എഫെസൊസിലുള്ളവർക്ക് എഴുതിയ കത്ത് 6:1-24
6 മക്കളേ, കർത്താവ് ആഗ്രഹിക്കുന്നതുപോലെ നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക.+ കാരണം അതു ന്യായമാണ്.
2 “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക”+ എന്നത് ഒരു വാഗ്ദാനം സഹിതം തന്ന ആദ്യകല്പനയാണ്. ആ വാഗ്ദാനം ഇതാണ്:
3 “എങ്കിൽ നിനക്കു നന്മ വരുകയും* നീ ഭൂമിയിൽ ദീർഘായുസ്സോടിരിക്കുകയും ചെയ്യും.”
4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ+ യഹോവയുടെ* ശിക്ഷണത്തിലും+ ഉപദേശത്തിലും*+ വളർത്തിക്കൊണ്ടുവരുക.
5 അടിമകളേ, നിങ്ങളുടെ യജമാനന്മാരെ* ക്രിസ്തുവിനെ എന്നപോലെ ഭയത്തോടെയും വിറയലോടെയും ആത്മാർഥഹൃദയത്തോടെയും അനുസരിക്കുക.+
6 എന്നാൽ അങ്ങനെ ചെയ്യുന്നതു മനുഷ്യരുടെ പ്രീതി പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തിൽ, അവർ നോക്കിക്കൊണ്ടിരിക്കുമ്പോൾ മാത്രമായിരിക്കരുത്.*+ ദൈവത്തിന്റെ ഇഷ്ടം മുഴുദേഹിയോടെ*+ ചെയ്യുന്ന ക്രിസ്തുവിന്റെ അടിമകളായി വേണം നിങ്ങൾ അനുസരിക്കാൻ.
7 മനുഷ്യർക്ക് എന്നപോലെയല്ല, യഹോവയ്ക്ക്* എന്നപോലെ+ നല്ല മനോഭാവത്തോടെ പണി ചെയ്യുന്ന അടിമകളായിരിക്കുക.
8 കാരണം അടിമയായാലും സ്വതന്ത്രനായാലും, ഓരോരുത്തരും ചെയ്യുന്ന നല്ല കാര്യങ്ങൾക്കുള്ള പ്രതിഫലം യഹോവയിൽനിന്ന്* കിട്ടുമെന്നു+ നിങ്ങൾക്ക് അറിയാമല്ലോ.
9 അതുപോലെ യജമാനന്മാരേ, നിങ്ങളും നിങ്ങളുടെ അടിമകളോട് അതേ മനോഭാവത്തോടെ പെരുമാറുക. അവരെ ഭീഷണിപ്പെടുത്തരുത്. കാരണം അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗത്തിലുണ്ടെന്നും+ ആ യജമാനൻ പക്ഷപാതം കാണിക്കുന്നവനല്ലെന്നും അറിയാമല്ലോ.
10 അവസാനമായി ഞാൻ പറയട്ടെ: കർത്താവിന്റെ മഹാബലത്താൽ+ കർത്താവിൽനിന്ന് ശക്തിയാർജിച്ചുകൊണ്ടിരിക്കുക.
11 പിശാചിന്റെ കുടിലതന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിനു ദൈവത്തിൽനിന്നുള്ള സമ്പൂർണപടക്കോപ്പു ധരിക്കുക.+
12 കാരണം നമ്മുടെ പോരാട്ടം*+ മാംസത്തോടും രക്തത്തോടും അല്ല, ഗവൺമെന്റുകളോടും അധികാരങ്ങളോടും ഈ അന്ധകാരലോകത്തിന്റെ ചക്രവർത്തിമാരോടും സ്വർഗീയസ്ഥലങ്ങളിലെ ദുഷ്ടാത്മസേനകളോടും ആണ്.+
13 അതുകൊണ്ട് ദൈവത്തിൽനിന്നുള്ള സമ്പൂർണപടക്കോപ്പ് എടുക്കുക.+ അപ്പോൾ, ദുർദിവസത്തിൽ ചെറുത്തുനിൽക്കാനും ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ട് ഉറച്ചുനിൽക്കാനും നിങ്ങൾക്കു കഴിയും.
