അധ്യായം 73
നല്ല അയൽക്കാരനായ ശമര്യക്കാരൻ
-
നിത്യജീവൻ എങ്ങനെ നേടാം?
-
നല്ല ശമര്യക്കാരൻ
യേശു ഇപ്പോഴും യരുശലേമിന് അടുത്തുതന്നെയാണ്. പല ജൂതന്മാരും യേശുവിനെ കാണാൻ വരുന്നുണ്ട്. ചിലർക്ക് യേശുവിൽനിന്ന് കേട്ട് പഠിക്കണം. ഇനി മറ്റു ചിലർക്ക് യേശുവിനെ പരീക്ഷിക്കണം. അവരിൽ ഒരാൾ മോശയുടെ നിയമത്തിൽ നല്ല പാണ്ഡിത്യമുള്ളയാളാണ്. അയാൾ യേശുവിനോടു ചോദിക്കുന്നു: “ഗുരുവേ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?”—ലൂക്കോസ് 10:25.
വെറുതേ കാര്യം അറിയാൻവേണ്ടിയുള്ള ചോദ്യമല്ല അതെന്നു യേശുവിനു മനസ്സിലാകുന്നു. ജൂതന്മാരെ ദേഷ്യംപിടിപ്പിക്കുന്ന എന്തെങ്കിലും യേശുവിനെക്കൊണ്ട് പറയിപ്പിക്കാനായിരിക്കാം അയാൾ ശ്രമിക്കുന്നത്. അയാൾക്കു കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ചില വീക്ഷണങ്ങളുണ്ടെന്നു യേശു തിരിച്ചറിയുന്നു. അതുകൊണ്ട് അയാളുടെ ഉള്ളിലിരുപ്പ് വെളിവാക്കുന്ന ചില ചോദ്യങ്ങൾ യേശു ബുദ്ധിപൂർവം ചോദിക്കുന്നു.
“നിയമത്തിൽ എന്താണ് എഴുതിയിരിക്കുന്നത്, താങ്കൾക്ക് എന്താണു മനസ്സിലായിട്ടുള്ളത് ” എന്നു യേശു അയാളോടു ചോദിക്കുന്നു. അയാൾ ദൈവനിയമം പഠിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനെ അടിസ്ഥാനമാക്കിയാണു മറുപടി പറയുന്നത്. ആവർത്തനം 6:5-ഉം ലേവ്യ 19:18-ഉം ഉദ്ധരിച്ചുകൊണ്ട് അയാൾ പറയുന്നു: “‘നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുശക്തിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.’ ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.’” (ലൂക്കോസ് 10:26, 27) ഇതുതന്നെയാണോ അയാളുടെ ചോദ്യത്തിനുള്ള ഉത്തരം?
യേശു അയാളോടു പറയുന്നു: “താങ്കൾ പറഞ്ഞതു ശരിയാണ്. അങ്ങനെ ചെയ്തുകൊണ്ടിരിക്കുക. എങ്കിൽ താങ്കൾക്കു ജീവൻ ലഭിക്കും.” പക്ഷേ അതോടെ ചർച്ച അവസാനിച്ചോ? അങ്ങനെയൊരു മറുപടി പോരായിരുന്നു അയാൾക്ക്. “താൻ നീതിമാനാണെന്നു വരുത്താ”നാണ് അയാൾ നോക്കുന്നത്. അയാളുടെ ചിന്താഗതിയും മറ്റുള്ളവരോട് അയാൾ പെരുമാറുന്ന രീതിയും ശരിയാണെന്നു യേശുവിനെക്കൊണ്ട് ഒന്നു പറയിക്കണം. അതുകൊണ്ട് അയാൾ ചോദിക്കുന്നു: “ആരാണ് യഥാർഥത്തിൽ എന്റെ അയൽക്കാരൻ?” (ലൂക്കോസ് 10:28, 29) വളരെ ലളിതമെന്നു തോന്നിയേക്കാവുന്ന ആ ചോദ്യത്തിന് ആഴമായ അർഥമുണ്ട്. എങ്ങനെ?
