ജോർജിയ | 1991-1997
“ദൈവമാണു വളർത്തിയത്.”—1 കൊരി. 3:6.
സോവിയറ്റ് യൂണിയൻ 1991-ൽ ഇല്ലാതായപ്പോൾ ജോർജിയ ഒരു സ്വതന്ത്രരാഷ്ട്രമായിത്തീർന്നു. എന്നാൽ രാഷ്ട്രീയമാറ്റങ്ങളും ഭരണരംഗത്തെ അസ്വസ്ഥതകളും ജനജീവിതം പെട്ടെന്നുതന്നെ ദുസ്സഹമാക്കിത്തീർത്തു. ദിവസം മുഴുവൻ ഭക്ഷണത്തിനായി കാത്തുനിൽക്കുന്ന ആളുകളെ കാണാമായിരുന്നു എന്ന് ആ വർഷങ്ങളിൽ സർക്കിട്ട് മേൽവിചാരകനായി സേവിച്ചിരുന്ന ഗെനാഡി ഗുഡാഡ്സെ സഹോദരൻ ഓർക്കുന്നു.
ആ കാലത്ത് ഭക്ഷണത്തിനുവേണ്ടി നിരനിരയായി കാത്തുനിൽക്കുന്നവരോടു ബൈബിൾസന്ദേശം പങ്കുവെക്കുന്നതു പതിവായിരുന്നു. ഗെനാഡി സഹോദരൻ പറയുന്നു: “ആ ബുദ്ധിമുട്ടു നിറഞ്ഞ നാളുകളിൽ മിക്കവരും സത്യത്തോടു താത്പര്യം കാണിച്ചു. ബൈബിൾ പഠിക്കാൻ ആഗ്രഹം കാണിച്ച നൂറു കണക്കിന് ആളുകളുടെ മേൽവിലാസങ്ങൾ ഞങ്ങൾക്കു കിട്ടി.”
ഓരോ മീറ്റിങ്ങിനു ശേഷവും, ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങൾ താത്പര്യക്കാരായ ആളുകളുടെ പേരും മേൽവിലാസവും വായിക്കും. പ്രചാരകർ അവർക്കു സന്ദർശിക്കാൻ പറ്റുന്ന ആളുകളുടെ വിവരങ്ങൾ കുറിച്ചെടുത്ത് അവിടെ പോകാനുള്ള ക്രമീകരണങ്ങൾ ചെയ്യുമായിരുന്നു.
ടിബിലിസിയിൽ ഒരു മൂപ്പനായി സേവിച്ചിരുന്ന ലെവാനി സബാഷ്വലി സഹോദരൻ, മടക്കസന്ദർശനം ആവശ്യപ്പെട്ട ഒരു ദമ്പതികളെക്കുറിച്ച് ഓർക്കുന്നു: “വളരെ ദൂരെ താമസിച്ചിരുന്നതിനാൽ ഈ ദമ്പതികളുടെ മേൽവിലാസം സഹോദരങ്ങൾ ആരും എടുത്തില്ല. എല്ലാവർക്കും അനേകം ബൈബിൾപഠനങ്ങൾ ഉണ്ടായിരുന്നുതാനും.”
കുറച്ച് മാസങ്ങൾക്കു ശേഷം ഈ ദമ്പതികൾ തങ്ങളെ സന്ദർശിക്കണമെന്നു സാക്ഷികളോടു രണ്ടാമതും ആവശ്യപ്പെട്ടു. പിന്നീടു മൂന്നാമതും. പക്ഷേ ഈ പ്രാവശ്യം അതിൽ ഒരു കുറിപ്പുണ്ടായിരുന്നു. സാക്ഷികൾ ആരുടെയും രക്തം സംബന്ധിച്ച് കുറ്റക്കാരാകരുതേ എന്നൊരു അപേക്ഷയാണ് അതിൽ എഴുതിയിരുന്നത്. (പ്രവൃ. 20:26, 27) ലെവാനി സഹോദരൻ ഓർക്കുന്നു: “പുതുവർഷത്തിന്റെ സമയമായിരുന്നു അപ്പോൾ. സാധാരണഗതിയിൽ അത്തരം സമയങ്ങളിൽ ആളുകളെ കാണാൻ ഞങ്ങൾ പോകാറില്ലായിരുന്നു. പക്ഷേ ഇനി ഒരിക്കൽക്കൂടി ഈ സന്ദർശനം മാറ്റിവെക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.”
