ഇയ്യോബ് 34:1-37
34 എലീഹു തുടർന്നു:
2 “ബുദ്ധിമാന്മാരേ, എന്റെ വാക്കു കേൾക്കൂ;അറിവുള്ളവരേ, ഞാൻ പറയുന്നതു ശ്രദ്ധിക്കൂ.
3 നാവ്* ഭക്ഷണം രുചിച്ചുനോക്കുന്നതുപോലെചെവി വാക്കുകളെ പരിശോധിച്ചുനോക്കുന്നു.
4 ശരി എന്താണെന്നു നമുക്കുതന്നെ ഒന്നു വിലയിരുത്തിനോക്കാം;നല്ലത് എന്താണെന്നു നമുക്കു തീരുമാനിക്കാം.
5 ഇയ്യോബ് ഇങ്ങനെ പറഞ്ഞല്ലോ: ‘എന്റെ ഭാഗം ശരിയാണ്,+പക്ഷേ ദൈവം എനിക്കു നീതി നിഷേധിച്ചു.+
6 അനുകൂലമായ വിധി ലഭിക്കാനുള്ള യോഗ്യത എനിക്കില്ലെന്നു ഞാൻ നുണ പറയുമോ?
ഞാൻ ലംഘനമൊന്നും ചെയ്തിട്ടില്ലെങ്കിലും എന്റെ മുറിവ് ഉണങ്ങുന്നില്ല.’+
7 ഇയ്യോബിനെപ്പോലെ മറ്റാരുണ്ട്?ഇയ്യോബ് പരിഹാസം വെള്ളംപോലെ കുടിക്കുന്നു.
8 തെറ്റുകൾ ചെയ്യുന്നവരുടെകൂടെയാണ് ഇയ്യോബ്;ദുഷ്ടന്മാരുമായാണ് ഇയ്യോബിന്റെ ചങ്ങാത്തം.+
9 ‘ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നതുകൊണ്ട്മനുഷ്യന് ഒരു ഗുണവുമില്ല’ എന്ന് ഇയ്യോബ് പറഞ്ഞല്ലോ.+
10 അതുകൊണ്ട് വിവേകികളേ,* ഞാൻ പറയുന്നതു ശ്രദ്ധിക്കൂ:ദുഷ്ടത പ്രവർത്തിക്കുന്നതിനെക്കുറിച്ച് സത്യദൈവത്തിനു ചിന്തിക്കാനേ കഴിയില്ല;+
തെറ്റു ചെയ്യുന്നതിനെക്കുറിച്ച് സർവശക്തന് ആലോചിക്കാൻപോലും പറ്റില്ല.+
11 ദൈവം മനുഷ്യന്റെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം കൊടുക്കും;+അവന്റെ വഴികളുടെ ഭവിഷ്യത്തുകൾ അവന്റെ മേൽ വരുത്തും.
12 ദൈവം ദുഷ്ടത പ്രവർത്തിക്കില്ലെന്ന് ഉറപ്പാണ്;+സർവശക്തൻ നീതി നിഷേധിക്കില്ലെന്നു+ തീർച്ചയാണ്.
13 ആരാണു ദൈവത്തെ ഭൂമിയുടെ ചുമതല ഏൽപ്പിച്ചത്?ആരാണു ദൈവത്തെ ലോകത്തിനു മുഴുവൻ അധിപതിയാക്കിയത്?
14 ദൈവം അവരെത്തന്നെ നോക്കിക്കൊണ്ടിരുന്നാൽ,*അവരുടെയെല്ലാം ജീവശക്തിയും* ശ്വാസവും തിരിച്ചെടുത്താൽ,+
15 മനുഷ്യരെല്ലാം ഒരുമിച്ച് നശിച്ചൊടുങ്ങും,മനുഷ്യവർഗം പൊടിയിലേക്കു തിരിച്ചുപോകും.+
16 നിങ്ങൾക്കു വിവേകമുണ്ടെങ്കിൽ ഇതു ശ്രദ്ധിക്കുക;ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക.
17 നീതിയെ വെറുക്കുന്നവനു ഭരിക്കാൻ കഴിയുമോ?നീതിമാനായ ഒരു അധികാരിയെ ഇയ്യോബ് കുറ്റപ്പെടുത്തുമോ?
18 ‘അങ്ങയെക്കൊണ്ട് ഒരു ഗുണവുമില്ല’ എന്ന് ഒരു രാജാവിനോടോ
‘നിങ്ങൾ ദുഷ്ടന്മാരാണ്’ എന്നു പ്രധാനികളോടോ പറയുമോ?+
19 ദൈവം പ്രഭുക്കന്മാരോടു പക്ഷപാതം കാണിക്കുകയോപാവപ്പെട്ടവരെക്കാൾ പണക്കാരനോടു* പ്രീതി കാട്ടുകയോ ഇല്ല.+കാരണം, ദൈവത്തിന്റെ കൈകളാണ് അവരെയെല്ലാം സൃഷ്ടിച്ചത്.+
20 പാതിരാത്രിയിൽ അവർ പെട്ടെന്നു മരിച്ചുപോകുന്നു;+അവർ കിടുകിടെ വിറച്ച് ഇല്ലാതെയാകുന്നു;ശക്തരായവർപോലും നീങ്ങിപ്പോകുന്നു, എന്നാൽ മനുഷ്യകരങ്ങൾകൊണ്ടല്ലതാനും.+
21 ദൈവത്തിന്റെ കണ്ണു മനുഷ്യന്റെ വഴികളെല്ലാം നിരീക്ഷിക്കുന്നു;+ദൈവം അവന്റെ ഓരോ കാൽവെപ്പും കാണുന്നു.
