ദാനിയേൽ 11:1-45
11 “ഞാനോ അദ്ദേഹത്തെ ബലപ്പെടുത്താനും ശക്തീകരിക്കാനും* ആയി മേദ്യനായ ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാം വർഷം+ എഴുന്നേറ്റു.
2 ഞാൻ ഇപ്പോൾ നിന്നോടു പറയാൻപോകുന്നതു സത്യമാണ്:
“പേർഷ്യയിൽ മൂന്നു രാജാക്കന്മാർകൂടെ എഴുന്നേൽക്കും.* നാലാമൻ മറ്റെല്ലാവരെക്കാളും ഏറെ സമ്പത്തു വാരിക്കൂട്ടും. തന്റെ സമ്പത്തുകൊണ്ട് ശക്തനാകുമ്പോൾ അവൻ സകലവും ഗ്രീസിന് എതിരെ ഇളക്കിവിടും.+
3 “ശക്തനായ ഒരു രാജാവ് എഴുന്നേറ്റ് വലിയ അധികാരത്തോടെ ഭരിക്കും;+ അവൻ തനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യും.
4 എന്നാൽ, അവൻ എഴുന്നേറ്റുകഴിയുമ്പോൾ അവന്റെ രാജ്യം തകരും. അത് ആകാശത്തിലെ നാലു കാറ്റുകൾക്കു നേരെ വിഭജിച്ചുപോകും.+ എന്നാൽ, അതു ലഭിക്കുന്നത് അവന്റെ പിൻതലമുറക്കാർക്കായിരിക്കില്ല; അത് അവന്റെ ആധിപത്യംപോലെയുമായിരിക്കില്ല; കാരണം, വേരോടെ പിഴുതുപോകുന്ന അവന്റെ രാജ്യം മറ്റുള്ളവരുടെ കൈകളിലാകും.
5 “അവന്റെ പ്രഭുക്കന്മാരിൽ ഒരാൾ, അതായത് തെക്കേ രാജാവ്, ശക്തനാകും. എന്നാൽ, ഒരാൾ അവനെക്കാൾ പ്രബലനായി വലിയ അധികാരത്തോടെ ഭരിക്കും; അവന്റെ അധികാരം മറ്റേ ആളുടേതിനെക്കാൾ വലുതായിരിക്കും.
6 “കുറച്ച് വർഷങ്ങൾക്കു ശേഷം അവർ ഒരു സഖ്യം ഉണ്ടാക്കും. തെക്കേ രാജാവിന്റെ മകൾ വന്ന് വടക്കേ രാജാവുമായി ഒരു ധാരണയിലെത്തും.* എന്നാൽ, അവളുടെ കൈക്കരുത്തു നിലനിൽക്കില്ല; അതുപോലെ, അവനും അവന്റെ കൈയും നിലനിൽക്കില്ല. അവളെ മറ്റുള്ളവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കും; അതെ, അവളെയും അവളെ കൊണ്ടുവരുന്നവരെയും അവളെ ജനിപ്പിച്ചവനെയും അവളെ അക്കാലത്ത് ശക്തയാക്കുന്നവനെയും ഏൽപ്പിച്ചുകൊടുക്കും.
7 അവന്റെ സ്ഥാനത്ത്, അവളുടെ വേരുകളിൽനിന്നുള്ള മുളകളിൽ ഒരാൾ എഴുന്നേൽക്കും. സൈന്യത്തിന് അടുത്തേക്കു വരുന്ന അവൻ വടക്കേ രാജാവിന്റെ കോട്ടയുടെ നേരെ ചെല്ലും. അവൻ അവർക്കെതിരെ നടപടിയെടുത്ത് അവരെക്കാൾ പ്രബലനാകും.
8 അവൻ അവരുടെ ദൈവങ്ങൾ, ലോഹവിഗ്രഹങ്ങൾ,* സ്വർണവും വെള്ളിയും കൊണ്ടുള്ള ഭംഗിയുള്ള* ഉരുപ്പടികൾ എന്നിവ ഈജിപ്തിലേക്കു കൊണ്ടുവരും; ബന്ദികളെയും കൊണ്ടുവരും. കുറച്ച് വർഷത്തേക്ക് അവൻ വടക്കേ രാജാവിൽനിന്ന് അകന്ന് നിൽക്കും.
