യിരെമ്യ 25:1-38
25 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം വർഷം,+ അതായത് ബാബിലോണിലെ നെബൂഖദ്നേസർ* രാജാവിന്റെ വാഴ്ചയുടെ ഒന്നാം വർഷത്തിൽ, യഹൂദയിലുള്ള എല്ലാവരെയുംകുറിച്ച് യിരെമ്യക്ക് ഒരു സന്ദേശം കിട്ടി.
2 യഹൂദയിലും യരുശലേമിലും താമസിക്കുന്ന എല്ലാവരെയുംകുറിച്ച്* യിരെമ്യ പ്രവാചകൻ പറഞ്ഞത് ഇതാണ്:
3 “യഹൂദാരാജാവായ ആമോന്റെ മകൻ യോശിയയുടെ ഭരണത്തിന്റെ 13-ാം വർഷംമുതൽ ഇന്നുവരെ 23 വർഷമായി എനിക്ക് യഹോവയുടെ സന്ദേശം കിട്ടുന്നു.+ ഞാൻ അതു വീണ്ടുംവീണ്ടും* അറിയിച്ചിട്ടും നിങ്ങൾ ശ്രദ്ധിക്കുന്നില്ല.+
4 യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാരെ വീണ്ടുംവീണ്ടും* നിങ്ങളുടെ അടുത്ത് അയച്ചു. പക്ഷേ നിങ്ങൾ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്തില്ല.+
5 അവർ പറഞ്ഞിരുന്നത് ഇതാണ്: ‘നിങ്ങളുടെ ദുഷിച്ച വഴികളിൽനിന്നും ദുഷ്പ്രവൃത്തികളിൽനിന്നും ദയവുചെയ്ത് പിന്തിരിയൂ.+ അങ്ങനെയെങ്കിൽ, യഹോവ പണ്ടു നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും നൽകിയ ദേശത്ത് നിങ്ങൾ ഇനിയും ഏറെക്കാലം താമസിക്കും.
6 മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി അവയെ സേവിച്ച് അവയുടെ മുന്നിൽ കുമ്പിടരുത്; അങ്ങനെ നിങ്ങളുടെ കൈപ്പണികളാൽ എന്നെ കോപിപ്പിക്കരുത്. കോപിപ്പിച്ചാൽ, ഞാൻ നിങ്ങളുടെ മേൽ ദുരന്തം വരുത്തും.’
7 “‘പക്ഷേ നിങ്ങൾ എന്നെ ശ്രദ്ധിച്ചില്ല’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘പകരം, നിങ്ങൾ സ്വന്തം കൈപ്പണികളാൽ എന്നെ കോപിപ്പിച്ച് നിങ്ങൾക്കുതന്നെ ആപത്തു വരുത്തിവെക്കുന്നു.’+
8 “അതുകൊണ്ട്, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: ‘“നിങ്ങൾ എന്റെ സന്ദേശങ്ങൾ അനുസരിക്കാത്തതുകൊണ്ട്
9 വടക്കുനിന്നുള്ള എല്ലാ ജനതകളെയും+ എന്റെ ദാസനായ ബാബിലോണിലെ നെബൂഖദ്നേസർ രാജാവിനെയും ഞാൻ വിളിച്ചുവരുത്തുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “എന്നിട്ട് അവരെ ഈ ദേശത്തിനും ഇവിടുത്തെ താമസക്കാർക്കും+ ചുറ്റുമുള്ള എല്ലാ ജനതകൾക്കും എതിരെ അയയ്ക്കും.+ ഞാൻ അവയെ നിശ്ശേഷം നശിപ്പിച്ച് ഒരു ഭീതികാരണവും പരിഹാസപാത്രവും ആക്കും. അവ എന്നേക്കുമായി നശിച്ചുകിടക്കും.
