ആവർത്തനം 18:1-22
18 “ലേവ്യപുരോഹിതന്മാർക്കും ലേവിഗോത്രത്തിൽപ്പെട്ട ഒരാൾക്കും ഇസ്രായേലിനോടൊപ്പം ഓഹരിയോ അവകാശമോ ലഭിക്കില്ല. യഹോവയ്ക്ക് അഗ്നിയിൽ അർപ്പിക്കുന്ന യാഗത്തിൽനിന്നാണ് അവർ ഭക്ഷിക്കേണ്ടത്—അതു ലേവിയുടെ അവകാശമാണല്ലോ.+
2 അതുകൊണ്ട് തങ്ങളുടെ സഹോദരന്മാർക്കിടയിൽ അവർക്ക് ഒരു അവകാശവും ഉണ്ടാകരുത്. ദൈവമായ യഹോവ അവരോടു പറഞ്ഞതുപോലെ ദൈവമാണ് അവരുടെ അവകാശം.
3 “ജനത്തിൽനിന്ന് പുരോഹിതന്മാർക്കു ലഭിക്കേണ്ട ഓഹരി ഇതാണ്: കാളയെയോ ആടിനെയോ ബലി അർപ്പിക്കുന്നവരെല്ലാം അതിന്റെ കൈക്കുറക്, കവിളുകൾ, ആമാശയം എന്നിവ പുരോഹിതനു കൊടുക്കണം.
4 നിങ്ങളുടെ ധാന്യം, പുതുവീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലവും നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ ആദ്യം കത്രിക്കുന്ന രോമവും നിങ്ങൾ പുരോഹിതനു കൊടുക്കണം.+
5 യഹോവയുടെ നാമത്തിൽ എന്നും ശുശ്രൂഷ ചെയ്യാനായി ലേവിയെയും ആൺമക്കളെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ എല്ലാ ഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്തിരിക്കുന്നു.+
6 “ഇസ്രായേലിലെ ഏതെങ്കിലുമൊരു നഗരത്തിൽ താമസിക്കുന്ന ഒരു ലേവ്യൻ+ അവിടം വിട്ട് യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു* പോകാൻ ആഗ്രഹിച്ചാൽ+
7 യഹോവയുടെ മുമ്പാകെ സേവിക്കുന്ന, ലേവ്യരായ എല്ലാ സഹോദരന്മാരെയുംപോലെ ആ ലേവ്യനും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവിടെ ശുശ്രൂഷ ചെയ്യാം.+
8 അവരോടൊപ്പം അയാൾക്കും ഭക്ഷണത്തിൽ തുല്യപങ്കു ലഭിക്കും.+ അയാളുടെ പിതൃസ്വത്തു വിറ്റപ്പോൾ കിട്ടിയ പണത്തിനു പുറമേയായിരിക്കും ഇത്.
9 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് പ്രവേശിക്കുമ്പോൾ നീ അവിടത്തെ ജനതകളുടെ മ്ലേച്ഛമായ രീതികൾ പഠിച്ച് അവ അനുകരിക്കരുത്.+
10 മകനെയോ മകളെയോ തീയിൽ ദഹിപ്പിക്കുന്നവൻ,*+ ഭാവിഫലം പറയുന്നവൻ,+ മന്ത്രവാദി,+ ശകുനം നോക്കുന്നവൻ,+ ആഭിചാരകൻ,*+
11 മന്ത്രവിദ്യയാൽ ആളുകളെ ദ്രോഹിക്കുന്നവൻ, ആത്മാക്കളുടെ ഉപദേശം തേടുന്നവന്റെയോ*+ ഭാവി പറയുന്നവന്റെയോ+ സഹായം തേടുന്നവൻ, മരിച്ചവരോട് ഉപദേശം തേടുന്നവൻ+ എന്നിങ്ങനെയുള്ളവർ നിങ്ങൾക്കിടയിൽ കാണരുത്.
