ഭഗ്നാശരായ ബന്ദികൾക്കു പ്രത്യാശയുടെ സന്ദേശം
അധ്യായം പതിനാറ്
ഭഗ്നാശരായ ബന്ദികൾക്കു പ്രത്യാശയുടെ സന്ദേശം
1. ബാബിലോണിൽ ആയിരുന്ന യഹൂദ പ്രവാസികളുടെ അവസ്ഥ വിവരിക്കുക.
യഹൂദയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട കാലഘട്ടം ആയിരുന്നു അത്. ശത്രുക്കൾ ദൈവത്തിന്റെ ഉടമ്പടിജനതയെ ബലം പ്രയോഗിച്ച് അവരുടെ മാതൃദേശത്തുനിന്ന് പിടിച്ചുകൊണ്ടുപോയി. അവർ ബാബിലോണിലെ പ്രവാസത്തിൽ കഷ്ടത അനുഭവിക്കുകയായിരുന്നു. അനുദിന കാര്യങ്ങൾ നിർവഹിക്കുന്നതിന് ഒരു പരിധിവരെ അവർക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. (യിരെമ്യാവു 29:4-7) ചിലർ തൊഴിൽ വൈദഗ്ധ്യം സമ്പാദിക്കുകയോ ബിസിനസിൽ ഏർപ്പെടുകയോ ചെയ്തു. a (നെഹെമ്യാവു 3:8, 31, 32) എന്നിരുന്നാലും, ആ യഹൂദ ബന്ദികളെ സംബന്ധിച്ചിടത്തോളം ജീവിതം അത്ര സുഗമമായിരുന്നില്ല. അവർ അക്ഷരീയവും ആത്മീയവുമായി അടിമത്തത്തിൽ ആയിരുന്നു. എങ്ങനെ എന്നു നമുക്കു നോക്കാം.
2, 3. പ്രവാസം യഹൂദരുടെ സത്യാരാധനയെ എങ്ങനെ ബാധിച്ചു?
2 പൊ.യു.മു. 607-ൽ ബാബിലോണിയൻ സൈന്യം യെരൂശലേമിനെ ആക്രമിച്ചപ്പോൾ, അവിടത്തെ ജനതയെ നശിപ്പിച്ചതിനു പുറമേ, അവർ സത്യാരാധനയുടെമേൽ കനത്ത ഒരു പ്രഹരം ഏൽപ്പിക്കുകയും ചെയ്തു. അവർ യഹോവയുടെ ആലയത്തിലെ വസ്തുക്കൾ കവർച്ച ചെയ്യുകയും അതിനെ നശിപ്പിക്കുകയും ചെയ്തു. ലേവി ഗോത്രത്തിലുള്ള ചിലരെ ബന്ദികളാക്കുകയും മറ്റു ചിലരെ വധിക്കുകയും ചെയ്തുകൊണ്ട് പൗരോഹിത്യ ക്രമീകരണത്തെ തുടച്ചുനീക്കി. ആരാധനയ്ക്കായി ആലയവും യാഗപീഠവും സംഘടിത പൗരോഹിത്യവും ഇല്ലാതെ വന്നതിനാൽ, ന്യായപ്രമാണത്തിൽ വിവരിച്ചിരുന്ന പ്രകാരം സത്യദൈവത്തിന് യാഗങ്ങൾ അർപ്പിക്കാൻ യഹൂദന്മാർക്കു കഴിയാതായി.