10 ഞാൻ അവിടത്തെ ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും അവസാനിപ്പിക്കും;+ മണവാളന്റെയും മണവാട്ടിയുടെയും സ്വരം കേൾക്കാതാക്കും;+ തിരികല്ലിന്റെ ശബ്ദവും വിളക്കിന്റെ വെളിച്ചവും ഇല്ലാതാക്കും.
11 ദേശം മുഴുവൻ നാശകൂമ്പാരമാകും; അവിടം പേടിപ്പെടുത്തുന്ന ഒരിടമാകും. ഈ ജനതകൾക്കു ബാബിലോൺരാജാവിനെ 70 വർഷം സേവിക്കേണ്ടിവരും.”’+
12 “‘പക്ഷേ 70 വർഷം തികയുമ്പോൾ+ ഞാൻ ബാബിലോൺരാജാവിനോടും ആ ജനതയോടും അവരുടെ തെറ്റിനു കണക്കു ചോദിക്കും’*+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ കൽദയരുടെ ദേശത്തെ എന്നേക്കുമായി ഒരു വിജനസ്ഥലവും പാഴിടവും ആക്കും.+
13 ഞാൻ ആ ദേശത്തിന് എതിരെ സംസാരിച്ച സന്ദേശങ്ങൾ, അതായത് എല്ലാ ജനതകൾക്കും എതിരെ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന യിരെമ്യയുടെ എല്ലാ പ്രവചനങ്ങളും, അതിന്മേൽ വരുത്തും.
14 അനേകം ജനതകളും മഹാന്മാരായ രാജാക്കന്മാരും+ അവരെ അടിമകളാക്കും.+ അവരുടെ ചെയ്തികൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും ചേർച്ചയിൽ ഞാൻ അവർക്കു പകരം കൊടുക്കും.’”+
15 ഇസ്രായേലിന്റെ ദൈവമായ യഹോവ എന്നോടു പറഞ്ഞത് ഇതാണ്: “ക്രോധത്തിന്റെ വീഞ്ഞുള്ള ഈ പാനപാത്രം എന്റെ കൈയിൽനിന്ന് വാങ്ങുക. എന്നിട്ട്, ഞാൻ നിന്നെ ഏതൊക്കെ ജനതകളുടെ അടുത്ത് അയയ്ക്കുന്നോ അവരെയെല്ലാം അതിൽനിന്ന് കുടിപ്പിക്കുക.
16 അവർ അതു കുടിച്ച് ആടിയാടിനടക്കും. ഞാൻ അവരുടെ ഇടയിലേക്ക് അയയ്ക്കുന്ന വാൾ കാരണം അവർ ഭ്രാന്തന്മാരെപ്പോലെ പെരുമാറും.”+
17 അങ്ങനെ ഞാൻ യഹോവയുടെ കൈയിൽനിന്ന് ആ പാനപാത്രം വാങ്ങി. എന്നിട്ട്, ഏതൊക്കെ ജനതകളുടെ അടുത്ത് യഹോവ എന്നെ അയച്ചോ അവരെയെല്ലാം അതിൽനിന്ന് കുടിപ്പിച്ചു:+
18 ആദ്യം യരുശലേമിനെയും യഹൂദാനഗരങ്ങളെയും+ അവിടത്തെ രാജാക്കന്മാരെയും പ്രഭുക്കന്മാരെയും ആണ് കുടിപ്പിച്ചത്. ഇന്നു കാണുന്നതുപോലെ അവയെ നാശകൂമ്പാരവും പേടിപ്പെടുത്തുന്ന ഒരിടവും ആളുകൾ കണ്ടിട്ട് അതിശയത്തോടെ തല കുലുക്കുന്ന* സ്ഥലവും ശാപവും ആക്കാനായിരുന്നു അത്.+
19 പിന്നെ, ഈജിപ്ത് രാജാവായ ഫറവോനെയും അവന്റെ ദാസന്മാരെയും പ്രഭുക്കന്മാരെയും അവന്റെ എല്ലാ ജനങ്ങളെയും+
