അധ്യായം 116
താഴ്മയെക്കുറിച്ച് പഠിപ്പിക്കുന്നു
മത്തായി 26:20; മർക്കോസ് 14:17; ലൂക്കോസ് 22:14-18; യോഹന്നാൻ 13:1-17
-
യേശു അപ്പോസ്തലന്മാരോടൊപ്പം അവസാനത്തെ പെസഹ ഭക്ഷിക്കുന്നു
-
അപ്പോസ്തലന്മാരുടെ കാലുകൾ കഴുകിക്കൊണ്ട് യേശു ഒരു പാഠം പഠിപ്പിക്കുന്നു
യേശുവിന്റെ നിർദേശപ്രകാരം, പെസഹയ്ക്കുവേണ്ട ഒരുക്കങ്ങൾ നടത്താനായി പത്രോസും യോഹന്നാനും യരുശലേമിൽ എത്തി. പിന്നീട് യേശുവും പത്ത് അപ്പോസ്തലന്മാരും യരുശലേമിലേക്കു പോകുന്നു. ഉച്ചകഴിഞ്ഞ സമയം. സൂര്യൻ പടിഞ്ഞാറൻ ചക്രവാളം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. യേശുവും ശിഷ്യന്മാരും ഒലിവുമല ഇറങ്ങുകയാണ്. അവിടെനിന്ന് കാണാൻ കഴിയുന്ന പകൽസമയത്തെ മനോഹരമായ ദൃശ്യങ്ങൾ, യേശു പിന്നെ കാണുന്നത് പുനരുത്ഥാനത്തിനു ശേഷമാണ്.
പെട്ടെന്നുതന്നെ യേശുവും കൂട്ടരും നഗരത്തിലെത്തുന്നു. പെസഹ ഒരുക്കിയിരിക്കുന്ന വീട്ടിലേക്ക് അവർ പോകുന്നു. മുകളിലത്തെ ആ വലിയ മുറിയിലേക്കുള്ള ഗോവണിപ്പടികൾ കയറിച്ചെല്ലുമ്പോൾ എല്ലാം ഒരുക്കിവെച്ചിരിക്കുന്നത് അവർ കാണുന്നു. യേശുവിനും അപ്പോസ്തലന്മാർക്കുംവേണ്ടി മാത്രമാണ് ഈ ഭക്ഷണം ഒരുക്കിയിരിക്കുന്നത്. ഈ അവസരത്തിനായി യേശു കാത്തിരിക്കുകയായിരുന്നു. യേശു ഇങ്ങനെ പറയുന്നു: “കഷ്ടത അനുഭവിക്കുന്നതിനു മുമ്പ് നിങ്ങളോടൊപ്പം ഈ പെസഹ കഴിക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു.”—ലൂക്കോസ് 22:15.
പെസഹ ആചരണത്തിനിടെ വീഞ്ഞുപാത്രങ്ങൾ കൈമാറുന്ന ഒരു രീതി പണ്ടുമുതലേ ഉള്ളതാണ്. ഇപ്പോൾ യേശു ഒരു പാനപാത്രം വാങ്ങി നന്ദി പറഞ്ഞിട്ട് ഇങ്ങനെ പറയുന്നു: “ഇതു വാങ്ങി നിങ്ങൾ ഓരോരുത്തരും അടുത്തയാൾക്കു കൈമാറുക. ഇനി ദൈവരാജ്യം വരുന്നതുവരെ മുന്തിരിവള്ളിയുടെ ഈ ഉത്പന്നം ഞാൻ കുടിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോസ് 22:17, 18) യേശുവിന്റെ മരണം അടുത്തെന്ന് ഇതിൽനിന്ന് വ്യക്തമാണ്.
പെസഹ ആചരണത്തിനിടെ അസാധാരണമായ ഒരു കാര്യം യേശു ചെയ്യുന്നു. തന്റെ പുറങ്കുപ്പായം അഴിച്ചുവെച്ച് ഒരു തോർത്ത് എടുത്ത് അരയിൽ ചുറ്റുന്നു. എന്നിട്ട് ഒരു പാത്രത്തിൽ വെള്ളം എടുക്കുന്നു. വിരുന്നുകാരുടെ കാലുകൾ കഴുകി സ്വീകരിക്കുന്ന ഒരു രീതി അന്നുണ്ടായിരുന്നു. ഒരുപക്ഷേ വേലക്കാരനായിരിക്കും അതു ചെയ്യുന്നത്. (ലൂക്കോസ് 7:44) എന്നാൽ ഇവിടെ ഇപ്പോൾ ഒരു ആതിഥേയൻ ഇല്ല. അതുകൊണ്ട് ഈ സേവനം യേശുതന്നെ ചെയ്യുന്നു. അപ്പോസ്തലന്മാരിൽ ആർക്കുവേണമെങ്കിലും ഇതു ചെയ്യാമായിരുന്നു. പക്ഷേ ആരും ഇതു ചെയ്യുന്നില്ല. ശിഷ്യന്മാർക്ക് ഇടയിൽ എന്തെങ്കിലും ശത്രുതയുള്ളതുകൊണ്ടാണോ? കാര്യം എന്തായാലും, യേശു അവരുടെ കാലുകൾ കഴുകാൻ തുടങ്ങിയപ്പോൾ അവർക്കു നാണക്കേടു തോന്നി.
