പുറപ്പാട് 1:1-22
1 യാക്കോബിനോടൊപ്പം സ്വന്തം വീട്ടിലുള്ളവരെയും കൂട്ടി ഈജിപ്തിലേക്കു വന്ന ഇസ്രായേലിന്റെ ആൺമക്കളുടെ പേരുകൾ:+
2 രൂബേൻ, ശിമെയോൻ, ലേവി, യഹൂദ;+
3 യിസ്സാഖാർ, സെബുലൂൻ, ബന്യാമീൻ;
4 ദാൻ, നഫ്താലി; ഗാദ്, ആശേർ.+
5 യാക്കോബിനു ജനിച്ചവർ* ആകെ 70 പേർ. യോസേഫ് അപ്പോൾത്തന്നെ ഈജിപ്തിലായിരുന്നു.+
6 ക്രമേണ യോസേഫും സഹോദരന്മാരും ആ തലമുറയിലുള്ള എല്ലാവരും മരിച്ചു.+
7 ഇസ്രായേല്യർ* സന്താനസമൃദ്ധിയുള്ളവരായി പെരുകിത്തുടങ്ങി. അവർ അസാധാരണമായി വർധിച്ച് ശക്തിയാർജിച്ചുകൊണ്ടിരുന്നു. അങ്ങനെ അവർ ആ നാട്ടിലെങ്ങും നിറഞ്ഞു.+
8 പിന്നീട്, യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് ഈജിപ്തിൽ അധികാരത്തിൽ വന്നു.
9 അദ്ദേഹം തന്റെ ജനത്തോടു പറഞ്ഞു: “ഇതാ! ഇസ്രായേൽ ജനം നമ്മളെക്കാൾ എണ്ണത്തിൽ പെരുകി ശക്തരായിരിക്കുന്നു.+
10 നമ്മൾ അവരോടു തന്ത്രപൂർവം ഇടപെടണം. അല്ലെങ്കിൽ അവർ ഇനിയും പെരുകും. ഒരു യുദ്ധമുണ്ടായാൽ അവർ ശത്രുപക്ഷം ചേർന്ന് നമുക്കെതിരെ പോരാടി രാജ്യം വിട്ട് പോകും.”
11 അതുകൊണ്ട് ഇസ്രായേല്യരെ കഠിനമായി പണിയെടുപ്പിച്ച് ദ്രോഹിക്കാൻവേണ്ടി നിർബന്ധിതവേല ചെയ്യിക്കുന്ന+ തലവന്മാരെ* അവരുടെ മേൽ നിയമിച്ചു. അവർ ഫറവോനുവേണ്ടി പീഥോം, രമെസേസ്+ എന്നീ സംഭരണനഗരങ്ങൾ പണിതു.
12 എന്നാൽ അവരെ എത്രയധികം അടിച്ചമർത്തിയോ അത്രയധികം അവർ വർധിച്ചുപെരുകി ദേശത്ത് വ്യാപിച്ചുകൊണ്ടിരുന്നു. ഇസ്രായേല്യർ കാരണം അവർ ആകെ ഭയപരവശരായി.+
13 അതുകൊണ്ട് ഈജിപ്തുകാർ ഇസ്രായേല്യരെക്കൊണ്ട് ക്രൂരമായി അടിമപ്പണി ചെയ്യിച്ചു.+
14 കളിമണ്ണുചാന്തും ഇഷ്ടികയും ഉണ്ടാക്കുന്ന കഠിനജോലിയും വയലിലെ എല്ലാ തരം അടിമപ്പണിയും ചെയ്യിച്ച് അവരുടെ ജീവിതം ദുരിതപൂർണമാക്കി. അതെ, അവർ അവരെക്കൊണ്ട് ദുസ്സഹമായ സാഹചര്യങ്ങളിൽ എല്ലാ തരം അടിമപ്പണിയും ചെയ്യിച്ചു.+
15 പ്രസവമെടുക്കുന്ന ശിപ്ര, പൂവ എന്നീ എബ്രായസ്ത്രീകളോട് ഈജിപ്തിലെ രാജാവ് പിന്നീടു സംസാരിച്ചു.
16 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ എബ്രായസ്ത്രീകളുടെ പ്രസവമെടുക്കാൻ+ പ്രസവപീഠത്തിങ്കൽ ചെല്ലുമ്പോൾ, കുട്ടി ആണാണെന്നു കണ്ടാൽ അവനെ കൊന്നുകളയണം. പെണ്ണാണെങ്കിൽ ജീവനോടെ വെച്ചേക്കുക.”
17 എന്നാൽ ആ വയറ്റാട്ടികൾ* സത്യദൈവത്തെ ഭയപ്പെട്ടതുകൊണ്ട് ഈജിപ്തിലെ രാജാവ് പറഞ്ഞതുപോലെ ചെയ്‌തില്ല. അവർ ആൺകുഞ്ഞുങ്ങളെ ജീവനോടെ വെച്ചു.+
18 അപ്പോൾ ഈജിപ്തിലെ രാജാവ് വയറ്റാട്ടികളെ വിളിച്ച് അവരോട്, “നിങ്ങൾ എന്താ ആൺകുഞ്ഞുങ്ങളെ ജീവനോടെ വെക്കുന്നത്” എന്നു ചോദിച്ചു.
19 അവർ പറഞ്ഞു: “എബ്രായസ്ത്രീകൾ ഈജിപ്തുകാരികളെപ്പോലെയല്ല. നല്ല ഓജസ്സുള്ള അവർ വയറ്റാട്ടി എത്തുന്നതിനു മുമ്പേ പ്രസവിച്ചിരിക്കും.”
20 അതുകൊണ്ട് ദൈവം വയറ്റാട്ടികൾക്കു നന്മ ചെയ്‌തു. ജനം എണ്ണത്തിൽ പെരുകി ശക്തിയാർജിച്ചുകൊണ്ടുമിരുന്നു.
21 വയറ്റാട്ടികൾ സത്യദൈവത്തെ ഭയപ്പെട്ടതുകൊണ്ട് ദൈവം പിന്നീട് അവർക്കു മക്കളെ നൽകി.
22 ഒടുവിൽ ഫറവോൻ മുഴുവൻ ജനത്തോടും ഇങ്ങനെ കല്പിച്ചു: “എബ്രായർക്കു ജനിക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം നിങ്ങൾ നൈൽ നദിയിൽ എറിഞ്ഞുകളയണം.+ എന്നാൽ പെൺകുഞ്ഞുങ്ങളെ ജീവനോടെ വെക്കുകയും വേണം.”
അടിക്കുറിപ്പുകള്‍
^ അക്ഷ. “യാക്കോബിന്റെ തുടയിൽനിന്ന് വന്നവർ.”
^ അക്ഷ. “ഇസ്രായേലിന്റെ പുത്രന്മാർ.”
^ അഥവാ “അടിമവേല ചെയ്യിക്കുന്നവരെ.”
^ അഥവാ “പ്രസവമെടുക്കുന്ന സ്ത്രീകൾ.”