3 പരിച്ഛേദന നിർവഹിച്ചുകൊണ്ടും സാധ്യമാകുന്നിടത്തോളം ന്യായപ്രമാണം പിൻപറ്റിക്കൊണ്ടും തങ്ങളുടെ മതത്തിന്റെ വ്യവസ്ഥകൾ പാലിക്കാൻ വിശ്വസ്തരായ യഹൂദന്മാർക്ക് അപ്പോഴും സാധിക്കുമായിരുന്നു. ഉദാഹരണത്തിന്, ന്യായപ്രമാണം വിലക്കിയിരുന്ന ഭക്ഷ്യസാധനങ്ങൾ വർജിക്കാനും ശബത്ത് ആചരിക്കാനും അവർക്കു കഴിയുമായിരുന്നു. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ തങ്ങളെ ബന്ദികളാക്കിയ ബാബിലോണിയരുടെ പരിഹാസം അവർക്കു സഹിക്കേണ്ടിവരുമായിരുന്നു. കാരണം, യഹൂദന്മാരുടെ മതാചാരങ്ങളെ ഭോഷത്തമായാണു ബാബിലോണിയർ വീക്ഷിച്ചിരുന്നത്. യഹൂദ പ്രവാസികളുടെ ആശയറ്റ അവസ്ഥയെ കുറിച്ച് സങ്കീർത്തനക്കാരൻ വിവരിക്കുന്നു: “ബാബേൽ നദികളുടെതീരത്തു ഞങ്ങൾ ഇരുന്നു, സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു. അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു. ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: സീയോൻ ഗീതങ്ങളിൽ ഒന്നു ചൊല്ലുവിൻ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവർ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.”—സങ്കീർത്തനം 137:1-3.
4. യഹൂദന്മാർ വിമോചനത്തിനായി മറ്റു ജനതകളിലേക്കു നോക്കുന്നത് വ്യർഥമായിരിക്കുമായിരുന്നത് എന്തുകൊണ്ട്, എന്നാൽ സഹായത്തിനായി അവർക്ക് ആരിലേക്കു തിരിയാൻ കഴിയുമായിരുന്നു?
4 ആ അവസ്ഥയിൽ ആശ്വാസത്തിനായി യഹൂദ ബന്ദികൾക്ക് ആരിലേക്കു തിരിയാൻ കഴിയുമായിരുന്നു? അവർക്ക് രക്ഷ എവിടെനിന്നു വരുമായിരുന്നു? ചുറ്റുമുള്ള ഏതെങ്കിലും ജനതകളിൽനിന്ന് അതു ലഭിക്കുമായിരുന്നില്ല! ബാബിലോണിയൻ സൈന്യത്തെ എതിർക്കാനുള്ള ശക്തി അവയ്ക്ക് ഇല്ലായിരുന്നു എന്നു മാത്രമല്ല, ആ ജനതകളിൽ പലതും യഹൂദരോട് ശത്രുത പുലർത്തുകയും ചെയ്തിരുന്നു. എന്നാൽ തീർത്തും ആശയറ്റ ഒരു സാഹചര്യം ആയിരുന്നില്ല യഹൂദരുടേത്. ഒരു സ്വതന്ത്ര ജനത ആയിരുന്നപ്പോൾ അവർ യഹോവയ്ക്കെതിരെ മത്സരിച്ചെങ്കിലും, അവർ പ്രവാസത്തിൽ ആയിരുന്നപ്പോൾ അവൻ അവർക്ക് കരുണാപൂർവം ഊഷ്മളമായ ഒരു ക്ഷണം വെച്ചുനീട്ടി.
‘വെള്ളത്തിനു വരുവിൻ’
5. ‘വെള്ളത്തിനു വരുവിൻ’ എന്ന വാക്കുകളുടെ പ്രസക്തി എന്ത്?
5 യെശയ്യാവ് മുഖാന്തരം യഹോവ ബാബിലോണിലെ യഹൂദാ പ്രവാസികളോട് പ്രാവചനികമായി സംസാരിക്കുന്നു: “ദാഹാർത്തരേ, നിങ്ങളെല്ലാം വെള്ളത്തിനടുത്തേക്ക് വരൂ; പണമില്ലാത്തവനേ വരൂ, വാങ്ങി ഭക്ഷിക്കൂ! പണമോ വിലയോ കൊടുക്കാതെ, വന്ന് വീഞ്ഞും പാലും വാങ്ങൂ.” (യെശയ്യാവു 55:1, “ഓശാന ബൈബിൾ”) പ്രതീകാത്മകമായി വളരെ അർഥമുള്ള വാക്കുകളാണ് അവ. ഉദാഹരണത്തിന്, ‘വെള്ളത്തിനു വരുവിൻ’ എന്ന ക്ഷണത്തെ കുറിച്ചു ചിന്തിക്കുക. വെള്ളമില്ലാതെ ജീവനു നിലനിൽപ്പില്ല. അമൂല്യമായ ഈ ദ്രാവകം