യഹസ്‌കേൽ 14:1-23
14 ഇസ്രായേൽമൂപ്പന്മാരിൽ ചിലർ വന്ന് എന്റെ മുന്നിൽ ഇരുന്നു.+
2 അപ്പോൾ യഹോവയുടെ സന്ദേശം എനിക്കു കിട്ടി:
3 “മനുഷ്യപുത്രാ, തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ* പുറകേ പോകാൻ നിശ്ചയിച്ചുറച്ചവരാണ് ഈ പുരുഷന്മാർ. ആളുകളെ പാപത്തിൽ വീഴിക്കാൻ അവർ വഴിയിൽ തടസ്സം വെച്ചിരിക്കുന്നു. ആ സ്ഥിതിക്ക് എന്റെ ഉപദേശം തേടാൻ ഞാൻ അവരെ എന്തിന് അനുവദിക്കണം?+
4 അതുകൊണ്ട് നീ അവരോടു സംസാരിക്കണം. നീ പറയേണ്ടത് ഇതാണ്: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഒരു ഇസ്രായേല്യൻ തന്റെ മ്ലേച്ഛവിഗ്രഹങ്ങളുടെ പുറകേ പോകാൻ നിശ്ചയിച്ചുറയ്ക്കുകയും ആളുകളെ പാപത്തിൽ വീഴിക്കാൻ വഴിയിൽ തടസ്സം വെക്കുകയും ചെയ്തിട്ട് പ്രവാചകന്റെ ഉപദേശം തേടാൻ വരുന്നെന്നിരിക്കട്ടെ. അപ്പോൾ യഹോവ എന്ന ഞാൻ അവന്റെ അനവധിയായ മ്ലേച്ഛവിഗ്രഹങ്ങളുടെ എണ്ണത്തിനനുസരിച്ച് അവനു തക്ക മറുപടി കൊടുക്കും.
5 ഇസ്രായേൽഗൃഹം ഒന്നടങ്കം എന്നെ വിട്ടകലുകയും തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ പിന്നാലെ പോകുകയും+ ചെയ്തതുകൊണ്ട് ഞാൻ അവരുടെ ഹൃദയങ്ങളിൽ ഭീതി വിതയ്‌ക്കും.”’*
6 “അതുകൊണ്ട് ഇസ്രായേൽഗൃഹത്തോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “മടങ്ങിവരൂ! നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളെ വിട്ടുതിരിയൂ! നിങ്ങളുടെ എല്ലാ വൃത്തികെട്ട ആചാരങ്ങളിൽനിന്നും മുഖം തിരിക്കൂ!+
7 ഏതെങ്കിലും ഒരു ഇസ്രായേല്യനോ ഇസ്രായേലിൽ വന്നുതാമസിക്കുന്ന വിദേശിയോ എന്നിൽനിന്ന് അകന്ന് അവന്റെ മ്ലേച്ഛവിഗ്രഹങ്ങളുടെ പുറകേ പോകാൻ നിശ്ചയിച്ചുറയ്ക്കുകയും ആളുകളെ പാപത്തിൽ വീഴിക്കാൻ വഴിയിൽ തടസ്സം വെക്കുകയും ചെയ്തിട്ട് എന്റെ പ്രവാചകന്റെ ഉപദേശം തേടാൻ വരുന്നെന്നിരിക്കട്ടെ.+ അപ്പോൾ യഹോവ എന്ന ഞാൻതന്നെ അവനു നേരിട്ട് മറുപടി കൊടുക്കും.
8 ഞാൻ എന്റെ മുഖം ആ മനുഷ്യനു നേരെ തിരിക്കും. ഞാൻ അവനെ ഒരു പഴഞ്ചൊല്ലും മുന്നറിയിപ്പിനുവേണ്ടിയുള്ള ഒരു അടയാളവും ആക്കും. അവനെ ഞാൻ എന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയും.+ അങ്ങനെ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.”’
