വഴിയും സത്യവും ജീവനും
സന്തോഷം തരുന്ന വാർത്തകൾ കേൾക്കാൻ നിങ്ങൾക്ക് ഇഷ്ടമല്ലേ? അങ്ങനെയെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഒരു സന്തോഷവാർത്തയുണ്ട്!
പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്, ദൈവമായ യഹോവ, വർഷങ്ങൾക്കു മുമ്പ് എഴുതിച്ച ബൈബിൾ എന്ന പുസ്തകത്തിൽ ആ സന്തോഷവാർത്ത കാണാം. ഈ പ്രസിദ്ധീകരണം തയ്യാറാക്കിയിരിക്കുന്നത്, നമുക്ക് എല്ലാവർക്കും വളരെ സന്തോഷം തരുന്ന വിവരങ്ങളടങ്ങിയ നാലു ബൈബിൾപുസ്തകങ്ങളെ കേന്ദ്രീകരിച്ചാണ്. അതിന്റെ എഴുത്തുകാരുടെ പേരിലാണ് ആ പുസ്തകങ്ങൾ അറിയപ്പെടുന്നത്—മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ.
ഈ നാലു വിവരണങ്ങളെ മിക്കവരും സുവിശേഷങ്ങൾ എന്നാണ് വിളിക്കുന്നത്. കാരണം യേശുവിനെക്കുറിച്ചുള്ള സുവിശേഷം അഥവാ സന്തോഷവാർത്തയാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. ഈ സന്തോഷവാർത്തയിൽ എന്തൊക്കെയാണ് ഉൾപ്പെടുന്നത്? യേശുവിലൂടെയാണ് ദൈവം രക്ഷ നൽകുന്നതെന്നും സ്വർഗരാജ്യത്തിന്റെ രാജാവായ യേശു തന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യാനുഗ്രഹങ്ങൾ നൽകുമെന്നും ഉള്ള കാര്യങ്ങൾ.—മർക്കോസ് 10:17, 30; 13:13.
എന്തിനാണ് നാലു സുവിശേഷങ്ങൾ?
യേശുവിന്റെ ജീവിതത്തെയും പഠിപ്പിക്കലിനെയും കുറിച്ചുള്ള നാലു വിവരണങ്ങൾ ദൈവവചനത്തിന്റെ ഭാഗമാകാൻ ദൈവം അനുവദിച്ചത് എന്തുകൊണ്ടാണെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകാം.
യേശു ചെയ്യുകയും പറയുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് നാലു വിവരണങ്ങൾ ഉള്ളതുകൊണ്ട് ചില പ്രയോജനങ്ങളുണ്ട്. ദൃഷ്ടാന്തത്തിന്, നാലു പേർ ഒരു പ്രശസ്തനായ അധ്യാപകന്റെ മുന്നിൽ നിൽക്കുകയാണെന്നു വിചാരിക്കുക. അധ്യാപകന്റെ തൊട്ടുമുന്നിൽ നിൽക്കുന്ന ആൾക്ക് ഒരു നികുതിപിരിവുകേന്ദ്രമുണ്ട്. വലതുവശത്ത് നിൽക്കുന്ന ആൾ ഒരു ഡോക്ടറാണ്. ഇടതുവശത്ത് നിന്ന് കാര്യങ്ങൾ കേൾക്കുന്ന ആൾ അധ്യാപകന്റെ അടുത്ത സുഹൃത്തായ ഒരു മീൻപിടുത്തക്കാരനാണ്. നാലാമത്തെ ആൾ എല്ലാം നിരീക്ഷിച്ചുകൊണ്ട് പിന്നിലാണ് നിൽക്കുന്നത്. അദ്ദേഹം മറ്റുള്ളവരെക്കാൾ ചെറുപ്പവുമാണ്. ഈ നാലു പേരും വ്യത്യസ്ത താത്പര്യങ്ങളും ലക്ഷ്യങ്ങളും ഉള്ള സത്യസന്ധരായ ആളുകളാണ്. അധ്യാപകൻ ചെയ്യുകയും പറയുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓരോരുത്തരും ഒരു വിവരണം എഴുതുകയാണെങ്കിൽ അവ ഓരോന്നിലും സാധ്യതയനുസരിച്ച് വ്യത്യസ്തകാര്യങ്ങളായിരിക്കും മുന്തിനിൽക്കുക. അതുകൊണ്ട് അവരുടെ നാലു പേരുടെയും വിവരണങ്ങൾ പരിശോധിക്കുമ്പോൾ ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു എന്ന കാര്യംകൂടി മനസ്സിൽപ്പിടിക്കണം. അപ്പോഴേ അധ്യാപകൻ ചെയ്യുകയും പറയുകയും ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള ഒരു ആകമാനവീക്ഷണം ലഭിക്കൂ. വലിയ അധ്യാപകനായ യേശുവിന്റെ ജീവിതത്തെക്കുറിച്ച് നാലു വിവരണങ്ങൾ ഉള്ളതുകൊണ്ട് നമുക്കു
