ഇയ്യോബ് 1:1-22
1 ഊസ് ദേശത്ത് ഇയ്യോബ്*+ എന്നു പേരുള്ള ദൈവഭക്തനായ* ഒരാളുണ്ടായിരുന്നു. നേരുള്ളവനും നിഷ്‌കളങ്കനും*+ ആയിരുന്നു ഇയ്യോബ്. തെറ്റായ കാര്യങ്ങളൊന്നും ഇയ്യോബ് ചെയ്യില്ലായിരുന്നു.+
2 ഇയ്യോബിന് ഏഴ് ആൺമക്കളും മൂന്നു പെൺമക്കളും ജനിച്ചു.
3 7,000 ചെമ്മരിയാടുകളും 3,000 ഒട്ടകങ്ങളും 1,000* കന്നുകാലികളും 500 കഴുതകളും ഇയ്യോബിനുണ്ടായിരുന്നു. വലിയൊരു കൂട്ടം ദാസന്മാരുമുണ്ടായിരുന്നു. അങ്ങനെ, പൗരസ്ത്യദേശത്തെ സകലരിലുംവെച്ച് ഇയ്യോബ് മഹാനായിത്തീർന്നു.
4 ഇയ്യോബിന്റെ ആൺമക്കൾ ഓരോരുത്തരും ഊഴമനുസരിച്ച് അവരവരുടെ വീട്ടിൽവെച്ച് വിരുന്നു നടത്തുന്ന ഒരു പതിവുണ്ടായിരുന്നു; അവരോടൊപ്പം ഭക്ഷണം കഴിക്കാൻ അവരുടെ മൂന്നു സഹോദരിമാരെയും അവർ ക്ഷണിക്കുമായിരുന്നു.
5 എല്ലാവരും ഒരു വട്ടം വിരുന്നു നടത്തിക്കഴിയുമ്പോൾ അവരെ വിശുദ്ധീകരിക്കാൻവേണ്ടി ഇയ്യോബ് അവരെ വിളിച്ചുകൂട്ടും. എന്നിട്ട് അതിരാവിലെ എഴുന്നേറ്റ്, “എന്റെ പുത്രന്മാർ പാപം ചെയ്‌ത് ദൈവത്തെ മനസ്സുകൊണ്ട് ശപിച്ചിട്ടുണ്ടെങ്കിലോ” എന്നു പറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി ദഹനബലി+ അർപ്പിക്കും. ഇയ്യോബ് പതിവായി ഇങ്ങനെ ചെയ്യുമായിരുന്നു.+
6 അങ്ങനെയിരിക്കെ സത്യദൈവത്തിന്റെ പുത്രന്മാർ*+ യഹോവയുടെ സന്നിധിയിൽ+ ചെന്നുനിൽക്കുന്ന ദിവസം വന്നെത്തി. അവരോടൊപ്പം സാത്താനും+ അവിടെ പ്രവേശിച്ചു.+
7 യഹോവ സാത്താനോട്, “നീ എവിടെനിന്നാണു വരുന്നത്” എന്നു ചോദിച്ചു. “ഭൂമി മുഴുവൻ ചുറ്റിനടന്ന്+ എല്ലാം ഒന്നു നോക്കിയിട്ടു വരുകയാണ്” എന്നു സാത്താൻ യഹോവയോടു പറഞ്ഞു.
8 അപ്പോൾ യഹോവ സാത്താനോടു ചോദിച്ചു: “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ മറ്റാരും ഭൂമിയിലില്ല. അവൻ ദൈവഭക്തനും നേരുള്ളവനും നിഷ്‌കളങ്കനും*+ ആണ്, തെറ്റായ കാര്യങ്ങളൊന്നും അവൻ ചെയ്യാറില്ല.”
9 മറുപടിയായി സാത്താൻ യഹോവയോടു പറഞ്ഞു: “വെറുതേയാണോ ഇയ്യോബ് ദൈവത്തോട് ഇത്ര ഭയഭക്തി കാട്ടുന്നത്?+
10 അവനും അവന്റെ വീടിനും അവനുള്ള എല്ലാത്തിനും ചുറ്റും അങ്ങ് ഒരു വേലി കെട്ടിയിരിക്കുകയല്ലേ?+ അവന്റെ അധ്വാനത്തെ അങ്ങ് അനുഗ്രഹിച്ചിരിക്കുന്നു;+ നാടു മുഴുവൻ അവന്റെ മൃഗങ്ങളാണ്.
11 എന്നാൽ കൈ നീട്ടി അവനുള്ളതെല്ലാം ഒന്നു തൊട്ടുനോക്ക്. അപ്പോൾ അറിയാം എന്തു സംഭവിക്കുമെന്ന്. അവൻ അങ്ങയെ മുഖത്ത് നോക്കി ശപിക്കും!”
