അധ്യായം 91
യേശു ലാസറിനെ ഉയിർപ്പിക്കുന്നു
-
ലാസറിന്റെ പുനരുത്ഥാനം
-
സൻഹെദ്രിൻ യേശുവിനെ കൊല്ലാൻ പദ്ധതിയിടുന്നു
മാർത്തയെ കണ്ടശേഷം ബഥാന്യക്ക് അടുത്തുവെച്ച് യേശു മറിയയെയും കാണുന്നു. അവിടെനിന്ന് ലാസറിന്റെ കല്ലറയിലേക്ക് അവർ പോകുന്നു. ആ കല്ലറ ഒരു ഗുഹയായിരുന്നു. അതിന്റെ വാതിൽക്കൽ ഒരു കല്ലും വെച്ചിരുന്നു. “കല്ല് എടുത്തുമാറ്റ് ” എന്നു യേശു പറഞ്ഞു. യേശു എന്താണ് ചെയ്യാൻ പോകുന്നതെന്നു മനസ്സിലാകാതെ മാർത്ത പറഞ്ഞു: “കർത്താവേ, നാലു ദിവസമായല്ലോ. ദുർഗന്ധം കാണും.” എന്നാൽ യേശു അവളോട്, “വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്ത്വം കാണുമെന്നു ഞാൻ പറഞ്ഞില്ലേ” എന്നു ചോദിച്ചു.—യോഹന്നാൻ 11:39, 40.
അവർ കല്ല് എടുത്തുമാറ്റി. എന്നിട്ട് യേശു ആകാശത്തേക്കു കണ്ണ് ഉയർത്തി ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, അങ്ങ് എന്റെ അപേക്ഷ കേട്ടതുകൊണ്ട് ഞാൻ നന്ദി പറയുന്നു. അങ്ങ് എപ്പോഴും എന്റെ അപേക്ഷ കേൾക്കാറുണ്ടെന്ന് എനിക്ക് അറിയാം. എന്നാൽ അങ്ങാണ് എന്നെ അയച്ചതെന്നു ചുറ്റും നിൽക്കുന്ന ഈ ജനം വിശ്വസിക്കാൻ അവരെ ഓർത്താണു ഞാൻ ഇതു പറഞ്ഞത്.” യോഹന്നാൻ 11:41-44.
യേശു നടത്തിയ പരസ്യപ്രാർഥനയിലൂടെ നിരീക്ഷകർക്ക് ഒരു കാര്യം വ്യക്തമായിട്ടുണ്ടാകും. യേശു ചെയ്യാൻപോകുന്ന കാര്യം ദൈവത്തിന്റെ ശക്തിയാലാണ് എന്നത്. തുടർന്ന് യേശു, “ലാസറേ, പുറത്ത് വരൂ” എന്ന് ഉറക്കെ പറഞ്ഞു. ലാസർ പുറത്ത് വന്നു. ലാസറിന്റെ കൈകാലുകൾ തുണികൊണ്ട് ചുറ്റിയിരുന്നു. മുഖം ഒരു തുണികൊണ്ട് മൂടിയിരുന്നു. യേശു അവരോടു പറഞ്ഞു: “അവന്റെ കെട്ട് അഴിക്കൂ. അവൻ പോകട്ടെ.”—മറിയയെയും മാർത്തയെയും ആശ്വസിപ്പിക്കാൻ വന്നിരുന്ന പല ജൂതന്മാരും ആ അത്ഭുതം കണ്ടു യേശുവിൽ വിശ്വസിച്ചു. എന്നാൽ അവിടെയുണ്ടായിരുന്ന മറ്റു ചിലർ യേശു ചെയ്തതിനെക്കുറിച്ച് പരീശന്മാരോടു ചെന്നു പറഞ്ഞു. ഇതു കേട്ട പരീശന്മാരും മുഖ്യപുരോഹിതന്മാരും ജൂതന്മാരുടെ ഉന്നതകോടതിയായ സൻഹെദ്രിനിൽ യോഗം കൂടി. ആ യോഗത്തിൽ മഹാപുരോഹിതനായ കയ്യഫയും ഉണ്ടായിരുന്നു. അവരിൽ ചിലർ ഇങ്ങനെ പറഞ്ഞു: “നമ്മൾ ഇനി എന്തു