അധ്യായം 68
ദൈവപുത്രൻ—‘ലോകത്തിന്റെ വെളിച്ചം’
-
പുത്രൻ ആരാണെന്ന് യേശു വിശദീകരിക്കുന്നു
-
ജൂതന്മാർ അടിമകളായിരിക്കുന്നത് എങ്ങനെ?
കൂടാരോത്സവത്തിന്റെ അവസാനദിവസമാണ് ഇത്, അതായത് ഏഴാം ദിവസം. യേശു ദേവാലയത്തിലെ “ഖജനാവിൽ”വെച്ച് പഠിപ്പിക്കുകയാണ്. (യോഹന്നാൻ 8:20; ലൂക്കോസ് 21:1) സാധ്യതയനുസരിച്ച് സ്ത്രീകളുടെ മുറ്റത്താണ് ഇത്. അവിടെയാണ് ആളുകൾ സംഭാവനയുമായി വരുന്നത്.
ഉത്സവദിവസങ്ങളിൽ രാത്രി ആലയത്തിന്റെ ഈ ഭാഗം വിളക്കുകളുടെ ശോഭയിൽ തിളങ്ങിനിൽക്കും. നാലു കൂറ്റൻ തണ്ടുവിളക്കുണ്ട് ഇവിടെ. ഓരോ വിളക്കിന്റെയുംകൂടെ വലിയ പാത്രത്തിൽ നിറയെ എണ്ണയും വെച്ചിട്ടുണ്ട്. ചുറ്റുവട്ടം മുഴുവൻ പ്രകാശിപ്പിക്കാൻമാത്രം അത്ര വെളിച്ചമുണ്ട് അവയ്ക്ക്. അങ്ങ് ദൂരെവരെ അതിന്റെ വെളിച്ചം എത്തുന്നു. യേശുവിന്റെ പിൻവരുന്ന വാക്കുകൾ കേൾക്കുമ്പോൾ ഇതായിരിക്കാം ആളുകളുടെ മനസ്സിലേക്കു വരുന്നത്: “ഞാൻ ലോകത്തിന്റെ വെളിച്ചമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും ഇരുട്ടിൽ നടക്കില്ല. അയാൾക്കു ജീവന്റെ വെളിച്ചമുണ്ടായിരിക്കും.”—യോഹന്നാൻ 8:12.
യേശു പറയുന്നതിനെ എതിർത്തുകൊണ്ട് പരീശന്മാർ പറയുന്നു: “നീതന്നെ നിന്നെക്കുറിച്ച് സാക്ഷി പറയുന്നു. നിന്റെ വാക്കുകൾ സത്യമല്ല.” അപ്പോൾ യേശു പറയുന്നു: “ഞാൻതന്നെ എന്നെക്കുറിച്ച് സാക്ഷി പറഞ്ഞാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം ഞാൻ എവിടെനിന്ന് വന്നെന്നും എവിടേക്കു പോകുന്നെന്നും എനിക്ക് അറിയാം. എന്നാൽ ഞാൻ എവിടെനിന്ന് വന്നെന്നും എവിടേക്കു പോകുന്നെന്നും നിങ്ങൾക്ക് അറിയില്ല.” എന്നിട്ട് യേശു ഇങ്ങനെയും പറയുന്നു: “‘രണ്ടു പേർ സാക്ഷ്യപ്പെടുത്തിയാൽ ഒരു കാര്യം സത്യമാണ് ’ എന്നു നിങ്ങളുടെ നിയമത്തിൽത്തന്നെ എഴുതിയിട്ടുണ്ടല്ലോ. എന്നെക്കുറിച്ച് സാക്ഷി പറയുന്ന ഒരാൾ ഞാൻതന്നെയാണ്. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷി പറയുന്നു.”—യോഹന്നാൻ 8:13-18.
