മുഖ്യലേഖനം | ദൈവരാജ്യം—എന്തൊക്കെ അനുഗ്രഹങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്?
ദൈവരാജ്യം—അത് യേശുവിന് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ഭൂമിയിലായിരുന്നപ്പോൾ യേശു പലപല വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. എങ്ങനെ പ്രാർഥിക്കണം, ദൈവത്തെ എങ്ങനെ സന്തോഷിപ്പിക്കാം, എന്താണ് ശരിക്കുമുള്ള സന്തോഷം തരുന്നത്, അങ്ങനെ പലതും. (മത്തായി 6:5-13; മർക്കോസ് 12:17; ലൂക്കോസ് 11:28) എന്നാൽ യേശു ഏറ്റവും കൂടുതൽ സംസാരിച്ചത് അതിനെക്കുറിച്ചൊന്നുമായിരുന്നില്ല. ദൈവരാജ്യമായിരുന്നു യേശുവിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം.—ലൂക്കോസ് 6:45.
ഭൂമിയിലായിരുന്നപ്പോൾ ‘ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കാൻ’ യേശു തന്നെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്തു. (ലൂക്കോസ് 8:1) യേശു നൂറുകണക്കിനു കിലോമീറ്ററുകൾ കാൽനടയായി പോയി ഇസ്രായേലിൽ അങ്ങോളമിങ്ങോളമുള്ള ആളുകളെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിച്ചു. യേശുവിന്റെ ശുശ്രൂഷയെക്കുറിച്ച് പറയുന്ന നാല് സുവിശേഷ വിവരണങ്ങളിൽ മാത്രം ദൈവരാജ്യത്തെക്കുറിച്ച് 100-ലധികം തവണ പറയുന്നുണ്ട്. ഇതിൽ മിക്കതും യേശുവിന്റെതന്നെ വാക്കുകളാണ്. എങ്കിലും ഇതിലുമൊക്കെ എത്രയോ അധികം തവണ യേശു ദൈവരാജ്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകണം! കാരണം, യേശു പറഞ്ഞ എല്ലാ കാര്യങ്ങളും ബൈബിളിൽ ഇല്ലല്ലോ.—യോഹന്നാൻ 21:25.
ഭൂമിയിൽ ആയിരുന്നപ്പോൾ എന്തുകൊണ്ടാണ് യേശു ദൈവരാജ്യത്തിന് ഇത്ര പ്രാധാന്യം കൊടുത്തത്? ദൈവരാജ്യത്തിന്റെ രാജാവായി ദൈവം യേശുവിനെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന കാര്യം യേശുവിന് അറിയാമായിരുന്നു. (യശയ്യ 9:6; ലൂക്കോസ് 22:28-30) എന്നാൽ രാജാവാകുന്നതും സ്വപ്നം കണ്ടു നടന്നിരുന്ന ഒരാളായിരുന്നില്ല യേശു. (മത്തായി 11:29; മർക്കോസ് 10:17, 18) താൻ ഏറ്റവും സ്നേഹിക്കുന്ന സ്വർഗീയ പിതാവിനും തന്റെ വിശ്വസ്തരായ അനുഗാമികൾക്കും ദൈവരാജ്യംകൊണ്ട് കിട്ടാൻ പോകുന്ന ഗുണങ്ങളെക്കുറിച്ചാണ് യേശു ചിന്തിച്ചത്. അല്ലാതെ തനിക്കു കിട്ടാൻ പോകുന്ന അധികാരത്തെക്കുറിച്ചല്ല. അതുകൊണ്ടാണ് യേശുവിന് ദൈവരാജ്യം ഇത്രയേറെ പ്രധാനമായിരുന്നതും പ്രധാനമായിരിക്കുന്നതും. *
ദൈവരാജ്യംകൊണ്ട് യേശുവിന്റെ പിതാവിനുണ്ടാകുന്ന പ്രയോജനം
യേശുവിന് തന്റെ സ്വർഗീയപിതാവ് എന്നുവെച്ചാൽ ജീവനാണ്. (സുഭാഷിതങ്ങൾ 8:30; യോഹന്നാൻ 14:31) തന്റെ പിതാവിന്റെ സ്നേഹം, അലിവ്, നീതി എന്നിങ്ങനെയുള്ള നല്ലനല്ല ഗുണങ്ങൾ യേശുവിന് വളരെ ഇഷ്ടമാണ്. (ആവർത്തനം 32:4; യശയ്യ 49:15; 1 യോഹന്നാൻ 4:8) അതുകൊണ്ടുതന്നെ തന്റെ പിതാവിനെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുകേൾക്കുന്നത് യേശുവിന് തീരെ ഇഷ്ടമല്ല. ദൈവം മനുഷ്യരുടെ കഷ്ടപ്പാടിനു നേരെ കണ്ണടയ്ക്കുന്നവനാണ്, കഷ്ടപ്പാടുകണ്ട് രസിക്കുന്നവനാണ് എന്നൊക്കെയാണല്ലോ പൊതുവെ ആളുകൾ പറഞ്ഞുപരത്തിയിരിക്കുന്നത്. തന്റെ പിതാവിന്റെ പേരിനു വന്നിരിക്കുന്ന ഈ കളങ്കമെല്ലാം ദൈവരാജ്യം തുടച്ചുമാറ്റുമെന്ന് യേശുവിന് അറിയാമായിരുന്നു. അതാണ് “ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത” യേശു ഇത്ര ഉത്സാഹത്തോടെ പ്രസംഗിച്ചതിന്റെ ഒരു കാരണം. (മത്തായി 4:23; 6:9, 10) എങ്ങനെയാണ് ദൈവരാജ്യം അതു ചെയ്യുന്നത്?
