യിരെമ്യ 40:1-16
40 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ+ യിരെമ്യയെ രാമയിൽനിന്ന്+ വിട്ടയച്ചശേഷം യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി. യരുശലേമിൽനിന്നും യഹൂദയിൽനിന്നും ബാബിലോണിലേക്കു നാടുകടത്തുന്നവരുടെകൂടെ അയാൾ യിരെമ്യയെയും കൈവിലങ്ങുവെച്ച് രാമയിലേക്കു കൊണ്ടുപോയിരുന്നു.
2 കാവൽക്കാരുടെ മേധാവി യിരെമ്യയെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തിന് എതിരെ ഇങ്ങനെയൊരു ദുരന്തം മുൻകൂട്ടിപ്പറഞ്ഞതാണ്.
3 പറഞ്ഞതുപോലെതന്നെ യഹോവ അതു വരുത്തുകയും ചെയ്തു. കാരണം, നിങ്ങൾ യഹോവയോടു പാപം ചെയ്തു; ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ചില്ല. അതുകൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്.+
4 ഞാൻ ഇപ്പോൾ നിന്റെ കൈവിലങ്ങുകൾ അഴിച്ച് നിന്നെ സ്വതന്ത്രനാക്കുന്നു. എന്റെകൂടെ ബാബിലോണിലേക്കു വരുന്നതാണു നല്ലതെന്നു തോന്നുന്നെങ്കിൽ പോരൂ, ഞാൻ നിന്നെ നോക്കിക്കൊള്ളാം. എന്റെകൂടെ വരാൻ താത്പര്യമില്ലെങ്കിൽ വരേണ്ടാ. ഇതാ! ദേശം മുഴുവനും നിന്റെ മുന്നിലുണ്ട്. ഇഷ്ടമുള്ളിടത്തേക്കു പൊയ്ക്കൊള്ളൂ.”+
5 തിരികെ പോകണോ വേണ്ടയോ എന്നു ചിന്തിച്ചുനിൽക്കുന്ന യിരെമ്യയോടു നെബൂസരദാൻ പറഞ്ഞു: “യഹൂദാനഗരങ്ങളുടെ മേൽ ബാബിലോൺരാജാവ് നിയമിച്ച ശാഫാന്റെ മകനായ+ അഹീക്കാമിന്റെ മകൻ+ ഗദല്യയുടെ+ അടുത്തേക്കു മടങ്ങിപ്പോയി അയാളോടൊപ്പം ജനത്തിന് ഇടയിൽ താമസിക്കുക. ഇനി, മറ്റ് എവിടെയെങ്കിലും പോകാനാണു നിനക്ക് ഇഷ്ടമെങ്കിൽ അങ്ങനെയും ചെയ്യാം.”
ഇങ്ങനെ പറഞ്ഞിട്ട്, കാവൽക്കാരുടെ മേധാവി ഭക്ഷണവും സമ്മാനവും കൊടുത്ത് യിരെമ്യയെ പറഞ്ഞയച്ചു.
6 അങ്ങനെ യിരെമ്യ മിസ്പയിൽ+ അഹീക്കാമിന്റെ മകൻ ഗദല്യയുടെ അടുത്തേക്കു പോയി ദേശത്ത് ശേഷിച്ച ജനത്തിന്റെ ഇടയിൽ അയാളോടൊപ്പം താമസിച്ചു.
7 ബാബിലോൺരാജാവ് അഹീക്കാമിന്റെ മകൻ ഗദല്യയെ ദേശത്തിനു മേൽ നിയമിച്ചെന്നും ബാബിലോണിലേക്കു നാടുകടത്താത്തവരായി ദേശത്ത് ശേഷിച്ച പാവപ്പെട്ട പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അയാളുടെ ചുമതലയിലാക്കിയെന്നും വെളിമ്പ്രദേശത്ത് തങ്ങളുടെ ആളുകളോടൊപ്പം കഴിയുന്ന എല്ലാ സൈന്യാധിപന്മാരും കേട്ടു.+
8 അതുകൊണ്ട് അവർ മിസ്പയിൽ ഗദല്യയുടെ അടുത്തേക്കു ചെന്നു.+ നെഥന്യയുടെ മകൻ യിശ്മായേൽ,+ കാരേഹിന്റെ പുത്രന്മാരായ യോഹാനാൻ,+ യോനാഥാൻ, തൻഹൂമെത്തിന്റെ മകൻ സെരായ, നെതോഫത്യനായ എഫായിയുടെ പുത്രന്മാർ, മാഖാത്യന്റെ മകൻ യയസന്യ+ എന്നിവരും അവരുടെ ആളുകളും ആണ് ചെന്നത്.