യേശുവിന്റെ ന്യായവാദം അവർ അംഗീകരിക്കുന്നില്ല. “അതിനു നിങ്ങളുടെ പിതാവ് എവിടെ” എന്ന് അവർ ചോദിക്കുന്നു. യേശു അതിനു തക്ക മറുപടി കൊടുക്കുന്നു: “നിങ്ങൾക്ക് എന്നെയോ എന്റെ പിതാവിനെയോ അറിയില്ല. എന്നെ അറിയാമായിരുന്നെങ്കിൽ നിങ്ങൾ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹന്നാൻ 8:19) പരീശന്മാർക്കു യേശുവിനെ അറസ്റ്റു ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആരും അതിനു ധൈര്യപ്പെടുന്നില്ല.
മുമ്പ് പറഞ്ഞ കാര്യം യേശു വീണ്ടും പറയുന്നു: “ഞാൻ പോകുന്നു. നിങ്ങൾ എന്നെ അന്വേഷിക്കും. എങ്കിലും നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും. ഞാൻ പോകുന്നിടത്തേക്കു യോഹന്നാൻ 8:21-23.
വരാൻ നിങ്ങൾക്കു കഴിയില്ല.” യേശു പറയുന്നത് എന്തിനെക്കുറിച്ചാണെന്ന് ജൂതന്മാർക്കു മനസ്സിലാകുന്നേ ഇല്ല. അതുകൊണ്ട് അവർ തമ്മിൽത്തമ്മിൽ ചോദിക്കുന്നു: “‘ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’ എന്ന് ഇയാൾ പറയുന്നത് എന്താണ്? ഇയാൾ എന്താ ആത്മഹത്യ ചെയ്യാൻ പോകുകയാണോ?” യേശു പറയുന്നത് അവർക്കു പിടികിട്ടുന്നില്ല. കാരണം യേശു എവിടെനിന്ന് വന്നതാണെന്ന് അവർക്ക് അറിയില്ല. യേശു വിശദീകരിക്കുന്നു: “നിങ്ങൾ താഴെനിന്നുള്ളവർ. ഞാനോ ഉയരങ്ങളിൽനിന്നുള്ളവൻ. നിങ്ങൾ ഈ ലോകത്തുനിന്നുള്ളവർ. ഞാനോ ഈ ലോകത്തുനിന്നുള്ളവനല്ല.”—മനുഷ്യനായി വരുന്നതിനു മുമ്പ് താൻ സ്വർഗത്തിലായിരുന്നെന്നും വാഗ്ദാനം ചെയ്തിരുന്ന മിശിഹ അഥവാ ക്രിസ്തു താനാണെന്നും ആണ് യേശു സൂചിപ്പിക്കുന്നത്. വാസ്തവത്തിൽ ഈ മതനേതാക്കന്മാർ മിശിഹയെ പ്രതീക്ഷിച്ചിരിക്കേണ്ടതാണ്. പക്ഷേ പുച്ഛത്തോടെ അവർ ചോദിക്കുന്നു: “നീ ആരാണ്?”—യോഹന്നാൻ 8:25.
അവർ തന്നെ സ്വീകരിക്കാതെ എതിർക്കുന്നതുകൊണ്ട് യേശു പറയുന്നു: “ഞാൻ ഇനി എന്തിനു നിങ്ങളോടു സംസാരിക്കണം?” എങ്കിലും യേശു പിതാവിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ജൂതന്മാർ പുത്രനെ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടെന്നു വിശദീകരിക്കുന്നു: “എന്നെ അയച്ച വ്യക്തിയിൽനിന്ന് കേട്ടതാണു ഞാൻ ലോകത്തോടു പറയുന്നത്. ആ വ്യക്തി സത്യവാനാണ്.”—യോഹന്നാൻ 8:25, 26.