ഇല്ലാതെവന്നാൽ മനുഷ്യർക്ക് ഒരു ആഴ്ചയിലധികം ജീവിച്ചിരിക്കാനാവില്ല. അതുകൊണ്ട് യഹൂദ പ്രവാസികളിൽ തന്റെ വാക്കുകൾക്ക് ഉണ്ടാകാൻ പോകുന്ന പ്രഭാവത്തെ കുറിച്ചു സൂചിപ്പിക്കാൻ യഹോവ ഇവിടെ വെള്ളത്തെ ഒരു രൂപകമായി ഉചിതമായും ഉപയോഗിക്കുന്നു. വളരെ ഉഷ്ണമുള്ളപ്പോൾ ലഭിക്കുന്ന ശീതള പാനീയം പോലെ, അവന്റെ സന്ദേശം അവർക്കു നവോന്മേഷം പകരും. സത്യത്തിനും നീതിക്കുമായുള്ള അവരുടെ ദാഹത്തെ ശമിപ്പിച്ചുകൊണ്ട് അത് അവരെ ഭഗ്നാശമായ അവസ്ഥയിൽനിന്ന് ഉയർത്തും. അത് അവർക്ക് അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ പ്രത്യാശ പകരും. എന്നാൽ പ്രയോജനം നേടുന്നതിന് യഹൂദ പ്രവാസികൾ ദൈവത്തിന്റെ സന്ദേശം ഉൾക്കൊള്ളുകയും അതിനു ശ്രദ്ധ കൊടുക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും വേണം.
6. യഹൂദന്മാർ “വീഞ്ഞും പാലും” വാങ്ങുന്നെങ്കിൽ അവർക്ക് എങ്ങനെ പ്രയോജനം ലഭിക്കും?
6 യഹോവ “വീഞ്ഞും പാലും” കൂടെ വാഗ്ദാനം ചെയ്യുന്നു. പാല് ഇളംശരീരത്തെ ബലിഷ്ഠമാക്കുന്നു, വളർച്ചയ്ക്കു സഹായിക്കുന്നു. സമാനമായി, യഹോവയുടെ വാക്കുകൾ അവന്റെ ജനത്തെ ആത്മീയമായി ബലിഷ്ഠരാക്കുകയും അവനുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. എന്നാൽ വീഞ്ഞിന്റെ കാര്യമോ? ഉത്സവ വേളകളിലാണ് വീഞ്ഞ് മിക്കപ്പോഴും ഉപയോഗിക്കാറ്. ബൈബിളിൽ അതിനെ സമൃദ്ധിയോടും സന്തോഷത്തോടും ബന്ധിപ്പിച്ചിരിക്കുന്നു. (സങ്കീർത്തനം 104:15) ‘വീഞ്ഞ് വാങ്ങിക്കൊൾവിൻ’ എന്നു തന്റെ ജനത്തോടു പറയുകവഴി മുഴുഹൃദയത്തോടെ സത്യാരാധനയിലേക്കുള്ള മടങ്ങിവരവ് അവരെ ‘വേണ്ടുംവണ്ണം സന്തോഷിക്കാൻ’ ഇടയാക്കുമെന്ന് അവർക്ക് ഉറപ്പു കൊടുക്കുകയാണ്.—ആവർത്തനപുസ്തകം 16:15; സങ്കീർത്തനം 19:8; സദൃശവാക്യങ്ങൾ 10:22.
7. പ്രവാസികളോടുള്ള യഹോവയുടെ അനുകമ്പ ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്, അത് അവനെ കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു?
7 പ്രവാസികളായ യഹൂദർക്ക് ഇത്തരത്തിൽ ആത്മീയ നവോന്മേഷം പ്രദാനം ചെയ്യുന്ന യഹോവയുടെ കരുണ എത്ര വലിയതാണ്! യഹൂദരുടെ അനുസരണക്കേടിനെയും മത്സരത്തെയും കുറിച്ച് ചിന്തിച്ചാൽ, അവന്റെ അനുകമ്പ വളരെ ശ്രദ്ധേയമാണെന്നു കാണാം. അവർ യഹോവയുടെ അംഗീകാരം അർഹിക്കുന്നതു കൊണ്ടല്ല ഇത്. എന്നിരുന്നാലും, സങ്കീർത്തനക്കാരനായ ദാവീദ് അവർക്കും നൂറ്റാണ്ടുകൾക്കു മുമ്പ് ഇങ്ങനെ എഴുതി: “യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.” (സങ്കീർത്തനം 103:8, 9) അവരുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനു പകരം, സമാധാന ബന്ധത്തിലേക്കു വരാൻ യഹോവ ആദ്യ പടി സ്വീകരിക്കുന്നു. തീർച്ചയായും അവൻ ‘ദയയിൽ പ്രസാദിക്കുന്ന’ ഒരു ദൈവമാണ്.—മീഖാ 7:18.
