അധ്യായം 127
സൻഹെദ്രിനും പീലാത്തൊസിനും മുമ്പാകെയുള്ള വിചാരണ
മത്തായി 27:1-11; മർക്കോസ് 15:1; ലൂക്കോസ് 22:66–23:3; യോഹന്നാൻ 18:28-35
-
രാവിലെ സൻഹെദ്രിനു മുമ്പാകെയുള്ള വിചാരണ
-
യൂദാസ് ഈസ്കര്യോത്ത് തൂങ്ങിമരിക്കാൻ ശ്രമിക്കുന്നു
-
യേശുവിന് ശിക്ഷ വിധിക്കാനായി പീലാത്തൊസിന്റെ അടുത്തേക്ക് അയയ്ക്കുന്നു
പത്രോസ് യേശുവിനെ മൂന്നാം പ്രാവശ്യം തള്ളിപ്പറഞ്ഞപ്പോഴേക്കും നേരം വെളുക്കാറായിരുന്നു. സൻഹെദ്രിൻ അവരുടെ നാടകീയവിചാരണ അവസാനിപ്പിച്ച് പിരിയുകയാണ്. രാത്രിയിലെ ഈ വിചാരണ നിയമപരമാക്കാനായിരിക്കാം വെള്ളിയാഴ്ച രാവിലെ അവർ വീണ്ടും കൂടിവരുന്നത്. ഇപ്പോൾ യേശുവിനെ അവരുടെ മുമ്പാകെ വരുത്തുന്നു.
കോടതി വീണ്ടും യേശുവിനോടു ചോദിക്കുന്നു: “പറയൂ, നീ ക്രിസ്തുവാണോ?” അതിന് യേശു ഇങ്ങനെ മറുപടി പറഞ്ഞു: “ഞാൻ പറഞ്ഞാലും നിങ്ങൾ വിശ്വസിക്കില്ല. മാത്രമല്ല, ഞാൻ എന്തെങ്കിലും ചോദിച്ചാൽ നിങ്ങളും ഉത്തരം പറയില്ലല്ലോ.” എന്നാൽ ദാനിയേൽ 7:13-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത് തന്നെക്കുറിച്ചാണെന്ന കാര്യം യേശു ധൈര്യത്തോടെ അവർക്കു വെളിപ്പെടുത്തുന്നു. യേശു പറയുന്നു: “ഇനിമുതൽ മനുഷ്യപുത്രൻ ശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കും.”—ലൂക്കോസ് 22:67-69; മത്തായി 26:63.
അവർ വിട്ടുകൊടുക്കാൻ തയ്യാറല്ല. ‘അപ്പോൾ നീ ദൈവപുത്രനാണോ’ എന്ന് അവർ ചോദിക്കുന്നു. യേശു അവരോട്, “ആണെന്നു നിങ്ങൾതന്നെ പറയുന്നല്ലോ” എന്നു പറഞ്ഞു. “നമുക്ക് ഇനി മറ്റാരുടെയെങ്കിലും മൊഴി എന്തിനാണ് ” എന്ന് അവർ ചോദിക്കുന്നു. യേശു ദൈവദൂഷണം പറയുകയാണെന്നു പറഞ്ഞ് യേശുവിനെ കൊല്ലുന്നതു ന്യായീകരിക്കാൻ അവർ ശ്രമിക്കുകയാണ്. (ലൂക്കോസ് 22:70, 71; മർക്കോസ് 14:64) എന്നിട്ട് അവർ യേശുവിനെ പിടിച്ചുകെട്ടി റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസിന്റെ അടുത്തേക്കു കൊണ്ടുപോകുന്നു.
ഇത് യൂദാസ് ഈസ്കര്യോത്ത് കണ്ടിരിക്കാം. യേശുവിനെ കുറ്റക്കാരനായി വിധിച്ചെന്നു മനസ്സിലാക്കിയപ്പോൾ യൂദാസിന് മനപ്രയാസം തോന്നി. എന്നാൽ മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയുന്നതിനു പകരം, യൂദാസ് നേരെ പോയത് മുഖ്യപുരോഹിതന്മാരുടെ അടുത്തേക്കാണ്. 30 വെള്ളിക്കാശു തിരികെ കൊടുക്കാൻ ശ്രമിച്ചുകൊണ്ട് യൂദാസ് അവരോടു പറയുന്നു: “നിഷ്കളങ്കമായ രക്തം ഒറ്റിക്കൊടുത്ത ഞാൻ ചെയ്തതു പാപമാണ്.” എന്നാൽ യൂദാസിന് കിട്ടിയ മറുപടി ഇതായിരുന്നു: “അതിനു ഞങ്ങൾ എന്തു വേണം? അതു നിന്റെ കാര്യം.”—മത്തായി 27:4.