യേശു പത്രോസിന്റെ അടുത്ത് വന്നപ്പോൾ യേശുവിനെ തടഞ്ഞുകൊണ്ട് “അങ്ങ് എന്റെ കാലു കഴുകാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല” എന്നു പത്രോസ് പറഞ്ഞു. അപ്പോൾ യേശു, “കാലു കഴുകാൻ സമ്മതിക്കുന്നില്ലെങ്കിൽ നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവുമില്ല” എന്നു പറഞ്ഞു. ഇതു കേട്ട പത്രോസ് വികാരഭരിതനായി യേശുവിനോട് “കർത്താവേ, എന്റെ കാലു മാത്രമല്ല, എന്റെ കൈയും തലയും കൂടെ കഴുകിക്കോ” എന്നു പറഞ്ഞു. “കുളി കഴിഞ്ഞയാളുടെ കാലു മാത്രം കഴുകിയാൽ മതി. അയാൾ മുഴുവനും ശുദ്ധിയുള്ളയാളാണ്. നിങ്ങൾ ശുദ്ധിയുള്ളവരാണ്. എന്നാൽ എല്ലാവരുമല്ല” എന്ന് യേശു പറഞ്ഞു. ഈ മറുപടി കേട്ട് പത്രോസ് അതിശയിച്ചിട്ടുണ്ടാകില്ലേ?—യോഹന്നാൻ 13:8-10.
യേശു യൂദാസ് ഈസ്കര്യോത്ത് ഉൾപ്പെടെ 12 ശിഷ്യന്മാരുടെയും കാലുകൾ കഴുകുന്നു. പുറങ്കുപ്പായം ഇട്ട് വീണ്ടും മേശയ്ക്കരികിൽ ഇരിക്കുന്ന യേശു അവരോടു ചോദിക്കുന്നു: “ഞാൻ എന്താണു ചെയ്തതെന്നു നിങ്ങൾക്കു യോഹന്നാൻ 13:12-17.
മനസ്സിലായോ? നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ് ’ എന്നും വിളിക്കുന്നുണ്ടല്ലോ. അതു ശരിയാണ്. കാരണം ഞാൻ നിങ്ങളുടെ ഗുരുവും കർത്താവും ആണ്. കർത്താവും ഗുരുവും ആയ ഞാൻ നിങ്ങളുടെ കാലു കഴുകിയെങ്കിൽ നിങ്ങളും തമ്മിൽത്തമ്മിൽ കാലു കഴുകണം. ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നതാണ്. സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അടിമ യജമാനനെക്കാൾ വലിയവനല്ല. അയയ്ക്കപ്പെട്ടവൻ അയച്ചവനെക്കാൾ വലിയവനുമല്ല. ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ നിങ്ങൾ അതനുസരിച്ച് പ്രവർത്തിക്കുകകൂടെ ചെയ്താൽ സന്തോഷമുള്ളവരായിരിക്കും.”—എളിയ സേവനത്തിന്റെ എത്ര മനോഹരമായ പാഠം! യേശുവിന്റെ അനുഗാമികൾ തങ്ങൾ പ്രാധാന്യമുള്ളവരാണെന്നും മറ്റുള്ളവർ തങ്ങളെ പരിചരിക്കേണ്ടവരാണെന്നും ചിന്തിച്ചുകൊണ്ട് ഒന്നാമനാകാൻ ആഗ്രഹിക്കരുത്. പകരം യേശുവിന്റെ മാതൃക അവർ അനുകരിക്കണം. അത് കാലു കഴുകിക്കൊണ്ടല്ല, മറിച്ച് താഴ്മയോടെ, പക്ഷപാതം കൂടാതെ മറ്റുള്ളവർക്കുവേണ്ടി മനസ്സോടെ സേവനം ചെയ്തുകൊണ്ടായിരിക്കണം.