പുറപ്പാട് 4:1-31
4 എന്നാൽ മോശ പറഞ്ഞു: “‘യഹോവ നിനക്കു പ്രത്യക്ഷനായില്ല’ എന്നു പറഞ്ഞ് അവർ എന്നെ വിശ്വസിക്കാതിരിക്കുകയോ എന്റെ വാക്കു ശ്രദ്ധിക്കാതിരിക്കുകയോ+ ചെയ്യുന്നെങ്കിലോ?”
2 അപ്പോൾ യഹോവ മോശയോട്, “നിന്റെ കൈയിലിരിക്കുന്നത് എന്താണ്” എന്നു ചോദിച്ചു. “ഒരു വടി” എന്നു മോശ പറഞ്ഞു.
3 “അതു നിലത്ത് ഇടുക” എന്നു ദൈവം പറഞ്ഞു. മോശ അതു നിലത്ത് ഇട്ടു. അതൊരു സർപ്പമായിത്തീർന്നു.+ മോശ അതിന്റെ അടുത്തുനിന്ന് ഓടിമാറി.
4 അപ്പോൾ യഹോവ മോശയോട്, “നിന്റെ കൈ നീട്ടി അതിന്റെ വാലിൽ പിടിക്കുക” എന്നു പറഞ്ഞു. മോശ കൈ നീട്ടി അതിനെ പിടിച്ചു. അതു മോശയുടെ കൈയിൽ ഒരു വടിയായി മാറി.
5 അപ്പോൾ ദൈവം പറഞ്ഞു: “അവരുടെ പൂർവികരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരുടെ ദൈവമായ യഹോവ+ നിനക്കു പ്രത്യക്ഷനായെന്ന് അവർ വിശ്വസിക്കാനാണ് ഇത്.”+
6 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: “ദയവായി നിന്റെ കൈ വസ്ത്രത്തിന്റെ മേൽമടക്കിനുള്ളിൽ ഇടുക.” അങ്ങനെ മോശ കൈ വസ്ത്രത്തിന്റെ മടക്കിനുള്ളിൽ ഇട്ടു. കൈ പുറത്തെടുത്തപ്പോൾ അതാ, അതു കുഷ്ഠം ബാധിച്ച് ഹിമംപോലെയായിരിക്കുന്നു!+
7 അപ്പോൾ ദൈവം, “നിന്റെ കൈ വീണ്ടും വസ്ത്രത്തിന്റെ മേൽമടക്കിനുള്ളിൽ ഇടുക” എന്നു പറഞ്ഞു. അങ്ങനെ മോശ കൈ വീണ്ടും വസ്ത്രത്തിനുള്ളിൽ ഇട്ടു. കൈ പുറത്ത് എടുത്തപ്പോൾ അതു മറ്റു ശരീരഭാഗങ്ങൾപോലെ പൂർവസ്ഥിതിയിലായിരുന്നു!
8 തുടർന്ന് ദൈവം പറഞ്ഞു: “അവർ നിന്നെ വിശ്വസിക്കാതിരിക്കുകയോ ആദ്യത്തെ അടയാളത്തിനു ശ്രദ്ധ കൊടുക്കാതിരിക്കുകയോ ചെയ്താലും ഈ രണ്ടാമത്തെ അടയാളം+ തീർച്ചയായും ഗൗനിക്കും.
9 ഇനി അഥവാ ഈ രണ്ട് അടയാളവും അവർ വിശ്വസിക്കാതിരിക്കുകയും നിന്റെ വാക്കു കേൾക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നെങ്കിൽ, നൈൽ നദിയിൽനിന്ന് കുറച്ച് വെള്ളം എടുത്ത് ഉണങ്ങിയ നിലത്ത് ഒഴിക്കുക. നൈലിൽനിന്ന് നീ എടുക്കുന്ന വെള്ളം ഉണങ്ങിയ നിലത്ത് രക്തമായിത്തീരും.”+
10 അപ്പോൾ മോശ യഹോവയോടു പറഞ്ഞു: “യഹോവേ, എന്നോടു ക്ഷമിക്കേണമേ. ഞാൻ ഒരിക്കലും ഒഴുക്കോടെ സംസാരിച്ചിട്ടില്ല, എനിക്ക് അതിനു കഴിയില്ലല്ലോ. അങ്ങ് ഈ ദാസനോടു സംസാരിച്ചതിനു മുമ്പും സംസാരിച്ചശേഷവും അത് അങ്ങനെതന്നെയാണ്. വാക്കിനു തടസ്സവും* നാവിന് ഇടർച്ചയും ഉള്ളവനാണു ഞാൻ.”+
11 മറുപടിയായി യഹോവ പറഞ്ഞു: “മനുഷ്യർക്കു വായ് കൊടുത്തത് ആരാണ്? അവരെ ഊമരോ ബധിരരോ കാഴ്ചയുള്ളവരോ കാഴ്ചയില്ലാത്തവരോ ആക്കുന്നത് ആരാണ്? യഹോവയെന്ന ഞാനല്ലേ?