ദൈവരാജ്യത്തിലൂടെ യഹോവ മനുഷ്യർക്കുവേണ്ടി ഏറ്റവും വലിയ നന്മ ചെയ്യാൻ പോകുകയാണ്. യഹോവ തന്നോടു വിശ്വസ്തരായി നിൽക്കുന്ന മനുഷ്യരുടെ “കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും.” നമ്മുടെ കണ്ണീരിനു കാരണമാകുന്ന കാര്യങ്ങളെല്ലാം യഹോവ പരിഹരിക്കും. “മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.” (വെളിപാട് 21:3, 4) അങ്ങനെ ദൈവരാജ്യത്തിലൂടെ യഹോവ മനുഷ്യരുടെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാക്കും. *
അതുകൊണ്ട് യേശു ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ ഇത്ര ഉത്സാഹം കാണിച്ചതിൽ അതിശയിക്കാനില്ല! തന്റെ പിതാവായ ദൈവം ശരിക്കും എത്ര ശക്തനും ദയാലുവും ആണെന്ന് ദൈവരാജ്യം വരുമ്പോൾ എല്ലാവർക്കും മനസ്സിലാകുമെന്ന് യേശുവിന് അറിയാമായിരുന്നു. (യാക്കോബ് 5:11) ദൈവരാജ്യം താൻ സ്നേഹിക്കുന്ന മറ്റൊരു കൂട്ടർക്കും ഗുണം ചെയ്യുമെന്ന് യേശു മനസ്സിലാക്കി, വിശ്വസ്തരായ മനുഷ്യർക്ക്.
ദൈവരാജ്യംകൊണ്ട് വിശ്വസ്തരായ മനുഷ്യർക്കുണ്ടാകുന്ന പ്രയോജനം
ഭൂമിയിൽ വരുന്നതിനു മുമ്പ് കാലങ്ങളോളം യേശു തന്റെ പിതാവിനോടൊപ്പം സ്വർഗത്തിലായിരുന്നു. എല്ലാം ഉണ്ടാക്കാൻ പിതാവ് പുത്രനെയാണ് ഉപയോഗിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന ആകാശം, അതിലെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ, നക്ഷത്രക്കൂട്ടങ്ങൾ, പിന്നെ നമ്മൾ താമസിക്കുന്ന മനോഹരമായ ഈ ഭൂഗ്രഹം, അതിലെ ജീവജാലങ്ങൾ എന്നുവേണ്ട എല്ലാം. (കൊലോസ്യർ 1:15, 16) എങ്കിലും അക്കൂട്ടത്തിൽ മനുഷ്യരോട് യേശുവിന് ഒരു “പ്രത്യേകപ്രിയം” തോന്നി.—സുഭാഷിതങ്ങൾ 8:31.
