+ഞങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം ദൈവം കൊല്ലുന്നു.+
ദൈവം തന്റെ ഉഗ്രകോപം ഒരു തീപോലെ+ സീയോൻപുത്രിയുടെ കൂടാരത്തിലേക്കു ചൊരിഞ്ഞു.+
ה (ഹേ)
5 യഹോവ ഒരു ശത്രുവിനെപ്പോലെയായി;+ദൈവം ഇസ്രായേലിനെ നശിപ്പിച്ചു;
അവളുടെ ഗോപുരങ്ങൾ ഇടിച്ചുകളഞ്ഞു;അതിന്റെ എല്ലാ കോട്ടകളും തകർത്തു.
ദൈവം യഹൂദാപുത്രിയിൽ നിലവിളിയും വിലാപവും നിറച്ചു.
ו (വൗ)
6 തോട്ടത്തിലെ കുടിൽപോലെ ദൈവം തന്റെ കൂടാരം നശിപ്പിച്ചുകളഞ്ഞു.+
ദൈവം തന്റെ ഉത്സവം നിറുത്തലാക്കി.+
സീയോനിലുള്ളവർ ഉത്സവവും ശബത്തും മറന്നുപോകാൻ യഹോവ ഇടയാക്കി.ഉഗ്രമായി കോപിക്കുമ്പോൾ ദൈവം രാജാവിനോടോ പുരോഹിതനോടോ പോലും കരുണ കാണിക്കുന്നില്ല.+
ז (സയിൻ)
7 യഹോവ തന്റെ യാഗപീഠം ഉപേക്ഷിച്ചു.തന്റെ വിശുദ്ധമന്ദിരത്തെ വെറുത്തു.+
ദൈവം അവളുടെ ഗോപുരങ്ങളുടെ ചുവരുകൾ ശത്രുക്കളുടെ കൈയിൽ ഏൽപ്പിച്ചു.+
ഉത്സവദിവസത്തിൽ എന്നപോലെ അവർ യഹോവയുടെ ഭവനത്തിൽ അവരുടെ ശബ്ദം ഉയർത്തി.+
ח (ഹേത്ത്)
8 സീയോൻപുത്രിയുടെ മതിൽ തകർക്കാൻ യഹോവ തീരുമാനിച്ചിരിക്കുന്നു.+
ദൈവം അളവുനൂൽകൊണ്ട് അളന്നിരിക്കുന്നു.+
അവളെ നശിപ്പിക്കാൻ ദൈവത്തിന്റെ കൈ മടിച്ചില്ല.
ദൈവം മതിലിനെയും പ്രതിരോധമതിലിനെയും കരയിച്ചിരിക്കുന്നു.
അവ രണ്ടിന്റെയും ബലം ക്ഷയിച്ചുപോയി.
ט (തേത്ത്)
9 അവളുടെ കവാടങ്ങൾ നിലത്തേക്കു വീണിരിക്കുന്നു.+
ദൈവം അവളുടെ ഓടാമ്പലുകൾ തകർത്തുനശിപ്പിച്ചിരിക്കുന്നു.
അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകൾക്കിടയിലാണ്.+
അവളിൽ നിയമമില്ല,* അവളുടെ പ്രവാചകന്മാർക്കുപോലും യഹോവയിൽനിന്ന് ദർശനങ്ങൾ കിട്ടുന്നില്ല.+
י (യോദ്)
10 സീയോൻപുത്രിയുടെ മൂപ്പന്മാർ ഒന്നും മിണ്ടാതെ നിലത്ത് ഇരിക്കുന്നു.+
അവർ വിലാപവസ്ത്രം ധരിച്ച് തലയിൽ മണ്ണു വാരിയിടുന്നു.+
യരുശലേമിലെ കന്യകമാരുടെ തല നിലംമുട്ടുവോളം കുനിഞ്ഞുപോയി.
כ (കഫ്)
11 കരഞ്ഞുകരഞ്ഞ് എന്റെ കണ്ണുകൾ തളർന്നു.+
എന്റെ ഉള്ളം* കലങ്ങിമറിയുന്നു.
