റോമിലുള്ളവർക്ക് എഴുതിയ കത്ത് 9:1-33
9 ഞാൻ ക്രിസ്തുവിൽ സത്യമാണു പറയുന്നത്. ഞാൻ ഈ പറയുന്നതു നുണയല്ല. എന്റെകൂടെ എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവിൽ ഇങ്ങനെ സാക്ഷി പറയുന്നു:
2 എന്റെ ഹൃദയത്തിൽ അതിയായ ദുഃഖവും അടങ്ങാത്ത വേദനയും ഉണ്ട്.
3 എന്റെ സഹോദരങ്ങളും ജഡപ്രകാരം* എന്റെ ബന്ധുക്കളും ആയ ഇസ്രായേല്യർക്കുവേണ്ടി ക്രിസ്തുവിൽനിന്ന് വേർപെട്ട് ശാപഗ്രസ്തനാകാൻപോലും ഞാൻ ഒരുക്കമാണ്.
4 അവരെയാണല്ലോ പുത്രന്മാരായി ദത്തെടുത്തത്.+ മഹത്ത്വവും ഉടമ്പടികളും+ നിയമവും+ വിശുദ്ധസേവനവും+ വാഗ്ദാനങ്ങളും+ എല്ലാം അവർക്കുള്ളതാണല്ലോ.
5 പൂർവികരും അവരുടേതാണ്.+ ജഡപ്രകാരം ക്രിസ്തു ജനിച്ചതും അവരിൽനിന്നാണ്.+ സകലത്തിനും മീതെയുള്ള ദൈവം എന്നും വാഴ്ത്തപ്പെട്ടവൻ. ആമേൻ.
6 എന്നാൽ ദൈവത്തിന്റെ വചനം വെറുതേയായിപ്പോയെന്നല്ല ഞാൻ പറയുന്നത്. കാരണം ഇസ്രായേലിന്റെ മക്കളായി ജനിച്ച എല്ലാവരും യഥാർഥത്തിൽ “ഇസ്രായേൽ” അല്ല.+
7 അബ്രാഹാമിന്റെ സന്തതിയായതുകൊണ്ട്* മാത്രം അവർ എല്ലാവരും മക്കളാകുന്നതുമില്ല.+ കാരണം, “നിന്റെ സന്തതി* എന്ന് അറിയപ്പെടുന്നവൻ വരുന്നതു യിസ്ഹാക്കിലൂടെയായിരിക്കും”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്.
8 അതിന്റെ അർഥം, ജഡപ്രകാരമുള്ള മക്കളല്ല യഥാർഥത്തിൽ ദൈവത്തിന്റെ മക്കൾ+ എന്നാണ്. പകരം, വാഗ്ദാനപ്രകാരമുള്ള മക്കളെയാണു+ സന്തതിയായി* കണക്കാക്കുന്നത്.
9 ഇതായിരുന്നു വാഗ്ദാനം: “അടുത്ത വർഷം ഇതേ സമയത്ത് ഞാൻ വരും. സാറയ്ക്ക് അപ്പോൾ ഒരു മകൻ ഉണ്ടായിരിക്കും.”+
10 എന്നാൽ ആ സന്ദർഭത്തിൽ മാത്രമല്ല, നമ്മുടെ പൂർവികനായ യിസ്ഹാക്കിൽനിന്ന് റിബെക്ക ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചപ്പോഴും+ വാഗ്ദാനം നൽകിയിരുന്നു.
11 ദൈവോദ്ദേശ്യപ്രകാരമുള്ള തിരഞ്ഞെടുപ്പു പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല പകരം, വിളിക്കുന്നവന്റെ ഇഷ്ടത്തിന്റെ അടിസ്ഥാനത്തിലാണെന്നു വരാൻ, കുട്ടികൾ ജനിക്കുന്നതിനു മുമ്പുതന്നെ, അതായത് അവർ എന്തെങ്കിലും നല്ലതോ ചീത്തയോ ചെയ്യുന്നതിനു മുമ്പുതന്നെ,
12 “മൂത്തവൻ ഇളയവന്റെ അടിമയായിരിക്കും”+ എന്നു റിബെക്കയോടു പറഞ്ഞിരുന്നു.
