യഹസ്കേൽ 7:1-27
7 യഹോവയിൽനിന്ന് എനിക്കു വീണ്ടും ഒരു സന്ദേശം കിട്ടി:
2 “മനുഷ്യപുത്രാ, പരമാധികാരിയായ യഹോവ ഇസ്രായേൽ ദേശത്തോടു പറയുന്നത് ഇതാണ്: ‘അന്ത്യം! ദേശത്തിന്റെ നാലു കോണിലും അന്ത്യം വന്നിരിക്കുന്നു.
3 അന്ത്യം ഇപ്പോൾ നിന്റെ മേൽ വന്നിരിക്കുന്നു. ഞാൻ എന്റെ കോപം മുഴുവൻ നിന്റെ നേരെ അഴിച്ചുവിടും. നിന്റെ വഴികൾക്കനുസരിച്ച് ഞാൻ നിന്നെ വിധിക്കും. നിന്റെ വൃത്തികേടുകൾക്കെല്ലാം ഞാൻ നിന്നോടു കണക്കു ചോദിക്കും.
4 എനിക്കു നിന്നോട് ഒട്ടും കനിവ് തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+ കാരണം, നിന്റെ സ്വന്തം പ്രവൃത്തികളുടെ ഫലംതന്നെയാണു ഞാൻ നിന്റെ മേൽ വരുത്തുന്നത്; നിന്റെ വൃത്തികെട്ട ചെയ്തികളുടെ ഭവിഷ്യത്തുകൾ നീ അനുഭവിക്കും.+ ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും.’+
5 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാ, ദുരന്തം! അപൂർവമായ ഒരു ദുരന്തം വരുന്നു!+
6 അന്ത്യം വരുന്നു! അത് ഉറപ്പായും വരും! അതു നിനക്ക് എതിരെ എഴുന്നേൽക്കും.* അതാ, അതു വരുന്നു!
7 ദേശവാസിയേ, നിന്റെ ഊഴം* വന്നിരിക്കുന്നു. സമയമായി; ആ ദിവസം അടുത്തെത്തിയിരിക്കുന്നു.+ മലകളിൽ ആഹ്ലാദാരവങ്ങളില്ല, പരിഭ്രാന്തി മാത്രം.
8 “‘ഞാൻ ഉടൻതന്നെ എന്റെ ഉഗ്രകോപം നിന്റെ മേൽ ചൊരിയും.+ ഞാൻ എന്റെ കോപം മുഴുവൻ നിന്റെ നേരെ അഴിച്ചുവിടും.+ നിന്റെ വഴികൾക്കനുസരിച്ച് ഞാൻ നിന്നെ വിധിക്കും. നിന്റെ വൃത്തികേടുകൾക്കെല്ലാം ഞാൻ നിന്നോടു കണക്കു ചോദിക്കും.
9 എനിക്ക് ഒട്ടും കനിവ് തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+ നിന്റെ സ്വന്തം പ്രവൃത്തികളുടെ ഫലം ഞാൻ നിന്റെ മേൽ വരുത്തും; നിന്റെ വൃത്തികെട്ട ചെയ്തികളുടെ ഭവിഷ്യത്തുകൾ നീ അനുഭവിക്കും. നിന്നെ പ്രഹരിക്കുന്നത് യഹോവ എന്ന ഞാനാണെന്നു നീ അറിയേണ്ടിവരും.+
10 “‘ഇതാ, ആ ദിവസം! അതു വരുന്നു!+ നിന്റെ ഊഴം* വന്നിരിക്കുന്നു. വടി പുഷ്പിച്ചിരിക്കുന്നു. ധാർഷ്ട്യത്തിനു മുള പൊട്ടിയിരിക്കുന്നു.
11 അക്രമം ദുഷ്ടതയുടെ വടിയായി വളർന്നിരിക്കുന്നു.+ അവരും അവരുടെ ധനവും അവരുടെ ജനസമൂഹങ്ങളും പ്രതാപവും എല്ലാം അന്നു മൺമറയും.