ആ തണുത്ത പ്രഭാതത്തിൽ ആത്മീയവിശപ്പുള്ള റൊയിനി ഗ്രിഗാലഷ്വിലിക്കും ഭാര്യ നാനയ്ക്കും അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇതാ അവരുടെ വീട്ടുവാതിൽക്കൽ ലെവാനിയും മറ്റൊരു സഹോദരനും നിൽക്കുന്നു! ഉടൻതന്നെ അവർ ഒരു ബൈബിൾപഠനം ആരംഭിച്ചു. റൊയിനിയും നാനയും അവരുടെ കുട്ടികളും ഇപ്പോൾ മുൻനിരസേവകരാണ്.
താത്പര്യക്കാരുടെ അടുക്കലെത്താനുള്ള തീവ്രശ്രമങ്ങൾ
തങ്ങൾക്കു ലഭിച്ച സത്യം മറ്റുള്ളവരെയും അറിയിക്കാൻ കടപ്പാടുതോന്നിയ അനേകരും അവരുടെ സമയവും ഊർജവും വസ്തുവകകളും ഒക്കെ നിസ്വാർഥമായി വിട്ടുകൊടുത്തു. അങ്ങനെയുള്ള രണ്ടു പേരാണു ബാദ്രി കൊപലിയാനിയും ഭാര്യ മറീനയും. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നിട്ടും സത്യം അന്വേഷിക്കുന്നവരെ കണ്ടെത്താൻ വിദൂരഗ്രാമങ്ങളിലേക്ക് അവർ നീണ്ടയാത്രകൾ നടത്തി.
വാരാന്ത്യങ്ങളിൽ ബാദ്രിയും മറീനയും കൗമാരത്തിലുള്ള മക്കളായ ഗോച്ചയോടും ലെവാനിയോടും ഒപ്പം ടിബിലിസിയുടെ വടക്കുഭാഗത്ത്,
മനോഹരമായ മലനിരകളുള്ള ദുഷേറ്റിയിലേക്ക് യാത്ര ക്രമീകരിക്കും. അകലെയുള്ള ഗ്രാമങ്ങളിൽ എത്താൻ ചിലപ്പോൾ അവർ 150 കിലോമീറ്റർ വരെ വളഞ്ഞുപുളഞ്ഞ വഴികളിലൂടെ യാത്ര ചെയ്യണമായിരുന്നു.ഒരു ദിവസം ഒരു സ്ത്രീ അവരുടെ ജോലിസ്ഥലത്തേക്കു ബാദ്രിയെയും ഭാര്യയെയും ക്ഷണിച്ചു. ബാദ്രി പറയുന്നു: “ഏതാണ്ട് 50 പേർ ആ വലിയ മുറിയിൽ ഞങ്ങളെയും കാത്ത് ഇരിപ്പുണ്ടായിരുന്നു! ആദ്യം ഞാനൊന്നു പകച്ചു. യഹോവയോടു പ്രാർഥിച്ച ശേഷം, മത്തായി 24-ാം അധ്യായത്തിലെ അവസാനകാലത്തിന്റെ അടയാളങ്ങൾ അവരുമായി ചർച്ച ചെയ്തു. ആശ്ചര്യത്തോടെ ഒരാൾ ഇങ്ങനെ ചോദിച്ചു: ‘എന്തുകൊണ്ടാണു ഞങ്ങളുടെ പുരോഹിതന്മാർ ഇതെക്കുറിച്ചൊന്നും പറഞ്ഞുതരാത്തത്?’”