എന്റെ ജനത്തിന്റെ പുത്രിയുടെ* വീഴ്ച കണ്ട്,+
നഗരവീഥികളിൽ* കുട്ടികളും ശിശുക്കളും കുഴഞ്ഞുവീഴുന്നതു കണ്ട്,എന്റെ കരൾ ഉരുകി നിലത്തേക്ക് ഒഴുകുന്നു.+
ל (ലാമെദ്)
12 മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ കുഴഞ്ഞുവീഴുംനേരം,
അമ്മമാരുടെ കൈകളിൽ കിടന്ന് ജീവൻ പൊലിയുംനേരം,“ധാന്യവും വീഞ്ഞും എവിടെ” എന്ന് ആ കുരുന്നുകൾ അവരോടു ചോദിക്കുന്നു.+
מ (മേം)
13 യരുശലേംപുത്രീ, ഒരു തെളിവായി ഞാൻ എന്തു കാണിച്ചുതരും?നിന്നെ എന്തിനോട് ഉപമിക്കും?
കന്യകയായ സീയോൻപുത്രീ, നിന്നെ ആരോടു താരതമ്യം ചെയ്ത് ഞാൻ നിന്നെ ആശ്വസിപ്പിക്കും?
നിന്റെ തകർച്ച കടൽപോലെ വിശാലമാണ്.+ നിന്നെ സുഖപ്പെടുത്താൻ ആർക്കു കഴിയും?+
נ (നൂൻ)
14 നിന്റെ പ്രവാചകന്മാർ നിനക്കുവേണ്ടി കണ്ട ദിവ്യദർശനങ്ങൾ കള്ളവും പൊള്ളയും ആയിരുന്നു.+അവർ നിന്റെ തെറ്റുകൾ നിനക്കു വെളിപ്പെടുത്തിത്തന്നില്ല,+ അതുകൊണ്ട് നിനക്ക് അടിമത്തത്തിലേക്കു പോകേണ്ടിവന്നു.വഴിതെറ്റിക്കുന്ന കള്ളദർശനങ്ങൾ അവർ നിന്നെ അറിയിച്ചു.+
ס (സാമെക്)
15 വഴിയേ പോകുന്നവരെല്ലാം നിന്നെ നോക്കി പരിഹസിച്ച് കൈ കൊട്ടുന്നു.+
“‘അതിസുന്ദരമായ നഗരം, മുഴുഭൂമിയുടെയും സന്തോഷം’+ എന്ന് അവർ പറഞ്ഞ നഗരമാണോ ഇത്” എന്നു ചോദിച്ച്
അവർ യരുശലേംപുത്രിയെ നോക്കി തല കുലുക്കുന്നു; അതിശയത്തോടെ+ തലയിൽ കൈ വെക്കുന്നു.*
פ (പേ)
16 നിന്റെ ശത്രുക്കളെല്ലാം നിന്റെ നേരെ വായ് തുറക്കുന്നു.
“ഞങ്ങൾ അവളെ ഇല്ലാതാക്കി,+ ഇതാണു ഞങ്ങൾ കാത്തിരുന്ന ദിവസം!+
അതു വന്നു, അതു കാണാൻ ഞങ്ങൾക്കു സാധിച്ചു”+ എന്നു പറഞ്ഞ്
അവർ തല കുലുക്കുകയും പല്ലിറുമ്മുകയും ചെയ്യുന്നു.
ע (അയിൻ)
17 യഹോവ ഉദ്ദേശിച്ചതു ചെയ്തിരിക്കുന്നു;+താൻ പറഞ്ഞത്, കാലങ്ങൾക്കു മുമ്പ് കല്പിച്ചത്,+ നടപ്പിലാക്കിയിരിക്കുന്നു.+
ഒരു ദയയുമില്ലാതെ ദൈവം തകർത്തുകളഞ്ഞു.+
ദൈവം നിന്റെ ശത്രുക്കളുടെ ശക്തി വർധിപ്പിച്ചിരിക്കുന്നു,*
നിന്റെ തോൽവി കണ്ട് അവർ സന്തോഷിക്കുന്നു.
