അധ്യായം 18
“എന്റെ ഉഗ്രകോപം കത്തിക്കാളും”
മുഖ്യവിഷയം: ഗോഗ് ആക്രമിക്കുമ്പോൾ യഹോവയുടെ കോപം ജ്വലിക്കുന്നു; അർമഗെദോനിൽ യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നു
1-3. (എ) യഹോവയുടെ ‘ഉഗ്രകോപത്തിന്റെ’ ഫലം എന്തായിരിക്കും? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.) (ബി) നമ്മൾ ഇനി എന്താണു പഠിക്കാൻപോകുന്നത്?
സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടങ്ങുന്ന ആ കൂട്ടം ഒന്നിച്ചുനിന്ന് ഒരു രാജ്യഗീതം ആലപിക്കുകയാണ്. എന്നിട്ട് ഒരു മൂപ്പൻ യഹോവയുടെ സംരക്ഷണത്തിനുവേണ്ടി ഹൃദയംഗമമായി പ്രാർഥിക്കുന്നു. യഹോവ തങ്ങൾക്കുവേണ്ടി കരുതുമെന്നു സഭയിലെ എല്ലാവർക്കും ബോധ്യമുണ്ടെങ്കിലും അവർക്ക് ഏറെ ആശ്വാസവും ബലവും വേണ്ട ഒരു പ്രത്യേകസാഹചര്യമാണ് ഇത്. വെളിയിൽ കനത്ത പോരാട്ടത്തിന്റെ ശബ്ദം ഉയർന്നുകേൾക്കാം. അർമഗെദോൻ തുടങ്ങിക്കഴിഞ്ഞു!—വെളി. 16:14, 16.
2 അർമഗെദോൻ യുദ്ധത്തിൽ യഹോവ ആളുകളെ സംഹരിക്കുന്നത് ഒരു തണുപ്പൻ മട്ടിൽ നിർവികാരനായല്ല, മറിച്ച് ‘ഉഗ്രകോപത്തോടെ’ ആയിരിക്കും. (യഹസ്കേൽ 38:18 വായിക്കുക.) ഒരൊറ്റ സൈന്യമോ ഒരൊറ്റ രാഷ്ട്രമോ മാത്രമായിരിക്കില്ല യഹോവയുടെ കോപത്തിന്റെ ചൂട് അനുഭവിച്ചറിയുന്നത്; ഭൂമുഖത്ത് എല്ലായിടത്തുമുള്ള അസംഖ്യം മനുഷ്യർ ആ കോപാഗ്നിക്ക് ഇരയാകും. വാസ്തവത്തിൽ, “അന്ന് യഹോവ സംഹരിക്കുന്നവരെല്ലാം ഭൂമിയുടെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ വീണുകിടക്കും.”—യിരെ. 25:29, 33.
3 യഹോവ സ്നേഹത്തിന്റെ ദൈവവും “കരുണയും അനുകമ്പയും” ഉള്ളവനും ‘പെട്ടെന്നു കോപിക്കാത്തവനും’ ആണ്. (പുറ. 34:6; 1 യോഹ. 4:16) ആ ദൈവം പെട്ടെന്ന് ‘ഉഗ്രകോപത്തോടെ’ ഇങ്ങനെയൊരു നടപടിയെടുക്കാനുള്ള കാരണം എന്തായിരിക്കും? അതിന്റെ ഉത്തരം നമുക്കു വളരെയധികം ആശ്വാസവും ധൈര്യവും പകരുകയും ഇന്ന് ഉത്സാഹത്തോടെ പ്രസംഗിക്കാൻ നമ്മളെ പ്രചോദിപ്പിക്കുകയും ചെയ്യും. അത് എങ്ങനെയെന്നു നമുക്ക് ഇപ്പോൾ നോക്കാം.
യഹോവയുടെ ‘ഉഗ്രകോപത്തിന്റെ’ കാരണം
4, 5. ദൈവത്തിന്റെ കോപവും അപൂർണമനുഷ്യരുടെ കോപവും തമ്മിലുള്ള വ്യത്യാസം എന്താണ്?