9 “‘പക്ഷേ പ്രവാചകൻ കബളിപ്പിക്കപ്പെട്ട് ഒരു മറുപടി കൊടുക്കുന്നെങ്കിൽ ഒരു കാര്യം മനസ്സിലാക്കിക്കൊള്ളൂ, യഹോവ എന്ന ഞാനാണ് ആ പ്രവാചകനെ കബളിപ്പിച്ചത്.+ ഞാൻ അവന്റെ നേരെ കൈ നീട്ടി എന്റെ ജനമായ ഇസ്രായേലിൽനിന്ന് അവനെ നിഗ്രഹിച്ചുകളയും.
10 അവർ തങ്ങളുടെ കുറ്റം വഹിക്കേണ്ടിവരും. ഉപദേശം തേടി വരുന്നവനും പ്രവാചകനും ഒരുപോലെ ശിക്ഷ കിട്ടും.
11 അത് ഇസ്രായേൽഗൃഹം മേലാൽ എന്നെ വിട്ട് അലഞ്ഞുതിരിയാതിരിക്കാനും അവരുടെ ലംഘനങ്ങൾകൊണ്ട് അശുദ്ധരാകാതിരിക്കാനും വേണ്ടിയാണ്. അങ്ങനെ അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
12 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി:
13 “മനുഷ്യപുത്രാ, ഒരു ദേശം അവിശ്വസ്തത കാട്ടി എന്നോടു പാപം ചെയ്‌താൽ ഞാൻ അതിനു നേരെ കൈ നീട്ടി അതിന്റെ ഭക്ഷ്യശേഖരം നശിപ്പിച്ചുകളയും.*+ അവിടെ ക്ഷാമം വരുത്തി+ മനുഷ്യനെയും മൃഗത്തെയും അവിടെനിന്ന് ഛേദിച്ചുകളയും.”+
14 “‘നോഹ,+ ദാനിയേൽ,+ ഇയ്യോബ്+ എന്നീ മൂന്നു പുരുഷന്മാർ അവിടെയുണ്ടായിരുന്നാൽപ്പോലും അവരുടെ നീതിനിഷ്ഠയാൽ അവർക്കു സ്വന്തം ജീവൻ മാത്രമേ രക്ഷിക്കാനാകൂ’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
15 “‘അതല്ലെങ്കിൽ, ഉപദ്രവകാരികളായ വന്യമൃഗങ്ങൾ+ ദേശത്ത് വിഹരിക്കാൻ ഞാൻ ഇടയാക്കുകയും അവ അവിടെയുള്ള ആളുകളെയെല്ലാം കൊന്നൊടുക്കുകയും* അവയെ പേടിച്ച് ആരും അതുവഴി വരാതെ അത് ഒരു പാഴിടമാകുകയും ചെയ്യുന്നെന്നു കരുതുക.’
16 പരമാധികാരിയായ യഹോവ പറയുന്നു: ‘ഈ മൂന്നു പുരുഷന്മാർ അവിടെയുണ്ടായിരുന്നാലും ശരി ഞാനാണെ, അവർക്കു സ്വന്തജീവനല്ലാതെ തങ്ങളുടെ പുത്രന്മാരെയോ പുത്രിമാരെയോ പോലും രക്ഷിക്കാനാകില്ല. ദേശം ഒരു പാഴിടമാകുകയും ചെയ്യും.’”
17 “‘അതല്ലെങ്കിൽ, “ഒരു വാൾ ദേശത്തുകൂടെ കടന്നുപോകട്ടെ”+ എന്നു പറഞ്ഞ് ആ ദേശത്തിനു നേരെ ഞാൻ ഒരു വാൾ അയച്ച് മനുഷ്യനെയും മൃഗത്തെയും നിഗ്രഹിക്കുന്നെന്നിരിക്കട്ടെ.’+
18 പരമാധികാരിയായ യഹോവ പറയുന്നു: ‘ഈ മൂന്നു പുരുഷന്മാർ അവിടെയുണ്ടായിരുന്നാലും ശരി ഞാനാണെ, അവർക്കു സ്വന്തജീവനല്ലാതെ അവരുടെ പുത്രന്മാരെയോ പുത്രിമാരെയോ പോലും രക്ഷിക്കാനാകില്ല.’”