14 അതുകൊണ്ട് സത്യം അരയ്ക്കു കെട്ടി+ നീതി എന്ന കവചം മാറിൽ ധരിച്ച്+
15 സമാധാനത്തിന്റെ സന്തോഷവാർത്ത അറിയിക്കാനുള്ള ഒരുക്കം ചെരിപ്പായി അണിഞ്ഞ്+ ഉറച്ചുനിൽക്കുക.
16 ഇതിനെല്ലാം പുറമേ ദുഷ്ടന്റെ തീയമ്പുകളെ മുഴുവൻ+ കെടുത്തിക്കളയാൻ സഹായിക്കുന്ന വിശ്വാസം എന്ന വലിയ പരിചയും+ പിടിക്കണം.
17 രക്ഷ എന്ന പടത്തൊപ്പി അണിഞ്ഞ്+ ദൈവവചനം എന്ന ദൈവാത്മാവിന്റെ വാളും എടുക്കുക.+
18 ഏതു സാഹചര്യത്തിലും എല്ലാ തരം പ്രാർഥനകളോടും+ ഉള്ളുരുകിയുള്ള അപേക്ഷകളോടും കൂടെ ദൈവാത്മാവിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയും വേണം.+ ആ ലക്ഷ്യത്തിൽ ഉണർന്നിരുന്ന് എല്ലാ വിശുദ്ധർക്കുംവേണ്ടി എപ്പോഴും ഉള്ളുരുകി പ്രാർഥിക്കുക.
19 ഞാൻ വായ് തുറക്കുമ്പോൾ, സന്തോഷവാർത്തയുടെ പാവനരഹസ്യം പേടി കൂടാതെ അറിയിക്കാൻ എനിക്കു വാക്കുകൾ കിട്ടേണ്ടതിന് എനിക്കുവേണ്ടിയും പ്രാർഥിക്കുക.+
20 ആ സന്തോഷവാർത്തയുടെ സ്ഥാനപതിയായി+ ചങ്ങലയിൽ കഴിയുന്ന ഞാൻ ധീരതയോടെ അതിനെക്കുറിച്ച് സംസാരിക്കേണ്ടതാണല്ലോ. അതുകൊണ്ട് നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കണം.
21 ഞാൻ എങ്ങനെയിരിക്കുന്നെന്നും എന്തു ചെയ്യുന്നെന്നും നിങ്ങളെ അറിയിക്കാൻ, പ്രിയപ്പെട്ട സഹോദരനും കർത്താവിന്റെ വേലയിൽ വിശ്വസ്തശുശ്രൂഷകനും ആയ തിഹിക്കൊസ്+ അവിടേക്കു വരുന്നുണ്ട്. കാര്യങ്ങളെല്ലാം തിഹിക്കൊസ് നിങ്ങളെ അറിയിക്കും.+
22 ഞങ്ങളുടെ വിശേഷങ്ങൾ നിങ്ങളെ അറിയിക്കാനും നിങ്ങളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാനും വേണ്ടിയാണു ഞാൻ തിഹിക്കൊസിനെ അവിടേക്ക് അയയ്ക്കുന്നത്.
23 പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും സഹോദരങ്ങൾക്കു സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും ഉണ്ടായിരിക്കട്ടെ.
24 അനശ്വരസ്നേഹത്തോടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ സ്നേഹിക്കുന്ന എല്ലാവർക്കും അനർഹദയ ലഭിക്കട്ടെ.
അടിക്കുറിപ്പുകള്
^ അഥവാ “അഭിവൃദ്ധി ഉണ്ടാകുകയും.”
^ അഥവാ “ഗുണദോഷത്തിലും; മാർഗനിർദേശത്തിലും.” അക്ഷ. “യഹോവയുടെ മനസ്സ് ഉള്ളിൽ വെച്ചുകൊടുത്തും.”
^ അഥവാ “മനുഷ്യയജമാനന്മാരെ.”
^ അക്ഷ. “മനുഷ്യരെ പ്രീണിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവ ചെയ്തുകൊണ്ടായിരിക്കരുത്.”
^ അക്ഷ. “നമ്മുടെ മല്പിടിത്തം.”