മനുഷ്യരോടുള്ള സ്നേഹം യേശുവിന്റെ ശുശ്രൂഷയിൽ ഉടനീളം വ്യക്തമായിരുന്നു. കഷ്ടപ്പെടുന്നവരോട് “സന്തോഷവാർത്ത ഘോഷിക്കാൻ” ആണ് താൻ ഭൂമിയിലേക്കു വന്നതെന്ന് തുടക്കംതൊട്ടേ യേശു പറഞ്ഞിരുന്നു. (ലൂക്കോസ് 4:18) എന്നാൽ ആളുകളെ സഹായിക്കുന്നതിനെക്കുറിച്ച് യേശു പറയുക മാത്രമല്ല ചെയ്തത്. അവരെ താൻ സ്നേഹിക്കുന്നുണ്ടെന്ന് യേശു പല തവണ പ്രവൃത്തികളിലൂടെ തെളിയിച്ചു. ഒരിക്കൽ യേശു പറയുന്നതു കേൾക്കാൻ ഒരു വലിയ ജനക്കൂട്ടം വന്നപ്പോൾ “അവരോട് അലിവ് തോന്നിയിട്ട് യേശു അവർക്കിടയിലെ രോഗികളെ സുഖപ്പെടുത്തി.” (മത്തായി 14:14) മറ്റൊരിക്കൽ, ഒരു മാറാരോഗവുമായി വേദനിച്ചുകഴിഞ്ഞിരുന്ന ഒരു മനുഷ്യൻ യേശുവിനെ കണ്ടു. യേശു ഒന്നു മനസ്സുവെച്ചാൽ തന്റെ രോഗം മാറിക്കിട്ടുമെന്ന് അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. അദ്ദേഹത്തോട് അലിവ് തോന്നിയിട്ട് യേശു ഇങ്ങനെ പറഞ്ഞു: “എനിക്കു മനസ്സാണ്, ശുദ്ധനാകുക.” ആ മനുഷ്യനോടുള്ള സ്നേഹമാണ് അദ്ദേഹത്തെ സുഖപ്പെടുത്താൻ യേശുവിനെ പ്രേരിപ്പിച്ചത്. (ലൂക്കോസ് 5:12, 13) ആങ്ങള മരിച്ചതിന്റെ ദുഃഖത്തിൽ തന്റെ സുഹൃത്തായ മറിയ കരയുന്നതു കണ്ടപ്പോൾ “മനസ്സു നൊന്ത് യേശു വല്ലാതെ അസ്വസ്ഥനായി. . . . യേശുവിന്റെ കണ്ണു നിറഞ്ഞൊഴുകി.” (യോഹന്നാൻ 11:32-36) എന്നിട്ട് അവിടെ നിന്ന എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് യേശു ഒരു കാര്യം ചെയ്തു. മരിച്ചിട്ട് നാലു ദിവസമായ ലാസറിനെ യേശു ജീവനിലേക്കു തിരികെ കൊണ്ടുവന്നു.—യോഹന്നാൻ 11:38-44.
എന്നാൽ അവർക്കൊക്കെ കിട്ടിയ പ്രയോജനങ്ങൾ താത്കാലികം മാത്രമായിരുന്നു. ഇന്നല്ലെങ്കിൽ നാളെ താൻ സുഖപ്പെടുത്തിയവർ വീണ്ടും രോഗികളാകുമെന്നും ഉയിർപ്പിച്ചവർ വീണ്ടും മരിക്കുമെന്നും യേശുവിന് അറിയാമായിരുന്നു. ദൈവരാജ്യം വന്നാലേ ഈ പ്രശ്നങ്ങളൊക്കെ എന്നേക്കുമായി മാറിക്കിട്ടുകയുള്ളൂ എന്ന് യേശുവിന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് അത്ഭുതങ്ങൾ മാത്രം ചെയ്തുകൊണ്ടിരിക്കാതെ യേശു “ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത” ഉത്സാഹത്തോടെ പ്രസംഗിച്ചത്. (മത്തായി 9:35) യേശു ചെയ്ത അത്ഭുതങ്ങൾ പെട്ടെന്നുതന്നെ ദൈവരാജ്യം ഭൂമിയിൽ മുഴുവൻ കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങളുടെ ഒരു സൂചനയായിരുന്നു. ആ മാറ്റങ്ങളെക്കുറിച്ച് ബൈബിൾ എന്തൊക്കെയാണ് പറയുന്നതെന്നു നോക്കൂ.
ആരോഗ്യപ്രശ്നങ്ങളില്ല.
“അന്ന് അന്ധന്റെ കണ്ണുകൾക്കു കാഴ്ച ലഭിക്കും, ബധിരന്റെ ചെവികൾ അടഞ്ഞിരിക്കില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും, ഊമന്റെ നാവ് ആനന്ദിച്ച് ആർത്തുവിളിക്കും.” കൂടാതെ, “‘എനിക്കു രോഗമാണ്’ എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ല.”—യശയ്യ 33:24; 35:5, 6.
മരണമില്ല.
“നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.
“ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും, പരമാധികാരിയാം കർത്താവായ യഹോവ എല്ലാ മുഖങ്ങളിൽനിന്നും കണ്ണീർ തുടച്ചുമാറ്റും.”—യശയ്യ 25:8.