“അയൽക്കാരൻ” എന്നു പറയുമ്പോൾ, ജൂതപാരമ്പര്യങ്ങൾ പിൻപറ്റുന്നവർ മാത്രമേ ഉൾപ്പെടുന്നുള്ളൂ എന്നാണു ജൂതന്മാർ കരുതുന്നത്. ലേവ്യ 19:18 അതു ശരിവെക്കുന്നതായി തോന്നിയേക്കാം. ജൂതനല്ലാത്ത ഒരാളുമായി അടുത്ത് ഇടപഴകുന്നത് നിയമത്തിനു വിരുദ്ധമാണെന്നുപോലും ഒരു ജൂതൻ അവകാശപ്പെട്ടേക്കാം. (പ്രവൃത്തികൾ 10:28) അതുകൊണ്ട് ഈ മനുഷ്യൻ കരുതുന്നത് സഹജൂതന്മാരോടു ദയയോടെ ഇടപെടുന്നെങ്കിൽ അവർ നീതിമാന്മാരാണ് എന്നാണ്. സാധ്യതയനുസരിച്ച് യേശുവിന്റെ ശിഷ്യന്മാരിൽ ചിലരുടെയും ചിന്ത അതുതന്നെയാണ്. പക്ഷേ, ജൂതനല്ലാത്ത ഒരാളോട് അവർ ദയയില്ലാതെ പെരുമാറിയേക്കാം. കാരണം, അവരുടെ നോട്ടത്തിൽ അയാൾ ശരിക്കുള്ള “അയൽക്കാരൻ” അല്ല.
ഇയാളുടെയും മറ്റു ജൂതന്മാരുടെയും വികാരങ്ങൾ വ്രണപ്പെടുത്താതെ ഈ വീക്ഷണം തിരുത്താൻ യേശുവിന് എങ്ങനെ കഴിയുമായിരുന്നു? അതിനുവേണ്ടി യേശു ഒരു കഥ പറയുന്നു: “ഒരു മനുഷ്യൻ യരുശലേമിൽനിന്ന് യരീഹൊയിലേക്കു പോകുകയായിരുന്നു. അയാൾ കവർച്ചക്കാരുടെ കൈയിൽ അകപ്പെട്ടു. അവർ അയാളുടെ വസ്ത്രം ഉൾപ്പെടെ എല്ലാം കൊള്ളയടിച്ചു. എന്നിട്ട് അയാളെ അടിച്ച് പാതി മരിച്ചവനായി അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.” യേശു തുടരുന്നു: “അപ്പോൾ യാദൃച്ഛികമായി ഒരു പുരോഹിതൻ അതുവഴി വന്നു. എന്നാൽ അയാളെ കണ്ടപ്പോൾ ആ പുരോഹിതൻ മറുവശത്തുകൂടെ പോയി. ഒരു ലേവ്യനും അതുവഴി വന്നു. അയാളെ കണ്ടിട്ട് ലേവ്യനും മറുവശത്തുകൂടെ പൊയ്ക്കളഞ്ഞു. എന്നാൽ ആ വഴിയേ യാത്ര ചെയ്യുകയായിരുന്ന ഒരു ശമര്യക്കാരൻ അവിടെ എത്തി. അയാളുടെ അവസ്ഥ കണ്ട് ശമര്യക്കാരന്റെ മനസ്സ് അലിഞ്ഞു.”—ലൂക്കോസ് 10:30-33.