20 അവരുടെ സമ്മിശ്രപുരുഷാരത്തെയും ഊസ് ദേശത്തെ എല്ലാ രാജാക്കന്മാരെയും ഫെലിസ്ത്യദേശത്തെ+ എല്ലാ രാജാക്കന്മാരെയും അസ്കലോനെയും+ ഗസ്സയെയും എക്രോനെയും അസ്തോദിൽ ബാക്കിയുള്ളവരെയും
21 ഏദോമിനെയും+ മോവാബിനെയും+ അമ്മോന്യരെയും+
22 സോരിലെയും സീദോനിലെയും എല്ലാ രാജാക്കന്മാരെയും+ കടലിലെ ദ്വീപിലുള്ള രാജാക്കന്മാരെയും
23 ദേദാനെയും+ തേമയെയും ബൂസിനെയും ചെന്നിയിലെ* മുടി മുറിച്ച എല്ലാവരെയും+
24 വിജനഭൂമിയിൽ താമസിക്കുന്ന സമ്മിശ്രപുരുഷാരത്തിന്റെ എല്ലാ രാജാക്കന്മാരെയും അറേബ്യക്കാരുടെ എല്ലാ രാജാക്കന്മാരെയും+
25 സിമ്രിയിലെയും ഏലാമിലെയും+ എല്ലാ രാജാക്കന്മാരെയും മേദ്യരുടെ എല്ലാ രാജാക്കന്മാരെയും+
26 ഒന്നിനു പുറകേ ഒന്നായി അടുത്തും അകലെയും ഉള്ള എല്ലാ വടക്കൻ രാജാക്കന്മാരെയും ഭൂമുഖത്തുള്ള മറ്റെല്ലാ രാജ്യങ്ങളെയും കുടിപ്പിക്കും. അതിനു ശേഷം ശേശക്കിലെ*+ രാജാവും കുടിക്കും.
27 “നീ അവരോടു പറയണം: ‘ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “കുടിക്കൂ! കുടിച്ച് മത്തരാകൂ! ഛർദിച്ച് നിലത്ത് വീഴൂ! പിന്നെ, നിങ്ങൾക്ക് എഴുന്നേൽക്കാൻ കഴിയരുത്.+ ഇതിന് ഇടയാക്കുന്ന ഒരു വാൾ ഞാൻ നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കുകയാണ്.”’
28 അവർ നിന്റെ കൈയിൽനിന്ന് പാനപാത്രം വാങ്ങി അതിൽനിന്ന് കുടിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ അവരോട് ഇങ്ങനെ പറയണം: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “നിങ്ങൾ ഇതു കുടിച്ചേ തീരൂ!
29 കാരണം, എന്റെ നാമത്തിൽ അറിയപ്പെടുന്ന നഗരത്തിനുതന്നെ+ ഞാൻ ആദ്യം ദുരന്തം വരുത്തുന്നെങ്കിൽ നിങ്ങളെ ഞാൻ വെറുതേ വിടുമോ?”’+
“‘ഇല്ല! നിങ്ങളെ ശിക്ഷിക്കാതെ വിടില്ല. കാരണം, എല്ലാ ഭൂവാസികൾക്കും എതിരെ ഞാൻ ഒരു വാൾ വരുത്താൻപോകുന്നു’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
30 “ഇക്കാര്യങ്ങളെല്ലാം നീ അവരോടു പ്രവചിക്കണം. അവരോടു പറയുക:‘ഉന്നതങ്ങളിൽനിന്ന് യഹോവ ഗർജിക്കും.വിശുദ്ധനിവാസത്തിൽനിന്ന് ദൈവം തന്റെ സ്വരം കേൾപ്പിക്കും.
ഭൂമിയിലെ തന്റെ വാസസ്ഥലത്തിന് എതിരെ ദൈവം ഉഗ്രമായി ഗർജിക്കും.
മുന്തിരിച്ചക്കു ചവിട്ടുന്നവർ ആർപ്പിടുന്നതുപോലെഎല്ലാ ഭൂവാസികൾക്കും എതിരെ ദൈവം ജയഗീതം പാടും.’
