ലോകമെങ്ങും നടക്കുന്ന പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനം
ആഫ്രിക്ക
-
ദേശങ്ങൾ 58
-
ജനസംഖ്യ 110,95,11,431
-
പ്രചാരകർ 15,38,897
-
ബൈബിൾപഠനങ്ങൾ 40,89,110
ബധിരരെ കണ്ടെത്താൻ പ്രാർഥിച്ചു
സിയറ ലിയോണിലെ ക്രിസ്റ്റെൽ സഹോദരി ആംഗ്യഭാഷാ വയലിൽ ആണ് പ്രവർത്തിക്കുന്നത്. വയലിലേക്കു പോകുന്നതിനു മുമ്പ് ആ മിഷനറി ബധിരരായ വ്യക്തികളെ കണ്ടെത്താനുള്ള സഹായത്തിനുവേണ്ടി പ്രാർഥിച്ചു. അന്നു രാവിലെ ഒരു മടക്കസന്ദർശനം നടത്താൻ വേണ്ടി, പതിവായി പോകുന്ന വഴിവിട്ട് മറ്റൊരു വഴിയിലൂടെയാണു സഹോദരി പോയത്. ആ പ്രദേശത്ത് ബധിരരായ ആരെയെങ്കിലും അറിയാമോ എന്ന് അന്വേഷിച്ച സഹോദരിക്ക് അവിടെയുള്ളവർ ഒരു വീടു കാണിച്ചുകൊടുത്തു. ആ വീട്ടിൽ
കണ്ട യുവതി സന്തോഷവാർത്തയോടു നന്നായി പ്രതികരിക്കുകയും ആംഗ്യഭാഷാ മീറ്റിങ്ങുകൾക്കു വരാനുള്ള താത്പര്യം കാണിക്കുകയും ചെയ്തു. പിന്നീട് അയൽക്കാർ, ഇങ്ങനെയുള്ള വേറൊരാളുംകൂടെ ആ പ്രദേശത്ത് ഉണ്ടെന്നും അങ്ങോട്ടു പോകുന്നുണ്ടോ എന്നും ചോദിച്ചു. അവിടെ ചെന്ന സഹോദരി സത്യം അറിയാൻ ആഗ്രഹിക്കുന്ന താഴ്മയുള്ള ഒരു വ്യക്തിയെയാണു കണ്ടത്. ഇതിനു മുമ്പ് ഒന്നിലധികം തവണ ആ പ്രദേശത്ത് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ കണ്ട ആ രണ്ടു ബധിരരായ വ്യക്തികളെ സഹോദരി മുമ്പ് ഒരിക്കലും കണ്ടിട്ടില്ലായിരുന്നു. യഹോവയുടെ സഹായം ഒന്നുകൊണ്ടു മാത്രമാണു സത്യത്തിൽ താത്പര്യമുള്ള ഈ രണ്ടു വ്യക്തികളെ കണ്ടെത്താൻ കഴിഞ്ഞതെന്നു ക്രിസ്റ്റെൽ സഹോദരി ഉറച്ചുവിശ്വസിക്കുന്നു.“ആ പ്രസംഗം എനിക്കുവേണ്ടി ഉള്ളതായിരുന്നു!”
ലൈബീരിയയിൽ താമസിക്കുന്ന ഒരു സഹോദരനാണ് ഇമ്മാനുവേൽ. അദ്ദേഹം വാരാന്തയോഗത്തിനായി വണ്ടിയോടിച്ച് പോകുകയായിരുന്നു. അപ്പോൾ മാന്യമായി വസ്ത്രധാരണം ചെയ്ത ഒരു ചെറുപ്പക്കാരൻ വളരെ വിഷാദിച്ച് വഴിയരികെ നിൽക്കുന്നതു കണ്ടു. അദ്ദേഹത്തിന്റെ ബുദ്ധിമുട്ടു കണ്ട ഇമ്മാനുവേൽ വണ്ടി നിറുത്തി സഹായം എന്തെങ്കിലും വേണോ എന്ന് അന്വേഷിച്ചു. ആ ചെറുപ്പക്കാരന്റെ പേര് മോസസ് എന്നായിരുന്നു. തലേന്നു രാത്രി മോസസിന്റെ പണം മോഷണം പോയെന്നും അതിനാൽ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇമ്മാനുവേൽ സഹോദരൻ മോസസിന് പറയാനുള്ളതെല്ലാം ക്ഷമയോടെ കേട്ടുനിന്നു. അതിനു ശേഷം അനുകമ്പയോടെ ഇങ്ങനെ പറഞ്ഞു: “ദയവായി എന്റെകൂടെ രാജ്യഹാളിലേക്ക് വരൂ.” അവർ രണ്ടു പേരും രാജ്യഹാളിലേക്കു പോയി. അവിടെ കേട്ട കാര്യങ്ങൾ മോസസിനെ ആഴത്തിൽ സ്പർശിച്ചു, അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പൊതുപ്രസംഗം കഴിഞ്ഞ ഉടനെ അദ്ദേഹം സന്തോഷത്തോടെ ഇങ്ങനെ പറഞ്ഞു: “ആ പ്രസംഗം എനിക്കുവേണ്ടി ഉള്ളതായിരുന്നു! നിങ്ങളെപ്പോലെ വേറൊരു കൂട്ടരില്ല.”