അസ്ഥാനത്തുള്ള ആശ്രയം
8. പല യഹൂദരും തങ്ങളുടെ ആശ്രയം വെച്ചത് എവിടെ, ഏതു മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ട്?
8 ഇതുവരെ പല യഹൂദരും രക്ഷയ്ക്കായി യഹോവയിൽ പൂർണ ആശ്രയം വെച്ചിട്ടില്ല. ഉദാഹരണത്തിന്, യെരൂശലേമിന്റെ പതനത്തിനു മുമ്പ് അതിലെ ഭരണാധികാരികൾ സഹായത്തിനായി പ്രബല രാഷ്ട്രങ്ങളിലേക്കു തിരിഞ്ഞു, അങ്ങനെ ആലങ്കാരികമായി അവർ ഈജിപ്തുമായും (മിസ്രയീം) ബാബിലോണുമായും പരസംഗത്തിൽ ഏർപ്പെട്ടു. (യെഹെസ്കേൽ 16:26-29; 23:14, 15) നല്ല കാരണത്തോടെതന്നെ യിരെമ്യാവ് അവർക്ക് ഈ മുന്നറിയിപ്പു നൽകി: “മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.” (യിരെമ്യാവു 17:5) എന്നാൽ ദൈവജനം ചെയ്തത് അതാണ്!
9. പല യഹൂദരും ‘അപ്പമല്ലാത്തതിനു ദ്രവ്യം ചെലവിടുന്നത്’ എങ്ങനെ?
9 എന്നാൽ തങ്ങൾ ആശ്രയം വെച്ച ആ രാഷ്ട്രങ്ങളിൽ ഒന്നിന്റെ അടിമകളായിത്തീർന്നിരിക്കുകയാണ് അവർ ഇപ്പോൾ. അവർ അതിൽനിന്ന് ഒരു പാഠം പഠിച്ചോ? പലരും പഠിച്ചില്ല എന്നു തോന്നുന്നു. കാരണം, യഹോവ ഇപ്രകാരം ചോദിക്കുന്നു: “അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്നു?” (യെശയ്യാവു 55:2എ) ബന്ദികളായ യഹൂദർ യഹോവയെ അല്ലാതെ മറ്റാരെയെങ്കിലും ആശ്രയിക്കുന്നെങ്കിൽ, അവർ ‘അപ്പമല്ലാത്തതിനു ദ്രവ്യം ചെലവിടുകയാണ്.’ ബന്ദികളെ തിരിച്ച് അയയ്ക്കാതിരിക്കുക എന്ന നയമുള്ള ബാബിലോണിൽനിന്ന് അവർക്കു തീർച്ചയായും മോചനം ഉണ്ടാകുകയില്ല. സത്യത്തിൽ, ബാബിലോണിന് സാമ്രാജ്യത്വ ശക്തിയും വാണിജ്യവും വ്യാജാരാധനയും ഉണ്ടെങ്കിലും പ്രവാസികളായ യഹൂദന്മാർക്ക് നൽകാൻ അതിന്റെ പക്കൽ യാതൊന്നുമില്ല.
10. (എ) പ്രവാസികളായ യഹൂദന്മാർ യഹോവ പറയുന്നത് ശ്രദ്ധിക്കുന്നെങ്കിൽ, അവൻ അവർക്ക് എങ്ങനെ പ്രതിഫലം കൊടുക്കും? (ബി) യഹോവ ദാവീദുമായി ചെയ്ത ഉടമ്പടി എന്ത്?