12 അതുകൊണ്ട് ഇപ്പോൾ പോകൂ. നീ സംസാരിക്കുമ്പോൾ ഞാൻ നിന്റെകൂടെയുണ്ടാകും.* പറയേണ്ടത് എന്താണെന്നു ഞാൻ നിന്നെ പഠിപ്പിക്കും.”+
13 എന്നാൽ മോശ പറഞ്ഞു: “യഹോവേ, എന്നോടു ക്ഷമിക്കേണമേ. ഇതു ചെയ്യാൻ ദയവായി മറ്റാരെയെങ്കിലും അയച്ചാലും.”
14 അപ്പോൾ യഹോവ മോശയോടു വല്ലാതെ കോപിച്ചു. ദൈവം പറഞ്ഞു: “നിനക്കൊരു സഹോദരനില്ലേ, ലേവ്യനായ അഹരോൻ?+ അവനു നന്നായി സംസാരിക്കാൻ കഴിയുമെന്ന് എനിക്ക് അറിയാം. അവൻ ഇപ്പോൾ നിന്നെ കാണാൻ ഇങ്ങോട്ടു വരുന്നുണ്ട്. നിന്നെ കാണുമ്പോൾ അവന്റെ ഹൃദയം ആഹ്ലാദിക്കും.+
15 നീ അവനോടു സംസാരിച്ച് എന്റെ വാക്കുകൾ അവനു പറഞ്ഞുകൊടുക്കണം.+ നിങ്ങൾ സംസാരിക്കുമ്പോൾ ഞാൻ നിങ്ങളുടെകൂടെയുണ്ടായിരിക്കും.+ എന്താണു ചെയ്യേണ്ടതെന്നു ഞാൻ നിങ്ങളെ പഠിപ്പിക്കും.
16 അവൻ നിനക്കുവേണ്ടി ജനത്തോടു സംസാരിക്കും. അവൻ നിന്റെ വക്താവായിരിക്കും; നീയോ അവനു ദൈവത്തെപ്പോലെയും.*+
17 നീ ഈ വടി കൈയിലെടുക്കണം. അത് ഉപയോഗിച്ച് നീ അടയാളങ്ങൾ കാണിക്കും.”+
18 അതനുസരിച്ച് മോശ അമ്മായിയപ്പനായ യിത്രൊയുടെ+ അടുത്ത് മടങ്ങിച്ചെന്ന് ഇങ്ങനെ പറഞ്ഞു: “ഈജിപ്തിലുള്ള എന്റെ സഹോദരന്മാർ ഇപ്പോഴും ജീവനോടെയുണ്ടോ എന്ന് അറിയാൻവേണ്ടി അവിടേക്കു മടങ്ങിപ്പോകാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവുചെയ്ത് അതിന് എന്നെ അനുവദിച്ചാലും.” അപ്പോൾ യിത്രൊ മോശയോട്, “സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
19 അതിനു ശേഷം മിദ്യാനിൽവെച്ച് യഹോവ മോശയോടു പറഞ്ഞു: “പോകൂ, ഈജിപ്തിലേക്കു മടങ്ങിപ്പോകൂ. നിന്നെ കൊല്ലാൻ നോക്കിയവരെല്ലാം മരിച്ചുപോയി.”+
20 അപ്പോൾ മോശ ഭാര്യയെയും പുത്രന്മാരെയും കൊണ്ടുചെന്ന് കഴുതപ്പുറത്ത് കയറ്റി. എന്നിട്ട് ഈജിപ്ത് ദേശത്തേക്കു മടങ്ങി. സത്യദൈവത്തിന്റെ വടിയും മോശ കൈയിൽ എടുത്തു.