12 ആ സമയം വരും. ആ ദിവസം വന്നെത്തും. വാങ്ങുന്നവൻ ആഹ്ലാദിക്കാതിരിക്കട്ടെ. വിൽക്കുന്നവർ ദുഃഖിക്കാതെയുമിരിക്കട്ടെ. കാരണം, ക്രോധം മുഴു ജനസമൂഹത്തിനും എതിരെയാണ്.*+
13 ജീവനോടെ രക്ഷപ്പെട്ടാലും ശരി, വിൽക്കുന്നവൻ താൻ വിറ്റതിലേക്കു മടങ്ങിവരില്ല. കാരണം, മുഴുവൻ ജനസമൂഹത്തിനും എതിരെയാണു ദർശനം. ആരും മടങ്ങിവരില്ല. തന്റെ തെറ്റു കാരണം* ആരും തന്റെ ജീവൻ രക്ഷിക്കില്ല.
14 “‘അവർ കാഹളം ഊതി.+ എല്ലാവരും തയ്യാറായി നിൽക്കുന്നു. പക്ഷേ ആരും യുദ്ധത്തിനു പോകുന്നില്ല. കാരണം, മുഴുവൻ ജനസമൂഹത്തിനും എതിരെയാണ് എന്റെ ക്രോധം.+
15 പുറത്ത് വാൾ!+ അകത്തോ മാരകമായ പകർച്ചവ്യാധിയും ക്ഷാമവും! നഗരത്തിലുള്ളവരെ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും വിഴുങ്ങിക്കളയും. പുറത്തുള്ളവരോ വാളിന് ഇരയാകും.+
16 എങ്ങനെയെങ്കിലും ഇവയെയൊക്കെ അതിജീവിച്ച് രക്ഷപ്പെടുന്നവർ മലകളിലേക്ക് ഓടിപ്പോകും. ഓരോരുത്തനും സ്വന്തം തെറ്റിനെക്കുറിച്ച് ഓർത്ത് താഴ്വരകളിലെ പ്രാവുകളെപ്പോലെ കരയും.+
17 അവരുടെ കൈകളെല്ലാം തളർന്ന് തൂങ്ങും. അവരുടെ കാൽമുട്ടുകളിൽനിന്ന് വെള്ളം ഇറ്റിറ്റുവീഴും.*+
18 അവർ വിലാപവസ്ത്രം ധരിച്ചിരിക്കുന്നു.+ അവർ കിടുകിടാ വിറയ്ക്കുന്നു. എല്ലാവരും നാണംകെടും. എല്ലാ തലയും മൊട്ടത്തലയാകും.*+
19 “‘അവർ അവരുടെ വെള്ളി തെരുവുകളിലേക്കു വലിച്ചെറിയും. അവരുടെ സ്വർണം അവർക്ക് അറപ്പാകും. യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ പൊന്നിനോ വെള്ളിക്കോ അവരെ രക്ഷിക്കാനാകില്ല.+ അവർ തൃപ്തരാകില്ല. അവരുടെ വയറു നിറയുകയുമില്ല. കാരണം, അതാണല്ലോ* അവർക്ക് ഒരു തടസ്സമായി മാറിയത്; അതാണല്ലോ അവരെ തെറ്റുകാരാക്കിയത്.
20 അവരുടെ ആഭരണങ്ങളുടെ ഭംഗിയിൽ അവർ അഹങ്കരിച്ചു. അവ* ഉപയോഗിച്ച് അവർ അറപ്പുളവാക്കുന്ന രൂപങ്ങൾ, മ്ലേച്ഛവിഗ്രഹങ്ങൾ, ഉണ്ടാക്കി.+ അതുകൊണ്ടുതന്നെ, അവർ അതു വെറുക്കാൻ ഞാൻ ഇടയാക്കും.
21 അതു* വിദേശികൾ കൊള്ളയടിക്കാനും ഭൂമിയിലെ ദുഷ്ടന്മാർ കവർച്ച ചെയ്യാനും ഞാൻ ഇടവരുത്തും. അവർ അത് അശുദ്ധമാക്കും.
