അധ്യായം 21
നസറെത്തിലെ സിനഗോഗിൽ
-
യശയ്യയുടെ ചുരുളിൽനിന്ന് യേശു വായിക്കുന്നു
-
നസറെത്തിലെ ആളുകൾ യേശുവിനെ കൊല്ലാൻ നോക്കുന്നു
നസറെത്തിൽ എല്ലാവരും വലിയ ആവേശത്തിലാണ്. യേശു യോഹന്നാന്റെ അടുത്ത് പോയി സ്നാനപ്പെട്ടിട്ട് ഇപ്പോൾ ഏതാണ്ട് ഒരു വർഷമേ ആയിട്ടുള്ളൂ. അതിനു മുമ്പ് യേശു ഇവിടെ മരപ്പണി ചെയ്യുകയായിരുന്നു. എന്നാൽ യേശു ഇപ്പോൾ അറിയപ്പെടുന്നത് ഒരു അത്ഭുതപ്രവർത്തകനായിട്ടാണ്. ആ അത്ഭുതങ്ങളിൽ ചിലത് ഇവിടെയും ചെയ്തുകാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണു യേശുവിന്റെ നാട്ടുകാർ.
യേശു പതിവുപോലെ അവിടത്തെ സിനഗോഗിൽ ചെല്ലുന്നു. എല്ലാവരുടെയും കണ്ണുകൾ ഇപ്പോൾ യേശുവിലാണ്. സിനഗോഗിലെ ചടങ്ങിൽ പ്രാർഥനയും മോശയുടെ പുസ്തകത്തിൽനിന്നുള്ള വായനയും ഉണ്ട്. സാധാരണഗതിയിൽ ‘ശബത്തുദിവസം സിനഗോഗുകളിൽ’ അങ്ങനെ ചെയ്യാറുണ്ട്. (പ്രവൃത്തികൾ 15:21) പ്രവാചകന്മാരുടെ പുസ്തകങ്ങളിൽനിന്നുള്ള ഭാഗങ്ങളും വായിക്കാറുണ്ട്. യേശു വർഷങ്ങളോളം നസറെത്തിലെ ആ സിനഗോഗിൽ പോയിരുന്നതാണ്. അതുകൊണ്ട് യേശു വായിക്കാൻ എഴുന്നേൽക്കുമ്പോൾ അവിടെ മുമ്പ് കണ്ടിട്ടുള്ള പലരുടെയും മുഖം തിരിച്ചറിഞ്ഞിരിക്കാം. യശയ്യാപ്രവാചകന്റെ ചുരുൾ യേശുവിനു കൊടുക്കുന്നു. യഹോവയുടെ ആത്മാവ് അഭിഷേകം ചെയ്തവനെക്കുറിച്ച് പറയുന്ന ഭാഗം യേശു നോക്കിയെടുക്കുന്നു. അത്, ഇന്ന് യശയ്യ 61-ാം അധ്യായം 1, 2 വാക്യങ്ങളിൽ കാണാം.
മുൻകൂട്ടിപ്പറയപ്പെട്ട ഈ വ്യക്തി, ബന്ധികളുടെ വിമോചനത്തെക്കുറിച്ചും അന്ധന്മാർക്കു കാഴ്ച കിട്ടുന്നതിനെക്കുറിച്ചും യഹോവയുടെ പ്രസാദവർഷം വരുന്നതിനെക്കുറിച്ചും പ്രസംഗിക്കുമെന്നു യേശു വായിക്കുന്നു. എന്നിട്ട് ചുരുൾ സേവകന്റെ കൈയിൽ തിരികെ കൊടുത്തശേഷം യേശു അവിടെ ഇരിക്കുന്നു. എല്ലാ കണ്ണുകളും യേശുവിൽത്തന്നെയാണ്. സാധ്യതയനുസരിച്ച് പിന്നെ യേശു കുറച്ച് ദീർഘമായി സംസാരിക്കുന്നു. “നിങ്ങൾ ഇപ്പോൾ കേട്ട ഈ തിരുവെഴുത്ത് ഇന്നു നിറവേറിയിരിക്കുന്നു” എന്ന സുപ്രധാനകാര്യവും യേശു അക്കൂട്ടത്തിൽ പറയുന്നു.—ലൂക്കോസ് 4:21.