22 തെറ്റു ചെയ്യുന്നവർക്കു മറഞ്ഞിരിക്കാൻകൂരിരുട്ടോ അന്ധകാരമോ ഒരിടത്തുമില്ല.+
23 തന്റെ മുമ്പാകെ ന്യായവിധിക്കായി വരാൻദൈവം ഒരു മനുഷ്യനും സമയം നിശ്ചയിച്ചിട്ടില്ല.
24 ദൈവം ശക്തരെ തകർത്തുകളയുന്നു,ദൈവത്തിന് അവരെക്കുറിച്ച് അന്വേഷിക്കേണ്ട ആവശ്യംപോലുമില്ല.
ദൈവം അവർക്കു പകരം മറ്റുള്ളവരെ നിയമിക്കുന്നു.+
25 കാരണം, ശക്തർ ചെയ്യുന്നത് എന്താണെന്നു ദൈവത്തിന് അറിയാം;+ദൈവം രാത്രിയിൽ അവരെ താഴെ ഇറക്കുന്നു, അവർ ഇല്ലാതാകുന്നു.+
26 അവർ ദുഷ്ടത ചെയ്തതുകൊണ്ട്എല്ലാവരും കാൺകെ ദൈവം അവരെ അടിക്കുന്നു.+
27 കാരണം, അവർ ദൈവത്തിന്റെ വഴികൾ വിട്ടുമാറിയിരിക്കുന്നു;+ദൈവത്തിന്റെ വഴികളോടൊന്നും അവർക്ക് ആദരവില്ല.+
28 അവർ നിമിത്തം ദരിദ്രർ ദൈവത്തെ വിളിച്ച് കരയുന്നു;അങ്ങനെ, നിസ്സഹായരുടെ നിലവിളി ദൈവത്തിന്റെ ചെവിയിൽ എത്തുന്നു.+
29 ദൈവം മിണ്ടാതിരുന്നാൽ ആർക്കു കുറ്റപ്പെടുത്താനാകും?
ദൈവം മുഖം മറച്ചാൽ ആർക്കു ദൈവത്തെ കാണാനാകും?
ഒരു മനുഷ്യനോടാണെങ്കിലും ജനതയോടാണെങ്കിലും ദൈവം അങ്ങനെ ചെയ്താൽ ഫലം ഒന്നുതന്നെ;
30 ദുഷ്ടൻ* ഭരിക്കാനോ ആളുകളെ കുടുക്കിലാക്കാനോദൈവം അനുവദിക്കില്ല.+
31 ആരെങ്കിലും ദൈവത്തോട് ഇങ്ങനെ പറയുമോ:‘എനിക്കു ശിക്ഷ ലഭിച്ചു, പക്ഷേ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല;+
32 ഞാൻ ശ്രദ്ധിക്കാതെപോയ എന്തെങ്കിലുമുണ്ടെങ്കിൽ എനിക്കു പറഞ്ഞുതരൂ;ഞാൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഇനി അത് ആവർത്തിക്കില്ല.’
33 ഇയ്യോബ് ദൈവത്തിന്റെ ന്യായവിധികൾ സ്വീകരിക്കാതിരിക്കുമ്പോൾ
ഇയ്യോബ് പറയുന്നതനുസരിച്ച് ദൈവം പ്രതിഫലം തരണോ?
ഞാനല്ല, ഇയ്യോബാണു തീരുമാനിക്കേണ്ടത്.
അതുകൊണ്ട് ഇയ്യോബിന് അറിയാവുന്നത് എന്നോടു പറയുക.
34 വിവേകമുള്ള* മനുഷ്യരും, എന്റെ വാക്കുകൾ കേൾക്കുന്ന ബുദ്ധിമാന്മാരുംഎന്നോട് ഇങ്ങനെ പറയും:
35 ‘ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു;+ഉൾക്കാഴ്ചയില്ലാതെ വർത്തമാനം പറയുന്നു.’
36 ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ സംസാരിക്കുന്നതുകൊണ്ട്ഇയ്യോബിനെ* പരമാവധി പരീക്ഷിച്ചാലും!
37 പാപം ചെയ്തതിനു പുറമേ ഇയ്യോബ് ഇതാ ധിക്കാരവും കാട്ടുന്നു;+ഇയ്യോബ് നമ്മുടെ മുന്നിൽ പരിഹസിച്ച് കൈ കൊട്ടുന്നു;സത്യദൈവത്തിന് എതിരെ വീണ്ടുംവീണ്ടും സംസാരിക്കുന്നു!”+
അടിക്കുറിപ്പുകള്
^ അക്ഷ. “അണ്ണാക്ക്.”
^ അക്ഷ. “ഹൃദയമുള്ളവരേ.”
^ അക്ഷ. “അവരുടെ മേൽ തന്റെ ഹൃദയം വെച്ചാൽ.”
^ അഥവാ “ആത്മാവും.”
^ അഥവാ “സാധുക്കളെക്കാൾ പ്രധാനികളോട്.”
^ അഥവാ “വിശ്വാസത്യാഗി.”
^ അക്ഷ. “ഹൃദയമുള്ള.”
^ മറ്റൊരു സാധ്യത “എന്റെ പിതാവേ, ഇയ്യോബിനെ.”