ചെയ്യും? ഈ മനുഷ്യൻ ധാരാളം അടയാളങ്ങൾ കാണിക്കുന്നല്ലോ. ഇവനെ ഇങ്ങനെ വിട്ടാൽ എല്ലാവരും അവനിൽ വിശ്വസിക്കും. റോമാക്കാർ വന്ന് നമ്മുടെ സ്ഥലം കൈയടക്കും, നമ്മുടെ ജനതയെയും പിടിച്ചടക്കും.” (യോഹന്നാൻ 11:47, 48) യേശു ‘ധാരാളം അടയാളങ്ങൾ കാണിക്കുന്നതായി’ ദൃക്സാക്ഷികൾ അവരോടു പറഞ്ഞെങ്കിലും, അവർ യേശുവിലൂടെ ദൈവം ചെയ്യുന്ന കാര്യങ്ങളിൽ സന്തോഷിച്ചില്ല. അവരുടെ ചിന്ത മുഴുവൻ തങ്ങളുടെ പദവിയെയും അധികാരത്തെയും കുറിച്ച് മാത്രമായിരുന്നു.
ലാസർ ഉയിർപ്പിക്കപ്പെട്ടത് സദൂക്യർക്കു വലിയൊരു തോൽവിയായിപ്പോയി. കാരണം, അവർ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല. സദൂക്യനായ കയ്യഫ ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ. ഈ ജനത ഒന്നടങ്കം നശിക്കുന്നതിനെക്കാൾ അവർക്കെല്ലാംവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതാണു നല്ലതെന്നു നിങ്ങൾ എന്താ ചിന്തിക്കാത്തത്?”—യോഹന്നാൻ 11:49, 50; പ്രവൃത്തികൾ 5:17; 23:8.
ഇങ്ങനെയൊരു പ്രസ്താവന മഹാപുരോഹിതനായ കയ്യഫ നടത്തിയെങ്കിലും അതിനു പിന്നിൽ വാസ്തവത്തിൽ ദൈവമായിരുന്നു. ഇതു കയ്യഫ “സ്വന്തമായി” പറഞ്ഞതല്ലായിരുന്നു. ജൂതമതനേതാക്കന്മാരുടെ സ്വാധീനവും അധികാരവും യേശു കാരണം ജനം വില കുറച്ച് കാണുമെന്ന് കയ്യഫ ഭയപ്പെട്ടു. അതു തടയാൻ യേശുവിനെ എങ്ങനെയും കൊല്ലണം എന്നാണ് കയ്യഫ ഉദ്ദേശിച്ചത്. എന്നാൽ യേശു നൽകാനിരുന്ന മോചനവിലയെക്കുറിച്ചുള്ള ഒരു പ്രവചനമായി മാറി കയ്യഫയുടെ വാക്കുകൾ. ഈ മോചനവിലയാകട്ടെ ജൂതന്മാർക്കുവേണ്ടി മാത്രമായിരുന്നില്ല നൽകിയത്, ‘ചിതറിക്കിടക്കുന്ന ദൈവമക്കളെ കൂട്ടിച്ചേർക്കാൻവേണ്ടിയും’ ആയിരുന്നു.—യോഹന്നാൻ 11:51, 52.
യേശുവിനെ കൊല്ലാനുള്ള ആസൂത്രണത്തിൽ സൻഹെദ്രിനെ സ്വാധീനിക്കുന്നതിൽ കയ്യഫ വിജയിച്ചു. ഒരുപക്ഷേ, സൻഹെദ്രിനിലെ ഒരു അംഗവും യേശുവിന്റെ സുഹൃത്തും ആയ നിക്കോദേമൊസ് ഈ കാര്യത്തെക്കുറിച്ച് യേശുവിനോടു പറഞ്ഞുകാണുമോ? ഏതായാലും, ദൈവത്തിന്റെ നിയമിതസമയത്തിനു മുമ്പേ മരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് യേശു യരുശലേം വിട്ടുപോകുന്നു.