അധ്യായം 15
യേശുവിന്റെ ആദ്യത്തെ അത്ഭുതം
-
കാനായിലെ കല്യാണം
-
യേശു വെള്ളം വീഞ്ഞാക്കുന്നു
നഥനയേൽ യേശുവിന്റെ ആദ്യശിഷ്യന്മാരിൽ ഒരാളായിട്ട് ഇതു മൂന്നാം ദിവസമാണ്. യേശുവും ആ ശിഷ്യന്മാരിൽ ചിലരും വടക്ക് അവരുടെ ജന്മനാടായ ഗലീലപ്രദേശത്തേക്കു പോകുന്നു. അവരുടെ ലക്ഷ്യം നഥനയേലിന്റെ ജന്മസ്ഥലമായ കാനാ പട്ടണമാണ്. യേശു ജനിച്ചുവളർന്ന നസറെത്തിനു വടക്കുള്ള മലകളിലാണ് കാനാ സ്ഥിതി ചെയ്യുന്നത്. കാനായിലെ ഒരു കല്യാണസദ്യയ്ക്ക് അവരെ ക്ഷണിച്ചിട്ടുണ്ട്.
യേശുവിന്റെ അമ്മയും കല്യാണത്തിന് എത്തിയിട്ടുണ്ട്. കല്യാണം കഴിക്കുന്നവരുടെ കുടുംബസുഹൃത്തെന്ന നിലയിൽ മറിയ വിരുന്നുകാരെ സ്വീകരിക്കുകയും സത്കരിക്കുകയും ചെയ്യുന്നതിൽ മുൻപന്തിയിലുണ്ട്. അതുകൊണ്ടുതന്നെ വീഞ്ഞു തീർന്നപ്പോൾ മറിയ അതു പെട്ടെന്നു ശ്രദ്ധിക്കുന്നു, “അവർക്കു വീഞ്ഞില്ല” എന്ന കാര്യം യേശുവിനോടു പറയുകയും ചെയ്യുന്നു.—യോഹന്നാൻ 2:3.
വീഞ്ഞിന്റെ കുറവ് നികത്താൻ യേശു എന്തെങ്കിലും ചെയ്യണമെന്നു സൂചിപ്പിക്കുകയാണു മറിയ. അപ്പോൾ യേശു പറയുന്നു: “സ്ത്രീയേ, നമുക്ക് ഇതിൽ എന്തു കാര്യം?” (യോഹന്നാൻ 2:4) മറിയ പറഞ്ഞതിനോടുള്ള തന്റെ വിയോജിപ്പ് യേശു ഒരു ഭാഷാപ്രയോഗത്തിലൂടെ സൂചിപ്പിക്കുകയാണ് ഇവിടെ. ദൈവത്തിന്റെ നിയമിതരാജാവെന്ന നിലയിൽ യേശുവിന്റെ പ്രവർത്തനങ്ങളെയെല്ലാം നയിക്കേണ്ടതു സ്വർഗീയപിതാവാണ്, അല്ലാതെ വീട്ടുകാരോ സ്നേഹിതരോ അല്ല. അപ്പോൾ മറിയ ജോലിക്കാരോട്: “അവൻ എന്തു പറഞ്ഞാലും അതുപോലെ ചെയ്യുക” എന്നു പറയുന്നു. അങ്ങനെ മറിയ ജ്ഞാനത്തോടെ കാര്യം യേശുവിനു വിടുന്നു.—യോഹന്നാൻ 2:5.
വെള്ളം കോരിവെക്കുന്ന ആറു കൽഭരണി അവിടെയുണ്ട്. ഓരോന്നിലും 40-ലേറെ ലിറ്റർ വെള്ളം കൊള്ളും. യേശു സേവകന്മാരോട് ഇങ്ങനെ നിർദേശിക്കുന്നു: “ഭരണികളിൽ വെള്ളം നിറയ്ക്കുക.” എന്നിട്ട് യേശു പറയുന്നു: “ഇതിൽനിന്ന് കുറച്ച് എടുത്ത് വിരുന്നുനടത്തിപ്പുകാരനു കൊണ്ടുപോയി കൊടുക്കൂ.”—യോഹന്നാൻ 2:7, 8.
നല്ല ഗുണനിലവാരമുള്ള വീഞ്ഞു കണ്ടപ്പോൾ വിരുന്നുനടത്തിപ്പുകാരനു സന്തോഷമായി. എന്നാൽ ഇത് അത്ഭുതകരമായി ഉണ്ടാക്കിയതാണെന്ന് അദ്ദേഹത്തിന് അറിയില്ല. മണവാളനെ വിളിച്ച് അദ്ദേഹം പറയുന്നു: “എല്ലാവരും ആദ്യം മേത്തരം വീഞ്ഞും, ആളുകൾ ലഹരിപിടിച്ചുകഴിയുമ്പോൾ നിലവാരം കുറഞ്ഞതും ആണ് വിളമ്പാറ്. പക്ഷേ നീ മേത്തരം വീഞ്ഞ് ഇതുവരെ എടുക്കാതെ വെച്ചല്ലോ!”—യോഹന്നാൻ 2:10.
യേശുവിന്റെ ആദ്യത്തെ അത്ഭുതമാണ് ഇത്. പുതിയ ശിഷ്യന്മാർ ഇതു കാണുമ്പോൾ യേശുവിലുള്ള അവരുടെ വിശ്വാസം ശക്തമാകുന്നു. പിന്നീട് യേശുവും അമ്മയും അർധസഹോദരന്മാരും കൂടി ഗലീലക്കടലിന് വടക്കുപടിഞ്ഞാറേ തീരത്തുള്ള കഫർന്നഹൂം നഗരത്തിലേക്കു പോകുന്നു.