യഹസ്‌കേൽ 5:1-17
5 “മനുഷ്യപുത്രാ, നീ മൂർച്ചയുള്ള ഒരു വാൾ എടുത്ത് ക്ഷൗരക്കത്തിയായി ഉപയോഗിക്കുക. നിന്റെ തലയും താടിയും വടിച്ച് രോമം ഒരു ത്രാസ്സിൽ തൂക്കി മൂന്നായി ഭാഗിക്കുക.
2 അതിൽ ഒരു ഭാഗം, ഉപരോധദിവസങ്ങൾ തീരുമ്പോൾ+ നഗരത്തിലിട്ട് കത്തിക്കണം. അടുത്ത ഭാഗം നഗരത്തിനു* ചുറ്റും വാളുകൊണ്ട് അരിഞ്ഞിടുക.+ അവസാനത്തെ ഭാഗം കാറ്റിൽ പറത്തണം. ഞാൻ ഒരു വാൾ ഊരി അതിന്റെ പിന്നാലെ അയയ്‌ക്കും.+
3 “പക്ഷേ, അതിൽനിന്ന് കുറച്ച് രോമം എടുത്ത് നിന്റെ വസ്ത്രത്തിന്റെ മടക്കുകളിൽ* കെട്ടിവെക്കണം.
4 അതിൽനിന്ന് വീണ്ടും കുറച്ച് എടുത്ത് തീയിലിട്ട് ചുട്ടെരിക്കുക. ഇതിൽനിന്നുള്ള തീ ഇസ്രായേൽഗൃഹത്തിലെങ്ങും പടർന്നുപിടിക്കും.+
5 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാണ് യരുശലേം. ഞാൻ അവളെ ജനതകളുടെ മധ്യേ സ്ഥാപിച്ചു. അവൾ ദേശങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നു.
6 പക്ഷേ, അവൾ എന്റെ ന്യായത്തീർപ്പുകളും നിയമങ്ങളും ധിക്കരിച്ചിരിക്കുന്നു. അവൾ ചെയ്തുകൂട്ടിയ ദുഷ്ടത ചുറ്റുമുള്ള ജനതകളുടേതിലും ദേശങ്ങളുടേതിലും എത്രയോ വലുതാണ്.+ ജനം എന്റെ ന്യായത്തീർപ്പുകൾ തള്ളിക്കളഞ്ഞിരിക്കുന്നു; എന്റെ നിയമങ്ങൾ അനുസരിച്ച് നടക്കുന്നുമില്ല.’
7 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘നീ ചുറ്റുമുള്ള ജനതകളെക്കാൾ പ്രശ്നക്കാരിയായിരുന്നു. നീ എന്റെ നിയമങ്ങൾ അനുസരിച്ച് നടക്കുകയോ എന്റെ ന്യായത്തീർപ്പുകൾ പിൻപറ്റുകയോ ചെയ്‌തില്ല. പകരം, ചുറ്റുമുള്ള ജനതകളുടെ തീർപ്പുകളാണു നീ പിൻപറ്റിയത്.+
8 അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: “ഹേ നഗരമേ, ഞാൻ നിനക്ക് എതിരാണ്.+ ജനതകളുടെ കൺമുന്നിൽവെച്ച് ഞാൻ നേരിട്ട് നിന്റെ വിധി നടപ്പാക്കും.+
9 നീ ചെയ്തുകൂട്ടിയ മ്ലേച്ഛകാര്യങ്ങൾ കാരണം, ഞാൻ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്തതും ഇനി ഒരിക്കലും ചെയ്യില്ലാത്തതും ആയ ഒരു കാര്യം നിന്നോടു ചെയ്യും.+
10 “‘“അങ്ങനെ, നിങ്ങളുടെ മധ്യേ അപ്പന്മാർ സ്വന്തം മക്കളെയും മക്കൾ അപ്പന്മാരെയും തിന്നും.+ നിങ്ങളുടെ ഇടയിൽ ഞാൻ ശിക്ഷാവിധി നടപ്പാക്കും. നിങ്ങളിൽ ബാക്കിയുള്ളവരെയെല്ലാം ഞാൻ നാലുപാടും* ചിതറിക്കും.”’+