മീറ്റിങ്ങ് കഴിഞ്ഞപ്പോൾ മോസസ് ഒരു ബൈബിൾപഠനവും സ്വീകരിച്ചു. ഇപ്പോൾ എല്ലാ മീറ്റിങ്ങുകൾക്കും മുടങ്ങാതെ വരുന്നുമുണ്ട്.‘ഞാൻ ഒരു ക്രിസ്ത്യാനിയാണ്’
ഗിനി-ബിസോയിലെ 15 വയസ്സുള്ള ഒരു വിദ്യാർഥിനിയാണ് അമിനേറ്റ. അവൾക്കു 13 വയസ്സുള്ളപ്പോൾ അവളുടെ ഡ്രോയിങ് ടീച്ചർ ക്ലാസ്സിലുള്ള കുട്ടികളോടു ഘോഷയാത്രയ്ക്ക് ആവശ്യമായ മുഖംമൂടികളുടെയും മറ്റ് ഇനങ്ങളുടെയും ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അമിനേറ്റയാകട്ടെ, മൃഗങ്ങളും ചെടികളും ഒക്കെയുള്ള ഒരു രംഗം വരച്ചു. എന്നിട്ട് ആ ഡ്രോയിങ്ങിനു “പറുദീസ” എന്നു പേരുമിട്ടു. അധ്യാപകൻ കുട്ടികളുടെ ചിത്രങ്ങളെല്ലാം ശേഖരിച്ചപ്പോൾ അമിനേറ്റയോട് അവളുടെ ചിത്രം വിഷയത്തിനു ചേർന്നതല്ലെന്നു പറഞ്ഞുകൊണ്ട് അവൾക്കു ‘പൂജ്യം’ മാർക്കാണു കൊടുത്തത്. എന്നാൽ അമിനേറ്റ പിന്മാറിയില്ല. ക്ലാസ്സു കഴിഞ്ഞപ്പോൾ അമിനേറ്റ അധ്യാപകന്റെ അടുത്തെത്തി മുഖംമൂടിവെച്ചുള്ള ഘോഷയാത്ര ആരാണു നടത്തുന്നതെന്നു ചോദിച്ചു.
“വിജാതിയർ” അദ്ദേഹം മറുപടി പറഞ്ഞു.
അമിനേറ്റ പറഞ്ഞു: ‘ഞാൻ ഒരു ക്രിസ്ത്യാനിയാണ്, ഇങ്ങനെയുള്ള പരിപാടികളിലൊന്നും ഞാൻ പങ്കെടുക്കാറില്ല. ദൈവം ഉടനെതന്നെ ഈ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റും എന്നു ഞാൻ വിശ്വസിക്കുന്നു. അതാണ് ഞാൻ വരച്ചതും.’ പരീക്ഷ വീണ്ടും നടത്താമെന്നും വേറെ ചോദ്യങ്ങൾ ഉപയോഗിക്കാമെന്നും അധ്യാപകൻ പറഞ്ഞു. ഫലമോ? അമിനേറ്റ 20-ൽ 18 മാർക്ക് നേടി.
അനേകം ആളുകൾ വന്നു
മലാവിയിലെ ഒരു ഗ്രാമത്തിൽ ഏഴു പ്രചാരകർ ഉള്ള ചെറിയ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. മുളകൊണ്ടുള്ള പായും പുല്ലും തടിക്കഷണങ്ങളും ഒക്കെ ഉപയോഗിച്ചുണ്ടാക്കിയ ഒരു കുടിലിലാണ് അവർ കൂടിവന്നിരുന്നത്. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനത്തിൽനിന്ന് പ്രചോദനം നേടിയ സഹോദരങ്ങൾ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാചരണത്തിന് ഉത്സാഹത്തോടെ ആളുകളെ ക്ഷണിച്ചു. മുകളിൽ തൂക്കിയിട്ട എണ്ണവിളക്കുകളുടെ വെളിച്ചത്തിലാണു പ്രസംഗകൻ
സ്മാരകപ്രസംഗം നടത്തിയത്. ചുറ്റും താത്പര്യക്കാരുടെ തിരക്കുള്ളതിനാൽ അദ്ദേഹത്തിന് അനങ്ങാൻപോലും കഴിഞ്ഞില്ലെന്നു പറയാം. സ്മാരകഹാജർ 120 ആണെന്നറിഞ്ഞപ്പോൾ ആ 7 പ്രചാരകരുടെ സന്തോഷം ഒന്ന് ഊഹിച്ചു നോക്കൂ.ഒരു ലഘുപത്രിക കുടുംബജീവിതത്തിന് സഹായമായി!
