അധ്യായം 36
ഒരു സൈനികോദ്യോഗസ്ഥന്റെ വിശ്വാസം!
മത്തായി 8:5-13; ലൂക്കോസ് 7:1-10
-
ഒരു സൈനികോദ്യോഗസ്ഥന്റെ അടിമയെ സുഖപ്പെടുത്തുന്നു
-
വിശ്വാസമുള്ളവർക്ക് അനുഗ്രഹം കിട്ടും
ഗിരിപ്രഭാഷണം നടത്തിയിട്ട് യേശു കഫർന്നഹൂം നഗരത്തിലേക്കു പോകുന്നു. അപ്പോൾ ജൂതന്മാരുടെ ചില മൂപ്പന്മാർ യേശുവിനെ കാണാൻ ചെല്ലുന്നു. എന്നാൽ അവരെ അയച്ചത് ജൂതനല്ലാത്ത ഒരാളാണ്—റോമാക്കാരുടെ ഒരു സൈനികോദ്യോഗസ്ഥൻ, ഒരു ശതാധിപൻ.
ഈ സൈനികോദ്യോഗസ്ഥന്റെ അടിമ ഗുരുതരമായ രോഗം പിടിപെട്ട് മരിക്കാറായിരിക്കുകയാണ്. ശതാധിപൻ വിജാതീയനാണെങ്കിലും അദ്ദേഹം യേശുവിന്റെ സഹായം തേടുന്നു. ഈ മനുഷ്യന്റെ ജോലിക്കാരൻ “വീട്ടിൽ തളർന്നുകിടക്കുകയാണ്. അവൻ വല്ലാതെ കഷ്ടപ്പെടുന്നു” എന്നു ജൂതന്മാർ യേശുവിനോടു പറയുന്നു. വലിയ വേദനയും അനുഭവിക്കുന്നുണ്ടാകാം. (മത്തായി 8:6) ആ മൂപ്പന്മാർ യേശുവിനോട്, ശതാധിപനെ സഹായിക്കണമെന്നും അദ്ദേഹം അതിന് അർഹനാണെന്നും പറയുന്നു. കാരണമായി അവർ പറയുന്നു: “അയാൾ നമ്മുടെ ജനതയെ സ്നേഹിക്കുന്നു. നമ്മുടെ സിനഗോഗ് പണിതതും അയാളാണ്.”—ലൂക്കോസ് 7:4, 5.
യേശു ഉടനെ മൂപ്പന്മാരുടെകൂടെ സൈനികോദ്യോഗസ്ഥന്റെ വീട്ടിലേക്കു പോകുന്നു. അവർ വീടിന് അടുത്ത് എത്തിയപ്പോൾ ഈ ഉദ്യോഗസ്ഥൻ കൂട്ടുകാരെ യേശുവിന്റെ അടുക്കൽ അയച്ച് യേശുവിനോടു ഇങ്ങനെ പറയാൻ പറയുന്നു: “യജമാനനേ, ബുദ്ധിമുട്ടേണ്ടാ. അങ്ങ് എന്റെ വീട്ടിൽ വരാൻമാത്രം യോഗ്യത എനിക്കില്ല. അങ്ങയുടെ അടുത്ത് ഞാൻ വരാഞ്ഞതും അതുകൊണ്ടാണ്.” (ലൂക്കോസ് 7:6, 7) ആജ്ഞകൾ മാത്രം കൊടുത്ത് ശീലിച്ച ഒരാളുടെ എത്ര വലിയ താഴ്‌മ! അടിമകളോടു ക്രൂരമായി ഇടപെടുന്ന റോമാക്കാരിൽനിന്ന് എത്ര വ്യത്യസ്തനാണ് ഇദ്ദേഹം എന്ന് ഇതു കാണിക്കുന്നു.—മത്തായി 8:9.
ജൂതന്മാരല്ലാത്തവരുമായുള്ള സഹവാസം ജൂതന്മാർ ഒഴിവാക്കാറാണു പതിവെന്ന് എന്തായാലും ഈ ഉദ്യോഗസ്ഥന് അറിയാം. (പ്രവൃത്തികൾ 10:28) ഒരുപക്ഷേ ഇതു മനസ്സിലുള്ളതുകൊണ്ടായിരിക്കാം ഈ ഉദ്യോഗസ്ഥൻ കൂട്ടുകാരെ അയച്ച് യേശുവിനോട് ഇങ്ങനെ പറയുന്നത്: “അങ്ങ് ഒരു വാക്കു പറഞ്ഞാൽ മതി, എന്റെ ജോലിക്കാരന്റെ അസുഖം മാറും.”—ലൂക്കോസ് 7:7.
ഇതു കേട്ട് ആശ്ചര്യപ്പെട്ട് യേശു പറയുന്നു: “ഇസ്രായേലിൽപ്പോലും ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോസ് 7:9) ശതാധിപന്റെ വീട്ടിൽ മടങ്ങിയെത്തുന്ന ആ കൂട്ടുകാർ കാണുന്നതു മരിക്കാറായി കിടന്ന ആ ജോലിക്കാരൻ നല്ല ആരോഗ്യത്തോടെയിരിക്കുന്നതാണ്.
ആ മനുഷ്യനെ സുഖപ്പെടുത്തിയശേഷം, വിശ്വാസമുണ്ടെങ്കിൽ ജൂതന്മാരല്ലാത്തവർക്കും അനുഗ്രഹം കിട്ടുമെന്ന് ഉറപ്പ് കൊടുത്തുകൊണ്ട് യേശു പറയുന്നു: “കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകം ആളുകൾ വന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ വിരുന്നിന് ഇരിക്കും.” വിശ്വാസമില്ലാത്ത ജൂതന്മാരുടെ കാര്യമോ? യേശു പറയുന്നു: അവരെ “പുറത്തെ ഇരുട്ടിലേക്ക് എറിയും; അവിടെ കിടന്ന് അവർ കരഞ്ഞ് നിരാശയോടെ പല്ലിറുമ്മും.”—മത്തായി 8:11, 12.
അങ്ങനെ ക്രിസ്തുവിന്റെകൂടെ ദൈവരാജ്യത്തിൽ ഒരു പങ്കുണ്ടായിരിക്കാനുള്ള വാഗ്ദാനം ആദ്യം ജൂതന്മാർക്കു നൽകിയെങ്കിലും അതു സ്വീകരിക്കാത്തവരെ തള്ളിക്കളയും. പക്ഷേ ജൂതന്മാരല്ലാത്തവരെ സ്വീകരിക്കും, ‘സ്വർഗരാജ്യത്തിൽ വിരുന്നിന് ഇരിക്കാൻ’ അവർക്കു ക്ഷണം ലഭിക്കും.