11 “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘നിങ്ങളുടെ സകല മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ടും നിങ്ങൾ ചെയ്തുകൂട്ടിയ എല്ലാ വൃത്തികേടുകൾകൊണ്ടും നിങ്ങൾ അശുദ്ധമാക്കിയത് എന്റെ വിശുദ്ധമന്ദിരമാണ്.+ അതുകൊണ്ട് ഞാനാണെ, ഞാൻ നിങ്ങളെ തള്ളിക്കളയും.* എനിക്ക് ഒട്ടും കനിവ് തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+
12 നിങ്ങളുടെ മൂന്നിലൊരു ഭാഗം നിങ്ങളുടെ ഇടയിൽത്തന്നെ മാരകമായ പകർച്ചവ്യാധിയാലോ ക്ഷാമത്താലോ ചത്തൊടുങ്ങും. മൂന്നിലൊരു ഭാഗം നിനക്കു ചുറ്റും വാളാൽ വീഴും.+ അവസാനത്തെ മൂന്നിലൊരു ഭാഗത്തെ ഞാൻ നാലുപാടും* ചിതറിക്കും. ഞാൻ ഒരു വാൾ ഊരി അവരുടെ പിന്നാലെ അയയ്‌ക്കും.+
13 അപ്പോൾ, എന്റെ കോപം തീരും. അവർക്കെതിരെയുള്ള എന്റെ ക്രോധം ശമിക്കും. അതോടെ എനിക്കു തൃപ്തിയാകും.+ അവർക്കെതിരെ എന്റെ ക്രോധം ചൊരിഞ്ഞുതീരുമ്പോൾ, യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമായതുകൊണ്ട്+ ആ എരിവിലാണു ഞാൻ സംസാരിച്ചതെന്ന് അവർ മനസ്സിലാക്കേണ്ടിവരും.
14 “‘ചുറ്റുമുള്ള ജനതകളുടെ ഇടയിലും അതുവഴി കടന്നുപോകുന്നവരുടെയെല്ലാം കണ്ണിലും ഞാൻ നിന്നെ ഒരു നിന്ദാപാത്രവും നശിച്ചുകിടക്കുന്ന ഒരു സ്ഥലവും ആക്കും.+
15 എന്റെ കോപത്താലും ക്രോധത്താലും ഉഗ്രമായ ശിക്ഷകളാലും ഞാൻ നിന്റെ മേൽ ന്യായവിധി നടപ്പാക്കുമ്പോൾ നീ ഒരു നിന്ദാപാത്രവും പരിഹാസവിഷയവും ആകും.+ നീ ചുറ്റുമുള്ള ജനതകൾക്ക് ഒരു മുന്നറിയിപ്പും ഒരു ഭീതികാരണവും ആകും. യഹോവ എന്ന ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്.
16 “‘നിങ്ങളെ തകർക്കാൻ ഞാൻ നിങ്ങളുടെ നേരെ ക്ഷാമത്തിന്റെ മാരകാസ്ത്രങ്ങൾ അയയ്‌ക്കും. ഞാൻ അയയ്‌ക്കുന്ന അസ്‌ത്രങ്ങൾ നിങ്ങളെ കൊല്ലും.+ നിങ്ങളുടെ ഭക്ഷ്യശേഖരം നശിപ്പിച്ച്* ഞാൻ ക്ഷാമം രൂക്ഷമാക്കും.+
17 ഞാൻ നിങ്ങളുടെ നേരെ ക്ഷാമത്തെയും ഉപദ്രവകാരികളായ വന്യമൃഗങ്ങളെയും അയയ്‌ക്കും.+ അവ നിങ്ങളുടെ കുട്ടികളെ കൊല്ലും. മാരകമായ പകർച്ചവ്യാധിയും രക്തച്ചൊരിച്ചിലും കാരണം നിങ്ങൾ വലയും. ഞാൻ നിങ്ങളുടെ നേരെ വാൾ അയയ്‌ക്കും.+ യഹോവ എന്ന ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്.’”
അടിക്കുറിപ്പുകള്‍
^ അക്ഷ. “അവളുടെ.”
^ അഥവാ “നിന്റെ കുപ്പായത്തിന്റെ താഴത്തെ ഭാഗത്ത്.”
^ അക്ഷ. “എല്ലാ കാറ്റിലേക്കും.” അതായത്, കാറ്റ് അടിക്കുന്ന എല്ലാ ദിശയിലേക്കും.
^ അഥവാ “ക്ഷയിപ്പിക്കും.”
^ അക്ഷ. “എല്ലാ കാറ്റിലേക്കും.” അതായത്, കാറ്റ് അടിക്കുന്ന എല്ലാ ദിശയിലേക്കും.
^ അക്ഷ. “അപ്പത്തിന്റെ വടി ഒടിച്ച്.” സാധ്യതയനുസരിച്ച്, ഇത് അപ്പം സൂക്ഷിച്ചുവെക്കാനുള്ള വടികളായിരിക്കാം.