യൂദാസ് 30 വെള്ളിക്കാശു ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട് ഇപ്പോൾ മറ്റൊരു തെറ്റുകൂടെ ചെയ്യാൻ പോകുകയാണ്. യൂദാസ് ആത്മഹത്യ ചെയ്യുന്നു. കെട്ടിത്തൂങ്ങിയപ്പോൾ മരത്തിന്റെ ശിഖരം ഒടിഞ്ഞിരിക്കാം. അയാൾ കീഴെയുള്ള പാറക്കെട്ടിലേക്കു വീഴുന്നു. വീഴ്ചയുടെ ശക്തി കാരണം ശരീരം പിളർന്നുപോകുന്നു.—പ്രവൃത്തികൾ 1:17, 18.
നേരം വെളുത്തുവരുന്നതേ ഉള്ളൂ. പൊന്തിയൊസ് പീലാത്തൊസിന്റെ കൊട്ടാരത്തിലേക്കു ജൂതന്മാർ യേശുവിനെ കൊണ്ടുപോകുകയാണ്. എന്നാൽ അവർ കൊട്ടാരത്തിൽ കയറാതെ നിൽക്കുന്നു. ജനതകളിൽപ്പെട്ടവരുമായി സമ്പർക്കത്തിൽ വരുന്നത് അവരെ അശുദ്ധരാക്കുമെന്ന്
അവർ കരുതുന്നു. അങ്ങനെയായാൽ, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിന്റെ ആദ്യദിവസമായ നീസാൻ 15-ാം തീയതി പെസഹാഭക്ഷണം കഴിക്കാൻ അവർക്കു സാധിക്കാതെ വരും. നീസാൻ 15 പെസഹയുടെതന്നെ ഭാഗമായിട്ടാണ് അവർ കണക്കാക്കിയിരുന്നത്.പീലാത്തൊസ് പുറത്തുവന്ന് അവരോടു ചോദിക്കുന്നു: “ഈ മനുഷ്യന് എതിരെ എന്തു കുറ്റമാണു നിങ്ങൾ ആരോപിക്കുന്നത്?” അവർ പറഞ്ഞു: “കുറ്റവാളിയല്ലായിരുന്നെങ്കിൽ ഇവനെ ഞങ്ങൾ അങ്ങയെ ഏൽപ്പിക്കില്ലായിരുന്നല്ലോ.” അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിൽക്കാനുള്ള സമ്മർദം കൂടിക്കൂടി വരുന്നതായി പീലാത്തൊസിന് തോന്നിയിരിക്കാം. അതുകൊണ്ട് അദ്ദേഹം അവരോടു പറയുന്നു: “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ച് വിധിക്ക്.” ജൂതന്മാർ പീലാത്തൊസിനോടു പറയുന്നു: “ആരെയും കൊല്ലാൻ ഞങ്ങളുടെ നിയമം അനുവദിക്കുന്നില്ല.” ഈ വാക്കുകൾ അവരുടെ ഉള്ളിലിരുപ്പ് വെളിപ്പെടുത്തുന്നു. യേശുവിനെ കൊല്ലുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.—യോഹന്നാൻ 18:29-31.
നിയമം അനുവദിച്ചാലും ഇല്ലെങ്കിലും അവർ പെസഹ ആഘോഷത്തിനിടയിൽ യേശുവിനെ കൊന്നാൽ ജനക്കൂട്ടം ഇളകാൻ സാധ്യതയുണ്ട്. എന്നാൽ രാജ്യദ്രോഹക്കുറ്റംപോലെയുള്ള എന്തെങ്കിലും യേശുവിന്റെ മേൽ ചുമത്താനായാൽ റോമാക്കാർതന്നെ യേശുവിനെ കൊന്നുകൊള്ളും. കാരണം ഇതുപോലുള്ള കുറ്റങ്ങൾക്കു വധശിക്ഷ നടപ്പാക്കാനുള്ള അധികാരം റോമാക്കാർക്കുണ്ടായിരുന്നു. അങ്ങനെയാകുമ്പോൾ ആളുകളുടെ മുന്നിൽ ജൂതന്മാർ നിരപരാധികളായിരിക്കുകയും ചെയ്യും.
