പ്രവചനം 1. ഭൂകമ്പങ്ങൾ
പ്രവചനം 1. ഭൂകമ്പങ്ങൾ
‘വലിയ ഭൂകമ്പങ്ങൾ ഉണ്ടാകും.’—ലൂക്കോസ് 21:11.
● ഹെയ്‌റ്റിയിലുണ്ടായ ഭൂകമ്പത്തിൽ വിന്നി എന്നു പേരുള്ള 16 മാസം പ്രായം വരുന്ന ഒരു കൊച്ചുകുഞ്ഞിനെ കൽക്കൂമ്പാരത്തിനിടയിൽ നിന്നാണ് എടുത്തത്. ദുരന്തം റിപ്പോർട്ട് ചെയ്യാൻ വന്ന ടിവി-ക്കാരാണ് അവളുടെ ഞരക്കം കേട്ട് അവളെ രക്ഷിച്ചത്. ആ ഭൂകമ്പത്തിൽനിന്ന് അവൾ രക്ഷപ്പെട്ടു. പക്ഷേ, അവളുടെ മാതാപിതാക്കൾ രക്ഷപ്പെട്ടില്ല.
കണക്കുകൾ കാണിക്കുന്നത്: 2010 ജനുവരിയിൽ, റിക്ടർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ വലിയ ഒരു ഭൂകമ്പം ഹെയ്റ്റിയിൽ ഉണ്ടായി. 3,00,000-ത്തിലധികം ആളുകളാണ് അന്ന് അവിടെ മരിച്ചത്. ഒറ്റ നിമിഷംകൊണ്ട് 13 ലക്ഷം പേർക്ക് വീടുകൾ ഇല്ലാതായി. ഇത് ഹെയ്റ്റിയിൽ മാത്രം നടന്ന ഒരു ഒറ്റപ്പെട്ട സംഭവമല്ല. 2009 ഏപ്രിൽ മുതൽ 2010 ഏപ്രിൽ വരെ ലോകമെങ്ങുമായി കുറഞ്ഞത് 18 വലിയ ഭൂകമ്പങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്.
പൊതുവേ പറയാറുള്ളത്: ഇന്ന് ഉണ്ടാകുന്നതുപോലുള്ള വലിയ ഭൂകമ്പങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ട്. പക്ഷേ, സാങ്കേതികവിദ്യ പുരോഗമിച്ചതുകൊണ്ട് അതിന്റെ എണ്ണം എത്രയാണെന്ന് നമ്മൾ ഇന്ന് അറിയുന്നു. അത്രയേ ഉള്ളൂ.
വസ്‌തുത എന്താണ്? അവസാനകാലത്ത് നടക്കുന്ന ഭൂകമ്പങ്ങളുടെ എണ്ണത്തിന് ബൈബിൾ പ്രാധാന്യം നൽകുന്നില്ല. എന്നാൽ “ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ” ‘വലിയ ഭൂകമ്പങ്ങൾ’ ഉണ്ടാകുമെന്ന് ബൈബിൾ പറയുന്നു. ആ പറഞ്ഞത് നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.—മർക്കോസ് 13:8; ലൂക്കോസ് 21:11.
നിങ്ങൾക്ക് എന്ത് തോന്നുന്നു? ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലുള്ള വലിയ ഭൂകമ്പങ്ങൾ അല്ലേ നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്?
നമ്മൾ അവസാനകാലത്താണ് ജീവിക്കുന്നത് എന്നതിന് ഭൂകമ്പങ്ങൾ മാത്രമല്ല തെളിവായിട്ടുള്ളത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അനേകം പ്രവചനങ്ങളിൽ ഒന്നു മാത്രമാണ് അത്. ഇനി നമുക്ക് രണ്ടാമത്തെ പ്രവചനം നോക്കാം.
[ആകർഷകവാക്യം]
“ഞങ്ങൾ (ഭൂഗർഭ ശാസ്ത്രജ്ഞന്മാർ) അതിനെ വലിയ ഭൂകമ്പങ്ങൾ എന്നു വിളിക്കുന്നു, മറ്റുള്ളവർ അവയെ ഭീകരം എന്നു വിശേഷിപ്പിക്കുന്നു.”—കെൻ ഹഡ്‌നട്ട്, യു.എസ്. ഭൂഗർഭശാസ്‌ത്ര സർവേ.
[ചിത്രങ്ങൾക്ക് കടപ്പാട്]
© William Daniels/Panos Pictures