അധ്യായം 81
യേശുവും പിതാവും ഒന്നായിരിക്കുന്നത് എങ്ങനെ?
-
“ഞാനും പിതാവും ഒന്നാണ് ”
-
താൻ ദൈവമാണെന്ന് അവകാശപ്പെട്ടെന്ന ആരോപണം യേശു നിഷേധിക്കുന്നു
സമർപ്പണോത്സവത്തിനുവേണ്ടി (അഥവാ ഹനുക്കയ്ക്കുവേണ്ടി) യേശു ഇപ്പോൾ യരുശലേമിൽ എത്തിയിരിക്കുകയാണ്. ദേവാലയം പുനർസമർപ്പണം ചെയ്തതിന്റെ ഓർമയ്ക്കായിട്ടാണ് ഈ ആഘോഷം. ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് സിറിയയിലെ രാജാവായ ആന്റിയോക്കസ് നാലാമൻ എപ്പിഫാനസ്, ദൈവത്തിന്റെ ആലയത്തിലെ വലിയ യാഗപീഠത്തിനു മുകളിൽ ഒരു യാഗപീഠം പണിതു. പക്ഷേ, പിന്നീട് ജൂതപുരോഹിതന്റെ മക്കൾ യരുശലേം തിരിച്ചുപിടിച്ച് ദേവാലയം യഹോവയ്ക്കു വീണ്ടും സമർപ്പിച്ചു. അന്നുമുതൽ എല്ലാ വർഷവും കിസ്ലേവ് മാസം 25-ാം തീയതി ഈ ആഘോഷം നടത്താറുണ്ട്. നമ്മുടെ കലണ്ടറനുസരിച്ച് നവംബർ പകുതിമുതൽ ഡിസംബർ പകുതിവരെ നീളുന്ന മാസമാണു കിസ്ലേവ്.
ഇതു ശീതകാലമാണ്, നല്ല തണുപ്പുള്ള സമയം. ദേവാലയത്തിൽ യേശു ശലോമോന്റെ മണ്ഡപത്തിലൂടെ നടക്കുകയാണ്. അവിടെവെച്ച് ജൂതന്മാർ യേശുവിനെ വളഞ്ഞ് ഇങ്ങനെ ചോദിക്കുന്നു: “ഞങ്ങൾ എത്ര കാലം ഇങ്ങനെ ആകാംക്ഷ അടക്കി കാത്തിരിക്കണം? താങ്കൾ ക്രിസ്തുവാണെങ്കിൽ അതു തുറന്നുപറയൂ.” (യോഹന്നാൻ 10:22-24) യേശു എങ്ങനെ പ്രതികരിക്കും? യേശു പറയുന്നു: “ഞാൻ പറഞ്ഞിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ.” കിണറിന് അരികെവെച്ച് ശമര്യക്കാരിയോടു പറഞ്ഞതുപോലെ, ഇവരോടു താൻ ക്രിസ്തുവാണെന്നു യേശു തുറന്നുപറഞ്ഞില്ല. (യോഹന്നാൻ 4:25, 26) പക്ഷേ, “അബ്രാഹാം ജനിക്കുന്നതിനും മുമ്പേ ഞാനുണ്ടായിരുന്നു” എന്നു പറഞ്ഞുകൊണ്ട് താൻ ആരാണെന്നു യേശു സൂചിപ്പിച്ചു.—യോഹന്നാൻ 8:58.
തന്റെ പ്രവർത്തനങ്ങളും ക്രിസ്തു ചെയ്യുമെന്നു മുൻകൂട്ടിപ്പറഞ്ഞ പ്രവർത്തനങ്ങളും ആളുകൾ താരതമ്യം ചെയ്ത് താനാണു ക്രിസ്തുവെന്ന് അവർ സ്വയം മനസ്സിലാക്കാൻ യേശു ആഗ്രഹിച്ചു. അതുകൊണ്ടാണ് പലപ്പോഴും താനാണു മിശിഹ എന്ന് ആരോടും പറയരുതെന്നു യേശു ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്. എന്നാൽ ദേഷ്യംപിടിച്ചിരിക്കുന്ന ജൂതന്മാരോടു യേശു ഇപ്പോൾ വെട്ടിത്തുറന്ന് പറയുന്നു: “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾതന്നെ എന്നെക്കുറിച്ച് സാക്ഷി പറയുന്നു. എന്നാൽ നിങ്ങൾക്കു വിശ്വാസംവരുന്നില്ല.”—യോഹന്നാൻ 10:25, 26.
