ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും
അധ്യായം 42
ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും
1. ദൂതൻ യോഹന്നാനെ ആയിരമാണ്ടു വാഴ്ചയുടെ തുടക്കത്തിലേക്കു തിരിച്ചുകൊണ്ടുപോകുമ്പോൾ അവൻ എന്തു വർണിക്കുന്നു?
ദൂതൻ യോഹന്നാനെ ആയിരമാണ്ടു വാഴ്ചയുടെ തുടക്കത്തിലേക്ക് തിരിച്ചുകൊണ്ടുപോകുമ്പോൾ ഈ മഹത്തായ ദർശനം തുടർന്നു ചുരുളഴിയുന്നു. അവൻ എന്തു വർണിക്കുന്നു? “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.” (വെളിപ്പാടു 21:1) വശ്യസുന്ദരമായ ഒരു ദൃശ്യം ദൃഷ്ടിപഥത്തിൽ!
2. (എ) പുതിയ ആകാശവും പുതിയ ഭൂമിയും സംബന്ധിച്ച യെശയ്യാവിന്റെ പ്രവചനം പൊ.യു.മു. 537-ൽ പുനഃസ്ഥിതീകരിക്കപ്പെട്ട യഹൂദൻമാരുടെയിടയിൽ നിവൃത്തിയേറിയതെങ്ങനെ? (ബി) യെശയ്യാവിന്റെ പ്രവചനത്തിനു കൂടുതലായ ഒരു നിവൃത്തി ഉണ്ടെന്നു നാം എങ്ങനെ അറിയുന്നു, ഈ വാഗ്ദത്തം എങ്ങനെ നിവൃത്തിയേറുന്നു?
2 യോഹന്നാന്റെ നാളിനു നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് യഹോവ യെശയ്യാവിനോട് ഇപ്രകാരം പറഞ്ഞിരുന്നു: “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.” (യെശയ്യാവു 65:17; 66:22) ബാബിലോനിൽ 70 വർഷത്തെ പ്രവാസത്തിനുശേഷം പൊ.യു.മു. 537-ൽ വിശ്വസ്തരായ യഹൂദൻമാർ യെരുശലേമിൽ തിരിച്ചുവന്നപ്പോൾ ഈ പ്രവചനം പ്രാഥമികമായി നിവൃത്തിയേറി. അവർ ആ പുനഃസ്ഥിതീകരണത്തിൽ, ഒരു പുതിയ ഭരണവ്യവസ്ഥിതിയാകുന്ന “പുതിയ ആകാശ”ത്തിൻകീഴിൽ ശുദ്ധീകരിക്കപ്പെട്ട ഒരു സമുദായമാകുന്ന “പുതിയ ഭൂമി” ആയിത്തീർന്നു. എന്നിരുന്നാലും അപ്പോസ്തലനായ പത്രോസ് കൂടുതലായ ഒരു പ്രയുക്തിയിലേക്കു വിരൽചൂണ്ടി, ഇപ്രകാരം പറഞ്ഞുകൊണ്ട്: “എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ് 3:13) കർത്താവിന്റെ ദിവസത്തിൽ ഈ വാഗ്ദത്തം നിവൃത്തിയേറുന്നതായി യോഹന്നാൻ ഇപ്പോൾ പ്രകടമാക്കുന്നു. “ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും,” സാത്താന്റെ സംഘടിത വ്യവസ്ഥിതി, സാത്താനും അവന്റെ ഭൂതങ്ങളും പ്രചോദനം നൽകിയ അതിന്റെ ഭരണപരമായ ചട്ടക്കൂടുസഹിതം നീങ്ങിപ്പോകും. മത്സരികളായ ദുഷ്ട മനുഷ്യവർഗത്തിന്റെ പ്രക്ഷുബ്ധമായ “സമുദ്രം” ഇല്ലാതാകും. അതിന്റെ സ്ഥാനത്ത് ഒരു പുതിയ ആകാശവും പുതിയ ഭൂമിയും വരും—ദൈവരാജ്യമാകുന്ന ഒരു പുതിയ ഗവൺമെൻറിൻകീഴിൽ ഒരു പുതിയ ഭൗമികസമുദായം തന്നെ.—താരതമ്യം ചെയ്യുക: വെളിപ്പാടു 20:11.