4 ആദ്യംതന്നെ യഹോവയുടെ കോപം അപൂർണമനുഷ്യരുടേതുപോലെയല്ല എന്നു നമ്മൾ മനസ്സിലാക്കണം. മനുഷ്യരുടെ ദേഷ്യം ഉഗ്രകോപമായി മാറിയാൽ അവർ എന്തെല്ലാം ചെയ്തുകൂട്ടുമെന്നു പലപ്പോഴും പറയാനാകില്ല. മിക്കപ്പോഴും അതിന്റെ അനന്തരഫലങ്ങൾ അത്ര നല്ലതായിരിക്കില്ല എന്നതാണു സത്യം. ഉദാഹരണത്തിന്, ആദാമിന്റെ മൂത്ത മകനായ കയീന്റെ കാര്യമെടുക്കുക. യഹോവ തന്റെ ബലി സ്വീകരിക്കാതിരിക്കുകയും ഹാബേലിന്റെ കാഴ്ച സ്വീകരിക്കുകയും ചെയ്തപ്പോൾ കയീനു “വല്ലാതെ കോപം തോന്നി.” തുടർന്ന് എന്തു സംഭവിച്ചു? നീതിമാനായ തന്റെ സഹോദരനെ കയീൻ കൊന്നു. (ഉൽപ. 4:3-8; എബ്രാ. 11:4) യഹോവയുടെ മനസ്സിന് ഇണങ്ങിയ ഒരാൾ എന്നു വിശേഷിപ്പിച്ചിരിക്കുന്ന ദാവീദിന്റെ കാര്യമോ? (പ്രവൃ. 13:22) ദാവീദ് ഒരു നല്ല മനുഷ്യനായിരുന്നെങ്കിലും, നാബാൽ എന്ന സമ്പന്നനായ ഭൂവുടമ തന്നെയും തന്റെ ആളുകളെയും അധിക്ഷേപിച്ചെന്നു കേട്ടപ്പോൾ ദാവീദുപോലും ഒരു ഘോരകൃത്യം ചെയ്യുന്നതിന്റെ വക്കോളം എത്തി. ഉഗ്രകോപത്തോടെ ദാവീദും പടയാളികളും “വാൾ അരയ്ക്കു കെട്ടി” എന്നു നമ്മൾ വായിക്കുന്നു. നന്ദികെട്ട നാബാലിനെ മാത്രമല്ല, അയാളുടെ വീട്ടിലെ എല്ലാ ആണുങ്ങളെയും കൊന്നൊടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ നാബാലിന്റെ ഭാര്യയായ അബീഗയിൽ ഇടപെട്ടതുകൊണ്ടാണ് ദാവീദും കൂട്ടരും പ്രതികാരം ചെയ്യാതിരുന്നത്. (1 ശമു. 25:9-14, 32, 33) “മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതി നടപ്പാക്കുന്നില്ല” എന്നു ദൈവപ്രചോദിതനായി യാക്കോബ് എഴുതിയത് എത്ര ശരിയാണ്!—യാക്കോ. 1:20.
യഹോവയ്ക്കു കോപത്തിന്മേൽ നിയന്ത്രണമുണ്ട്; കോപകാരണം നമുക്കു വ്യക്തവുമായിരിക്കും
5 എന്നാൽ യഹോവയുടെ കാര്യമോ? യഹോവയ്ക്ക് എപ്പോഴും തന്റെ കോപത്തിന്മേൽ നിയന്ത്രണമുണ്ട്; യഹോവ കോപിക്കുന്നതിന്റെ കാരണം നമുക്കു വളരെ വ്യക്തവുമായിരിക്കും. ഉഗ്രകോപം തോന്നിയാൽപ്പോലും യഹോവ നീതിയോടെ മാത്രമേ പ്രവർത്തിക്കൂ. ശത്രുവിനോടു പോരാടുമ്പോൾ യഹോവ ഒരിക്കലും “ദുഷ്ടന്മാരുടെകൂടെ നീതിമാന്മാരെ” നശിപ്പിച്ചുകളയില്ല. (ഉൽപ. 18:22-25) ഇനി, യഹോവ കോപിക്കുന്നതിനു പിന്നിൽ എപ്പോഴും ന്യായമായ കാരണങ്ങളും കാണും. അത്തരം രണ്ടു കാരണങ്ങളും അതിൽനിന്നുള്ള പാഠങ്ങളും നമുക്ക് ഇപ്പോൾ നോക്കാം.
6. തന്റെ പേരിനു കളങ്കമേൽക്കുമ്പോൾ യഹോവ എങ്ങനെയാണു പ്രതികരിക്കുന്നത്?
6 കാരണം: യഹോവയുടെ പേരിനു വരുന്ന കളങ്കം. തങ്ങൾ യഹോവയുടെ പ്രതിനിധികളാണെന്ന് അവകാശപ്പെടുകയും അതേസമയം മോശമായി പ്രവർത്തിക്കുകയും ചെയ്യുന്നവർ ദൈവത്തിന്റെ സത്പേരിനു കളങ്കമേൽപ്പിക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ യഹോവയ്ക്കു കോപം തോന്നുന്നതു തികച്ചും ന്യായമാണുതാനും. (യഹ. 36:23) ഈ പ്രസിദ്ധീകരണത്തിന്റെ മുൻ അധ്യായങ്ങളിൽ കണ്ടതുപോലെ യഹോവയുടെ നാമത്തിന്മേൽ വളരെയധികം നിന്ദ വരുത്തിവെച്ചവരായിരുന്നു ഇസ്രായേൽ ജനത. അവരുടെ മനോഭാവവും പ്രവൃത്തികളും കണ്ട് യഹോവയ്ക്കു കോപം തോന്നിയതു തികച്ചും സ്വാഭാവികമായിരുന്നു. എന്നാൽ യഹോവ ഒരിക്കൽപ്പോലും അവരോടു നിയന്ത്രണം വിട്ട് കോപിച്ചില്ല. ന്യായമായ തോതിൽ മാത്രമാണ് അവരെ ശിക്ഷിച്ചത്. അത് ഒരിക്കലും അതിരുകടന്നുപോയില്ല. (യിരെ. 30:11) യഹോവ നൽകുന്ന ശിക്ഷ അതിന്റെ ലക്ഷ്യം പൂർത്തീകരിച്ചാൽപ്പിന്നെ നീരസത്തിന്റെ ഒരു കണികപോലും യഹോവ വെച്ചുകൊണ്ടിരിക്കില്ല.—സങ്കീ. 103:9.
7, 8. ഇസ്രായേല്യരോടുള്ള യഹോവയുടെ ഇടപെടലുകളിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം?