പിതാവിനെക്കുറിച്ച് തനിക്കുള്ള ബോധ്യവും വിശ്വാസവും വ്യക്തമാക്കിക്കൊണ്ട് യേശു പറയുന്നു: “നിങ്ങൾ മനുഷ്യപുത്രനെ സ്തംഭത്തിലേറ്റിക്കഴിയുമ്പോൾ, വരാനിരുന്നവൻ ഞാൻതന്നെയാണെന്നും ഞാൻ സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും ചെയ്യാതെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെയാണ് ഇക്കാര്യങ്ങൾ സംസാരിക്കുന്നതെന്നും തിരിച്ചറിയും. എന്നെ അയച്ച വ്യക്തി എന്റെകൂടെയുണ്ട്. ഞാൻ എപ്പോഴും ആ വ്യക്തിക്ക് ഇഷ്ടമുള്ളതു ചെയ്യുന്നതുകൊണ്ട് അദ്ദേഹം എന്നെ ഒരിക്കലും തനിച്ചാക്കി പോയിട്ടില്ല.” പക്ഷേ ജൂതന്മാർക്കു പൊതുവേ ഈ ബോധ്യമില്ല.—യോഹന്നാൻ 8:28, 29.
എന്നാൽ ചില ജൂതന്മാർ യേശുവിൽ വിശ്വാസമർപ്പിക്കുന്നുണ്ട്. അങ്ങനെയുള്ളവരോടു യേശു പറയുന്നു: “നിങ്ങൾ എപ്പോഴും എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യന്മാരാണ്. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”—യോഹന്നാൻ 8:31, 32.
സ്വതന്ത്രരാകുന്നതിനെക്കുറിച്ച് യേശു പറഞ്ഞതു ചിലർക്കു വിചിത്രമായി തോന്നുന്നു. അവർ പറയുന്നു: “ഞങ്ങൾ അബ്രാഹാമിന്റെ സന്തതികളാണ്. ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ, ‘നിങ്ങൾ സ്വതന്ത്രരാകും’ എന്നു താങ്കൾ പറയുന്നത് എന്താണ്?” ചിലപ്പോഴെങ്കിലും അവർ മറ്റു ദേശക്കാരുടെ ആധിപത്യത്തിൻകീഴിൽ ആയിരുന്നെന്നു ജൂതന്മാർക്ക് അറിയാം. എന്നിട്ടും അടിമകൾ എന്നു വിളിച്ചുകേൾക്കാൻ അവർക്ക് ഇഷ്ടമല്ല. എന്നാൽ അവർ ഇപ്പോഴും അടിമകളാണെന്നു യേശു വ്യക്തമാക്കുന്നു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്ന ഏതൊരാളും പാപത്തിന് അടിമയാണ്.”—യോഹന്നാൻ 8:33, 34.
പാപത്തിന് അടിമകളാണെന്നു സമ്മതിക്കാത്തതു ജൂതന്മാരെ കുഴപ്പത്തിലാക്കുന്നു. “അടിമ എല്ലാക്കാലത്തും യജമാനന്റെ വീട്ടിൽ താമസിക്കുന്നില്ല,” യേശു വിശദീകരിക്കുന്നു. “എന്നാൽ പുത്രൻ എല്ലാക്കാലത്തും വീട്ടിലുണ്ടാകും.” (യോഹന്നാൻ 8:35) ഒരു അടിമയ്ക്ക് പിതൃസ്വത്തിൽ ഒരു അവകാശവുമില്ല. മാത്രമല്ല ഏതു സമയത്തും ഇയാളെ പറഞ്ഞുവിടാം. എന്നാൽ ആ വീട്ടിൽ ജനിച്ച മകനോ അല്ലെങ്കിൽ എടുത്തുവളർത്തിയ മകനോ മാത്രമേ “എല്ലാക്കാലത്തും,” അതായത് ജീവിച്ചിരിക്കുന്ന കാലമെല്ലാം, അവിടെ കാണുമായിരുന്നുള്ളൂ.
പുത്രനെക്കുറിച്ചുള്ള സത്യമാണു മരണത്തിലേക്കു നയിക്കുന്ന പാപത്തിൽനിന്ന് ആളുകളെ എന്നെന്നേക്കുമായി മോചിപ്പിക്കുന്ന സത്യം. “പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും” എന്നു യേശു പറയുന്നു.—യോഹന്നാൻ 8:36.