10 യഹോവ തന്റെ ജനത്തോട് ഇങ്ങനെ അഭ്യർഥിക്കുന്നു: “എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിൻ; പുഷ്ടഭോജനം കഴിച്ചു മോദിച്ചു കൊൾവിൻ. നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ; ദാവീദിന്റെ നിശ്ചലകൃപകൾ [“ദാവീദിനോടുള്ള എന്റെ സ്നേഹം,” “ഓശാന ബൈ.”] എന്ന ഒരു ശാശ്വതനിയമം ഞാൻ നിങ്ങളോടു ചെയ്യും.” (യെശയ്യാവു 55:2ബി, 3) ആത്മീയ അർഥത്തിൽ വികലപോഷിതരായ ഈ ജനത്തിന്റെ ഏക പ്രത്യാശ യഹോവയിങ്കൽ മാത്രമാണ്. അവൻ ഇപ്പോൾ യെശയ്യാവ് മുഖാന്തരം അവരോട് പ്രാവചനികമായി സംസാരിക്കുന്നു. കാരണം, താൻ പറയുന്നതു ശ്രദ്ധിച്ചാൽ അവർക്ക് ‘ജീവനുണ്ടാകു’മെന്ന് ദൈവം പ്രസ്താവിക്കുന്നതിനാൽ അവരുടെ ജീവൻതന്നെ അവന്റെ സന്ദേശത്തിനു ശ്രദ്ധ കൊടുക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ, തന്നെ അനുസരിക്കുന്നവരുമായി യഹോവ ചെയ്യാൻ പോകുന്ന “ശാശ്വതനിയമം” എന്താണ്? ആ നിയമം അഥവാ ഉടമ്പടി ‘ദാവീദിനോടുള്ള സ്നേഹ’ത്തോടു ബന്ധപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ്, ‘നിന്റെ സിംഹാസനം എന്നേക്കും ഉറെച്ചിരിക്കും’ എന്ന് യഹോവ ദാവീദിനോട് വാഗ്ദാനം ചെയ്തിരുന്നു. (2 ശമൂവേൽ 7:16) അതിനാൽ ഇവിടെ പരാമർശിക്കുന്ന “ശാശ്വതനിയമം” ഭരണാധിപത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
നിത്യ രാജത്വത്തിന് ഒരു ശാശ്വത അവകാശി
11. ബാബിലോണിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം, ദാവീദിനു ദൈവം നൽകിയ വാഗ്ദാനത്തിന്റെ നിവൃത്തി വിദൂരമെന്നു തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
11 ദാവീദിന്റെ പരമ്പരയിലുള്ള ഭരണാധിപത്യം എന്ന ആശയം ആ യഹൂദ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരു വിദൂര സ്വപ്നമായി തോന്നിയേക്കാം എന്നതു ശരിതന്നെ. അവർക്ക് അവരുടെ ദേശം മാത്രമല്ല ദേശീയത്വവും നഷ്ടമായിരിക്കുന്നു! എന്നാൽ അതു താത്കാലികമാണ്. ദാവീദുമായുള്ള ഉടമ്പടി യഹോവ മറന്നിട്ടില്ല. മാനുഷിക വീക്ഷണത്തിൽ ഒട്ടും സാധ്യത ഇല്ലാത്തതാണെന്നു തോന്നിയാലും, ദാവീദിന്റെ പരമ്പരയിലുള്ള നിത്യ രാജത്വം സംബന്ധിച്ച ദൈവോദ്ദേശ്യം തീർച്ചയായും വിജയിക്കും. എന്നാൽ എങ്ങനെ, എപ്പോൾ? പൊ.യു.മു. 537-ൽ യഹോവ തന്റെ ജനത്തെ ബാബിലോണിയൻ പ്രവാസത്തിൽനിന്നു വിടുവിച്ച് അവരെ മാതൃദേശത്ത് പുനഃസ്ഥിതീകരിക്കുന്നു. നിത്യമായി നിലനിൽക്കുന്ന ഒരു രാജ്യം സ്ഥാപിക്കപ്പെടുന്നതിൽ അതു കലാശിക്കുന്നുണ്ടോ? ഇല്ല. മറ്റൊരു പുറജാതീയ സാമ്രാജ്യമായ മേദോ-പേർഷ്യ അവരുടെ മേൽ അധീശത്വം തുടരുന്നു. ജാതികളുടെ ഭരണ “കാലം” ഇനിയും അവസാനിച്ചിട്ടില്ല. (ലൂക്കൊസ് 21:24) ഇസ്രായേലിൽ രാജാവ് ഇല്ലാത്തതിനാൽ, ദാവീദിന് യഹോവ നൽകിയ വാഗ്ദാനം നൂറ്റാണ്ടുകൾ കഴിഞ്ഞേ നിവൃത്തിയേറൂ.