7 പാഠങ്ങൾ: ഇസ്രായേല്യരോടുള്ള യഹോവയുടെ ഇടപെടലുകൾ വളരെ ഗൗരവമുള്ള ഒരു മുന്നറിയിപ്പാണു തരുന്നത്. അന്നത്തെ ഇസ്രായേല്യരെപ്പോലെ, യഹോവയുടെ നാമം വഹിക്കാനുള്ള പദവി ലഭിച്ചവരാണു നമ്മൾ. നാം യഹോവയുടെ സാക്ഷികളാണ്. (യശ. 43:10) നമ്മൾ എന്തു പറയുന്നു, എന്തു ചെയ്യുന്നു എന്നതൊക്കെ യഹോവയോടുള്ള ആളുകളുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കും. നമ്മൾ പശ്ചാത്താപമില്ലാതെ തെറ്റു ചെയ്യുന്നതിൽ തുടർന്നാൽ അത് യഹോവയുടെ നാമത്തിനു നിന്ദ വരുത്തിവെക്കുമെന്ന് ഓർക്കുക. അങ്ങനെ ഒരാളായിത്തീരാൻ നമ്മൾ ഒരിക്കലും ആഗ്രഹിക്കില്ല. അത്തരം കാപട്യം തീർച്ചയായും യഹോവയുടെ കോപം ജ്വലിപ്പിക്കും. ഇന്നല്ലെങ്കിൽ നാളെ, തന്റെ സത്പേര് സംരക്ഷിക്കാൻ യഹോവ നിശ്ചയമായും നടപടിയെടുക്കും.—എബ്രാ. 3:13, 15; 2 പത്രോ. 2:1, 2.
8 യഹോവയ്ക്ക് “ഉഗ്രകോപം” തോന്നുമെന്ന് ഓർക്കുമ്പോൾ നമുക്ക് യഹോവയോട് അകൽച്ച തോന്നണോ? വേണ്ടാ. കാരണം ദൈവം ക്ഷമയുള്ളവനും ക്ഷമിക്കുന്നവനും ആണ്. (യശ. 55:7; റോമ. 2:4) അതേസമയം വികാരങ്ങൾക്ക് അടിമപ്പെടുന്ന ഒരു ദുർബലനല്ലതാനും. വാസ്തവത്തിൽ, പശ്ചാത്താപമില്ലാതെ പാപം ചെയ്തുകൊണ്ടിരിക്കുന്നവർക്കെതിരെ യഹോവയുടെ കോപം ജ്വലിക്കുമെന്നും അവരെ ദൈവം തന്റെ ജനത്തിന് ഇടയിൽ വെച്ചുകൊണ്ടിരിക്കില്ലെന്നും അറിയുമ്പോൾ നമുക്കു ദൈവത്തോട് ആദരവാണു തോന്നേണ്ടത്. (1 കൊരി. 5:11-13) തനിക്കു കോപം തോന്നുന്നത് എപ്പോഴാണെന്ന് യഹോവ വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്. ദൈവത്തെ പ്രകോപിപ്പിക്കുന്ന മനോഭാവവും പ്രവൃത്തികളും ഒഴിവാക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു നമ്മളാണ്.—യോഹ. 3:36; റോമ. 1:26-32; യാക്കോ. 4:8.
9, 10. തന്റെ വിശ്വസ്തജനത്തിനു ഭീഷണി നേരിടുമ്പോൾ യഹോവ എങ്ങനെ പ്രതികരിക്കും? ഉദാഹരണങ്ങൾ നൽകുക.
9 കാരണം: യഹോവയുടെ വിശ്വസ്തജനത്തിനു നേരിടുന്ന ഭീഷണി. തന്റെ സംരക്ഷണം തേടിവരുന്ന വിശ്വസ്തരെ ശത്രുക്കൾ ആക്രമിക്കുമ്പോൾ യഹോവയ്ക്കു കോപം തോന്നും. ഇസ്രായേല്യർ ഈജിപ്ത് വിട്ടുപോന്നപ്പോൾ സംഭവിച്ചത് അതിനൊരു ഉദാഹരണമാണ്. അവർ ചെങ്കടലിന്റെ തീരത്തെത്തിയപ്പോൾ ഫറവോനും അദ്ദേഹത്തിന്റെ സുശക്തമായ സേനയും അവരുടെ നേരെ വന്നു. പ്രത്യക്ഷത്തിൽ നിസ്സഹായരെന്നു തോന്നിച്ച അവരെ പിന്തുടർന്ന് ആ സൈന്യം കടലിന്റെ ഉണങ്ങിക്കിടക്കുന്ന അടിത്തട്ടിലൂടെ പാഞ്ഞുചെന്നപ്പോൾ യഹോവ ഈജിപ്തുകാരുടെ രഥചക്രങ്ങൾ ഊരിക്കളയുകയും അവരെ കടലിന്റെ നടുവിലേക്കു കുടഞ്ഞിടുകയും ചെയ്തു. “ഒറ്റയാൾപ്പോലും രക്ഷപ്പെട്ടില്ല.” (പുറ. 14:25-28) തന്റെ ജനത്തോടുള്ള ‘അചഞ്ചലസ്നേഹം’ കാരണമാണ് യഹോവയുടെ കോപം ഈജിപ്തുകാർക്കെതിരെ ജ്വലിച്ചത്.—പുറപ്പാട് 15:9-13 വായിക്കുക.