യേശുവിന്റെ “വായിൽനിന്ന് വന്ന ഹൃദ്യമായ വാക്കുകൾ കേട്ട”പ്പോൾ അതിശയത്തോടെ, “ഇത് ആ യോസേഫിന്റെ മകനല്ലേ” എന്ന് ആളുകൾ തമ്മിൽത്തമ്മിൽ പറയുന്നു. എന്നാൽ യേശു മറ്റു സ്ഥലങ്ങളിൽ ചെയ്തതുപോലുള്ള അത്ഭുതപ്രവൃത്തികൾ ഇവിടെയും ചെയ്യാൻ അവർ പ്രതീക്ഷിക്കുന്നു എന്നു മനസ്സിലാക്കിക്കൊണ്ട് യേശു തുടരുന്നു: “‘വൈദ്യാ, ആദ്യം സ്വന്തം അസുഖം മാറ്റുക’ എന്ന പഴഞ്ചൊല്ലു പറഞ്ഞുകൊണ്ട് നിങ്ങൾ എന്റെ അടുത്ത് വരും. ‘കഫർന്നഹൂമിൽ നീ കുറെ കാര്യങ്ങൾ ചെയ്തെന്നു ഞങ്ങൾ കേട്ടു. അതൊക്കെ നിന്റെ ഈ സ്വന്തനാട്ടിലും ചെയ്യുക’ എന്നു നിങ്ങൾ എന്നോടു പറയുമെന്ന് എനിക്ക് ഉറപ്പാണ്.” (ലൂക്കോസ് 4:22, 23) സൗഖ്യമാക്കൽ ആദ്യം സ്വന്തം ആളുകൾക്കുവേണ്ടി സ്വന്തം നാട്ടിലാണു ചെയ്യേണ്ടത് എന്നാണ് സാധ്യതയനുസരിച്ച് യേശുവിന്റെ പണ്ടത്തെ അയൽക്കാർ വിചാരിക്കുന്നത്. അതുകൊണ്ടുതന്നെ യേശു തങ്ങളെ അവഗണിച്ചതായി അവർക്കു തോന്നുന്നുണ്ടാകും.
അവരുടെ മനസ്സിലിരിപ്പു തിരിച്ചറിഞ്ഞുകൊണ്ട് യേശു ഇസ്രായേലിന്റെ ചരിത്രത്തിൽനിന്നുള്ള ചില സംഭവങ്ങൾ പറയുന്നു. ഏലിയയുടെ കാലത്ത് ഇസ്രായേലിൽ ധാരാളം വിധവമാരുണ്ടായിരുന്നെങ്കിലും ഏലിയയെ അവരുടെ അടുത്തേക്ക് അയയ്ക്കുന്നതിനു പകരം സീദോന് അടുത്തുള്ള സാരെഫാത്ത് എന്ന പട്ടണത്തിലെ ഇസ്രായേല്യയല്ലാത്ത ഒരു വിധവയുടെ അടുത്തേക്കാണ് അയച്ചതെന്നും അവിടെവെച്ചാണ് ഏലിയ അത്ഭുതം ചെയ്ത് അവരുടെ ജീവൻ രക്ഷിച്ചതെന്നും യേശു പറയുന്നു. (1 രാജാക്കന്മാർ 17:8-16) എലീശയുടെ നാളിൽ ഇസ്രായേലിൽ ധാരാളം കുഷ്ഠരോഗികൾ ഉണ്ടായിരുന്നെങ്കിലും സിറിയക്കാരനായ നയമാനെ മാത്രമേ പ്രവാചകൻ ശുദ്ധീകരിച്ചുള്ളൂ എന്നും യേശു പറഞ്ഞു.—2 രാജാക്കന്മാർ 5:1, 8-14.
യേശു നടത്തിയ ആ താരതമ്യങ്ങൾ ആ നാട്ടുകാർക്കു തീരെ പിടിച്ചിട്ടുണ്ടാകില്ല. തങ്ങളുടെ സ്വാർഥതയും വിശ്വാസമില്ലായ്മയും തുറന്നുകാട്ടുന്നതിനുവേണ്ടിയാണ് യേശു അതു പറഞ്ഞതെന്ന് അവർക്കു തോന്നിയിരിക്കണം. അതുകൊണ്ട് അവർ എങ്ങനെയാണു പ്രതികരിക്കുന്നത്? സിനഗോഗിലുള്ളവർക്ക് ദേഷ്യം വന്നിട്ട് അവർ ചാടിയെഴുന്നേറ്റ്, യേശുവിനെ നഗരത്തിനു പുറത്തേക്കു പിടിച്ചുകൊണ്ടുപോകുന്നു. നസറെത്ത് സ്ഥിതിചെയ്തിരുന്നത് ഒരു മലമുകളിലായിരുന്നു. അതുകൊണ്ട് മലയുടെ വക്കിൽനിന്ന് യേശുവിനെ തള്ളിയിടാൻ അവർ നോക്കുന്നു. പക്ഷേ യേശു അവരുടെ പിടിയിൽനിന്ന് രക്ഷപ്പെടുന്നു, ആപത്തൊന്നും സംഭവിക്കുന്നില്ല. യേശു ഇപ്പോൾ ഗലീലക്കടലിന്റെ വടക്കുപടിഞ്ഞാറെ തീരത്തുള്ള കഫർന്നഹൂമിലേക്കു പോകുന്നു.