19 “‘അതല്ലെങ്കിൽ, ഞാൻ മനുഷ്യനെയും മൃഗത്തെയും ഇല്ലായ്‌മ ചെയ്യാൻവേണ്ടി ദേശത്തേക്കു മാരകമായ ഒരു പകർച്ചവ്യാധി+ അയയ്ക്കുകയും രക്തപ്പുഴ ഒഴുക്കി എന്റെ ഉഗ്രകോപം ചൊരിയുകയും ചെയ്യുന്നെന്നിരിക്കട്ടെ.’
20 പരമാധികാരിയായ യഹോവ പറയുന്നു: ‘നോഹ,+ ദാനിയേൽ,+ ഇയ്യോബ്+ എന്നിവർ അവിടെയുണ്ടായിരുന്നാലും ശരി ഞാനാണെ, അവരുടെ നീതിനിഷ്ഠയാൽ അവർക്കു സ്വന്തജീവനല്ലാതെ അവരുടെ പുത്രന്മാരെയോ പുത്രിമാരെയോ പോലും രക്ഷിക്കാനാകില്ല.’”+
21 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ യരുശലേമിൽനിന്ന് മനുഷ്യനെയും മൃഗത്തെയും നിഗ്രഹിക്കാൻ+ വാൾ, ക്ഷാമം, ഉപദ്രവകാരികളായ വന്യമൃഗങ്ങൾ, മാരകമായ പകർച്ചവ്യാധി+ എന്നീ നാലു ശിക്ഷകൾ*+ അയയ്ക്കുമ്പോൾ ഇങ്ങനെയൊക്കെയായിരിക്കും സംഭവിക്കുക.
22 പക്ഷേ, നാശത്തിന് ഇരയാകാതെ ബാക്കിയുള്ള ആ കുറച്ച് പേരെ പുറത്ത് കൊണ്ടുവരും.+ പുത്രന്മാരും പുത്രിമാരും അക്കൂട്ടത്തിലുണ്ടായിരിക്കും. അവർ ഇതാ, നിങ്ങളുടെ അടുത്ത് വരുന്നു. അവരുടെ രീതികളും ചെയ്തികളും കാണുമ്പോൾ യരുശലേമിനു മേൽ ഞാൻ വരുത്തിയ ദുരന്തത്തെക്കുറിച്ചും അതിനോടു ഞാൻ ചെയ്തതിനെക്കുറിച്ചും ഉണ്ടായിരുന്ന വിഷമമെല്ലാം മാറി നിങ്ങൾക്ക് ആശ്വാസം തോന്നും, തീർച്ച!’”
23 “‘അവരുടെ രീതികളും ചെയ്തികളും കാണുമ്പോൾ നിങ്ങൾക്ക് ആശ്വാസമാകും. തക്ക കാരണമുള്ളതുകൊണ്ടാണ് എനിക്ക് അതിനോട് അങ്ങനെയൊക്കെ ചെയ്യേണ്ടിവന്നതെന്നു നിങ്ങൾക്കു മനസ്സിലാകും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
അടിക്കുറിപ്പുകള്‍
^ എബ്രായപദത്തിന് “കാഷ്‌ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
^ അക്ഷ. “ഹൃദയങ്ങളിൽ പിടിക്കും.”
^ അക്ഷ. “അപ്പത്തിന്റെ വടി ഒടിക്കും.” സാധ്യതയനുസരിച്ച്, ഇത് അപ്പം സൂക്ഷിച്ചുവെക്കാനുള്ള വടികളായിരിക്കാം.
^ അഥവാ “അവ ദേശത്തെ മക്കളില്ലാത്തവരാക്കുകയും.”
^ അഥവാ “ഹാനികരമായ നാലു ന്യായവിധികൾ.”