13 “ഞാൻ യാക്കോബിനെ സ്നേഹിച്ചു, ഏശാവിനെ വെറുത്തു”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്.
14 എന്നു കരുതി, ദൈവം നീതികെട്ടവനാണെന്നാണോ പറഞ്ഞുവരുന്നത്? ഒരിക്കലുമല്ല!+
15 “എനിക്കു കരുണ കാണിക്കണമെന്നുള്ളവനോടു ഞാൻ കരുണ കാണിക്കും, അനുകമ്പ കാണിക്കണമെന്നുള്ളവനോട് അനുകമ്പ കാണിക്കും”+ എന്നു ദൈവം മോശയോടു പറഞ്ഞല്ലോ.
16 അതുകൊണ്ട് ഒരാളുടെ ആഗ്രഹമോ പരിശ്രമമോ ഒന്നുമല്ല ഇതിന്റെ അടിസ്ഥാനം. പകരം കരുണാമയനായ ദൈവമാണ്+ ഈ തിരഞ്ഞെടുപ്പു നടത്തുന്നത്.
17 കാരണം തിരുവെഴുത്തിൽ, ഫറവോനോട് ദൈവം ഇങ്ങനെ പറയുന്നുണ്ട്: “നിന്നിലൂടെ എന്റെ ശക്തി കാണിക്കാനും ഭൂമിയിലെങ്ങും എന്റെ പേര് പ്രസിദ്ധമാക്കാനും വേണ്ടി മാത്രമാണു നിന്നെ ജീവനോടെ വെച്ചിരിക്കുന്നത്.”+
18 ചുരുക്കിപ്പറഞ്ഞാൽ, ദൈവം തനിക്ക് ഇഷ്ടമുള്ളതുപോലെ ചിലരോടു കരുണ കാണിക്കുന്നു, തനിക്ക് ഇഷ്ടമുള്ളതുപോലെ ചിലരെ കഠിനഹൃദയരാകാൻ വിടുന്നു.+
19 അപ്പോൾ നിങ്ങൾ എന്നോടു ചോദിക്കും: “ദൈവത്തിന്റെ ഇഷ്ടത്തോട് എതിർത്തുനിൽക്കാൻ ആർക്കും കഴിയില്ലല്ലോ, അങ്ങനെയെങ്കിൽ പിന്നെ ദൈവം എന്തിനാണ് ആളുകളുടെ കുറ്റം കണ്ടുപിടിക്കുന്നത്?”
20 പക്ഷേ മനുഷ്യാ, ദൈവത്തെ ചോദ്യം ചെയ്യാൻ നീ ആരാണ്?+ വാർത്തുണ്ടാക്കിയ ഒരു വസ്തു അതിനെ വാർത്തയാളോട്, “എന്തിനാണ് എന്നെ ഇങ്ങനെ ഉണ്ടാക്കിയത്”+ എന്നു ചോദിക്കുമോ?
21 കുശവന് ഒരേ കളിമണ്ണിൽനിന്നുതന്നെ ഒരു പാത്രം മാന്യമായ ഉപയോഗത്തിനും മറ്റൊന്നു മാന്യമല്ലാത്ത ഉപയോഗത്തിനും വേണ്ടി ഉണ്ടാക്കാൻ അധികാരമില്ലേ?+
22 അതുപോലെതന്നെ ദൈവവും, തനിക്കു ക്രോധം പ്രകടിപ്പിക്കാനും ശക്തി കാണിക്കാനും ആഗ്രഹമുണ്ടായിട്ടും നാശത്തിനും ക്രോധത്തിനും അർഹമായ പാത്രങ്ങളെ വളരെ ക്ഷമയോടെ സഹിച്ചെങ്കിൽ അതിൽ എന്താണു കുഴപ്പം?
23 ദൈവം അങ്ങനെ ചെയ്തത്, താൻ മഹത്ത്വത്തിനായി മുമ്പുതന്നെ ഒരുക്കിയതും കരുണയ്ക്കു യോഗ്യമായതും ആയ പാത്രങ്ങളുടെ മേൽ+ തന്റെ മഹത്ത്വം സമൃദ്ധമായി വെളിപ്പെടുത്താനാണെങ്കിലോ? അതിന് എന്തെങ്കിലും കുഴപ്പമുണ്ടോ?