10 അതുപോലെതന്നെ, തന്റെ ജനത്തോടുള്ള സ്നേഹം കാരണം ഹിസ്കിയ രാജാവിന്റെ കാലത്തും യഹോവ നടപടിയെടുത്തു. അസീറിയൻസേന യരുശലേം നഗരത്തെ ആക്രമിക്കാൻ വന്നപ്പോഴായിരുന്നു അത്. അക്കാലത്തെ ഏറ്റവും പ്രബലമായ ആ സേന ക്രൂരതയ്ക്കു പേരുകേട്ടവരായിരുന്നു. അവർ യഹോവയുടെ വിശ്വസ്തദാസർക്കെതിരെ ഉപരോധഭീഷണി മുഴക്കി. ഇഞ്ചിഞ്ചായുള്ള ഭയാനകമരണം മുന്നിൽക്കണ്ട സമയം! (2 രാജാ. 18:27) അപ്പോൾ യഹോവ തന്റെ ദൂതനെ അവിടേക്ക് അയച്ചു. ആ ഒരൊറ്റ ദൂതൻ വെറും ഒരു രാത്രികൊണ്ട് 1,85,000 ശത്രുപടയാളികളെ കൊന്നൊടുക്കി! (2 രാജാ. 19:34, 35) പ്രഭാതമായപ്പോൾ അസീറിയൻപാളയത്തിലെ അവസ്ഥ എന്തായിരുന്നു? പോരാളികളാരും തങ്ങളുടെ കുന്തങ്ങളും പരിചകളും വാളുകളും സ്പർശിച്ചിട്ടുപോലുമില്ല. സൈനികരെ വിളിച്ചുണർത്തുന്ന കാഹളധ്വനി കേൾക്കാനില്ല. സൈന്യത്തെ അണിനിരത്തുന്ന ആജ്ഞാസ്വരങ്ങളില്ല. എങ്ങും ശവശരീരങ്ങൾ ചിതറിക്കിടക്കുന്ന ആ പാളയത്തിൽ കനത്ത നിശ്ശബ്ദത തളംകെട്ടിനിന്നു.
11. തന്റെ ജനത്തിനു ഭീഷണിയുണ്ടാകുമ്പോൾ യഹോവ എങ്ങനെ പ്രതികരിക്കുമെന്നു വ്യക്തമാക്കുന്ന തിരുവെഴുത്തുദാഹരണങ്ങൾ നമുക്ക് ആശ്വാസവും ധൈര്യവും പകരുന്നത് എങ്ങനെ?
11 പാഠങ്ങൾ: തന്റെ ജനത്തിന് ഒരു ഭീഷണിയുണ്ടാകുമ്പോൾ യഹോവ എങ്ങനെ പ്രതികരിക്കുമെന്നു വ്യക്തമാക്കുന്ന ആ ഉദാഹരണങ്ങൾ നമ്മുടെ ശത്രുക്കൾക്കു ശക്തമായ ഒരു മുന്നറിയിപ്പാണ്. ദൈവത്തിനു കോപം ജ്വലിച്ചാൽ ആ “കൈയിൽ അകപ്പെടുന്നത് എത്ര ഭയങ്കരം!” എന്നു തിരുവെഴുത്തുകൾ പറയുന്നു. (എബ്രാ. 10:31) എന്നാൽ അതേ ഉദാഹരണങ്ങൾ നമുക്ക് ആശ്വാസവും ധൈര്യവും പകരുന്നവയുമാണ്. നമ്മുടെ മുഖ്യശത്രുവായ സാത്താൻ വിജയിക്കില്ലെന്ന് അറിയുന്നത് നമുക്ക് എന്തൊരു ആശ്വാസമാണ്. സാത്താൻ ആധിപത്യം നടത്തുന്ന ‘കുറച്ച് കാലം’ ഉടൻ അവസാനിക്കും! (വെളി. 12:12) അതുവരെ, ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിൽനിന്ന് നമ്മളെ തടയാൻ ഏതെങ്കിലും വ്യക്തിക്കോ സംഘടനയ്ക്കോ ഗവൺമെന്റിനോ കഴിയില്ലെന്ന ഉറപ്പോടെ, ധൈര്യപൂർവം നമുക്ക് യഹോവയെ സേവിക്കാം. (സങ്കീർത്തനം 118:6-9 വായിക്കുക.) “ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാനാകും” എന്നു ദൈവപ്രചോദിതനായി രേഖപ്പെടുത്തിയ പൗലോസ് അപ്പോസ്തലന്റെ അതേ ബോധ്യമാണു നമുക്കുമുള്ളത്.—റോമ. 8:31.
12. മഹാകഷ്ടതയുടെ സമയത്ത് യഹോവയുടെ ഉഗ്രകോപം ജ്വലിക്കാൻ കാരണം എന്തായിരിക്കും?
12 യഹോവ ഈജിപ്തുകാരിൽനിന്ന് ഇസ്രായേല്യരെ വിടുവിച്ചതുപോലെയും യരുശലേം ഉപരോധിച്ച അസീറിയക്കാരിൽനിന്ന് ജൂതന്മാരെ സംരക്ഷിച്ചതുപോലെയും, വരാനിരിക്കുന്ന മഹാകഷ്ടതയുടെ സമയത്ത് നമ്മളെയും സംരക്ഷിക്കും. യഹോവയ്ക്കു നമ്മളോടു വളരെയേറെ സ്നേഹമുള്ളതുകൊണ്ട്, ശത്രുക്കൾ നമ്മളെ ഇല്ലാതാക്കാൻ നോക്കുമ്പോൾ യഹോവയ്ക്ക് ഉഗ്രകോപം ജ്വലിക്കും. നമ്മളെ ആക്രമിക്കുന്നവർ വാസ്തവത്തിൽ ബുദ്ധിമോശമായിരിക്കും കാട്ടുന്നത്. തന്റെ കണ്ണിലെ കൃഷ്ണമണിയെ തൊടുന്നതുപോലെയായിരിക്കും യഹോവയ്ക്ക് അപ്പോൾ തോന്നുക. യഹോവ പെട്ടെന്നുതന്നെ, ശക്തമായൊരു നടപടിയെടുക്കും. (സെഖ. 2:8, 9) മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു മഹാസംഹാരം അന്നുണ്ടാകും. എന്നാൽ യഹോവ ശത്രുക്കളുടെ മേൽ ഉഗ്രകോപം അഴിച്ചുവിടുമ്പോൾ അവർക്ക് ഒട്ടും അമ്പരപ്പു തോന്നേണ്ട കാര്യമില്ല. എന്തുകൊണ്ട്?