പല പുരോഹിതന്മാരും ആലയത്തിൽ സേവിക്കുന്ന ലേവ്യരും യരീഹോയിൽ താമസിക്കുന്നുണ്ടെന്നു യേശു സംസാരിക്കുന്ന ഈ വ്യക്തിക്ക് അറിയാം. ആലയത്തിൽനിന്ന് യരീഹോയിൽ എത്താൻ ഏതാണ്ട് 23 കിലോമീറ്റർ യാത്ര ചെയ്യണം. കവർച്ചക്കാർ പതിയിരിക്കുന്ന ആ വഴിയിലൂടെയുള്ള യാത്ര വളരെ അപകടംപിടിച്ചതാണ്. ഒരു സഹജൂതൻ കഷ്ടത്തിലാണെന്നു കണ്ടാൽ പുരോഹിതനും ലേവ്യനും സഹായിക്കേണ്ടതല്ലേ? എന്നാൽ യേശുവിന്റെ കഥയിലെ പുരോഹിതനും ലേവ്യനും അങ്ങനെ ചെയ്യുന്നില്ല. പകരം, ഇയാളെ സഹായിക്കുന്നത് ഒരു ശമര്യക്കാരനാണ്. ജൂതന്മാർ വെറുക്കുന്ന ഒരു ശമര്യക്കാരൻ!—യോഹന്നാൻ 8:48.
മുറിവേറ്റ ജൂതനെ ശമര്യക്കാരൻ സഹായിക്കുന്നത് എങ്ങനെയാണ്? യേശു പറയുന്നു: “അയാളുടെ അടുത്ത് ചെന്ന് എണ്ണയും വീഞ്ഞും ഒഴിച്ച് മുറിവുകൾ വെച്ചുകെട്ടി. പിന്നെ അയാളെ തന്റെ മൃഗത്തിന്റെ പുറത്ത് കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്ന് പരിചരിച്ചു. പിറ്റേന്ന് ആ ശമര്യക്കാരൻ ലൂക്കോസ് 10:34, 35.
രണ്ടു ദിനാറെ എടുത്ത് സത്രക്കാരനു കൊടുത്തിട്ട് പറഞ്ഞു: ‘ഇയാളെ നന്നായി നോക്കണം. കൂടുതലായി എന്തെങ്കിലും ചെലവായാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നുകൊള്ളാം.’”—ഈ കഥ പറഞ്ഞശേഷം വലിയ അധ്യാപകനായ യേശു അയാളെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഒരു ചോദ്യം ചോദിക്കുന്നു: “താങ്കൾക്ക് എന്തു തോന്നുന്നു, കവർച്ചക്കാരുടെ കൈയിൽ അകപ്പെട്ട മനുഷ്യന് ഈ മൂന്നു പേരിൽ ആരാണ് അയൽക്കാരനായത്?” “ശമര്യക്കാരൻ” എന്നു പറയാനുള്ള മടികൊണ്ടായിരിക്കാം, “അയാളോടു കരുണ കാണിച്ചയാൾ” എന്ന് ആ മനുഷ്യൻ പറയുന്നു. അപ്പോൾ യേശു പറയുന്നു: “താങ്കളും പോയി അങ്ങനെതന്നെ ചെയ്യുക.” അങ്ങനെ ഈ കഥയിലൂടെ പഠിപ്പിക്കാൻ ഉദ്ദേശിച്ച പാഠം യേശു വ്യക്തമാക്കി.—ലൂക്കോസ് 10:36, 37.
എത്ര ഫലകരമായ പഠിപ്പിക്കൽ! ജൂതന്മാർ അല്ലാത്തവർപോലും അയൽക്കാരാണെന്നു യേശു അയാളോടു നേരിട്ടു പറഞ്ഞിരുന്നെങ്കിൽ അയാളും കേട്ടുകൊണ്ടിരുന്ന മറ്റു ജൂതന്മാരും അത് അംഗീകരിക്കുമായിരുന്നോ? സാധ്യതയില്ല. എങ്കിലും കേൾവിക്കാർക്കു പരിചയമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി, ലളിതമായ ഒരു കഥ പറഞ്ഞതിലൂടെ “ആരാണ് യഥാർഥത്തിൽ എന്റെ അയൽക്കാരൻ” എന്ന ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാകുന്നു. തിരുവെഴുത്തുകൾ നമ്മളോട് ആവശ്യപ്പെടുന്ന രീതിയിൽ സ്നേഹവും ദയയും കാണിക്കുന്ന ആളാണ് യഥാർഥ അയൽക്കാരൻ.