അതുകൊണ്ട്, ദൈവദൂഷണം പറഞ്ഞു എന്ന കുറ്റം യേശുവിന് എതിരെ ചുമത്തിയിരിക്കുന്ന കാര്യമൊന്നും മതനേതാക്കന്മാർ പീലാത്തൊസിനോടു പറയുന്നില്ല. മറ്റു ചില ആരോപണങ്ങളാണ് ഇപ്പോൾ അവർ നിരത്തുന്നത്. “ഈ മനുഷ്യൻ (1) ഞങ്ങളുടെ ജനതയെ വഴിതെറ്റിക്കുകയും (2) സീസറിനു നികുതി കൊടുക്കുന്നതു വിലക്കുകയും (3) താൻ ക്രിസ്തുവെന്ന രാജാവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു” എന്നൊക്കെയാണ് അവർ ഇപ്പോൾ പറയുന്നത്.—ലൂക്കോസ് 23:2.
താൻ രാജാവാണെന്ന് യേശു അവകാശപ്പെട്ടു എന്ന കാര്യം കേട്ടപ്പോൾ റോമിന്റെ പ്രതിനിധിയായ പീലാത്തൊസിന് അൽപ്പം ഉത്കണ്ഠ തോന്നിക്കാണും. അതുകൊണ്ട് പീലാത്തൊസ് കൊട്ടാരത്തിലേക്കു തിരികെ ചെന്ന് യേശുവിനെ വിളിപ്പിക്കുന്നു. എന്നിട്ട് ചോദിക്കുന്നു: “നീ ജൂതന്മാരുടെ രാജാവാണോ?” മറ്റു വാക്കുകളിൽ പറഞ്ഞാൽ പീലാത്തൊസ് ചോദിച്ചത്, ‘റോമൻ സാമ്രാജ്യത്തിന്റെ നിയമത്തിനു വിരുദ്ധമായി നീ നിന്നെത്തന്നെ സീസറിനു പകരം രാജാവായി പ്രഖ്യാപിച്ചിരിക്കുകയാണോ’ എന്നായിരുന്നു. “ഇത് അങ്ങ് സ്വയം തോന്നി ചോദിക്കുന്നതാണോ അതോ മറ്റുള്ളവർ എന്നെപ്പറ്റി പറഞ്ഞതിന്റെ പേരിൽ ചോദിക്കുന്നതാണോ” എന്നു യേശു ചോദിക്കുന്നു. (യോഹന്നാൻ 18:33, 34) ഇതിനോടകം പീലാത്തൊസ് തന്നെക്കുറിച്ച് എത്രത്തോളം കേട്ടിരിക്കുമെന്ന് അറിയാനായിരിക്കാം യേശു ഇങ്ങനെ ചോദിച്ചത്.
യേശുവിനെക്കുറിച്ചുള്ള വസ്തുതകളൊന്നും അറിയില്ലെന്നു നടിച്ചുകൊണ്ട്, കാര്യങ്ങൾ അറിയാനെന്ന മട്ടിൽ പീലാത്തൊസ് ചോദിക്കുന്നു: “അതിനു ഞാൻ ഒരു ജൂതനല്ലല്ലോ. നിന്റെ സ്വന്തം ജനതയും മുഖ്യപുരോഹിതന്മാരും ആണ് നിന്നെ എനിക്ക് ഏൽപ്പിച്ചുതന്നത്. നീ എന്താണു ചെയ്തത്?”—യോഹന്നാൻ 18:35.
രാജാധികാരം എന്ന മുഖ്യവിഷയം മൂടിവെക്കാൻ യേശു ശ്രമിക്കുന്നില്ല. ഗവർണറായ പീലാത്തൊസിനെ അതിശയിപ്പിക്കുന്ന ഒരു മറുപടിയാണ് യേശു കൊടുക്കുന്നത്.