യഹോവ തന്നിട്ടുള്ള മുന്നറിയിപ്പുകൾ
13. യഹോവ എന്തിനെക്കുറിച്ച് മുന്നറിയിപ്പ് തന്നിട്ടുണ്ട്?
13 ‘പെട്ടെന്നു കോപിക്കാത്തവനായ’ യഹോവ, തന്നെ എതിർക്കുന്നവരെയും തന്റെ ജനത്തെ ഭീഷണിപ്പെടുത്തുന്നവരെയും ഇല്ലാതാക്കുമെന്നു വേണ്ടുവോളം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. (പുറ. 34:6, 7) വരാൻപോകുന്ന മഹായുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പു തരാൻ യിരെമ്യ, യഹസ്കേൽ, ദാനിയേൽ, യേശുക്രിസ്തു എന്നീ പ്രവാചകന്മാരെയും അപ്പോസ്തലന്മാരായ പത്രോസ്, പൗലോസ്, യോഹന്നാൻ എന്നിവരെയും യഹോവ ഉപയോഗിച്ചു.—“വരാനിരിക്കുന്ന മഹായുദ്ധത്തെക്കുറിച്ച് യഹോവയുടെ മുന്നറിയിപ്പുകൾ” എന്ന ചതുരം കാണുക.
14, 15. യഹോവ എന്തെല്ലാമാണു ചെയ്തിരിക്കുന്നത്, എന്തുകൊണ്ട്?
14 യഹോവ ഈ മുന്നറിയിപ്പുകൾ തന്റെ വചനത്തിൽ രേഖപ്പെടുത്തിവെച്ചു. ഒപ്പം, ബൈബിൾ ഒട്ടനവധി ഭാഷകളിലേക്കു തർജമ ചെയ്യപ്പെടുന്നെന്നും വ്യാപകമായി വിതരണം ചെയ്യപ്പെടുന്നെന്നും ഉറപ്പുവരുത്തുകയും ചെയ്തു. ഇക്കാര്യത്തിൽ ബൈബിളിനെ വെല്ലാൻ മറ്റൊരു പുസ്തകമില്ല. ഇനി, യഹോവയുമായി സമാധാനത്തിലാകാൻ മറ്റുള്ളവരെ സഹായിക്കുകയും ‘യഹോവയുടെ ഭയങ്കരമായ ദിവസത്തെക്കുറിച്ച്’ മുന്നറിയിപ്പു കൊടുക്കുകയും ചെയ്യുന്ന സന്നദ്ധസേവകരുടെ ഒരു സൈന്യത്തെ യഹോവ ഭൂമിയിലെങ്ങും അണിനിരത്തിയിട്ടുമുണ്ട്. (സെഫ. 1:14; സങ്കീ. 2:10-12; 110:3) ബൈബിൾ പഠിക്കാൻ സഹായിക്കുന്ന പ്രസിദ്ധീകരണങ്ങൾ നൂറുകണക്കിനു ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യാനും ദൈവവചനത്തിലെ വാഗ്ദാനങ്ങളെക്കുറിച്ചും മുന്നറിയിപ്പുകളെക്കുറിച്ചും ഓരോ വർഷവും കോടിക്കണക്കിനു മണിക്കൂറുകൾ മറ്റുള്ളവരോടു സംസാരിക്കാനും യഹോവ തന്റെ ജനത്തെ പ്രചോദിപ്പിച്ചിരിക്കുന്നു.
15 യഹോവ ഇതെല്ലാം ചെയ്തത്, ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്.’ (2 പത്രോ. 3:9) ഇത്രയേറെ സ്നേഹവും ക്ഷമയും ഉള്ള ഒരു ദൈവത്തിന്റെ പ്രതിനിധികളായി സേവിക്കുന്നതും ദൈവത്തിന്റെ സന്ദേശം മറ്റുള്ളവരെ അറിയിക്കുന്നതിൽ ചെറിയൊരു പങ്കുണ്ടായിരിക്കുന്നതും എത്ര വലിയ പദവിയാണ്! എന്നാൽ ഈ മുന്നറിയിപ്പുകൾക്കു ചെവി കൊടുക്കാത്തവരുടെ കാര്യമോ? അവർക്കു മുന്നിൽ അവസരത്തിന്റെ വാതിൽ എന്നെന്നേക്കുമായി അടയാൻപോകുകയാണ്.
യഹോവയുടെ കോപം ‘കത്തിക്കാളുന്നത്’ എപ്പോൾ?
16, 17. അന്തിമയുദ്ധത്തിന് യഹോവ ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ടോ? വിശദീകരിക്കുക.
