യിരെമ്യ 17:1-27
17 “യഹൂദയുടെ പാപം ഇരുമ്പെഴുത്തുകോൽകൊണ്ട് എഴുതിവെച്ചിരിക്കുന്നു.
അതു വജ്രമുനകൊണ്ട് അവരുടെ ഹൃദയപ്പലകയിലുംയാഗപീഠങ്ങളുടെ കൊമ്പുകളിലും കൊത്തിവെച്ചിരിക്കുന്നു.
2 തഴച്ചുവളരുന്ന മരത്തിന് അരികിലും ഉയർന്ന കുന്നുകളിലും+ നാട്ടിൻപുറത്തെ മലകളിലും ഉള്ളഅവരുടെ യാഗപീഠങ്ങളും പൂജാസ്തൂപങ്ങളും*+ അവരുടെ മക്കൾപോലും ഓർക്കുന്നല്ലോ.
3 നാടു നീളെ നീ ചെയ്തുകൂട്ടിയ പാപം കാരണം
നിന്റെ വസ്തുവകകളും സർവസമ്പാദ്യവും കൊള്ളയായി പോകും;+നിന്റെ ആരാധനാസ്ഥലങ്ങൾ* കൊള്ളയടിക്കപ്പെടും.+
4 ഞാൻ നിനക്കു തന്ന അവകാശം ഉപേക്ഷിച്ച് നിനക്കു പോകേണ്ടിവരും.+
അപരിചിതമായ ഒരു ദേശത്ത് നീ നിന്റെ ശത്രുക്കളെ സേവിക്കാൻ ഞാൻ ഇടയാക്കും.+കാരണം നീ എന്റെ കോപം തീപോലെ ജ്വലിപ്പിച്ചിരിക്കുന്നു.*+
അത് എന്നെന്നും കത്തിക്കൊണ്ടിരിക്കും.”
5 യഹോവ പറയുന്നത് ഇതാണ്:
“യഹോവയിൽനിന്ന് ഹൃദയം തിരിച്ച്നിസ്സാരരായ മനുഷ്യരിലും+മനുഷ്യശക്തിയിലും ആശ്രയം വെക്കുന്ന+
മനുഷ്യൻ* ശപിക്കപ്പെട്ടവൻ.
6 അവൻ മരുഭൂമിയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു മരംപോലെയാകും.
നന്മ വരുമ്പോൾ അവൻ അതു കാണില്ല;വിജനഭൂമിയിലെ വരണ്ട സ്ഥലങ്ങളിൽ അവൻ താമസിക്കും;ആർക്കും ജീവിക്കാനാകാത്ത ഉപ്പുനിലത്ത് അവൻ കഴിയും.
7 യഹോവയിൽ വിശ്വാസമർപ്പിക്കുന്ന മനുഷ്യൻ* അനുഗൃഹീതൻ;അയാളുടെ ആശ്രയം യഹോവയിലല്ലോ.+
8 അയാൾ നദീതീരത്ത് നട്ടിരിക്കുന്ന മരംപോലെയാകും;വെള്ളത്തിലേക്കു വേരോട്ടമുള്ള ഒരു മരം.
വേനൽച്ചൂട് അയാൾ അറിയുന്നതേ ഇല്ല;അയാളുടെ ഇലകൾ എപ്പോഴും പച്ചയായിരിക്കും.+
വരൾച്ചയുടെ കാലത്ത് അയാൾക്ക് ഉത്കണ്ഠയില്ല;അയാൾ എന്നും ഫലം കായ്ച്ചുകൊണ്ടിരിക്കും.
9 ഹൃദയം മറ്റ് എന്തിനെക്കാളും വഞ്ചകവും* സാഹസത്തിനു തുനിയുന്നതും* ആണ്;+
അതിനെ ആർക്കു മനസ്സിലാക്കാനാകും?
10 യഹോവ എന്ന ഞാൻ ഹൃദയത്തിന് ഉള്ളിലേക്കു നോക്കുന്നു;+ഉള്ളിന്റെ ഉള്ളിലെ ചിന്തകളെ* പരിശോധിക്കുന്നു;എന്നിട്ട് ഓരോ മനുഷ്യനും അവനവന്റെ വഴികൾക്കുംപ്രവൃത്തികൾക്കും അനുസൃതമായി പ്രതിഫലം കൊടുക്കുന്നു.+
11 അന്യായമായി* സമ്പത്തുണ്ടാക്കുന്നവൻ,താൻ ഇടാത്ത മുട്ടകൾ കൂട്ടിവെക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്.+
ആയുസ്സിന്റെ മധ്യേ സമ്പത്ത് അവനെ ഉപേക്ഷിച്ച് പോകും.ഒടുവിൽ അവൻ ഒരു വിഡ്ഢിയാണെന്നു തെളിയും.”