യേശുവാണു ക്രിസ്തുവെന്ന് അവർ വിശ്വസിക്കാത്തത് എന്തുകൊണ്ടാണ്? യേശു പറയുന്നു: “നിങ്ങൾക്കു വിശ്വാസംവരുന്നില്ല. കാരണം നിങ്ങൾ എന്റെ ആടുകളല്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേട്ടനുസരിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. ഞാൻ അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു. അവ ഒരുനാളും നശിച്ചുപോകില്ല. ആരും അവയെ എന്റെ കൈയിൽനിന്ന് തട്ടിയെടുക്കുകയുമില്ല. മറ്റ് എന്തിനെക്കാളും വിലപ്പെട്ടതാണ് എന്റെ പിതാവ് എനിക്കു തന്നിരിക്കുന്നത്.” തുടർന്ന് പിതാവുമായുള്ള തന്റെ ബന്ധം എത്ര ശക്തമാണെന്നു വെളിപ്പെടുത്തിക്കൊണ്ട് യേശു പറയുന്നു: “ഞാനും പിതാവും ഒന്നാണ്.” (യോഹന്നാൻ 10:26-30) യേശു ഭൂമിയിലും പിതാവ് സ്വർഗത്തിലും ആണ്. അതുകൊണ്ട് യേശുവും പിതാവും അക്ഷരാർഥത്തിൽ ഒന്നാണെന്നു പറയാൻ കഴിയില്ല. പക്ഷേ അവരുടെ രണ്ടു പേരുടെയും ഉദ്ദേശ്യം ഒന്നാണ്, അതായത് അവർ ഐക്യത്തിലാണ്.
യേശുവിന്റെ വാക്കുകൾ കേട്ട് ജൂതന്മാർക്കു ദേഷ്യം അടക്കാനാകുന്നില്ല. യേശുവിനെ കൊല്ലാൻ അവർ വീണ്ടും കല്ലെടുക്കുന്നു. യേശുവിനു പക്ഷേ ഒരു പേടിയുമില്ല. “പിതാവിൽനിന്നുള്ള കുറെ നല്ല പ്രവൃത്തികൾ ഞാൻ നിങ്ങൾക്കു കാണിച്ചുതന്നു” എന്നു യേശു പറയുന്നു. “അവയിൽ ഏതിന്റെ പേരിലാണു നിങ്ങൾ എന്നെ കല്ലെറിയുന്നത്?” അവർ പറയുന്നു: “നല്ല പ്രവൃത്തിയുടെ പേരിലല്ല, ദൈവനിന്ദ പറഞ്ഞതുകൊണ്ടാണു ഞങ്ങൾ നിന്നെ കല്ലെറിയുന്നത്. . . . നീ നിന്നെത്തന്നെ ദൈവമാക്കുകയല്ലേ?” (യോഹന്നാൻ 10:31-33) യേശു ഒരിക്കലും താൻ ഒരു ദൈവമാണെന്ന് അവകാശപ്പെട്ടില്ല. പിന്നെ എന്തുകൊണ്ടാണ് അവർ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നത്?
ദൈവത്തിനു മാത്രം ഉള്ളതായി ജൂതന്മാർ വിശ്വസിക്കുന്ന ആ ശക്തി തനിക്കുണ്ടെന്നു യേശു പറയുന്നു. ഉദാഹരണത്തിന് ‘ആടുകളെക്കുറിച്ച് ’ യേശു പറഞ്ഞു: “ഞാൻ അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു.” ഒരു സാധാരണമനുഷ്യനു പറ്റുന്ന കാര്യമല്ല അത്. (യോഹന്നാൻ 10:28) തനിക്കു പിതാവിൽനിന്ന് അധികാരം കിട്ടിയിട്ടുണ്ടെന്നു യേശു തുറന്നുസമ്മതിച്ച കാര്യം ജൂതന്മാർ അവഗണിക്കുകയാണ്.