9 വടക്കേ രാജാവോ തെക്കേ രാജാവിന്റെ രാജ്യത്തിനു നേരെ വരുമെങ്കിലും സ്വദേശത്തേക്കു മടങ്ങിപ്പോകും.
10 “അവന്റെ പുത്രന്മാരോ, ശക്തമായ ഒരു വൻസൈന്യത്തെ സംഘടിപ്പിച്ച് യുദ്ധത്തിന് ഒരുങ്ങും. അവൻ പ്രളയജലംപോലെ തകർത്തുവാരി മുന്നേറും. എന്നാൽ, അവൻ മടങ്ങിപ്പോകും; തന്റെ കോട്ടയിൽ തിരിച്ചെത്തുംവരെ അവൻ യുദ്ധം ചെയ്യും.
11 “ക്ഷുഭിതനായ തെക്കേ രാജാവ് ചെന്ന് അവനോട്, അതായത് വടക്കേ രാജാവിനോട്, പോരാടും. അവനാകട്ടെ വലിയൊരു ജനക്കൂട്ടത്തെ സംഘടിപ്പിക്കും; പക്ഷേ, ആ ജനക്കൂട്ടം മറ്റേ രാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും.
12 ജനക്കൂട്ടത്തെ പിടിച്ചുകൊണ്ടുപോകും. അവന്റെ ഹൃദയം അഹങ്കരിക്കും. പതിനായിരങ്ങളെ അവൻ വീഴ്ത്തും. എന്നാൽ, തനിക്ക് അനുകൂലമായ ഈ സാഹചര്യം അവൻ പ്രയോജനപ്പെടുത്തില്ല.
13 “വടക്കേ രാജാവ് മടങ്ങിവന്ന് ആദ്യത്തേതിലും വലിയൊരു ജനക്കൂട്ടത്തെ സംഘടിപ്പിക്കും. കുറച്ച് വർഷങ്ങൾക്കു ശേഷം, അതായത് കാലങ്ങൾ അവസാനിക്കുമ്പോൾ, അവൻ ഒരു വൻസൈന്യത്തെ സംഘടിപ്പിച്ച് ധാരാളം സാധനസാമഗ്രികളുമായി വരും.
14 അക്കാലത്ത് തെക്കേ രാജാവിന് എതിരെ അനേകർ എഴുന്നേൽക്കും.
“ഒരു ദിവ്യദർശനം യാഥാർഥ്യമായെന്നു വരുത്തിത്തീർക്കാൻ നിന്റെ ജനത്തിന് ഇടയിലെ അക്രമാസക്തരെ* കൊണ്ടുപോകും. പക്ഷേ, അവർ ഇടറിവീഴും.
15 “വടക്കേ രാജാവ് വന്ന് ആക്രമിക്കാനായി ചെരിഞ്ഞ തിട്ട ഉണ്ടാക്കി കോട്ടമതിലുള്ള ഒരു നഗരം പിടിച്ചടക്കും. തെക്കിന്റെ കൈകൾക്കോ* അവന്റെ ശ്രേഷ്ഠപുരുഷന്മാർക്കോ പിടിച്ചുനിൽക്കാനാകില്ല; പിടിച്ചുനിൽക്കാനുള്ള ശക്തി അവർക്കുണ്ടാകില്ല.
16 അവന് എതിരെ വരുന്നവൻ അവനു തോന്നുന്നതുപോലെ ചെയ്യും. അവന്റെ മുന്നിൽ ആരും പിടിച്ചുനിൽക്കില്ല. അവൻ അലങ്കാരദേശത്ത്*+ നിൽക്കും; നിശ്ശേഷം നശിപ്പിക്കാനുള്ള കഴിവ് അവന്റെ കൈകൾക്കുണ്ടായിരിക്കും.