സ്മാരകാചരണം ആളുകളുടെ ശ്രദ്ധ ആകർഷിച്ചു
ജോർജിയയിലെ ആത്മാർഥഹൃദയരായ അനേകർക്കു സത്യത്തെക്കുറിച്ച് കേൾക്കാനുള്ള മറ്റൊരു അവസരമായിരുന്നു യേശുവിന്റെ മരണത്തിന്റെ സ്മാരകം. ഉദാഹരണത്തിന്, 1990-ൽ ടിബിലിസിയിലെ ഇയാ ബാദരിഡ്സേ സഹോദരിയുടെ വീട്ടിൽ വെച്ച് നടന്ന സ്മാരകാചരണം അയൽക്കാരിൽ വലിയ താത്പര്യം ഉളവാക്കി.
ബാദരിഡ്സേ സഹോദരി തന്റെ വീട് സ്മാരകം നടത്താനായി വിട്ടുതന്നു. ആവശ്യത്തിനു സ്ഥലം കിട്ടാൻ സ്വീകരണമുറിയിലെ സാധനങ്ങൾ എല്ലാം മക്കളുടെ സഹായത്തോടെ സഹോദരി മാറ്റി. പക്ഷേ, ഇത്രയും ആളുകൾക്കുള്ള കസേര എവിടെനിന്ന് കിട്ടും? ഇത്തരം വലിയ കൂടിവരവുകൾ നടത്തുമ്പോൾ മേശയും കസേരയും വാടകയ്ക്ക് എടുക്കുന്നതു ജോർജിയയിൽ ഒരു പതിവാണ്. സഹോദരി കസേരകൾ മാത്രം വാടകയ്ക്ക് എടുത്തപ്പോൾ കടക്കാർ ആവർത്തിച്ച് ചോദിച്ചു: “മേശ വേണ്ടേ? മേശയില്ലാതെ നിങ്ങൾ എവിടെവെച്ച് ഭക്ഷണം കഴിക്കും?”
അങ്ങനെ 13-ാം നിലയിലുള്ള തന്റെ വീട്ടിൽ ബാദരിഡ്സേ സഹോദരി സ്മാരകത്തിനു വന്ന ആളുകളെയെല്ലാം ഇരുത്തി. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് 200 പേർ ഹാജരായി! അയൽപക്കത്തുള്ളവർക്കെല്ലാം സാക്ഷികളെക്കുറിച്ച് അന്വേഷിക്കാൻ ഇനി വേറെ കാരണം വേണോ! ധാരാളം പേർ യഹോവയുടെ സാക്ഷികളെക്കുറിച്ച് പല ചോദ്യങ്ങളും ചോദിച്ചു.
സ്മരണയിൽ മായാതെനിൽക്കുന്ന ഒരു സ്മാരകം
1992-ൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്മാരകാചരണത്തിനായി വലിയ ഹാളുകൾ സഹോദരങ്ങൾ വാടകയ്ക്കെടുത്തു. സ്മാരകത്തിന്റെ ഒരുക്കങ്ങളെപ്പറ്റി അറിയാൻ സഞ്ചാര മേൽവിചാരകൻ അന്വേഷിച്ചതിനെക്കുറിച്ച് ഗോറി നഗരത്തിലുള്ള ഡാവിറ്റ് സാംഖാരാഡ്സെ സഹോദരൻ ഓർക്കുന്നു.