മെട്രോ നഗരങ്ങളിലെ പ്രത്യേക സാക്ഷീകരണവേലകൊണ്ട് ലഭിക്കുന്ന അനുഗ്രഹങ്ങൾ അത്ര പെട്ടെന്നു തിരിച്ചറിയണമെന്നില്ല. ടോഗോയുടെ തലസ്ഥാനമായ ലോമിൽ ഒരു സ്ത്രീ അല്പം മടിയോടെ പരസ്യസാക്ഷീകരണ ഉപാധിയുടെ അടുത്തുവന്ന് കുടുംബജീവിതം സന്തോഷഭരിതമാക്കൂ! എന്ന ലഘുപത്രിക എടുത്തു. എഫെസ്യർ 5:3-നെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ചെറിയ ചർച്ചയ്ക്കുശേഷം അവർ പരസ്പരം ഫോൺ നമ്പറും കൈമാറി. രണ്ടാഴ്ച കഴിഞ്ഞ് ആ സ്ത്രീ ഫോൺ വിളിച്ച് ഇങ്ങനെ പറഞ്ഞു: “എനിക്ക് യഥാർഥത്തിൽ യഹോവയുടെ സാക്ഷികളെ ഇഷ്ടമില്ലായിരുന്നു. എന്നിട്ടും ആ ലഘുപത്രിക ഞാൻ വായിച്ചു. അതു ഗംഭീരമായിരിക്കുന്നു. അത് ഉപയോഗിച്ച് എന്റെ കുടുംബജീവിതത്തിലെ ചില പ്രശ്നങ്ങൾ ഞാൻ പരിഹരിച്ചു. മറ്റു രണ്ടു ദമ്പതികളെ സഹായിക്കാനും കഴിഞ്ഞു. യഹോവയുടെ സാക്ഷികളെപ്പറ്റിയുള്ള എന്റെ ധാരണ തെറ്റായിരുന്നു. ദയവായി ബൈബിൾ പഠിക്കാൻ നിങ്ങൾക്ക് എന്നെയൊന്നു സഹായിക്കാമോ?” ഇപ്പോൾ ഈ സ്ത്രീയും അവൾ സഹായിച്ച ഒരു കുടുംബവും നമ്മളോടൊത്ത് ബൈബിൾ പഠിക്കുന്നു.
അദ്ദേഹം പരിഭാഷ ചെയ്തു!
ഘാനയിലെ ഒരു ചെറിയ പട്ടണമാണ് അങ്കാസിയെ. ധാരാളം കടകളുള്ള അവിടത്തെ പ്രധാനതെരുവിൽ എല്ലാ തിങ്കളാഴ്ചയും സഹോദരങ്ങൾ പരസ്യസാക്ഷീകരണത്തിനുള്ള സ്റ്റാന്റ് വെക്കാറുണ്ട്. സഹോദരങ്ങളിലൊരാളായ സാമുവേൽ, ഏനോക്ക് എന്ന വ്യക്തിയോടു സന്തോഷവാർത്ത പറഞ്ഞു. അദ്ദേഹം ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രിക സ്വീകരിക്കുകയും കുസാൽ ഭാഷയിൽ ഈ ലഘുപത്രിക ലഭ്യമാണോ എന്ന് അന്വേഷിക്കുകയും ചെയ്തു.
സാമുവേൽ പറഞ്ഞു: “ക്ഷമിക്കണം, ആ ഭാഷയിൽ ഈ പത്രിക ഇല്ല. എന്നാൽ ഫ്രഫ്ര ഭാഷയിൽ ഉണ്ട്.” കുസാൽ ഭാഷയോടു ബന്ധമുള്ള മറ്റൊരു ഭാഷയാണു ഫ്രഫ്ര. വീട്ടിലേക്കു പോകുന്നതിനു മുമ്പ് ഏനോക്ക്, ബന്ധുക്കൾക്കു കൊടുക്കാനായി കുറെ പ്രസിദ്ധീകരണങ്ങൾ ആവശ്യപ്പെട്ടു.
അങ്കാസിയെയിലേക്കു തിരികെവന്നപ്പോൾ ഏനോക്ക് എഴുതിത്തയ്യാറാക്കിയ കുറെ കടലാസുകൾ സാമുവേലിനു നൽകി. കുസാൽ ഭാഷയിലേക്കു ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രിക അദ്ദേഹം പരിഭാഷപ്പെടുത്തിയതിന്റെ കയ്യെഴുത്തുപ്രതി ആയിരുന്നു അത്! ഏനോക്ക് ഇപ്പോൾ ക്രമമായി ബൈബിൾ പഠിക്കുകയും മീറ്റിങ്ങുകൾക്കു ഹാജരാകുകയും ചെയ്യുന്നു.