17 അവൻ തന്റെ രാജ്യത്തിന്റെ സർവശക്തിയോടുംകൂടെ വരാൻ ഉറച്ച തീരുമാനമെടുക്കും; എന്നാൽ അവനുമായി ഒരു ധാരണയിലെത്തും.* ഉദ്ദേശിച്ചതെല്ലാം അവൻ ഫലപ്രദമായി നടപ്പാക്കും. സ്ത്രീകളുടെ പുത്രിയെ തകർത്തുകളയാൻ അവന് അനുമതി ലഭിക്കും. അവൾ പിടിച്ചുനിൽക്കില്ല; അവൾ അവന്റേതായി തുടരില്ല.
18 അവൻ പിന്നിലുള്ള തീരദേശങ്ങളിലേക്കു മുഖം തിരിച്ച് പലതും പിടിച്ചടക്കും. അവനിൽനിന്ന് തനിക്കുണ്ടാകുന്ന നിന്ദ ഒരു സൈന്യാധിപൻ നിറുത്തലാക്കും. അതോടെ, ആ നിന്ദ നീങ്ങും. അതു തിരിച്ച് അവന്റെ മേൽത്തന്നെ വരാൻ അവൻ ഇടയാക്കും.
19 തുടർന്ന്, അവൻ സ്വദേശത്തെ കോട്ടകളിലേക്കു മുഖം തിരിക്കും. അവൻ ഇടറിവീഴും. പിന്നെ അവനെ കാണില്ല.
20 “അവന്റെ സ്ഥാനത്ത് ഒരാൾ എഴുന്നേൽക്കും. പിടിച്ചുവാങ്ങുന്ന* ഒരാളെ അവൻ മഹിമയുള്ള രാജ്യത്തിലൂടെ അയയ്ക്കും. എന്നാൽ, കുറച്ച് ദിവസങ്ങൾക്കകം അവൻ തകരും. പക്ഷേ, അതു കോപത്താലോ യുദ്ധത്താലോ ആയിരിക്കില്ല.
21 “ആളുകൾ അവജ്ഞയോടെ വീക്ഷിക്കുന്ന* ഒരാൾ അവന്റെ സ്ഥാനത്ത് എഴുന്നേൽക്കും. രാജ്യത്തിന്റെ മഹത്ത്വം അവർ അവനു നൽകില്ല. സുരക്ഷിതത്വം കളിയാടുന്ന ഒരു സമയത്ത്* അവൻ വന്ന് വഞ്ചനയിലൂടെ രാജ്യം കൈക്കലാക്കും.
22 അവൻ നിമിത്തം പ്രളയത്തിന്റെ കൈകൾ* തുടച്ചുനീക്കപ്പെടും. അവ തകർന്നുപോകും; ഉടമ്പടിയുടെ+ നേതാവിന്റെ+ ഗതിയും അതുതന്നെയായിരിക്കും.
23 അവർ അവനുമായി സഖ്യതയിലായതുകൊണ്ട് അവൻ വഞ്ചന കാണിച്ചുകൊണ്ടിരിക്കും. മാത്രമല്ല, അവൻ എഴുന്നേൽക്കുകയും ചെറിയൊരു ജനതയെ ഉപയോഗിച്ച് ശക്തനാകുകയും ചെയ്യും.
24 സുരക്ഷിതത്വം കളിയാടുന്ന സമയത്ത്* അവൻ സംസ്ഥാനത്തെ ഐശ്വര്യസമൃദ്ധമായ ഭാഗങ്ങളിലേക്കു വരും. എന്നിട്ട്, അവന്റെ പിതാക്കന്മാരും അവരുടെ പിതാക്കന്മാരും ചെയ്യാത്തത് അവൻ ചെയ്യും. കൊള്ളമുതലും കവർച്ചവസ്തുക്കളും മറ്റു സാധനങ്ങളും അവൻ അവർക്കിടയിൽ വിതരണം ചെയ്യും. ചുറ്റും കോട്ടമതിലുള്ള പ്രദേശങ്ങൾക്കെതിരെ അവൻ കുടിലതന്ത്രം മനയും; എന്നാൽ, ഒരു കാലത്തേക്കു മാത്രം.