സഹോദരങ്ങൾ പ്രചാരകരിൽ ഒരാളുടെ വീട്ടിലാണു സ്മാരകം ആചരിക്കാൻ കൂടിവരുന്നതെന്നു കേട്ടപ്പോൾ അദ്ദേഹം ചോദിച്ചു: “ഈ
പട്ടണത്തിൽ വലിയ ഹാളുകളൊന്നും വാടകയ്ക്കു കിട്ടാനില്ലേ?” നഗരത്തിൽ 1000-ത്തിലേറെ ആളുകൾക്കു കൂടിവരാൻ പറ്റുന്ന ഹാൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ 100 പ്രചാരകർ മാത്രം ഉണ്ടായിരുന്ന ആ സഭയിലെ സഹോദരങ്ങൾക്ക് ഇത്രയും വലിയ ഒരു ഹാളിന്റെ ആവശ്യമുണ്ടെന്നു തോന്നിയില്ല.സഞ്ചാര മേൽവിചാരകൻ ഈ നിർദേശം മുന്നോട്ടുവെച്ചു: “ഓരോ പ്രചാരകനും പത്തു പേരെ കൊണ്ടുവരാൻ കഴിഞ്ഞാൽ, ഇരിപ്പിടങ്ങളെല്ലാം നിറയും.” പറഞ്ഞകാര്യം അത്ര എളുപ്പമല്ല എന്നു സഹോദരങ്ങൾക്ക് ആദ്യം തോന്നിയെങ്കിലും, ആ നിർദേശം പിൻപറ്റാൻ അവർ കഴിവിന്റെ പരമാവധി ശ്രമിച്ചു. അവരെയെല്ലാം അതിശയിപ്പിച്ചുകൊണ്ട് 1,036 പേർ ആ സ്മാരകത്തിനു ഹാജരായി. അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു! a
ഉത്സാഹികളായ മുൻനിരസേവകർ പുതിയ പ്രദേശങ്ങളിലേക്ക്
1992 ആയപ്പോൾ, യഹോവയുടെ ജനം ബൈബിൾസന്ദേശവുമായി എത്തിച്ചേരാത്ത പ്രദേശങ്ങൾ പിന്നെയും ശേഷിക്കുന്നുണ്ടായിരുന്നു. രാഷ്ട്രം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സമയത്ത് അവർ ഈ പുതിയ സ്ഥലങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരും?
ആ സമയത്ത് പടിഞ്ഞാറൻ ജോർജിയയിൽ താമസിച്ചിരുന്ന ടമാസി ബിബ്ലായ സഹോദരൻ ഓർക്കുന്നു: “ഈ കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യാനായി സഞ്ചാര മേൽവിചാരകൻ ഞങ്ങളിൽ കുറെ പേരോടൊപ്പം കൂടിവന്നു. ഈ പ്രത്യേക സേവനക്രമീകരണം എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് ഞങ്ങൾക്കു കാര്യമായ അറിവൊന്നും ഇല്ലായിരുന്നു. എന്നാൽ എത്രയും പെട്ടെന്നു സന്തോഷവാർത്ത അവിടെ പ്രസംഗിക്കണം എന്നു ഞങ്ങൾക്ക് അറിയാമായിരുന്നു.” (2 തിമൊ. 4:2) തുടർന്ന്, കൂടിവന്നവരിൽ നിന്ന് 16 മുൻനിരസേവകരെ തിരഞ്ഞെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചു.—ഭൂപടം കാണുക.
ഈ സ്ഥലങ്ങളിലേക്കു നിയമിച്ച 16 പേരെ പ്രോത്സാഹിപ്പിക്കുന്നതിന് 1992 മെയ് മാസം ടിബിലിസിയിൽ മൂന്നു മണിക്കൂർ നീളുന്ന ഒരു മീറ്റിങ്ങ് ക്രമീകരിച്ചു. അഞ്ചു മാസത്തേക്കായിരുന്നു നിയമനം. അവരെ ആത്മീയമായി സഹായിക്കുന്നതിനും ഭൗതികാവശ്യങ്ങളുള്ളവരെ പിന്തുണയ്ക്കുന്നതിനും
ഓരോ മാസവും മൂപ്പന്മാർ അവിടെ പോകുമായിരുന്നു.മുൻനിരസേവികമാരായ മനിയ അഡുവാഷ്വിലിയെയും നസി സുവാനിയെയും നിയമിച്ചത് ഒസുർഗെറ്റി എന്ന സ്ഥലത്തേക്കായിരുന്നു. അന്ന് 60 വയസ്സുണ്ടായിരുന്ന മനിയ സഹോദരി ഓർക്കുന്നു: “ഒരു താത്പര്യക്കാരി ഒസുർഗെറ്റിക്കടുത്ത് താമസിക്കുന്നുണ്ടെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് ആ സ്ഥലത്ത് എത്തിയ ഉടനെ അവരെ കാണാൻ ഞങ്ങൾ ക്രമീകരിച്ചു. അവിടെ എത്തിയപ്പോൾ ആ സ്ത്രീ അവർ ക്ഷണിച്ച ഏതാണ്ട് 30 പേരോടൊപ്പം ഞങ്ങളെയും കാത്ത് ഇരിക്കുകയായിരുന്നു. അന്നുതന്നെ പല ബൈബിൾപഠനങ്ങളും ഞങ്ങൾ ആരംഭിച്ചു.”