31 യഹോവ പ്രഖ്യാപിക്കുന്നു: ‘ഒരു ശബ്ദം ഭൂമിയുടെ അറുതികൾവരെ മുഴങ്ങിക്കേൾക്കും.കാരണം, യഹോവയും ജനതകളും തമ്മിൽ ഒരു തർക്കമുണ്ട്.
എല്ലാ മനുഷ്യരെയും ദൈവംതന്നെ നേരിട്ട് ന്യായം വിധിക്കും.+
ദുഷ്ടന്മാരെ ദൈവം വാളിന് ഇരയാക്കും.’
32 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്:
‘ഇതാ, ജനതയിൽനിന്ന് ജനതയിലേക്ക് ഒരു ദുരന്തം വ്യാപിക്കുന്നു.+ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന് ഉഗ്രമായ ഒരു കൊടുങ്കാറ്റ് ഇളകിവരും.+
33 “‘അന്ന് യഹോവ സംഹരിക്കുന്നവരെല്ലാം ഭൂമിയുടെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ വീണുകിടക്കും. ആരും അവരെ ഓർത്ത് വിലപിക്കില്ല. ആരും അവരെ എടുത്ത് കുഴിച്ചിടുകയുമില്ല. അവർ വളംപോലെ നിലത്ത് ചിതറിക്കിടക്കും.’
34 ഇടയന്മാരേ, അലമുറയിട്ട് കരയൂ!
ആട്ടിൻപറ്റത്തിന്റെ ശ്രേഷ്ഠന്മാരേ, നിലത്ത് കിടന്ന് ഉരുളൂ!കാരണം, നിങ്ങളെ കശാപ്പുചെയ്യാനും ചിതറിക്കാനും ഉള്ള സമയം വന്നിരിക്കുന്നു.വിലപിടിപ്പുള്ള ഒരു പാത്രം വീണുടയുംപോലെ നിങ്ങളും തകർന്നുടയും!
35 ഇടയന്മാർക്ക് ഓടിയൊളിക്കാൻ ഒരിടമില്ല.ആട്ടിൻപറ്റത്തിന്റെ ശ്രേഷ്ഠന്മാർക്കു രക്ഷപ്പെടാൻ ഒരു മാർഗവുമില്ല.
36 കേൾക്കുന്നില്ലേ ഇടയന്മാരുടെ നിലവിളി?ആട്ടിൻപറ്റത്തിന്റെ ശ്രേഷ്ഠന്മാരുടെ വിലാപം?കാരണം, യഹോവ അവരുടെ മേച്ചിൽപ്പുറങ്ങൾ നശിപ്പിക്കുന്നു.
37 യഹോവയുടെ ഉഗ്രകോപം കാരണം,സമാധാനം കളിയാടിയിരുന്ന പാർപ്പിടങ്ങളിൽ ആളും അനക്കവും ഇല്ലാതായിരിക്കുന്നു.
38 യുവസിംഹത്തെപ്പോലെ ദൈവം ഗുഹയിൽനിന്ന് ഇറങ്ങിയിരിക്കുന്നു.+ഒരു ദയയും കാണിക്കാത്ത വാളുംദൈവത്തിന്റെ ഉഗ്രകോപവും കാരണംഅവരുടെ ദേശം പേടിപ്പെടുത്തുന്ന ഒരിടമായിരിക്കുന്നു.”
അടിക്കുറിപ്പുകള്
^ അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
^ അഥവാ “എല്ലാവരോടും.”
^ അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
^ അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
^ അഥവാ “ശിക്ഷിക്കും.”
^ അക്ഷ. “കണ്ടിട്ട് ചൂളമടിക്കുന്ന.”
^ അതായത്, നെറ്റിയുടെ ഇരുവശവും.
^ ബാബേൽ (ബാബിലോൺ) എന്നതിന്റെ കോഡുഭാഷയിലുള്ള പേരായിരിക്കാം ഇത്.