ജോർജിയ
ബൈബിൾ പറയുന്ന കാര്യങ്ങൾ ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടു!
പേപോ ഡേവിഡ്സെ
-
ജനനം 1976
-
സ്നാനം 1993
-
ജീവിതരേഖ ജോർജിയൻ ഓർത്തഡോക്സ് ചർച്ചിന്റെ പാരമ്പര്യം അനുസരിച്ചാണു സത്യത്തിൽ വരുന്നതിനു മുമ്പ് പേപോ ഡേവിഡ്സെ വളർന്നതും ജീവിച്ചതും. സത്യം പഠിച്ചതിനു ശേഷം ഭർത്താവുമൊത്ത് ബഥേലിൽ സേവിച്ചു. ഇപ്പോൾ അവർ പ്രത്യേക മുൻനിരസേവകരായി പ്രവർത്തിക്കുന്നു.
കുട്ടെയ്സി പട്ടണത്തിൽ ഒരു കോളേജ് വിദ്യാർഥിനി ആയിരിക്കുമ്പോഴാണു ഞാൻ സാക്ഷികളെക്കുറിച്ച് ആദ്യമായി കേട്ടത്. സാക്ഷികൾ ആരാധനയിൽ ചിത്രങ്ങളൊന്നും ഉപയോഗിക്കില്ലെന്നും യേശു സർവശക്തനായ ദൈവമാണെന്നു വിശ്വസിക്കുന്നില്ലെന്നും ഒരു അയൽക്കാരി എന്നോടു പറഞ്ഞു. ഒരു ഓർത്തഡോക്സ് ക്രിസ്ത്യാനി എന്ന നിലയിൽ ഞാൻ പുലർത്തിപ്പോന്ന വിശ്വാസങ്ങൾക്ക് എതിരായിരുന്നു ഇതെല്ലാം.
1992-ലെ വേനൽക്കാലത്ത് ഞാൻ എന്റെ നാടായ സഗേരി പട്ടണത്തിലേക്കു മടങ്ങിവന്നപ്പോൾ സാക്ഷികൾ അവിടെയും സജീവമായി പ്രവർത്തിക്കുന്നതു കണ്ടു. എന്റെ അമ്മ അവരെക്കുറിച്ച് വളരെയധികം നല്ല കാര്യങ്ങൾ കേട്ടിട്ടുണ്ടായിരുന്നു. എന്നിട്ടും എനിക്ക് അവരെക്കുറിച്ച് അത്ര മതിപ്പൊന്നും ഇല്ലാതിരുന്നതിനാൽ അമ്മ എന്നോട് “നീ നേരിട്ട് പോയി അവർ എന്താണു പഠിപ്പിക്കുന്നെന്നു നോക്ക്” എന്നു പറഞ്ഞു.
പാവെൽ, പേറ്റ എന്നീ രണ്ടു മുൻനിരസേവകർ ഞങ്ങളുടെ അയൽപക്കത്തെ ഒരു വീടു പതിവായി സന്ദർശിച്ചിരുന്നു. അവർ പറയുന്നതു
കേൾക്കുന്നതിനും അവരോടു ചോദ്യങ്ങൾ ചോദിക്കുന്നതിനും അയൽക്കാർ ഈ അവസരം ഉപയോഗിച്ചിരുന്നു. അതുകൊണ്ട് ആ ചർച്ചകളിൽ പങ്കെടുക്കാൻ ഞാനും തീരുമാനിച്ചു. ഞാൻ ചോദ്യങ്ങൾ ചോദിക്കുമ്പോഴൊക്കെ സഹോദരന്മാർ ബൈബിൾ തുറന്ന് അതിൽ നിന്ന് എന്നോടു വായിക്കാൻ പറയുമായിരുന്നു. ആ രീതി എനിക്കു വളരെ ഇഷ്ടപ്പെട്ടു. ബൈബിൾ പറയുന്ന കാര്യങ്ങൾ ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടു!വൈകാതെ ആ സഹോദരന്മാരുടെ കൂടെ ബൈബിൾ പഠിക്കുന്നവരുടെ ഒരു കൂട്ടത്തിൽ ഞാനും ചേർന്നു. അടുത്ത വേനൽക്കാലത്ത് ഞങ്ങൾ പത്തു പേർ സ്നാനം ഏറ്റു. പിന്നീട് എന്റെ അമ്മയും ഒരു സാക്ഷിയായിത്തീർന്നു.
പിന്തിരിഞ്ഞുനോക്കുമ്പോൾ, എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിളിൽനിന്ന് സ്വയം വായിച്ച് ബോധ്യപ്പെടാൻ സഹോദരന്മാർ എന്നെ സഹായിച്ചതിനു ഞാൻ നന്ദിയുള്ളവളാണ്. ഞാൻ വിശ്വസിച്ചിരുന്ന കാര്യങ്ങൾ ശരിയല്ലെന്നു കണ്ടപ്പോൾ എനിക്ക് അനുഭവപ്പെട്ട മനോവിഷമം പരിഹരിക്കാൻ ഇതു സഹായിച്ചു. ഇങ്ങനെ ബൈബിൾ ഉപയോഗിച്ച് പഠിച്ചത് എന്നെ എത്രയധികം സഹായിച്ചെന്നു ഞാൻ ഓർക്കുന്നു. ഇതേ രീതി ഞാനും എന്റെ ശുശ്രൂഷയിൽ പിൻപറ്റുന്നു.