25 “അവൻ തെക്കേ രാജാവിന് എതിരെ ശക്തിയും ധൈര്യവും* സംഭരിക്കും; അവനോടൊപ്പം ഒരു വൻസൈന്യമുണ്ടായിരിക്കും. തെക്കേ രാജാവും അതിശക്തമായ ഒരു വൻസൈന്യത്തെ കൂട്ടി യുദ്ധത്തിന് ഒരുങ്ങും. പക്ഷേ, അവർ അവന് എതിരെ കുടിലതന്ത്രങ്ങൾ മനയുന്നതുകൊണ്ട് അവനു പിടിച്ചുനിൽക്കാനാകില്ല.
26 അവന്റെ വിശിഷ്ടവിഭവങ്ങൾ കഴിക്കുന്നവർ അവന്റെ വീഴ്ചയ്ക്കു കളമൊരുക്കും.
“അവന്റെ സൈന്യത്തെ തുടച്ചുനീക്കും;* ഒരു കൂട്ടക്കൊല നടക്കും.
27 “ഈ രണ്ടു രാജാക്കന്മാരുടെയും ഹൃദയത്തിന്റെ താത്പര്യം മോശമായ കാര്യങ്ങൾ ചെയ്യാനായിരിക്കും. ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് അവർ പരസ്പരം നുണ പറയും. എന്നാൽ, ഒന്നും നടപ്പാകില്ല; കാരണം, നിശ്ചയിച്ച സമയത്ത് മാത്രമേ അവസാനം വരുകയുള്ളൂ.+
28 “ധാരാളം സാധനസാമഗ്രികളുമായി അവൻ സ്വദേശത്തേക്കു മടങ്ങും. അവന്റെ ഹൃദയം വിശുദ്ധയുടമ്പടിക്ക് എതിരായിരിക്കും. ഉദ്ദേശിച്ചതെല്ലാം ഫലപ്രദമായി നടപ്പാക്കി അവൻ സ്വദേശത്തേക്കു തിരികെപ്പോകും.
29 “നിശ്ചയിക്കപ്പെട്ട സമയത്ത് മടങ്ങിവരുന്ന അവൻ തെക്കേ ദേശത്തിന് എതിരെ ചെല്ലും. എന്നാൽ, ഇത്തവണ സ്ഥിതിഗതികൾ മുമ്പത്തെപ്പോലെ ആയിരിക്കില്ല.
30 കാരണം, കിത്തീംകപ്പലുകൾ+ അവന് എതിരെ വരും; അങ്ങനെ, അവന്റെ അഹങ്കാരം ഇല്ലാതാകും.
“അവൻ മടങ്ങിച്ചെന്ന് വിശുദ്ധയുടമ്പടിക്കെതിരെ+ അധിക്ഷേപവാക്കുകൾ ചൊരിയും;* ഉദ്ദേശിച്ചതെല്ലാം അവൻ ഫലപ്രദമായി നടപ്പാക്കും. അവൻ മടങ്ങിച്ചെന്ന് വിശുദ്ധയുടമ്പടി ഉപേക്ഷിക്കുന്നവരുടെ നേരെ ശ്രദ്ധ തിരിക്കും.
31 അവനിൽനിന്ന് പുറപ്പെട്ട കൈകൾ* എഴുന്നേൽക്കും. അവ വിശുദ്ധമന്ദിരവും കോട്ടയും അശുദ്ധമാക്കി+ പതിവുസവിശേഷത* നീക്കം ചെയ്യും.+
“എന്നിട്ട് നാശം വിതയ്ക്കുന്ന മ്ലേച്ഛവസ്തുവിനെ പ്രതിഷ്ഠിക്കും.+
32 “ഉടമ്പടിക്കെതിരെ വഷളത്തം കാണിക്കുന്നവരെ ചക്കരവാക്കു* പറഞ്ഞ് അവൻ വിശ്വാസത്യാഗത്തിലേക്കു നയിക്കും. എന്നാൽ, തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം വിജയിക്കും; ഉദ്ദേശിച്ചതെല്ലാം അവർ ഫലപ്രദമായി നടപ്പാക്കും.