3. (എ) യോഹന്നാൻ എന്തു വർണിക്കുന്നു, പുതിയ യെരുശലേം എന്താണ്? (ബി) പുതിയ യെരുശലേം ‘സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നത്’ എങ്ങനെ?
3 യോഹന്നാൻ തുടരുന്നു: “പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുളള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നുതന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.” (വെളിപ്പാടു 21:2) മരണത്തോളം വിശ്വസ്തരായി തുടരുന്നവരും മഹത്ത്വീകരിക്കപ്പെട്ട യേശുവിനോടുകൂടെ രാജാക്കൻമാരും പുരോഹിതൻമാരും ആയിത്തീരാൻ ഉയിർപ്പിക്കപ്പെടുന്നവരുമായ അഭിഷിക്ത ക്രിസ്ത്യാനികൾ ചേർന്നുളള ക്രിസ്തുവിന്റെ മണവാട്ടിയാണു പുതിയ യെരുശലേം. (വെളിപ്പാടു 3:12; 20:6) ഭൗമിക യെരുശലേം പുരാതന ഇസ്രായേലിൽ ഭരണത്തിന്റെ ആസ്ഥാനം ആയിത്തീർന്നതുപോലെതന്നെ ഉജ്ജ്വലമായ പുതിയ യെരുശലേമും അവളുടെ മണവാളനും പുതിയ വ്യവസ്ഥിതിയുടെ ഭരണകൂടമായിത്തീരുന്നു. ഇതാണു പുതിയ ആകാശം. ‘മണവാട്ടി സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുന്നത്’ അക്ഷരീയമായിട്ടല്ല, ഭൂമിയിലേക്കു ശ്രദ്ധതിരിക്കുന്നു എന്ന അർഥത്തിലാണ്. കുഞ്ഞാടിന്റെ മണവാട്ടി, മുഴു മനുഷ്യവർഗത്തിൻമേലും ഒരു നീതിയുളള ഗവൺമെൻറ് പ്രാബല്യത്തിലാക്കുന്നതിൽ അവന്റെ വിശ്വസ്ത പങ്കാളി ആയിരിക്കേണ്ടതാണ്. വാസ്തവത്തിൽ പുതിയ ഭൂമിക്ക് ഒരു അനുഗ്രഹംതന്നെ!
4. ദൈവം പുതുതായി രൂപവൽക്കരിച്ച ഇസ്രായേൽ ജനതയോടു ചെയ്തതിനു സമാനമായ ഏതു വാഗ്ദത്തം നൽകുന്നു?
4 യോഹന്നാൻ തുടർന്നു നമ്മോടു പറയുന്നു: “സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.” (വെളിപ്പാടു 21:3) യഹോവ അന്നു പുതിയതായിരുന്ന ഇസ്രായേൽ ജനതയുമായി ന്യായപ്രമാണ ഉടമ്പടി ചെയ്തപ്പോൾ ഇപ്രകാരം വാഗ്ദത്തം ചെയ്തു: “ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്റെ ഉളളം നിങ്ങളെ വെറുക്കയില്ല. ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും.” (ലേവ്യപുസ്തകം 26:11, 12) ഇപ്പോൾ യഹോവ സമാനമായ ഒരു വാഗ്ദത്തം വിശ്വസ്തമനുഷ്യർക്കു നൽകുകയാണ്. സഹസ്രാബ്ദ ന്യായവിധിദിവസത്തിൽ അവർ അവന് വളരെ വിശേഷപ്പെട്ട ഒരു ജനമായിത്തീരും.