ലഭിക്കുന്ന പ്രയോജനം മനസ്സിലാക്കാൻ ഈ ദൃഷ്ടാന്തം സഹായിക്കുന്നതാണ്.ദൃഷ്ടാന്തം തുടരാം. ജൂതപശ്ചാത്തലത്തിലുള്ളവർക്ക് ആകർഷകമായ വിധത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാനാണ് നികുതിപിരിവുകാരൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അദ്ദേഹം ചില സംഭവങ്ങളും അധ്യാപകന്റെ പഠിപ്പിക്കലുകളും തിരഞ്ഞെടുത്ത് അവർക്ക് പ്രയോജനം ചെയ്യുന്ന വിധത്തിൽ അവതരിപ്പിക്കുന്നു. എന്നാൽ ആളുകളുടെ രോഗവും അംഗവൈകല്യവും മാറിയതാണ് ഡോക്ടർ വിശേഷിച്ച് എടുത്തുപറയുന്നത്. അതുകൊണ്ട് അദ്ദേഹം നികുതിപിരിവുകാരൻ രേഖപ്പെടുത്തിയ ചില കാര്യങ്ങൾ ഒഴിവാക്കുകയോ അല്ലെങ്കിൽ അവ മറ്റൊരു ക്രമത്തിൽ അവതരിപ്പിക്കുകയോ ചെയ്യുന്നു. അധ്യാപകന്റെ വികാരങ്ങളെയും ഗുണങ്ങളെയും കുറിച്ചാണ് ഉറ്റസുഹൃത്ത് എടുത്തുപറയുന്നത്. ചെറുപ്പക്കാരന്റെ വിവരണം പ്രസക്തമായ കാര്യങ്ങൾ മാത്രം പറഞ്ഞുകൊണ്ടുള്ള ഹ്രസ്വമായ ഒന്നാണ്. ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവരുടെയും വിവരണം ശരിയാണ്. യേശുവിന്റെ ജീവിതത്തെക്കുറിച്ച് ഇങ്ങനെ നാലു വിവരണങ്ങളുള്ളതുകൊണ്ട് യേശുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പഠിപ്പിക്കലുകളെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും ഉള്ള നമ്മുടെ ഗ്രാഹ്യം എങ്ങനെ വർധിക്കുന്നു എന്നു മനസ്സിലാക്കാൻ ഈ ദൃഷ്ടാന്തം സഹായിക്കുന്നു.
ആളുകൾ ‘മത്തായി എഴുതിയ സുവിശേഷം,’ ‘യോഹന്നാന്റെ സുവിശേഷം’ എന്നൊക്കെ പറയാറുണ്ട്. അങ്ങനെ പറയുന്നതിൽ തെറ്റില്ല. കാരണം അതിലൊക്കെ “യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത” ഉണ്ട്. (മർക്കോസ് 1:1) എങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ ഈ നാലു വിവരണങ്ങളുംകൂടി ഒരു സുവിശേഷമാണ് അഥവാ സന്തോഷവാർത്തയാണ്, യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത.
ദൈവവചനം പഠിക്കുന്ന പലരും, മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളും വസ്തുതകളും താരതമ്യം ചെയ്ത് കൂട്ടിയിണക്കിയിട്ടുണ്ട്. ഏകദേശം എ.ഡി 170-ൽ ജീവിച്ചിരുന്ന തേഷൻ എന്ന എഴുത്തുകാരൻ അങ്ങനെ ചെയ്യാൻ ശ്രമിച്ചു. ഈ നാലു പുസ്തകങ്ങളും കൃത്യതയുള്ളതാണെന്നും ദൈവപ്രചോദിതമാണെന്നും മനസ്സിലാക്കിയ അദ്ദേഹം യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള വിവരണങ്ങൾ കോർത്തിണക്കി ഡിയാറ്റെസ്സറോൻ എന്ന കൃതി ചിട്ടപ്പെടുത്തി.