33 ജനത്തിൽ ഉൾക്കാഴ്ചയുള്ളവർ+ അനേകർക്കു ബുദ്ധി പറഞ്ഞുകൊടുക്കും. അവർ പക്ഷേ, വാളാലും തീയാലും അടിമത്തത്താലും കൊള്ളയാലും വീഴും; കുറച്ച് ദിവസത്തേക്ക് ഇതു തുടരും.
34 എന്നാൽ, അവർ വീഴുമ്പോൾ അവർക്കു ചെറിയൊരു സഹായം ലഭിക്കും. ചക്കരവാക്കു പറഞ്ഞ്* പലരും അവരുടെകൂടെ കൂടുകയും ചെയ്യും.
35 ഒരു ശുദ്ധീകരണം നടത്താനും അവസാനകാലംവരെ അഴുക്കു നീക്കി വെൺമയുള്ളതാക്കാനും+ വേണ്ടി ഉൾക്കാഴ്ചയുള്ളവരിൽ ചിലർ വീണുപോകാൻ ഇടയാക്കും; നിശ്ചയിച്ച സമയത്ത് സംഭവിക്കേണ്ടതാണല്ലോ അത്.
36 “രാജാവ് തനിക്കു തോന്നുന്നതെല്ലാം ചെയ്യും. അവൻ സകല ദൈവങ്ങളെക്കാളും തന്നെത്തന്നെ മഹത്ത്വീകരിച്ച് സ്വയം ഉയർത്തും, ദൈവാധിദൈവത്തിന്+ എതിരെ വൻകാര്യങ്ങൾ സംസാരിക്കും. ക്രോധം അവസാനിക്കുന്നതുവരെ അവൻ ചെയ്യുന്നതെല്ലാം സഫലമാകും. കാരണം, നിശ്ചയിച്ചിരിക്കുന്നതു നടക്കണമല്ലോ.
37 തന്റെ പിതാക്കന്മാരുടെ ദൈവത്തെ അവൻ ഒട്ടും വകവെക്കില്ല. സ്ത്രീകളുടെ ആഗ്രഹത്തിനോ മറ്റ് ഏതെങ്കിലും ദൈവത്തിനോ അവൻ ഒരു വിലയും കല്പിക്കില്ല. പകരം, അവൻ തന്നെത്തന്നെ എല്ലാവരെക്കാളും ഉയർത്തും.
38 എന്നാൽ,* കോട്ടകളുടെ ദൈവത്തിന് അവൻ മഹത്ത്വം നൽകും. അവന്റെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത ദൈവത്തെ സ്വർണവും വെള്ളിയും അമൂല്യരത്നങ്ങളും മനോഹരവസ്തുക്കളും* കൊണ്ട് അവൻ മഹത്ത്വപ്പെടുത്തും.
39 അവൻ ഒരു അന്യദൈവത്തിന്റെ കൂട്ടു പിടിച്ച്* ഏറ്റവും കെട്ടുറപ്പുള്ള സങ്കേതങ്ങൾക്കെതിരെ തന്റെ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കും. തന്നെ* അംഗീകരിക്കുന്നവരെ അവൻ വലിയ മഹത്ത്വം അണിയിക്കും. അനേകരെ ഭരിക്കാൻ അവൻ അവർക്ക് അവസരം ഒരുക്കും. അവൻ നിലം വിലയ്ക്കു വീതിച്ചുകൊടുക്കും.
40 “അവസാനകാലത്ത് തെക്കേ രാജാവ് അവനോട് ഏറ്റുമുട്ടും.* അവന് എതിരെ വടക്കേ രാജാവ് രഥങ്ങളും കുതിരപ്പടയാളികളും അനേകം കപ്പലുകളും ആയി കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കും. അവൻ ദേശങ്ങളിൽ കടന്ന് പ്രളയജലംപോലെ തകർത്തുവാരി മുന്നേറും.
41 അലങ്കാരദേശത്തും* അവൻ പ്രവേശിക്കും;+ അനേകം ദേശങ്ങൾ വീണുപോകും. എന്നാൽ, അവന്റെ കൈകളിൽനിന്ന് ഏദോമും മോവാബും അമ്മോന്യരുടെ പ്രധാനഭാഗവും രക്ഷപ്പെടും.