5. (എ) സഹസ്രാബ്ദ വാഴ്ചക്കാലത്തു ദൈവം എങ്ങനെ മനുഷ്യവർഗത്തോടുകൂടെ വസിക്കും? (ബി) ആയിരമാണ്ടു വാഴ്ചക്കുശേഷം ദൈവം എങ്ങനെ മനുഷ്യവർഗത്തോടുകൂടെ വസിക്കും?
5 സഹസ്രാബ്ദ വാഴ്ചക്കാലത്ത്, യഹോവ തന്റെ രാജപുത്രനായ യേശുക്രിസ്തു തന്നെ പ്രതിനിധാനം ചെയ്യുന്നതായ ഒരു താത്കാലിക ക്രമീകരണത്തിലൂടെ മനുഷ്യവർഗത്തിന്റെ ഇടയിൽ “വസിക്കും”. എന്നിരുന്നാലും, ആയിരമാണ്ടു വാഴ്ചയുടെ ഒടുവിൽ യേശു രാജ്യം പിതാവിനെ തിരിച്ചേൽപ്പിക്കുമ്പോൾ ഒരു രാജകീയ പ്രതിനിധിയോ ഇടനിലക്കാരനോ ആവശ്യമുണ്ടായിരിക്കുകയില്ല. നിലനിൽക്കുന്നതും നേരിട്ടുളളതുമായ ഒരു വിധത്തിൽ യഹോവ ആത്മീയമായി ‘തന്റെ ജനത്തോടു’കൂടെ വസിക്കും. (താരതമ്യം ചെയ്യുക: യോഹന്നാൻ 4:23, 24.) പുനഃസ്ഥിതീകരിക്കപ്പെട്ട മനുഷ്യസമുദായത്തിന് എത്ര ഉന്നതമായ ഒരു പദവി!
6, 7. (എ) ഏതു മഹത്തായ വാഗ്ദത്തങ്ങൾ യോഹന്നാൻ വെളിപ്പെടുത്തുന്നു, അനുഗ്രഹങ്ങൾ ആർ ആസ്വദിക്കും? (ബി) ആത്മീയവും ഭൗതികവുമായ ഒരു പറുദീസയെ യെശയ്യാവ് വർണിക്കുന്നതെങ്ങനെ?
6 യോഹന്നാൻ തുടർന്നു പറയുന്നു: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി”. (വെളിപ്പാടു 21:4, 5എ) ഒരിക്കൽക്കൂടെ, മുൻ നിശ്വസ്ത വാഗ്ദത്തങ്ങൾ നമ്മെ അനുസ്മരിപ്പിക്കുന്നു. മേലാൽ മരണവും വിലാപവും ഉണ്ടായിരിക്കുകയില്ലാത്തതും ദുഃഖം നീങ്ങി തൽസ്ഥാനത്ത് ആനന്ദം കളിയാടുന്നതുമായ ഒരു കാലത്തേക്ക് യെശയ്യാവും മുന്നോട്ടുനോക്കി. (യെശയ്യാവു 25:8; 35:10; 51:11; 65:19) ആയിരംവർഷ ന്യായവിധിദിവസത്തിൽ ഈ വാഗ്ദത്തങ്ങൾക്ക് അത്ഭുതകരമായ ഒരു നിവൃത്തിയുണ്ടാകുമെന്ന് യോഹന്നാൻ ഇപ്പോൾ സ്ഥിരീകരിക്കുന്നു. ആദ്യം മഹാപുരുഷാരം അനുഗ്രഹങ്ങൾ ആസ്വദിക്കും. “സിംഹാസനത്തിന്റെ മദ്ധ്യേ ഉളള കുഞ്ഞാടു” അവരെ തുടർന്നു മേയിച്ച് “ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.” (വെളിപ്പാടു 7:9, 17) എന്നാൽ ഒടുവിൽ പുനരുത്ഥാനം പ്രാപിക്കുന്നവരും യഹോവയുടെ കരുതലുകളിൽ വിശ്വാസം പ്രകടമാക്കുന്നവരുമായ എല്ലാവരും ആത്മീയവും ഭൗതികവുമായ ഒരു പറുദീസ ആസ്വദിച്ചുകൊണ്ട് അവിടെ അവരോടൊത്തുണ്ടായിരിക്കും.