യേശു—വഴിയും സത്യവും ജീവനും എന്ന ഈ പുസ്തകം അതുതന്നെയാണ് ചെയ്തിരിക്കുന്നത്. എന്നാൽ കൂടുതൽ കൃത്യതയോടെയും സമഗ്രമായും ആണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. കാരണം, യേശുവിന്റെ പ്രവചനങ്ങളുടെ നിവൃത്തിയെയും ദൃഷ്ടാന്തങ്ങളെയും കുറിച്ചുള്ള കൂടുതലായ ഗ്രാഹ്യം നമുക്ക് ഇപ്പോഴുണ്ട്. അതുകൊണ്ട് യേശു ചെയ്യുകയും പറയുകയും ചെയ്ത കാര്യങ്ങളും സംഭവങ്ങൾ നടന്നതിന്റെ ക്രമവും നമുക്ക് ഇപ്പോൾ മെച്ചമായി മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നു. ചില വിവരങ്ങളും എഴുത്തുകാരുടെ കാഴ്ചപ്പാടും വ്യക്തമായി മനസ്സിലാക്കാൻ പുരാവസ്തുശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളും സഹായിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും നടന്ന ക്രമം ഇന്നതാണ് എന്നു തറപ്പിച്ചുപറയാൻ ആർക്കും കഴിയില്ലെന്നുള്ളത് ഒരു വസ്തുതയാണ്. എങ്കിലും യേശു—വഴിയും സത്യവും ജീവനും എന്ന ഈ പുസ്തകം യുക്തിസഹമായ വിധത്തിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.
വഴിയും സത്യവും ജീവനും
ഈ പുസ്തകം വായിക്കുമ്പോൾ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഉള്ള പ്രധാനസന്ദേശം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. അപ്പോസ്തലനായ തോമസിനോട് യേശു തന്നെക്കുറിച്ചുതന്നെ പറഞ്ഞത് എന്താണെന്ന് ഓർക്കുക: “ഞാൻതന്നെയാണു വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല.”—യോഹന്നാൻ 14:6.
യേശു—വഴിയും സത്യവും ജീവനും എന്ന ഈ പുസ്തകം യേശു തന്നെയാണ് “വഴി” എന്നു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. യേശുവിലൂടെ മാത്രമേ ദൈവമായ യഹോവയോടു പ്രാർഥിക്കാൻ കഴിയൂ. മാത്രമല്ല ദൈവവുമായി അനുരജ്ഞനത്തിലാകാനുള്ള ഏക വഴിയും യേശുവാണ്. (യോഹന്നാൻ 16:23; റോമർ 5:8) അതുകൊണ്ട് യേശുവിലൂടെ മാത്രമേ നമുക്ക് ദൈവവുമായി നല്ലൊരു ബന്ധത്തിലേക്കു വരാൻ കഴിയൂ.
യേശു “സത്യവും” ആണ്. യേശു സത്യം സംസാരിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്തു. യേശുവിനെക്കുറിച്ച് പറഞ്ഞിരുന്ന പ്രവചനങ്ങളെല്ലാം സത്യമായിത്തീർന്നു. അവ ‘യേശുവിലൂടെ “ഉവ്വ്” എന്നായി.’ (2 കൊരിന്ത്യർ 1:20; യോഹന്നാൻ 1:14) ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പിലാക്കുന്നതിൽ യേശുവിനുള്ള പ്രധാനപങ്ക് എന്താണെന്ന് മനസ്സിലാക്കാൻ അത്തരം പ്രവചനങ്ങൾ നമ്മളെ സഹായിക്കുന്നു.—വെളിപാട് 19:10.
യേശു “ജീവനും” ആണ്. മോചനവിലയായി തന്റെ പൂർണതയുള്ള ജീവനും രക്തവും നൽകിക്കൊണ്ട് ‘യഥാർഥജീവൻ’ അഥവാ ‘നിത്യജീവൻ’ നേടാൻ യേശു നമുക്കു വഴി തുറന്നുതന്നു. (1 തിമൊഥെയൊസ് 6:12, 19; എഫെസ്യർ 1:7; 1 യോഹന്നാൻ 1:7) മരിച്ചുപോയ ദശലക്ഷങ്ങളെ പറുദീസയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയോടെ ജീവനിലേക്ക് തിരികെ കൊണ്ടുവരുമ്പോഴും യേശു ‘ജീവനാണെന്നു’ തെളിയും.—യോഹന്നാൻ 5:28, 29.
ദൈവത്തിന്റെ ഉദ്ദേശ്യത്തിൽ യേശുവിനുള്ള പങ്ക് നമ്മൾ തിരിച്ചറിയുകയും വിലമതിക്കുകയും വേണം. വഴിയും സത്യവും ജീവനും ആയ യേശുവിനെക്കുറിച്ചുള്ള പഠനം നിങ്ങൾ ആസ്വദിക്കുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്.