22 “‘എന്റെ മുഖം ഞാൻ അവരിൽനിന്ന് തിരിച്ചുകളയും.+ എന്റെ ഉള്ളറ* അവർ അശുദ്ധമാക്കും. കവർച്ചക്കാർ അതിൽ കടന്ന് അത് അശുദ്ധമാക്കും.+
23 “‘ചങ്ങല*+ ഉണ്ടാക്കുക. ദേശം രക്തക്കറ പുരണ്ട ന്യായവിധികൊണ്ടും+ നഗരം അക്രമംകൊണ്ടും നിറഞ്ഞിരിക്കുന്നല്ലോ.+
24 ജനതകളിൽ ഏറ്റവും നീചരായവരെ ഞാൻ വരുത്തും.+ അവർ അവരുടെ വീടുകൾ കൈവശമാക്കും.+ ബലവാന്മാരുടെ അഹങ്കാരം ഞാൻ ഇല്ലാതാക്കും. അവരുടെ വിശുദ്ധമന്ദിരങ്ങൾ അശുദ്ധമാകും.+
25 യാതന അനുഭവിക്കുമ്പോൾ അവർ സമാധാനം അന്വേഷിക്കും; പക്ഷേ കിട്ടില്ല.+
26 തുടരെത്തുടരെ ദുരന്തങ്ങളുണ്ടാകും. ഒന്നിനു പുറകേ ഒന്നായി വാർത്തകളും കേൾക്കും. ജനം പ്രവാചകനെ സമീപിച്ച് ദിവ്യദർശനം തേടും.+ പക്ഷേ പുരോഹിതനിൽനിന്ന് നിയമവും* മൂപ്പന്മാരിൽനിന്ന്* ഉപദേശവും അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കും.+
27 രാജാവ് വിലപിക്കും.+ തലവൻ നിരാശ ധരിക്കും. ദേശത്തെ ജനത്തിന്റെ കൈകൾ പേടികൊണ്ട് കിടുകിടാ വിറയ്ക്കും. അവരുടെ വഴികളനുസരിച്ച് ഞാൻ അവരോട് ഇടപെടും. അവർ ന്യായം വിധിച്ചതുപോലെതന്നെ അവരെയും ഞാൻ വിധിക്കും. ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.’”+
അടിക്കുറിപ്പുകള്
^ അക്ഷ. “ഉണരും.”
^ മറ്റൊരു സാധ്യത “പുഷ്പകിരീടം.”
^ മറ്റൊരു സാധ്യത “പുഷ്പകിരീടം.”
^ അതായത്, ആളുകൾ ഒന്നടങ്കം നശിക്കുന്നതുകൊണ്ട് വസ്തു വാങ്ങുന്നവർക്കോ വിൽക്കുന്നവർക്കോ പ്രയോജനമുണ്ടാകില്ല.
^ മറ്റൊരു സാധ്യത “തെറ്റായ മാർഗത്തിലൂടെ.”
^ അതായത്, പേടിച്ച് മൂത്രം ഒഴിക്കും.
^ അതായത്, ദുഃഖാചരണത്തിന്റെ ഭാഗമായി തല വടിക്കും.
^ അതായത്, അവരുടെ വെള്ളിയും സ്വർണവും.
^ അതായത്, വെള്ളികൊണ്ടും സ്വർണംകൊണ്ടും ഉള്ള ഉരുപ്പടികൾ.
^ അതായത്, വിഗ്രഹങ്ങൾ ഉണ്ടാക്കാൻ അവർ ഉപയോഗിച്ച വെള്ളിയും സ്വർണവും.
^ യഹോവയുടെ വിശുദ്ധമന്ദിരത്തിന്റെ ഏറ്റവും ഉള്ളിലുള്ള ഭാഗമായിരിക്കാനാണു സാധ്യത.
^ അതായത്, അടിമത്തത്തിന്റെ ചങ്ങല.