അവരുടെ വ്യാജാരോപണങ്ങളെ നിഷേധിച്ചുകൊണ്ട് യേശു ചോദിക്കുന്നു: “‘“നിങ്ങൾ ദൈവങ്ങളാണ് ” എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ നിയമത്തിൽ (സങ്കീർത്തനം 82:6-ൽ) എഴുതിയിട്ടില്ലേ? ദൈവത്തിന്റെ വചനം കുറ്റം വിധിച്ചവരെ ‘ദൈവങ്ങൾ’ എന്നാണല്ലോ ദൈവം വിളിച്ചത് . . . അങ്ങനെയെങ്കിൽ, പിതാവ് വിശുദ്ധീകരിച്ച് ലോകത്തേക്ക് അയച്ച എന്നോട്, ‘നീ ദൈവനിന്ദ പറയുന്നു’ എന്നു നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ്? അതും ‘ഞാൻ ദൈവപുത്രനാണ് ’ എന്നു ഞാൻ പറഞ്ഞതിന്റെ പേരിൽ.”—യോഹന്നാൻ 10:34-36.
നീതികെട്ടവരായ മനുഷ്യന്യായാധിപന്മാരെപ്പോലും തിരുവെഴുത്തുകൾ “ദൈവങ്ങൾ” എന്നു വിളിക്കുന്നു. അപ്പോൾ “ഞാൻ ദൈവപുത്രനാണ് ” എന്നു പറഞ്ഞതിന്റെ പേരിൽ ഈ ജൂതന്മാർക്ക് എങ്ങനെ യേശുവിനെ കുറ്റപ്പെടുത്താനാകും? അതുകൊണ്ട് യേശുവിന്റെ പിൻവരുന്ന വാക്കുകൾ യോഹന്നാൻ 10:37, 38.
കേൾക്കുമ്പോഴെങ്കിലും അവർക്കു ബോധ്യമാകേണ്ടതാണ്: “ഞാൻ ചെയ്യുന്നത് എന്റെ പിതാവിന്റെ പ്രവൃത്തികളല്ലെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കേണ്ടാ. എന്നാൽ ഞാൻ പിതാവിന്റെ പ്രവൃത്തികളാണു ചെയ്യുന്നതെങ്കിൽ എന്നെ വിശ്വസിച്ചില്ലെങ്കിലും, ആ പ്രവൃത്തികൾ വിശ്വസിക്കുക. എങ്കിൽ, പിതാവ് എന്നോടും ഞാൻ പിതാവിനോടും യോജിപ്പിലാണെന്നു നിങ്ങൾ അറിയും, നിങ്ങൾക്ക് അതു കൂടുതൽ വ്യക്തമാകുകയും ചെയ്യും.”—ഇതു കേട്ടപ്പോൾ ജൂതന്മാർ യേശുവിനെ പിടിക്കാൻ നോക്കുന്നു. പക്ഷേ യേശു വീണ്ടും രക്ഷപ്പെടുന്നു. യേശു യരുശലേം വിട്ട് യോർദാൻ നദിക്ക് അക്കരെയുള്ള ഒരു പ്രദേശത്തേക്കു പോകുന്നു. അവിടെയാണ് ഏതാണ്ട് നാലു വർഷം മുമ്പ് യോഹന്നാൻ ആദ്യം സ്നാനപ്പെടുത്തിയിരുന്നത്. സാധ്യതയനുസരിച്ച് ഇതു ഗലീലക്കടലിന്റെ തെക്കേ അറ്റത്തുനിന്ന് അധികം അകലെയല്ല.
ജനക്കൂട്ടം യേശുവിന്റെ അടുത്ത് വന്ന് ഇങ്ങനെ പറയുന്നു: “യോഹന്നാൻ അടയാളമൊന്നും കാണിച്ചില്ല. പക്ഷേ ഈ മനുഷ്യനെപ്പറ്റി യോഹന്നാൻ പറഞ്ഞതു മുഴുവൻ സത്യമാണ്.” (യോഹന്നാൻ 10:41) അങ്ങനെ ധാരാളം ജൂതന്മാർ യേശുവിൽ വിശ്വസിക്കുന്നു.