צ (സാദെ)
18 സീയോൻപുത്രിയുടെ മതിലേ, അവരുടെ ഹൃദയം യഹോവയെ വിളിച്ച് കരയുന്നു.
രാവും പകലും കണ്ണീർ ഒരു അരുവിപോലെ ഒഴുകട്ടെ.
നീ അടങ്ങിയിരിക്കരുത്, നിന്റെ കണ്ണുകൾക്കു വിശ്രമം കൊടുക്കരുത്.
ק (കോഫ്)
19 എഴുന്നേൽക്കൂ! രാത്രിയിൽ, യാമങ്ങളുടെ തുടക്കത്തിൽ, ഉറക്കെ കരയുക.
യഹോവയുടെ മുമ്പാകെ നിന്റെ ഹൃദയം വെള്ളംപോലെ പകരുക.
ക്ഷാമത്താൽ ഓരോ തെരുക്കോണിലും* കുഴഞ്ഞുവീഴുന്ന നിങ്ങളുടെ മക്കളുടെ ജീവനുവേണ്ടികൈകൾ ഉയർത്തി ദൈവത്തോടു യാചിക്കുക.+
ר (രേശ്)
20 യഹോവേ, അങ്ങയുടെ ക്രൂരമായ പെരുമാറ്റത്തിന് ഇരയായവനെ അങ്ങ് നോക്കേണമേ.
സ്ത്രീകൾ ഇനിയും സ്വന്തം കുഞ്ഞുങ്ങളെ, അവർ പ്രസവിച്ച ആരോഗ്യമുള്ള കുട്ടികളെ, തിന്നണോ?+യഹോവയുടെ വിശുദ്ധമന്ദിരത്തിൽവെച്ച് പുരോഹിതന്മാരും പ്രവാചകന്മാരും കൊല്ലപ്പെടണോ?+
ש (ശീൻ)
21 കുട്ടികളും പ്രായമായവരും തെരുവുകളിൽ മരിച്ചുകിടക്കുന്നു.+
എന്റെ കന്യകമാരും* ചെറുപ്പക്കാരും വാളിന് ഇരയായി.+
അങ്ങയുടെ കോപദിവസത്തിൽ അങ്ങ് അവരെ കൊന്നു, ഒരു ദയയുമില്ലാതെ സംഹാരം നടത്തി.+
ת (തൗ)
22 ഉത്സവത്തിനായി എന്നപോലെ+ അങ്ങ് നാലുപാടുനിന്നും ഭീതി ക്ഷണിച്ചുവരുത്തിയിരിക്കുന്നു.
യഹോവയുടെ ക്രോധദിവസത്തിൽ ആരും രക്ഷപ്പെട്ടില്ല, ആരും ബാക്കിയായില്ല.+ഞാൻ പെറ്റ്* വളർത്തിയവരെ എന്റെ ശത്രു സംഹരിച്ചു.+
അടിക്കുറിപ്പുകള്
^ അക്ഷ. “ഓരോ കൊമ്പും.”
^ അക്ഷ. “വില്ലു ചവിട്ടിയിരിക്കുന്നു.”
^ അഥവാ “നഗരത്തിലെ പൊതുചത്വരങ്ങളിൽ.”
^ കാവ്യഭാഷയിൽ വ്യക്തിത്വം കല്പിച്ചിരിക്കുന്നു. ഒരുപക്ഷേ, സഹതാപമോ കാരുണ്യമോ കാണിക്കാനായിരിക്കാം.
^ അക്ഷ. “കുടലുകൾ.”
^ അക്ഷ. “അതിശയത്തോടെ ചൂളമടിക്കുന്നു.”
^ അക്ഷ. “കൊമ്പ് ഉയർത്തിയിരിക്കുന്നു.”
^ അക്ഷ. “എല്ലാ തെരുവുകളുടെയും തലയ്ക്കൽ.”
^ അഥവാ “ചെറുപ്പക്കാരികളും.”
^ അഥവാ “ആരോഗ്യമുള്ളവരായി പ്രസവിച്ച്.”