9 ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗദല്യ അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തിട്ട് ഇങ്ങനെ പറഞ്ഞു: “കൽദയരെ സേവിക്കുന്നതിനെക്കുറിച്ച് ഓർത്ത് നിങ്ങൾ പേടിക്കേണ്ടാ. ദേശത്ത് താമസിച്ച് ബാബിലോൺ രാജാവിനെ സേവിച്ചുകൊള്ളുക. അതു നിങ്ങൾക്കു ഗുണം ചെയ്യും.+
10 ഞാൻ മിസ്പയിൽ താമസിക്കാം. നമ്മുടെ അടുത്തേക്കു വരുന്ന കൽദയരുടെ മുന്നിൽ ഞാൻ നിങ്ങളുടെ പ്രതിനിധിയായിരിക്കും.* നിങ്ങൾ വീഞ്ഞും വേനൽക്കാലപഴങ്ങളും എണ്ണയും പാത്രങ്ങളിൽ ശേഖരിച്ച്, നിങ്ങൾ കൈവശപ്പെടുത്തിയ നഗരങ്ങളിൽത്തന്നെ താമസമുറപ്പിക്കുക.”+
11 ബാബിലോൺരാജാവ് കുറച്ച് പേരെ യഹൂദയിൽത്തന്നെ താമസിക്കാൻ അനുവദിച്ചെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗദല്യയെ അവരുടെ ചുമതല ഏൽപ്പിച്ചെന്നും മോവാബിലും അമ്മോനിലും ഏദോമിലും മറ്റെല്ലാ ദേശങ്ങളിലും ഉള്ള ജൂതന്മാരെല്ലാം കേട്ടു.
12 അതുകൊണ്ട് ആ ജൂതന്മാരെല്ലാം തങ്ങളെ ചിതറിച്ചുകളഞ്ഞ എല്ലാ സ്ഥലങ്ങളിൽനിന്നും യഹൂദാദേശത്തേക്കു മടങ്ങിവരാൻതുടങ്ങി. അവർ മിസ്പയിൽ ഗദല്യയുടെ അടുത്ത് വന്നു. വീഞ്ഞും വേനൽക്കാലപഴങ്ങളും അവർ സമൃദ്ധമായി ശേഖരിച്ചു.
13 കാരേഹിന്റെ മകൻ യോഹാനാനും വെളിമ്പ്രദേശത്തുണ്ടായിരുന്ന എല്ലാ സൈന്യാധിപന്മാരും മിസ്പയിൽ ഗദല്യയുടെ അടുത്ത് വന്നു.
14 അവർ ഗദല്യയോട്, “അമ്മോന്യരാജാവായ ബാലിസ് അങ്ങയെ കൊല്ലാനാണു+ നെഥന്യയുടെ മകൻ യിശ്മായേലിനെ+ അയച്ചിരിക്കുന്നതെന്ന കാര്യം അങ്ങയ്ക്ക് അറിയില്ലേ” എന്നു ചോദിച്ചു. പക്ഷേ അഹീക്കാമിന്റെ മകൻ ഗദല്യ അവർ പറഞ്ഞതു വിശ്വസിച്ചില്ല.
15 പിന്നെ കാരേഹിന്റെ മകൻ യോഹാനാൻ മിസ്പയിൽവെച്ച് രഹസ്യമായി ഗദല്യയോടു പറഞ്ഞു: “നെഥന്യയുടെ മകൻ യിശ്മായേലിനെ ഞാൻ കൊന്നുകളയട്ടേ? ഒരു കുഞ്ഞുപോലും അറിയില്ല. അവൻ അങ്ങയെ വധിച്ചിട്ട് അങ്ങയുടെ അടുത്ത് വന്നിരിക്കുന്ന യഹൂദാജനം മുഴുവൻ എന്തിനു ചിതറിപ്പോകണം? യഹൂദാജനത്തിൽ ബാക്കിയുള്ളവർ എന്തിനു നശിക്കണം?”
16 പക്ഷേ അഹീക്കാമിന്റെ മകൻ ഗദല്യ+ കാരേഹിന്റെ മകൻ യോഹാനാനോടു പറഞ്ഞു: “അങ്ങനെ ചെയ്യരുത്. യിശ്മായേലിനെക്കുറിച്ച് നീ ഈ പറയുന്നതൊന്നും സത്യമല്ല.”
അടിക്കുറിപ്പുകള്
^ അക്ഷ. “ഞാൻ നിൽക്കും.”