തുടർന്ന് വന്ന മാസങ്ങളിലും ഞങ്ങൾ വളരെ ഫലം കൊയ്തു. വെറും 5 മാസം കഴിഞ്ഞപ്പോൾ 12 പേർ സ്നാനമേൽക്കാൻ തയ്യാറായിരുന്നു!
അവരുടെ പ്രയത്നം ഫലം കണ്ടു!
മുൻനിരസേവകരായ പാവെൽ അബ്ഡുഷേലിഷ്വിലിയെയും പേറ്റ മോർബേഡാഡ്സെയെയും സഗേരി എന്ന സ്ഥലത്തേക്കാണ് അയച്ചത്. പുരാതനമായ പാരമ്പര്യങ്ങളും ക്രൈസ്തവസഭകളുടെ പഠിപ്പിക്കലും കൂടിച്ചേർന്ന ഒരുതരം വിശ്വാസം പിൻപറ്റുന്നവരായിരുന്നു ആ നാട്ടുകാർ.
അതികഠിനമായ ശൈത്യകാലവും അവരുടെ അഞ്ചു മാസത്തെ നിയമനം തീരാനുള്ള സമയവും അടുത്തുവരുകയായിരുന്നു. അപ്പോൾ പേറ്റ മോർബേഡാഡ്സെയെ പരിഭാഷാജോലികളിൽ സഹായിക്കാനായി മറ്റൊരു സ്ഥലത്തേക്കു ക്ഷണിച്ചു. അതുകൊണ്ട് പാവെൽ സഹോദരന് ഇപ്പോൾ ഒരു തീരുമാനമെടുക്കണമായിരുന്നു. അദ്ദേഹം പറയുന്നു: “സഗേരിയിൽ തണുപ്പുകാലം കഴിച്ചുകൂട്ടുക വളരെ പാടായിരുന്നു. പക്ഷേ അവിടെയുള്ള ബൈബിൾവിദ്യാർഥികൾക്കു സഹായം ആവശ്യമുണ്ടെന്നും എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് സഗേരിയിൽ നിൽക്കാൻതന്നെ ഞാൻ തീരുമാനിച്ചു.”
പാവെൽ സഹോദരൻ തുടരുന്നു: “അവിടെയുള്ള ഒരു കുടുംബത്തോടൊപ്പമാണു ഞാൻ താമസിച്ചത്. മിക്ക ദിവസങ്ങളിലും പകൽ മുഴുവൻ ഞാൻ സന്തോഷവാർത്ത പറയാൻ പോകും. വൈകുന്നേരം ആ കുടുംബത്തോടൊപ്പം ചേരും, അവരുടെ മുകളിലത്തെ നിലയിലെ സ്വീകരണമുറിയിൽ തീയും കാഞ്ഞിരിക്കും. പിന്നെ കിടക്കാറാകുമ്പോൾ എന്റെ മുറിയിലേക്കു പോയി ഒരു തൊപ്പിയും തലയിൽ വെച്ച് കട്ടിയുള്ള പുതപ്പിനടിയിൽ കിടന്നുറങ്ങും.”
വസന്തകാലത്തിൽ മൂപ്പന്മാർക്ക് അവിടെ എത്തിച്ചേരാൻ കഴിഞ്ഞപ്പോൾ 11 പേർ സ്നാനമേൽക്കാത്ത പ്രചാരകരാകാനുള്ള യോഗ്യത നേടിയിരുന്നു. പെട്ടെന്നുതന്നെ അവർ സ്നാനമേൽക്കുകയും ചെയ്തു.
a 1992-ൽ ജോർജിയയിൽ 1,869 പ്രചാരകരാണു തീക്ഷ്ണതയോടെ പ്രവർത്തിച്ചിരുന്നത്. ആ വർഷത്തെ സ്മാരകഹാജർ 10,332 ആയിരുന്നു.