16 അന്തിമയുദ്ധത്തിന് യഹോവ ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. തന്റെ ജനത്തിനു നേരെ ആക്രമണമുണ്ടാകുന്നത് എപ്പോഴായിരിക്കുമെന്ന് യഹോവയ്ക്ക് ഇപ്പോൾത്തന്നെ അറിയാം. (മത്താ. 24:36) എന്നാൽ ശത്രുക്കൾ ആക്രമണം അഴിച്ചുവിടുന്ന സമയം യഹോവയ്ക്ക് എങ്ങനെയാണ് അറിയാവുന്നത്?
17 ഈ പ്രസിദ്ധീകരണത്തിന്റെ കഴിഞ്ഞ അധ്യായത്തിൽ, ‘ഞാൻ നിന്റെ താടിയെല്ലിൽ കൊളുത്തിടും’ എന്ന് യഹോവ ഗോഗിനോടു പറയുന്നതായി കണ്ടിരുന്നു. അതു കാണിക്കുന്നത്, യഹോവ രാഷ്ട്രങ്ങളെ നിർണായകമായ ഒരു പോരാട്ടത്തിൽ കൊണ്ടെത്തിക്കും എന്നാണ്. (യഹ. 38:4) എന്നാൽ അതിന് അർഥം, യഹോവ ആ ആക്രമണത്തിനു മുൻകൈയെടുക്കുമെന്നോ ശത്രുക്കളുടെ ഇച്ഛാസ്വാതന്ത്ര്യത്തിൽ കൈകടത്തുമെന്നോ അല്ല. പിന്നെന്താണ്? ഹൃദയങ്ങൾ വായിക്കാൻ കഴിയുന്ന യഹോവയ്ക്ക്, തന്റെ ശത്രുക്കൾ ഒരു പ്രത്യേകസാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനാകുമെന്നാണ് അതു സൂചിപ്പിക്കുന്നത്.—സങ്കീ. 94:11; യശ. 46:9, 10; യിരെ. 17:10.
18. മനുഷ്യർ സർവശക്തനുമായി യുദ്ധത്തിനു മുതിരാൻ കാരണം എന്തായിരിക്കും?
18 യഹോവ ആ പോരാട്ടം തുടങ്ങിവെക്കുകയോ അതിനായി ശത്രുക്കളുടെ മേൽ സമ്മർദം ചെലുത്തുകയോ ചെയ്യുന്നില്ലെങ്കിൽപ്പിന്നെ നിസ്സാരരായ മനുഷ്യർ സർവശക്തനുമായി ഒരു യുദ്ധത്തിനു മുതിരാൻ കാരണം എന്തായിരിക്കും? ഒരു കാരണം ഇതായിരിക്കാം: ആ സമയമാകുമ്പോഴേക്കും, ദൈവം ഇല്ലെന്നോ, ഇനി ഉണ്ടെങ്കിൽത്തന്നെ മനുഷ്യരുടെ കാര്യത്തിൽ ഇടപെടില്ലെന്നോ ഉള്ള നിഗമനത്തിൽ അവർ എത്തിയിരിക്കും. അവർ അപ്പോൾ അങ്ങനെ ചിന്തിച്ചാലും അത്ഭുതപ്പെടാനില്ല. കാരണം അതിനോടകം അവർ ഭൂമിയിലെ സകല വ്യാജമതസംഘടനകളെയും ഇല്ലാതാക്കിയിട്ടുണ്ടാകും. ശരിക്കും ഒരു ദൈവമുണ്ടെങ്കിൽ ആ ദൈവം, തന്റെ പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയെല്ലാം സംരക്ഷിക്കേണ്ടതല്ലായിരുന്നോ എന്നായിരിക്കും അവരുടെ വാദം. വാസ്തവത്തിൽ, ദൈവത്തെ വളരെ മോശമായി ചിത്രീകരിച്ച മതങ്ങളെ ഇല്ലായ്മ ചെയ്യാൻ അവരുടെ ഹൃദയങ്ങളിൽ തോന്നിച്ചതു ദൈവംതന്നെയാണെന്ന് അവർപോലും തിരിച്ചറിയില്ല.—വെളി. 17:16, 17.
19. വ്യാജമതം നശിപ്പിക്കപ്പെട്ടശേഷം എന്തു സംഭവിച്ചേക്കാം?
19 വ്യാജമതം നശിപ്പിക്കപ്പെട്ടശേഷമുള്ള ഏതോ ഒരു സമയത്ത് യഹോവ തന്റെ ജനത്തെ ഉപയോഗിച്ച് അതിശക്തമായ ഒരു സന്ദേശം അറിയിച്ചേക്കാം. വെളിപാട് പുസ്തകം ഇതിനെ ഒരു ആലിപ്പഴവർഷത്തോടാണു താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് 20 കിലോ ഭാരം വരുന്ന ആലിപ്പഴങ്ങൾ! (വെളി. 16:21, അടിക്കുറിപ്പ്) രാഷ്ട്രീയ-വാണിജ്യ വ്യവസ്ഥിതി ഉടൻതന്നെ അവസാനിക്കാൻപോകുകയാണെന്ന ഒരു പ്രഖ്യാപനമായിരിക്കാം ഈ സന്ദേശം. ഇതു കേട്ട് വളരെയധികം അസ്വസ്ഥരായ ആളുകൾ ദൈവത്തെ നിന്ദിച്ച് സംസാരിക്കും. ദൈവജനത്തിന് എതിരെ അന്തിമമായ ഒരു ആക്രമണം നടത്താൻ രാഷ്ട്രങ്ങളെ പ്രകോപിപ്പിക്കുന്നത് ഈ സന്ദേശമായിരിക്കാം. എന്നെന്നേക്കുമായി നമ്മളെ നിശ്ശബ്ദരാക്കാൻ അപ്പോൾ അവർ തുനിഞ്ഞിറങ്ങും. ഒരു പ്രതിരോധവുമില്ലാതെ, നിസ്സഹായരായി കാണപ്പെടുന്ന നമ്മളെ നിഷ്പ്രയാസം ഇല്ലാതാക്കാമെന്നായിരിക്കും രാഷ്ട്രങ്ങളുടെ ചിന്ത. എത്ര വലിയൊരു അബദ്ധമായിരിക്കും അത്!