12 ആദ്യംമുതലേ ഉന്നതമായിരുന്ന ഒരു മഹനീയസിംഹാസനം;അതാണു ഞങ്ങളുടെ വിശുദ്ധമന്ദിരം.+
13 ഇസ്രായേലിന്റെ പ്രത്യാശയായ യഹോവേ,അങ്ങയെ* ഉപേക്ഷിക്കുന്ന എല്ലാവരും നാണംകെടും.
വിശ്വാസത്യാഗികളായി അങ്ങയെ വിട്ട് പോകുന്നവരുടെ പേരുകൾ പൊടിയിലായിരിക്കും എഴുതുക.+കാരണം ജീവജലത്തിന്റെ ഉറവായ യഹോവയെ അവർ ഉപേക്ഷിച്ചിരിക്കുന്നു.+
14 യഹോവേ, എന്നെ സുഖപ്പെടുത്തേണമേ; എങ്കിൽ ഞാൻ സുഖം പ്രാപിക്കും.
എന്നെ രക്ഷിക്കേണമേ; എങ്കിൽ, ഞാൻ രക്ഷപ്പെടും;+അങ്ങയെയാണല്ലോ ഞാൻ സ്തുതിക്കുന്നത്.
15 “യഹോവയുടെ സന്ദേശം എവിടെ,+
അത് എന്താണു നിറവേറാത്തത്”
എന്ന് എന്നോടു ചോദിക്കുന്നവരുണ്ട്.
16 പക്ഷേ ഒരു ഇടയനായി അങ്ങയെ അനുഗമിക്കുന്നതിൽനിന്ന് ഞാൻ മാറിക്കളഞ്ഞില്ല.വിനാശദിവസത്തിനുവേണ്ടി ഞാൻ ആശിച്ചിട്ടുമില്ല.
എന്റെ വായ് സംസാരിച്ചതെല്ലാം അങ്ങ് നന്നായി അറിയുന്നല്ലോ;തിരുമുമ്പിലല്ലോ ഇതെല്ലാം സംഭവിച്ചത്!
17 അങ്ങ് എനിക്കൊരു ഭീതികാരണമാകരുതേ.
കഷ്ടകാലത്ത് അങ്ങല്ലോ എന്റെ അഭയസ്ഥാനം.
18 എന്നെ ഉപദ്രവിക്കുന്നവർ നാണംകെടട്ടെ;+പക്ഷേ ഞാൻ നാണംകെടാൻ അനുവദിക്കരുതേ.
അവർ ഭയപരവശരാകട്ടെ;പക്ഷേ ഞാൻ ഭയപരവശനാകാൻ ഇടവരുത്തരുതേ.
അവരുടെ മേൽ ദുരന്തം വരുത്തി+അവരെ തകർത്ത് തരിപ്പണമാക്കേണമേ.*
19 യഹോവ എന്നോടു പറഞ്ഞത് ഇതാണ്: “നീ ചെന്ന് യഹൂദാരാജാക്കന്മാർ വരുകയും പോകുകയും ചെയ്യുന്ന, ജനത്തിൻമക്കളുടെ കവാടത്തിലും യരുശലേമിന്റെ എല്ലാ കവാടങ്ങളിലും നിൽക്കുക.+
20 നീ അവരോടു പറയണം: ‘ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന യഹൂദാരാജാക്കന്മാരേ, യഹൂദയിലെ ജനമേ, യരുശലേംനിവാസികളേ, നിങ്ങളെല്ലാം യഹോവയുടെ സന്ദേശം കേൾക്കൂ.