42 വീണ്ടുംവീണ്ടും അവൻ ദേശങ്ങൾക്കു നേരെ കൈ ഓങ്ങും; ഈജിപ്ത് ദേശവും രക്ഷപ്പെടില്ല.
43 ഈജിപ്തിലെ സകല മനോഹരവസ്തുക്കളും* സ്വർണത്തിന്റെയും വെള്ളിയുടെയും മറഞ്ഞിരിക്കുന്ന നിധികളും അവന്റെ ഭരണത്തിൻകീഴിലാകും. ലിബിയക്കാരും എത്യോപ്യക്കാരും അവനെ അനുഗമിക്കും.*
44 “എന്നാൽ, കിഴക്കുനിന്നും* വടക്കുനിന്നും ഉള്ള വാർത്തകൾ അവനെ അസ്വസ്ഥനാക്കും. അപ്പോൾ അവൻ, സമ്പൂർണനാശം വിതയ്ക്കാനും അനേകരെ കൊന്നുമുടിക്കാനും മഹാക്രോധത്തോടെ ഇറങ്ങിത്തിരിക്കും.
45 മഹാസമുദ്രത്തിനും അലങ്കാരമായ* വിശുദ്ധപർവതത്തിനും ഇടയിൽ അവൻ തന്റെ രാജകീയകൂടാരങ്ങൾ* സ്ഥാപിക്കും.+ ഒടുവിൽ അവൻ അന്തരിക്കും, അവനെ സഹായിക്കാൻ ആരുമുണ്ടാകില്ല.
അടിക്കുറിപ്പുകള്
^ അഥവാ “അദ്ദേഹത്തിന് ഒരു കോട്ടയായിരിക്കാനും.”
^ അഥവാ “ഉദിക്കും.”
^ അഥവാ “സന്ധി ചെയ്യും.”
^ അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകൾ.”
^ അഥവാ “വിലപിടിപ്പുള്ള.”
^ അഥവാ “കവർച്ചക്കാരെ.”
^ അഥവാ “സൈന്യങ്ങൾക്കോ.”
^ അഥവാ “മനോഹരദേശത്ത്.”
^ അഥവാ “സന്ധി ചെയ്യും.”
^ സാധ്യതയനുസരിച്ച്, നികുതി “പിടിച്ചുവാങ്ങുന്ന.” അഥവാ “കഠിനവേല ചെയ്യിക്കുന്ന.”
^ അഥവാ “വീക്ഷിക്കേണ്ട.”
^ മറ്റൊരു സാധ്യത “മുന്നറിയിപ്പു കൂടാതെ.”
^ അഥവാ “സൈന്യങ്ങൾ.”
^ മറ്റൊരു സാധ്യത “മുന്നറിയിപ്പു കൂടാതെ.”
^ അക്ഷ. “ഹൃദയവും.”
^ അഥവാ “ഒഴുക്കിക്കൊണ്ടുപോകും.”
^ അഥവാ “തന്റെ ക്രോധം തിരിച്ചുവിടും.”
^ അഥവാ “സൈന്യങ്ങൾ.”
^ അഥവാ “നിരന്തരബലി.”
^ അഥവാ “മുഖസ്തുതി; പൊള്ളത്തരം.”
^ അഥവാ “മുഖസ്തുതിയാൽ; പൊള്ളത്തരത്താൽ.”
^ അഥവാ “വിലയേറിയ വസ്തുക്കളും.”
^ അഥവാ “എന്നാൽ, തന്റെ സ്ഥാനത്തിരുന്ന്.”
^ അഥവാ “സഹായത്തോടെ.”
^ മറ്റൊരു സാധ്യത “താൻ.”
^ അഥവാ “അവനുമായി കൊമ്പു കോർക്കും.”
^ അഥവാ “മനോഹരദേശത്തും.”
^ അഥവാ “വിലയേറിയ വസ്തുക്കളും.”
^ അഥവാ “അവന്റെ കാൽക്കലായിരിക്കും.”
^ അഥവാ “സൂര്യോദയദിശയിൽനിന്നും.”
^ അഥവാ “മനോഹരമായ.”
^ അഥവാ “കൊട്ടാരസദൃശമായ കൂടാരങ്ങൾ.”