യഹോവ ഉഗ്രകോപം ചൊരിയുന്നു!
20, 21. ഗോഗ് ആരാണ്, ഗോഗിന് എന്തു സംഭവിക്കും?
20 നമ്മളെ ആക്രമിക്കുന്ന രാഷ്ട്രങ്ങളുടെ സഖ്യത്തെ യഹസ്കേൽ പ്രാവചനികമായി, ‘മാഗോഗ് ദേശത്തെ ഗോഗ്’ എന്നു വിളിച്ചതിനെക്കുറിച്ച് ഈ പ്രസിദ്ധീകരണത്തിന്റെ 17-ാം അധ്യായത്തിൽ നമ്മൾ കണ്ടു. (യഹ. 38:2) എന്നാൽ ഈ സഖ്യത്തിലെ അംഗരാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യം നാമമാത്രമായിരിക്കും. സഹകരണത്തിന്റെ മുഖംമൂടി അണിഞ്ഞിട്ടുണ്ടെങ്കിലും അതിനു പിന്നിൽ അപ്പോഴും ശത്രുതയും അഹങ്കാരവും ദേശീയത്വചിന്താഗതിയും ഒളിഞ്ഞുകിടക്കുന്നുണ്ടാകും. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും വാൾ “സ്വന്തം സഹോദരന് എതിരെ” തിരിക്കാൻ യഹോവയ്ക്കു വളരെ എളുപ്പമായിരിക്കും. (യഹ. 38:21) എന്നാൽ രാഷ്ട്രങ്ങളുടെ നാശം ഒരിക്കലും മനുഷ്യകരങ്ങളാലുള്ള ഒരു ദുരന്തമായിരിക്കില്ല.
21 നാശത്തിന് ഇരയാകുന്നതിനു മുമ്പ് നമ്മുടെ ശത്രുക്കൾ “മനുഷ്യപുത്രന്റെ അടയാളം” കാണും. (മത്ത. 24:30) സാധ്യതയനുസരിച്ച് പ്രകൃത്യതീതമായ ആ സംഭവം, യഹോവയുടെയും യേശുവിന്റെയും ശക്തിയുടെ ഒരു പ്രകടനമായിരിക്കാം. അതെല്ലാം കാണുമ്പോൾ നമ്മുടെ ശത്രുക്കൾക്ക് അങ്ങേയറ്റം ഉത്കണ്ഠ തോന്നും. യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, “ഭൂലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന ആശങ്ക കാരണം ആളുകൾ പേടിച്ച് ബോധംകെടും.” (ലൂക്കോ. 21:25-27) യഹോവയുടെ ജനത്തെ ആക്രമിച്ചത് എത്ര വലിയ അബദ്ധമായെന്ന് ഒരു ഞെട്ടലോടെ അവർ തിരിച്ചറിയും. സ്രഷ്ടാവിനു സൈന്യങ്ങളുടെ അധിപനായ യഹോവ എന്ന മറ്റൊരു മുഖമുണ്ടെന്ന് അംഗീകരിക്കാൻ, ദൈവം ശക്തനായ ഒരു സൈന്യാധിപനാണെന്നു തിരിച്ചറിയാൻ, അവർ നിർബന്ധിതരാകും. (സങ്കീ. 46:6-11; യഹ. 38:23) യഹോവ അന്നു സ്വർഗീയസൈന്യത്തെയും പ്രകൃതിശക്തികളെയും ഉപയോഗിച്ച് ആഞ്ഞടിക്കുമ്പോൾ തന്റെ വിശ്വസ്തസേവകർക്കു സംരക്ഷണം ലഭിക്കുന്നെന്നും ശത്രുക്കളെല്ലാം ഇല്ലായ്മ ചെയ്യപ്പെടുന്നെന്നും ഉറപ്പുവരുത്തും.—2 പത്രോസ് 2:9, 10എ വായിക്കുക.
22, 23. ദൈവജനത്തെ സംരക്ഷിക്കുന്നത് ആരായിരിക്കും, തങ്ങളുടെ ആ നിയമനത്തെക്കുറിച്ച് അവർക്ക് എന്തായിരിക്കും തോന്നുക?
യഹോവയുടെ ദിവസത്തെക്കുറിച്ച് അറിയാവുന്ന നമ്മൾ ഇപ്പോൾ എന്തു ചെയ്യണം?