12 അപ്പോൾ യഹോവ സാത്താനോടു പറഞ്ഞു: “ഞാൻ ഇതാ, അവനുള്ളതെല്ലാം നിന്റെ കൈയിൽ* തരുന്നു. പക്ഷേ അവന്റെ ദേഹത്ത് തൊടരുത്!” അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പോയി.+
13 ഒരു ദിവസം ഇയ്യോബിന്റെ മക്കളെല്ലാംകൂടെ അവരുടെ മൂത്ത സഹോദരന്റെ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയും വീഞ്ഞു കുടിക്കുകയും ആയിരുന്നു.+
14 അപ്പോൾ ഒരാൾ ഇയ്യോബിന്റെ അടുത്ത് വന്ന് ഈ സന്ദേശം അറിയിച്ചു: “അങ്ങയുടെ കാളകൾ നിലം ഉഴുകയും കഴുതകൾ അവയുടെ അരികിൽ മേയുകയും ആയിരുന്നു.
15 പെട്ടെന്ന് സെബായർ വന്ന് അവയെയെല്ലാം പിടിച്ചുകൊണ്ടുപോയി. ദാസന്മാരെ അവർ വാളുകൊണ്ട് വെട്ടിക്കൊന്നു. ഇക്കാര്യം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രമേ രക്ഷപ്പെട്ടുള്ളൂ.”
16 അയാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ വേറൊരാൾ വന്ന് ഇങ്ങനെ പറഞ്ഞു: “ദൈവത്തിൽനിന്നുള്ള തീ* ആകാശത്തുനിന്ന് ഇറങ്ങിവന്ന് കത്തിപ്പടർന്നു; അത് ആടുകളെയും ദാസന്മാരെയും ദഹിപ്പിച്ചുകളഞ്ഞു. ഇക്കാര്യം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രമേ രക്ഷപ്പെട്ടുള്ളൂ.”
17 അയാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ വേറൊരാൾ വന്ന് ഇങ്ങനെ പറഞ്ഞു: “കൽദയർ+ മൂന്നു സംഘമായി വന്ന് ഒട്ടകങ്ങളെയെല്ലാം പിടിച്ചുകൊണ്ടുപോയി. ദാസന്മാരെ അവർ വാളുകൊണ്ട് വെട്ടിക്കൊന്നു. ഇക്കാര്യം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രമേ രക്ഷപ്പെട്ടുള്ളൂ.”
18 അയാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ വേറൊരാൾ വന്ന് ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ മക്കളെല്ലാംകൂടെ അവരുടെ മൂത്ത സഹോദരന്റെ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയും വീഞ്ഞു കുടിക്കുകയും ആയിരുന്നു.
19 പെട്ടെന്നു മരുഭൂമിയിൽനിന്ന്* ഒരു കൊടുങ്കാറ്റു വീടിനു ചുറ്റും വീശിയടിച്ചു. വീടു തകർന്നുവീണ് അങ്ങയുടെ മക്കളെല്ലാം മരിച്ചുപോയി. ഇക്കാര്യം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രമേ രക്ഷപ്പെട്ടുള്ളൂ.”
20 അതു കേട്ടപ്പോൾ ഇയ്യോബ് തന്റെ വസ്‌ത്രം കീറി, മുടി മുറിച്ചുകളഞ്ഞു. നിലംവരെ കുമ്പിട്ട്
21 ഇയ്യോബ് ഇങ്ങനെ പറഞ്ഞു:
“നഗ്നനായി ഞാൻ അമ്മയുടെ ഉദരത്തിൽനിന്ന് വന്നു,നഗ്നനായിത്തന്നെ ഞാൻ മടങ്ങിപ്പോകും.+
യഹോവ തന്നു,+ യഹോവ എടുത്തു,
യഹോവയുടെ പേര് സ്തുതിക്കപ്പെടട്ടെ.”
22 ഇത്രയൊക്കെ സംഭവിച്ചിട്ടും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ കുറ്റപ്പെടുത്തുകയോ ചെയ്‌തില്ല.
അടിക്കുറിപ്പുകള്‍
^ “ശത്രുതയുടെ ഇര” എന്നായിരിക്കാം അർഥം.
^ അഥവാ “ദൈവഭയമുള്ള.”
^ അഥവാ “ധർമനിഷ്ഠയുള്ളവനും.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അക്ഷ. “500 ജോടി.”
^ ഒരു എബ്രായശൈലി. ദൈവത്തിന്റെ ദൂതപുത്രന്മാരെ കുറിക്കുന്നു.
^ അഥവാ “ധർമനിഷ്ഠയുള്ളവനും.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അഥവാ “നിയന്ത്രണത്തിൽ.”
^ മറ്റൊരു സാധ്യത “ഇടിമിന്നൽ.”