7 “അന്നു കുരുടൻമാരുടെ കണ്ണു തുറന്നുവരും; ചെകിടൻമാരുടെ ചെവി അടഞ്ഞിരിക്കയുമില്ല”, എന്നു യെശയ്യാവ് പറയുന്നു. അതെ, “അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും”. (യെശയ്യാവു 35:5, 6) കൂടാതെ, അക്കാലത്ത് “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതൻമാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.” (യെശയ്യാവു 65:21, 22) അതുകൊണ്ട് അവർ ഭൂമിയിൽനിന്നു പിഴുതുനീക്കപ്പെടുകയില്ല.
8. ഈ മഹത്തായ വാഗ്ദത്തങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് യഹോവതന്നെ എന്തു പറയുന്നു?
8 നാം ഈ വാഗ്ദത്തങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോൾ എത്ര ശോഭനമായ പൂർവദർശനങ്ങളാണു നമ്മുടെ മനസ്സുകളെ നിറക്കുന്നത്! സ്വർഗത്തിലെ സ്നേഹനിർഭരമായ ഗവൺമെൻറിൻ കീഴിൽ അത്ഭുതകരമായ കരുതലുകൾ വിശ്വസ്തരായ മനുഷ്യവർഗത്തിനുവേണ്ടി കരുതിയിരിക്കുന്നു. ആ വാഗ്ദത്തങ്ങൾ സത്യമായിത്തീരാൻ കഴിയാത്തവയാണോ? അവ പത്മോസ് ദ്വീപിൽ പ്രവാസത്തിലായിരുന്ന ഒരു വയസ്സന്റെ സ്വപ്നങ്ങൾ മാത്രമാണോ? യഹോവതന്നെ ഉത്തരം നൽകുന്നു: “സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു. പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഒമേഗയും ആദിയും അന്തവും ആകുന്നു”.—വെളിപ്പാടു 21:5ബി, 6എ.
9. ഈ ഭാവി അനുഗ്രഹങ്ങൾ തികച്ചും സുനിശ്ചിതമായി സാക്ഷാത്കരിക്കപ്പെടുമെന്നു കരുതാൻ കഴിയുന്നതെന്തുകൊണ്ട്?
9 അത് യഹോവതന്നെ വിശ്വസ്ത മനുഷ്യവർഗത്തിന് ഈ ഭാവി അനുഗ്രഹങ്ങൾ സംബന്ധിച്ച് ഒരു ജാമ്യം അഥവാ ഒരു ആധാരം ഒപ്പിട്ടു കൊടുക്കുന്നതുപോലെയാണ്. അത്തരം ഒരു ജാമ്യക്കാരനെ ചോദ്യം ചെയ്യാൻ ആർ ധൈര്യപ്പെടും? എന്തിന്, അവ നിവൃത്തിയേറി കഴിഞ്ഞതുപോലെ അവൻ സംസാരിക്കുന്നതുകൊണ്ട് യഹോവയുടെ ഈ വാഗ്ദത്തങ്ങൾ അത്ര സുനിശ്ചിതമാണ്: “സംഭവിച്ചുതീർന്നു”! യഹോവ, ‘അല്ഫയും ഒമേഗയും ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തൻ’ അല്ലേ? (വെളിപ്പാടു 1:8) അതെ, തീർച്ചയായും! അവൻതന്നെ പ്രഖ്യാപിക്കുന്നു: “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശയ്യാവു 44:6) ആ നിലയിൽ, അവന് പ്രവചനത്തിനു നിശ്വസ്തത നൽകാനും എല്ലാ വിശദാംശങ്ങളിലും അവ നിവർത്തിക്കാനും കഴിയും. വിശ്വാസത്തിന് എത്ര ബലദായകം! അതുകൊണ്ട് അവൻ വാഗ്ദത്തം ചെയ്യുന്നു: “ഇതാ ഞാൻ സകലവും പുതുതാക്കുന്നു”! ഈ അത്ഭുതങ്ങൾ യഥാർഥത്തിൽ സംഭവിക്കുമോയെന്നു ചോദ്യം ചെയ്യുന്നതിനുപകരം നാം ചോദിക്കേണ്ടത് ഇതാണ്: ‘അത്തരം അനുഗ്രഹങ്ങൾ അവകാശമാക്കാൻ ഞാൻ വ്യക്തിപരമായി എന്തു ചെയ്യണം?’