21 യഹോവ പറയുന്നത് ഇതാണ്: “ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക: ശബത്തുദിവസം ചുമടു ചുമക്കുകയോ അത് യരുശലേംകവാടത്തിലൂടെ അകത്ത് കൊണ്ടുവരുകയോ അരുത്.+
22 ശബത്തുദിവസം നിങ്ങളുടെ വീട്ടിൽനിന്ന് ചുമടൊന്നും പുറത്ത് കൊണ്ടുപോകാനും പാടില്ല; അന്നു നിങ്ങൾ പണിയൊന്നും ചെയ്യരുത്.+ ഞാൻ നിങ്ങളുടെ പൂർവികരോടു കല്പിച്ചതുപോലെതന്നെ നിങ്ങൾ ശബത്ത് വിശുദ്ധമായി ആചരിക്കണം.+
23 പക്ഷേ അവർ എന്നെ ശ്രദ്ധിക്കുകയോ എന്നിലേക്കു ചെവി ചായിക്കുകയോ ചെയ്തില്ല; അനുസരിക്കാനും ശിക്ഷണം സ്വീകരിക്കാനും അവർ ശാഠ്യപൂർവം വിസമ്മതിച്ചു.”’*+
24 “‘യഹോവ പ്രഖ്യാപിക്കുന്നു: “പക്ഷേ നിങ്ങൾ ഞാൻ പറയുന്നത് അതേപടി അനുസരിക്കുകയും ശബത്തുദിവസം ഈ നഗരകവാടങ്ങളിലൂടെ ചുമടൊന്നും കൊണ്ടുവരാതിരിക്കുകയും അന്നു പണിയൊന്നും ചെയ്യാതെ ശബത്ത് വിശുദ്ധമായി ആചരിക്കുകയും ചെയ്താൽ+
25 ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരും രാജകുമാരന്മാരും+ രഥത്തിലും കുതിരകളിലും സവാരി ചെയ്ത് ഈ നഗരകവാടങ്ങളിലൂടെ അകത്ത് വരും. അവരും അവരുടെ പ്രഭുക്കന്മാരും, യഹൂദാപുരുഷന്മാരും യരുശലേംനിവാസികളും, അവയിലൂടെ അകത്ത് വരും.+ ഈ നഗരത്തിൽ എന്നും താമസക്കാരുണ്ടാകും.
26 യഹൂദാനഗരങ്ങളിൽനിന്നും യരുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും ബന്യാമീൻദേശത്തുനിന്നും+ മലനാട്ടിൽനിന്നും താഴ്വാരത്തുനിന്നും+ നെഗെബിൽനിന്നും* ആളുകൾ യഹോവയുടെ ഭവനത്തിലേക്കു വരും; അവർ സമ്പൂർണദഹനയാഗങ്ങളും+ ബലികളും+ ധാന്യയാഗങ്ങളും+ കുന്തിരിക്കവും നന്ദിപ്രകാശനബലികളും+ കൊണ്ടുവരും.
27 “‘“പക്ഷേ നിങ്ങൾ ശബത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാതെ അന്നേ ദിവസം ചുമട് എടുക്കുകയും അതുമായി യരുശലേംകവാടങ്ങളിലൂടെ അകത്ത് വരുകയും ചെയ്താൽ, എന്റെ കല്പന അനുസരിക്കാത്തതിന്റെ പേരിൽ ഞാൻ അവളുടെ കവാടങ്ങൾക്കു തീയിടും.+ അത് യരുശലേമിന്റെ ഉറപ്പുള്ള ഗോപുരങ്ങളെ വിഴുങ്ങിക്കളയും, തീർച്ച; ആ തീ അണയുകയില്ല.”’”+
അടിക്കുറിപ്പുകള്
^ അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
^ മറ്റൊരു സാധ്യത “എന്റെ കോപാഗ്നിയിൽ നീ കത്തുന്നു.”
^ അഥവാ “ബലവാൻ.”
^ അഥവാ “ബലവാൻ.”
^ അഥവാ “കാപട്യമുള്ളതും.”
^ മറ്റൊരു സാധ്യത “സുഖപ്പെടുത്താനാകാത്തതും.”
^ അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളെ.” അക്ഷ. “വൃക്കകളെ.”
^ അഥവാ “സത്യസന്ധമല്ലാത്ത വഴിയിലൂടെ.”
^ അക്ഷ. “എന്നെ.” തെളിവനുസരിച്ച് യഹോവയെ കുറിക്കുന്നു.
^ അഥവാ “അവരെ രണ്ടു തവണ നശിപ്പിക്കേണമേ.”
^ അക്ഷ. “അനുസരിക്കുകയോ ശിക്ഷണം സ്വീകരിക്കുകയോ ചെയ്യാത്തവിധം അവർ അവരുടെ കഴുത്തു വഴങ്ങാതാക്കി.”
^ അഥവാ “തെക്കുനിന്നും.”