മരിച്ചുപോയവർക്ക് വീണ്ടും ജീവൻ കിട്ടും.
‘സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്ത് വരും.’—യോഹന്നാൻ 5:28, 29.
‘പുനരുത്ഥാനം ഉണ്ടാകും.’—പ്രവൃത്തികൾ 24:15.
എല്ലാവർക്കും വീടും ജോലിയും.
“അവർ വീടുകൾ പണിത് താമസിക്കും, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും. മറ്റുള്ളവർക്കു താമസിക്കാനായിരിക്കില്ല അവർ വീടു പണിയുന്നത്; മറ്റുള്ളവർക്കു ഭക്ഷിക്കാനായിരിക്കില്ല അവർ കൃഷി ചെയ്യുന്നത്. . . . ഞാൻ തിരഞ്ഞെടുത്തവർ മതിവരുവോളം തങ്ങളുടെ അധ്വാനഫലം ആസ്വദിക്കും.”—യശയ്യ 65:21, 22.
യുദ്ധങ്ങളില്ല.
“ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു.”—സങ്കീർത്തനം 46:9.
“ജനത ജനതയ്ക്കു നേരെ വാൾ ഉയർത്തില്ല, അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല.”—യശയ്യ 2:4.
ആഹാരസാധനങ്ങൾക്ക് ക്ഷാമമില്ല.
“ഭൂമി അതിന്റെ ഫലം തരും. ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിക്കും.”—സങ്കീർത്തനം 67:6.
“ഭൂമിയിൽ ധാന്യം സുലഭമായിരിക്കും; മലമുകളിൽ അതു നിറഞ്ഞുകവിയും.”—സങ്കീർത്തനം 72:16.
ദാരിദ്ര്യമില്ല.
“ദരിദ്രരെ എന്നേക്കുമായി മറന്നുകളയില്ല.”—സങ്കീർത്തനം 9:18.
“സഹായത്തിനായി കേഴുന്ന ദരിദ്രനെ അവൻ രക്ഷിക്കും; എളിയവനെയും ആരോരുമില്ലാത്തവനെയും അവൻ വിടുവിക്കും. എളിയവനോടും ദരിദ്രനോടും അവനു കനിവ് തോന്നും; പാവപ്പെട്ടവന്റെ ജീവനെ അവൻ രക്ഷിക്കും.”—സങ്കീർത്തനം 72:12, 13.
ഇപ്പോൾ മനസ്സിലായില്ലേ, ദൈവരാജ്യത്തെ യേശു ഇത്ര പ്രധാനപ്പെട്ടതായി കാണുന്നത് എന്തുകൊണ്ടാണെന്ന്? ഭൂമിയിൽ ആയിരുന്നപ്പോൾ, കേൾക്കാൻ മനസ്സുകാണിച്ച എല്ലാവരോടും യേശു ദൈവരാജ്യത്തെക്കുറിച്ച് പറഞ്ഞു. കാരണം ദൈവരാജ്യത്തിലാണ് മനുഷ്യരുടെ എല്ലാ പ്രശ്നങ്ങളും മാറാൻ പോകുന്നതെന്ന് യേശുവിന് നന്നായി അറിയാമായിരുന്നു.
ദൈവരാജ്യത്തെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ കേട്ടിട്ട് എന്തു തോന്നുന്നു? ഇഷ്ടമായോ? ദൈവരാജ്യത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ എങ്ങനെ കഴിയും? ദൈവരാജ്യം കൊണ്ടുവരാൻ പോകുന്ന അനുഗ്രഹങ്ങൾ നിങ്ങൾക്കും കിട്ടാൻ എന്തു ചെയ്യണം? ബൈബിൾ പഠിച്ചാൽ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം കണ്ടെത്താൻ കഴിയും.
^ ഖ. 5 ദൈവരാജ്യത്തെക്കുറിച്ച് യേശുവിന് എന്താണ് തോന്നുന്നതെന്നു വിശദീകരിക്കുന്ന ഈ ലേഖനത്തിൽ പലപ്പോഴും വർത്തമാനകാലമാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം സ്വർഗത്തിലേക്കു തിരികെപ്പോയ യേശുവിന് ദൈവരാജ്യം ഇന്നും ഇഷ്ടപ്പെട്ട വിഷയം തന്നെയാണ്.—ലൂക്കോസ് 24:51.
^ ഖ. 8 മനുഷ്യരുടെ കഷ്ടപ്പാടുകൾ ദൈവം കുറെ കാലത്തേക്ക് അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു എന്ന പുസ്തകത്തിന്റെ 11-ാമത്തെ അധ്യായം നോക്കുക.