24 ആ പാത്രങ്ങളിൽ നമ്മളെല്ലാം, അതായത് ജൂതന്മാരിൽനിന്ന് ദൈവം വിളിച്ചവർ മാത്രമല്ല ജനതകളിൽനിന്ന്+ ദൈവം വിളിച്ചവരും, ഉൾപ്പെടുന്നു.
25 ഇതു ദൈവം ഹോശേയയുടെ പുസ്തകത്തിൽ പറഞ്ഞതിനു ചേർച്ചയിലാണ്: “എന്റെ ജനമല്ലാത്തവരെ+ ഞാൻ ‘എന്റെ ജനം’ എന്നും എനിക്കു പ്രിയമില്ലാതിരുന്നവളെ ‘പ്രിയപ്പെട്ടവൾ’+ എന്നും വിളിക്കും.
26 ‘നിങ്ങൾ എന്റെ ജനമല്ല’ എന്ന് അവരോടു പറഞ്ഞ സ്ഥലത്തുവെച്ചുതന്നെ അവരെ ‘ജീവനുള്ള ദൈവത്തിന്റെ പുത്രന്മാർ’+ എന്നു വിളിക്കും.”
27 അതു മാത്രമല്ല, ഇസ്രായേലിനെക്കുറിച്ച് യശയ്യയും ഇങ്ങനെ വിളിച്ചുപറയുന്നു: “ഇസ്രായേൽമക്കളുടെ എണ്ണം കടലിലെ മണൽത്തരികൾപോലെയാണെങ്കിലും അതിൽ ചെറിയൊരു ഭാഗത്തിനു മാത്രമേ രക്ഷ കിട്ടുകയുള്ളൂ.+
28 കാരണം യഹോവ* ഭൂമിയിൽ ഒരു കണക്കുതീർപ്പിന് ഒരുങ്ങുകയാണ്. അതിവേഗം* ദൈവം അതു പൂർത്തിയാക്കും.”+
29 “സൈന്യങ്ങളുടെ അധിപനായ യഹോവ* നമുക്കുവേണ്ടി ഒരു സന്തതിയെ* ബാക്കി വെച്ചില്ലായിരുന്നെങ്കിൽ നമ്മൾ സൊദോമിനെപ്പോലെയും നമ്മുടെ അവസ്ഥ ഗൊമോറയുടേതുപോലെയും ആയേനേ”+ എന്നും യശയ്യ മുൻകൂട്ടിപ്പറഞ്ഞല്ലോ.
30 അതുകൊണ്ട് ഇപ്പോൾ എന്തു പറയാനാകും? ജനതകൾ നീതി പിൻപറ്റാൻ ശ്രമിക്കാഞ്ഞിട്ടും നീതിമാന്മാരായി.+ അതു വിശ്വാസത്താലുള്ള നീതിയായിരുന്നു.+
31 എന്നാൽ ഇസ്രായേല്യർ നീതിയുടെ നിയമം പിൻപറ്റാൻ ശ്രമിച്ചിട്ടും ആ ലക്ഷ്യത്തിൽ എത്തിയില്ല.
32 എന്തുകൊണ്ട്? കാരണം അവർ വിശ്വാസത്തിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് അതു പിൻപറ്റാൻ ശ്രമിച്ചത്. ‘ഇടറിവീഴാൻ ഇടയാക്കുന്ന കല്ലിൽ’+ തട്ടി അവർ ഇടറിവീണു.
33 “ഇതാ, ഇടറിവീഴാൻ ഇടയാക്കുന്ന ഒരു കല്ലും തട്ടിവീഴാൻ ഇടയാക്കുന്ന ഒരു പാറയും ഞാൻ സീയോനിൽ സ്ഥാപിക്കുന്നു.+ എന്നാൽ അതിൽ* വിശ്വാസമർപ്പിക്കുന്നവൻ നിരാശനാകില്ല”+ എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ അവർക്കു സംഭവിച്ചു.
അടിക്കുറിപ്പുകള്
^ അക്ഷ. “വിത്ത്.”
^ അക്ഷ. “വിത്തായതുകൊണ്ട്.”
^ അക്ഷ. “വിത്തായി.”
^ അഥവാ “സമയത്തിനു മുമ്പേ.”
^ അക്ഷ. “വിത്ത്.”
^ അഥവാ “അവനിൽ.”