ദാഹിക്കുന്നവർക്കു ‘ജലം’
10. എന്തു ‘ജലം’ യഹോവ വാഗ്ദാനം ചെയ്യുന്നു, അത് എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
10 യഹോവ തന്നെയാണ് ഇപ്രകാരം പ്രഖ്യാപിക്കുന്നത്: “ദാഹിക്കുന്ന ഏതൊരുവനും ഞാൻ ജീവജലത്തിന്റെ ഉറവിൽനിന്നു സൗജന്യമായി കൊടുക്കും.” (വെളിപാട് 21:6ബി, NW) ആ ദാഹം ശമിപ്പിക്കുന്നതിന് ഒരു വ്യക്തി തന്റെ ആത്മീയാവശ്യം സംബന്ധിച്ചു ബോധവാനായിരിക്കുകയും യഹോവ പ്രദാനംചെയ്യുന്ന ‘ജലം’ സ്വീകരിക്കാൻ മനസ്സൊരുക്കമുളളവനായിരിക്കുകയും വേണം. (യെശയ്യാവു 55:1; മത്തായി 5:3) എന്തു ‘ജലം’? ശമര്യയിലെ ഒരു കിണററരികിൽവെച്ച് ഒരു സ്ത്രീയോടു സാക്ഷീകരിച്ചപ്പോൾ യേശുതന്നെ ആ ചോദ്യത്തിന് ഉത്തരം നൽകി. അവൻ അവളോടു പറഞ്ഞു: “ഞാൻ കൊടുക്കുന്ന വെളളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെളളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവയായിത്തീരും”. ആ ‘ജീവജലത്തിന്റെ ഉറവ്’ ദൈവത്തിൽനിന്ന്, ജീവന്റെ പൂർണതയിൽ മനുഷ്യവർഗത്തെ പുനഃസ്ഥിതീകരിക്കാനുളള അവന്റെ കരുതലെന്ന നിലയിൽ ക്രിസ്തു മുഖാന്തരം ഒഴുകുന്നു. ശമര്യാക്കാരി സ്ത്രീയെപ്പോലെ ആ ഉറവിൽനിന്നു ധാരാളമായി കുടിക്കുവാൻ നാം എത്ര ആകാംക്ഷയുളളവരായിരിക്കണം! ആ സ്ത്രീയെപ്പോലെ, സുവാർത്ത മററുളളവരോടു പറയുന്നതിനുവേണ്ടി ലൗകിക താത്പര്യങ്ങൾ വിട്ടുകളയാൻ നാം എത്ര ഒരുക്കമുളളവരായിരിക്കണം!—യോഹന്നാൻ 4:14, 15, 28, 29.
ജയിക്കുന്നവർ
11. യഹോവ എന്തു വാഗ്ദത്തം നൽകുന്നു, ആ വാക്കുകൾ ഒന്നാമതായി ആർക്കു ബാധകമാകുന്നു?