22 ദൈവത്തിന്റെ വൈരികൾക്ക് എതിരെയുള്ള ആക്രമണത്തിനു നേതൃത്വമെടുക്കാനും തന്റെ പിതാവിനെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരെ സംരക്ഷിക്കാനും യേശുവിന് എത്ര ആവേശമായിരിക്കും! അഭിഷിക്തരുടെ മനസ്സിലൂടെ അപ്പോൾ കടന്നുപോകുന്ന വികാരങ്ങളെക്കുറിച്ച് ഒന്ന് ഓർത്തുനോക്കൂ. 1,44,000-ത്തിൽപ്പെട്ട എല്ലാവർക്കും യേശുവിനോടൊപ്പം ആ യുദ്ധത്തിൽ പോരാടാൻ കഴിയേണ്ടതിന് അർമഗെദോൻ തുടങ്ങുന്നതിനു മുമ്പുള്ള ഒരു സമയത്ത്, ഭൂമിയിൽ ശേഷിക്കുന്ന അഭിഷിക്തരിൽ അവസാനത്തെ ആളെയും സ്വർഗീയജീവനിലേക്ക് ഉയർത്തിയിട്ടുണ്ടാകും. (വെളി. 17:12-14) അവസാനകാലത്ത് വേറെ ആടുകളിൽപ്പെട്ടവരോടൊപ്പം പ്രവർത്തിച്ചപ്പോൾ, അഭിഷിക്തരിൽ മിക്കവർക്കും അവരുമായി ഒരു അടുത്ത സുഹൃദ്ബന്ധം വളർന്നുവന്നിരിക്കും. പരിശോധനകൾ നേരിട്ടപ്പോൾ തങ്ങളെ വിശ്വസ്തമായി പിന്തുണച്ച അക്കൂട്ടർക്കുവേണ്ടി അഭിഷിക്തർ ഇപ്പോൾ എന്തു ചെയ്യും? തങ്ങൾക്കു പുതുതായി ലഭിച്ച അധികാരവും ശക്തിയും ഉപയോഗിച്ച് അവർ അവരെ സംരക്ഷിക്കും.—മത്താ. 25:31-40.
23 ദൂതന്മാരും യേശുവിന്റെ സ്വർഗീയസൈന്യത്തിലുണ്ടായിരിക്കും. (2 തെസ്സ. 1:7; വെളി. 19:14) സാത്താനെയും ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന് പുറത്താക്കാൻ, മുമ്പ് യേശുവിനെ സഹായിച്ചവരാണ് അവർ. (വെളി. 12:7-9) ഭൂമിയിൽ യഹോവയെ ആരാധിക്കാൻ ആഗ്രഹിക്കുന്നവരെ കൂട്ടിച്ചേർക്കുന്നതിലും അവർ ഉൾപ്പെട്ടിട്ടുണ്ട്. (വെളി. 14:6, 7) അതുകൊണ്ടുതന്നെ ഭൂമിയിലെ ഈ വിശ്വസ്തരെ സംരക്ഷിക്കാൻ യഹോവ ദൂതന്മാരെ അനുവദിക്കുന്നത് എത്ര ഉചിതമാണ്! എന്നാൽ യഹോവയുടെ സൈന്യത്തിലെ എല്ലാവരും ഏറ്റവും വലിയ ബഹുമതിയായി കാണുന്നത്, ദൈവനാമത്തെ വിശുദ്ധീകരിക്കാനുള്ള പദവിയാണ്. യഹോവയുടെ ശത്രുക്കളെ നശിപ്പിക്കാൻ സഹായിക്കുന്നതിലൂടെ, അവർ ദൈവത്തിന്റെ സത്പേരിനേറ്റ കളങ്കം ഇല്ലാതാക്കും.—മത്താ. 6:9, 10.
24. വേറെ ആടുകളിൽപ്പെട്ട മഹാപുരുഷാരത്തിന്റെ പ്രതികരണം എന്തായിരിക്കും?
24 വേറെ ആടുകളിൽപ്പെട്ട മഹാപുരുഷാരത്തെ സംരക്ഷിക്കാൻ, ഇത്രയധികം ശക്തിയും ഉത്സാഹവും ഉള്ള ഒരു സൈന്യമുള്ളപ്പോൾ അവർ എന്തിനു ഭയപ്പെടണം? വാസ്തവത്തിൽ, തങ്ങളുടെ ‘മോചനം അടുത്തുവരുന്നതുകൊണ്ട് (അവർ) നിവർന്നുനിൽക്കും, തല ഉയർത്തിപ്പിടിക്കും’ എന്നാണു നമ്മൾ വായിക്കുന്നത്. (ലൂക്കോ. 21:28) യഹോവയുടെ ദിവസം വരുന്നതിനു മുമ്പുതന്നെ, കരുണാമയനും സംരക്ഷണമേകുന്നവനും ആയ നമ്മുടെ പിതാവിനെ അറിയാനും സ്നേഹിക്കാനും പരമാവധി ആളുകളെ സഹായിക്കേണ്ടത് എത്ര പ്രധാനമാണ്!—സെഫന്യ 2:2, 3 വായിക്കുക.
25. അടുത്ത അധ്യായത്തിൽ നമ്മൾ എന്തു പഠിക്കും?
25 മനുഷ്യയുദ്ധങ്ങൾ അരാജകത്വവും വേദനകളും മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. എന്നാൽ അർമഗെദോൻ, ഭൂമിയിൽ ക്രമസമാധാനവും സന്തോഷവും കൈവരുത്തും. ആ യുദ്ധത്തോടെ യഹോവയുടെ ഉഗ്രകോപം ശമിക്കും. ഒടുവിൽ യഹോവയുടെ പോരാളികൾ വാൾ ഉറയിലിടും. ആ മഹായുദ്ധത്തിന്റെ ആരവങ്ങളെല്ലാം കെട്ടടങ്ങിക്കഴിയുമ്പോഴോ? ശോഭനമായ ഒരു ഭാവിയാണു നമ്മളെ കാത്തിരിക്കുന്നത്. അതെക്കുറിച്ച് അടുത്ത അധ്യായത്തിൽ നമ്മൾ പഠിക്കും.