12 ഇക്കാര്യങ്ങൾ ചെയ്യുന്നവരെ യഹോവയ്ക്ക് അറപ്പാണ്. ഇത്തരത്തിലുള്ള മ്ലേച്ഛമായ രീതികൾ കാരണമാണു നിന്റെ ദൈവമായ യഹോവ ആ ജനതകളെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയുന്നത്.
13 നീ നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിഷ്കളങ്കനായിരിക്കണം.+
14 “നീ ഓടിച്ചുകളയുന്ന ഈ ജനതകൾ മന്ത്രവാദികളെയും+ ഭാവിഫലം പറയുന്നവരെയും+ അനുസരിച്ച് നടക്കുക പതിവായിരുന്നു. എന്നാൽ അത്തരത്തിലുള്ളതൊന്നും ചെയ്യാൻ നിന്നെ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.
15 നിന്റെ ദൈവമായ യഹോവ നിന്റെ സഹോദരന്മാർക്കിടയിൽനിന്ന് എന്നെപ്പോലുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി എഴുന്നേൽപ്പിക്കും. ആ പ്രവാചകൻ പറയുന്നതു നീ കേൾക്കണം.+
16 ഹോരേബിൽ സമ്മേളിച്ച ദിവസം നീ നിന്റെ ദൈവമായ യഹോവയോട്,+ ‘ഇനിയും എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾക്കാനും ദൈവത്തിന്റെ ഈ മഹാജ്വാല കാണാനും ഇടവരുത്തരുതേ, ഞാൻ മരിച്ചുപോകുമല്ലോ’+ എന്ന് അപേക്ഷിച്ചിരുന്നു. അതിനുള്ള ഉത്തരമാണ് ഇത്.
17 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘അവർ പറഞ്ഞതൊക്കെ ശരിയാണ്.
18 അവർക്കുവേണ്ടി ഞാൻ നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാർക്കിടയിൽനിന്ന് എഴുന്നേൽപ്പിക്കും.+ ഞാൻ എന്റെ വചനങ്ങൾ ആ പ്രവാചകന്റെ നാവിൽ വെക്കും;+ ഞാൻ അവനോടു കല്പിക്കുന്നതെല്ലാം അവൻ അവരെ അറിയിക്കും.+
19 എന്റെ നാമത്തിൽ അവൻ നിങ്ങളോടു പറയുന്ന എന്റെ വചനങ്ങൾ അനുസരിക്കാത്ത മനുഷ്യനോടു ഞാൻ കണക്കു ചോദിക്കുകതന്നെ ചെയ്യും.+
20 “‘ഒരു പ്രവാചകൻ ധിക്കാരത്തോടെ ഞാൻ കല്പിക്കാത്ത ഒരു കാര്യം എന്റെ നാമത്തിൽ നിന്നെ അറിയിക്കുകയോ മറ്റു ദൈവങ്ങളുടെ നാമത്തിൽ നിന്നോടു സംസാരിക്കുകയോ ചെയ്താൽ അയാൾ മരിക്കണം.+
21 എന്നാൽ, “അയാൾ സംസാരിക്കുന്നത് യഹോവ പറഞ്ഞിട്ടില്ലാത്ത കാര്യമാണെന്നു ഞങ്ങൾ എങ്ങനെ അറിയും” എന്നു നീ ഹൃദയത്തിൽ ചോദിച്ചേക്കാം.
22 ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചിട്ട് ആ വാക്കുപോലെ സംഭവിക്കുകയോ അതു സത്യമായിത്തീരുകയോ ചെയ്യുന്നില്ലെങ്കിൽ യഹോവ അക്കാര്യം പറഞ്ഞിട്ടില്ല; അത് ആ പ്രവാചകൻ ധാർഷ്ട്യത്തോടെ സ്വന്തം ഇഷ്ടപ്രകാരം പറഞ്ഞതാണ്. നീ അയാളെ ഭയപ്പെടരുത്.’
അടിക്കുറിപ്പുകള്
^ അതായത്, ആരാധനയ്ക്കുള്ള കേന്ദ്രമായി യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക്.
^ അക്ഷ. “തീയിലൂടെ കടത്തിവിടുന്നവൻ.”