21 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “നീ ഈജിപ്തിൽ എത്തിയശേഷം, ഞാൻ നിനക്കു തന്നിട്ടുള്ള ശക്തി ഉപയോഗിച്ച് ഫറവോന്റെ മുന്നിൽ ആ അത്ഭുതങ്ങളെല്ലാം കാണിക്കണം.+ പക്ഷേ അവന്റെ ഹൃദയം കഠിനമാകാൻ ഞാൻ അനുവദിക്കും.+ അവൻ ജനത്തെ വിട്ടയയ്ക്കില്ല.+
22 നീ ഫറവോനോടു പറയണം: ‘യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: “ഇസ്രായേൽ എന്റെ മകനാണ്, എന്റെ മൂത്ത മകൻ.+
23 ഞാൻ നിന്നോടു പറയുന്നു: എന്നെ സേവിക്കാൻവേണ്ടി എന്റെ മകനെ വിട്ടയയ്ക്കുക. എന്നാൽ അവനെ വിട്ടയയ്ക്കാൻ നീ വിസമ്മതിക്കുന്നെങ്കിൽ ഞാൻ നിന്റെ മകനെ, നിന്റെ മൂത്ത മകനെ, കൊന്നുകളയും.”’”+
24 വഴിമധ്യേ താമസസ്ഥലത്തുവെച്ച് യഹോവ+ അവനെ എതിരിട്ട് അവനെ കൊല്ലാൻ നോക്കി.+
25 ഒടുവിൽ സിപ്പോറ+ ഒരു തീക്കല്ല്* എടുത്ത് പുത്രന്റെ അഗ്രചർമം പരിച്ഛേദന* ചെയ്ത് അത് അവന്റെ പാദങ്ങളിൽ മുട്ടാൻ ഇടയാക്കി. എന്നിട്ട് അവൾ, “അങ്ങ് എനിക്കൊരു രക്തമണവാളനായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്” എന്നു പറഞ്ഞു.
26 അപ്പോൾ ദൈവം അവനെ പോകാൻ അനുവദിച്ചു. പരിച്ഛേദന നിമിത്തം “ഒരു രക്തമണവാളൻ” എന്ന് അവൾ അപ്പോൾ പറഞ്ഞു.
27 പിന്നെ യഹോവ അഹരോനോട്, “വിജനഭൂമിയിൽ ചെന്ന് മോശയെ കാണുക”+ എന്നു പറഞ്ഞു. അങ്ങനെ അഹരോൻ പോയി സത്യദൈവത്തിന്റെ പർവതത്തിൽവെച്ച്+ മോശയെ കണ്ടു. അഹരോൻ മോശയെ ചുംബിച്ച് അഭിവാദനം ചെയ്തു.
28 തുടർന്ന് മോശ, തന്നെ അയച്ച യഹോവ പറഞ്ഞ എല്ലാ കാര്യങ്ങളും+ തന്നോടു ചെയ്യാൻ കല്പിച്ച എല്ലാ അടയാളങ്ങളും+ അഹരോനോടു വിശദീകരിച്ചു.
29 അതിനു ശേഷം മോശയും അഹരോനും പോയി ഇസ്രായേല്യരുടെ കൂട്ടത്തിലെ എല്ലാ മൂപ്പന്മാരെയും വിളിച്ചുകൂട്ടി.+
30 യഹോവ മോശയോടു പറഞ്ഞതെല്ലാം അഹരോൻ അവരെ അറിയിച്ചു. ജനത്തിന്റെ മുന്നിൽവെച്ച് മോശ ആ അടയാളങ്ങൾ കാണിച്ചു.+
31 അപ്പോൾ ജനം വിശ്വസിച്ചു.+ യഹോവ ഇസ്രായേല്യരുടെ നേരെ ശ്രദ്ധ തിരിച്ചിരിക്കുന്നെന്നും+ അവരുടെ കഷ്ടപ്പാടുകൾ കണ്ടിരിക്കുന്നെന്നും+ കേട്ടപ്പോൾ അവർ കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ചു.
അടിക്കുറിപ്പുകള്
^ അക്ഷ. “വായ്ക്കു ഭാരവും.”
^ അക്ഷ. “ഞാൻ നിന്റെ വായുടെകൂടെയുണ്ടായിരിക്കും.”
^ അഥവാ “ദൈവത്തെ പ്രതിനിധാനം ചെയ്യും.”
^ അഥവാ “കൽക്കത്തി.”