11 യഹോവ തുടർന്നു പറയുന്നതുപോലെ, ആ ഉൻമേഷദായകമായ ‘ജലം’ കുടിക്കുന്നവരും ജയിച്ചടക്കേണ്ടതുണ്ട്: “ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.” (വെളിപ്പാടു 21:7) ഈ വാഗ്ദത്തം ഏഴു സഭകൾക്കുളള സന്ദേശങ്ങളിൽ കാണുന്ന വാഗ്ദത്തങ്ങളോടു സമാനമാണ്; അതുകൊണ്ട് ഈ വാക്കുകൾ ഒന്നാമത് അഭിഷിക്ത ശിഷ്യൻമാർക്കു ബാധകമാകണം. (വെളിപ്പാടു 2:7, 11, 17, 26-28; 3:5, 12, 21) ക്രിസ്തുവിന്റെ ആത്മീയ സഹോദരൻമാർ കഴിഞ്ഞ യുഗങ്ങളിലുടനീളം പുതിയ യെരുശലേമിന്റെ ഭാഗമായിരിക്കുന്ന പദവിക്കുവേണ്ടി ആകാംക്ഷാപൂർവം കാത്തിരുന്നിട്ടുണ്ട്. യേശു വിജയിച്ചതുപോലെ അവർ വിജയിക്കുന്നെങ്കിൽ അവരുടെ പ്രത്യാശ സാക്ഷാത്കരിക്കപ്പെടും.—യോഹന്നാൻ 16:33.
12. വെളിപ്പാടു 21:7-ലെ യഹോവയുടെ വാഗ്ദത്തം മഹാപുരുഷാരത്തിന്റെ സംഗതിയിൽ എങ്ങനെ നിവൃത്തിയേറും?
12 എല്ലാ ജനതകളിൽനിന്നുളള മഹാപുരുഷാരവും ഈ വാഗ്ദത്തത്തിനായി നോക്കിപ്പാർത്തിരിക്കുന്നു. മഹോപദ്രവത്തിൽനിന്നു പുറത്തുവരുന്നതുവരെ വിശ്വസ്തമായി ദൈവത്തെ സേവിച്ചുകൊണ്ട് അവരും ജയിച്ചടക്കേണ്ടിയിരിക്കുന്നു. അപ്പോൾ അവർ അവരുടെ ഭൗമിക അവകാശത്തിലേക്ക്, ‘ലോകസ്ഥാപനം മുതൽ അവർക്കായി ഒരുക്കിയിരിക്കുന്ന രാജ്യത്തിലേക്കു’ പ്രവേശിക്കും. (മത്തായി 25:34) ഇവരും ആയിരം വർഷത്തിന്റെ ഒടുവിൽ പരിശോധനയിൽ വിജയിക്കുന്ന കർത്താവിന്റെ ഭൗമിക ചെമ്മരിയാടുകളിൽപ്പെട്ട മററുളളവരും “വിശുദ്ധൻമാർ” എന്നു വിളിക്കപ്പെടുന്നു. (വെളിപ്പാടു 20:9) അവർ തങ്ങളുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തോട് അവന്റെ സാർവത്രിക സ്ഥാപനത്തിലെ അംഗങ്ങളെന്ന നിലയിൽ വിശുദ്ധവും പുത്രാനുരൂപവുമായ ഒരു ബന്ധം ആസ്വദിക്കും.—യെശയ്യാവു 66:22; യോഹന്നാൻ 20:31; റോമർ 8:21.
13, 14. ദൈവത്തിന്റെ മഹത്തായ വാഗ്ദത്തങ്ങൾ അവകാശമാക്കുന്നതിന് ഏതു നടപടികൾ നാം നിശ്ചയദാർഢ്യത്തോടെ ഒഴിവാക്കണം, എന്തുകൊണ്ട്?
13 ഈ മഹത്തായ പ്രതീക്ഷയുടെ വീക്ഷണത്തിൽ യഹോവയുടെ സാക്ഷികൾ ഇപ്പോൾ സാത്താന്റെ ലോകത്തിലെ കളങ്കപ്പെടുത്തുന്ന കാര്യാദികളെ വിട്ടു ശുദ്ധിയുളളവരായി നിൽക്കുന്നത് എത്ര പ്രധാനമാണ്! യഹോവതന്നെ ഇവിടെ വർണിക്കുന്ന കൂട്ടത്തിലേക്കു സാത്താൻ നമ്മെ ഒരിക്കലും വലിച്ചുകൊണ്ടു പോകാതിരിക്കാൻ നാം ശക്തരും പ്രതിജ്ഞാബദ്ധരും ദൃഢനിശ്ചയമെടുത്തവരും ആയിരിക്കേണ്ട ആവശ്യമുണ്ട്: “എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കുലപാതകൻമാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉളള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.” (വെളിപ്പാടു 21:8) അതെ, അവകാശിയായിത്തീരേണ്ടുന്നവൻ ഈ പഴയ വ്യവസ്ഥിതിയെ ദുഷിപ്പിച്ചിരിക്കുന്ന നടപടികൾ ഒഴിവാക്കേണ്ടിയിരിക്കുന്നു. എല്ലാ സമ്മർദങ്ങളും പ്രലോഭനങ്ങളും അവഗണിച്ചു വിശ്വസ്തരായി നിലനിന്നുകൊണ്ട് അയാൾ ജയിച്ചടക്കേണ്ടതുണ്ട്.—റോമർ 8:35-39.
