ശിഷ്യരാക്കുന്നതിന്
പാഠം 10
അർപ്പണമനോഭാവം
തത്ത്വം: “ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത അറിയിക്കാൻ മാത്രമല്ല, ഞങ്ങളുടെ സ്വന്തം പ്രാണൻ തരാൻപോലും ഞങ്ങൾ തീരുമാനിച്ചിരുന്നു. കാരണം നിങ്ങൾ ഞങ്ങൾക്ക് അത്രയ്ക്കു പ്രിയപ്പെട്ടവരായി മാറിയിരുന്നു.”—1 തെസ്സ. 2:8.
യേശുവിന്റെ മാതൃക
1. വീഡിയോ കാണുക, അല്ലെങ്കിൽ യോഹന്നാൻ 3:1, 2 വായിക്കുക. എന്നിട്ട്, ഈ ചോദ്യങ്ങൾ ചിന്തിക്കുക:
-
എ. നിക്കോദേമൊസ് രാത്രിയിൽ യേശുവിനെ ചെന്ന് കാണാൻ തീരുമാനിച്ചത് എന്തുകൊണ്ടായിരിക്കാം?—യോഹ. 12:42, 43 കാണുക.
-
ബി. രാത്രിയിൽ നിക്കോദേമൊസിനോടു സംസാരിക്കാൻ തയ്യാറായത്, യേശുവിന്റെ അർപ്പണമനോഭാവം വ്യക്തമാക്കുന്നത് എങ്ങനെ?
യേശുവിൽനിന്ന് എന്തു പഠിക്കാം?
2. ആളുകളെ ശിഷ്യരാകാൻ സഹായിക്കുന്നതിന് നമ്മളെത്തന്നെ വിട്ടുകൊടുത്തുകൊണ്ട്, നമുക്ക് സ്നേഹം കാണിക്കാം.
യേശുവിനെ അനുകരിക്കുക
3. വിദ്യാർഥിക്കു സൗകര്യമുള്ള സമയത്തും സ്ഥലത്തും ബൈബിൾപഠനം നടത്തുക. ആഴ്ചയിലെ ഒരു പ്രത്യേകദിവസമോ സമയമോ ആയിരിക്കാം വിദ്യാർഥിക്കു പറ്റുന്നത്. വിദ്യാർഥിക്കു സൗകര്യമുള്ള സ്ഥലം ഏതാണെന്നും നമ്മൾ ചിന്തിക്കണം; ജോലിസ്ഥലമാണോ, വീടാണോ, അതോ മറ്റ് എവിടെയെങ്കിലുമാണോ? കഴിയുന്നിടത്തോളം അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നമ്മൾ മാറ്റങ്ങൾ വരുത്തുക.
4. ക്രമമായി ബൈബിൾപഠനം നടത്തുക. ക്രമീകരിച്ചിരിക്കുന്ന ദിവസം നിങ്ങൾക്കു ബൈബിൾപഠനം നടത്താൻ പറ്റുന്നില്ലെങ്കിൽ അത് മുടങ്ങിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തണം. പകരം ഇങ്ങനെ ചിന്തിക്കുക:
-
എ. ആ ആഴ്ചയിലെ മറ്റ് ഏതെങ്കിലും സമയത്ത് ബൈബിൾപഠനം നടത്താനാകുമോ?
-
ബി. ഫോണിലൂടെയോ വീഡിയോ കോൺഫറൻസിലൂടെയോ നടത്താൻ പറ്റുമോ?
5. ശരിയായ മനോഭാവത്തിനുവേണ്ടി പ്രാർഥിക്കുക. വിദ്യാർഥി ഇടയ്ക്കു ബൈബിൾപഠനം മുടക്കിയേക്കാം. ഇനി, പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ മാറ്റങ്ങൾ വരുത്താൻ വൈകിയേക്കാം. അപ്പോഴും വിദ്യാർഥിയെ വിട്ടുകളയാതെ, അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കാനുള്ള മനസ്സിനുവേണ്ടി യഹോവയോടു പ്രാർഥിക്കുക. (ഫിലി. 2:13) വിദ്യാർഥിക്കു പല നല്ല ഗുണങ്ങളും കാണും. അതിലേക്കു നോക്കാനുള്ള സഹായത്തിനായും അപേക്ഷിക്കുക.