14 ക്രൈസ്തവലോകം ക്രിസ്തുവിന്റെ മണവാട്ടിയാണെന്ന് അവകാശപ്പെടുന്നെങ്കിലും യോഹന്നാൻ ഇവിടെ വർണിക്കുന്ന മ്ലേച്ഛമായ നടപടികൾ അവളുടെ സ്വഭാവമാണ്. അതുകൊണ്ട് അവൾ മഹാബാബിലോന്റെ ശേഷിച്ച ഭാഗത്തോടൊപ്പം നിത്യനാശത്തിലേക്കു പോകുന്നു. (വെളിപ്പാടു 18:8, 21) അതുപോലെതന്നെ, അത്തരം ദുഷ്പ്രവൃത്തിയിൽ ഏർപ്പെടുകയോ അതിനെ പ്രോത്സാഹിപ്പിച്ചു തുടങ്ങുകയോ ചെയ്യുന്ന അഭിഷിക്തരിലോ മഹാപുരുഷാരത്തിലോ ഉൾപ്പെട്ട ഏതൊരാളും നിത്യനാശത്തെ അഭിമുഖീകരിക്കുന്നു. ഈ നടപടികളിൽ തുടരുന്നെങ്കിൽ അവർ വാഗ്ദത്തങ്ങൾ അവകാശമാക്കുകയില്ല. പുതിയ ഭൂമിയിൽ അത്തരം നടപടികൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ഏതൊരാളും ഉടൻ നശിപ്പിക്കപ്പെടും, പുനരുത്ഥാനപ്രത്യാശയില്ലാതെ രണ്ടാം മരണത്തിലേക്ക് അവർ പോകും.—യെശയ്യാവു 65:20.
15. ജേതാക്കളെന്ന നിലയിൽ മികച്ചുനിൽക്കുന്നവർ ആരാണ്, ഏതു ദർശനത്തോടെ വെളിപാട് ഉദാത്തമായ ഒരു പാരമ്യത്തിലേക്കു വരുത്തപ്പെടുന്നു?
15 കുഞ്ഞാടായ യേശുക്രിസ്തുവും അവന്റെ മണവാട്ടിയായ 1,44,000 ആകുന്ന പുതിയ യെരുശലേമും ജേതാക്കളെന്ന നിലയിൽ മികച്ചുനിൽക്കുന്നു. അപ്പോൾ, പുതിയ യെരുശലേമിന്റെ അന്തിമവും അതിശയിപ്പിക്കുന്നതുമായ ഒരു കാഴ്ചയോടെ വെളിപാടിനെ ഉദാത്തമായ ഒരു പാരമ്യത്തിലേക്കു വരുത്തുന്നത് എത്ര ഉചിതമാണ്! യോഹന്നാൻ ഇപ്പോൾ ഒരു അന്തിമ ദർശനം വർണിക്കുന്നു.
[അധ്യയന ചോദ്യങ്ങൾ]
[302-ാം പേജിലെ ചിത്രം]
പുതിയഭൂമി സമുദായത്തിൽ എല്ലാവർക്കും സന്തോഷകരമായ വേലയും കൂട്ടായ്മയും ഉണ്ടായിരിക്കും