12. ദാവീദുമായി നടത്തിയ രാജ്യ ഉടമ്പടി നിവർത്തിക്കുന്നതു സംബന്ധിച്ച് യഹോവ എന്തു നടപടി കൈക്കൊണ്ടു?
12 ബാബിലോണിയൻ അടിമത്തത്തിൽനിന്ന് ഇസ്രായേൽ മോചിതമായി 500-ലധികം വർഷം കഴിഞ്ഞ് രാജ്യ ഉടമ്പടി നിവർത്തിക്കുന്നതു സംബന്ധിച്ച ഒരു പ്രമുഖ നടപടി യഹോവ കൈക്കൊണ്ടു. തന്റെ സൃഷ്ടിപ്രവർത്തനത്തിന്റെ തുടക്കമായ ആദ്യജാതന്റെ ജീവനെ യഹോവ സ്വർഗീയ മഹത്ത്വത്തിൽനിന്ന് യഹൂദ കന്യകയായ മറിയയുടെ ഗർഭാശയത്തിലേക്കു മാറ്റി. (കൊലൊസ്സ്യർ 1:15-17) അതേക്കുറിച്ച് യഹോവയുടെ ദൂതൻ മറിയയോട് ഇങ്ങനെ പറഞ്ഞു: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. അവൻ യാക്കോബ്ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.” (ലൂക്കൊസ് 1:32, 33) യേശു ദാവീദിന്റെ വംശത്തിൽ ജനിക്കുകയും രാജ്യാധികാരത്തിനുള്ള അവകാശം കരസ്ഥമാക്കുകയും ചെയ്തു. സിംഹാസനസ്ഥൻ ആയിക്കഴിയുമ്പോൾ യേശു “എന്നെന്നേക്കും” ഭരണം നടത്തുമായിരുന്നു. (യെശയ്യാവു 9:7; ദാനീയേൽ 7:14) അങ്ങനെ, ദാവീദിന് ഒരു ശാശ്വത അവകാശിയെ നൽകുമെന്ന് യഹോവ നൂറ്റാണ്ടുകൾക്കു മുമ്പ് നൽകിയ വാഗ്ദാനം നിവർത്തിക്കാനുള്ള വഴി ഇപ്പോൾ തുറന്നിരിക്കുന്നു.
“വംശങ്ങൾക്കു പ്രഭു”
13. ഭൗമിക ശുശ്രൂഷക്കാലത്തും സ്വർഗാരോഹണ ശേഷവും യേശു ‘ജാതികൾക്കുള്ള ഒരു സാക്ഷി’ ആയിരുന്നത് എങ്ങനെ?
13 ഈ ഭാവി രാജാവ് എന്തു ചെയ്യും? യഹോവ പറയുന്നു: “ഞാൻ അവനെ ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.” (യെശയ്യാവു 55:4) വളർന്നുവന്നപ്പോൾ യേശു യഹോവയുടെ ഭൗമിക പ്രതിനിധി, ജനതകൾക്കുള്ള ദൈവത്തിന്റെ സാക്ഷി, ആയി സേവിച്ചു. ഭൂമിയിലെ അവന്റെ ശുശ്രൂഷ ‘യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളെ’ ഉദ്ദേശിച്ചുള്ളത് ആയിരുന്നു. എന്നുവരികിലും, സ്വർഗാരോഹണത്തിനു തൊട്ടുമുമ്പ് യേശു തന്റെ അനുഗാമികളോടായി ഇങ്ങനെ പറഞ്ഞു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്തായി 10:5, 6; 15:24; 28:19, 20) പിൽക്കാലത്ത് രാജ്യസന്ദേശം യഹൂദരല്ലാത്തവരുടെ പക്കലുമെത്തി. അവരിൽ ചിലർ ദാവീദുമായുള്ള ഉടമ്പടിയുടെ നിവൃത്തിയിൽ പങ്കുചേർന്നു. (പ്രവൃത്തികൾ 13:46) ആ വിധത്തിൽ, യേശു തന്റെ മരണത്തിനും പുനരുത്ഥാനത്തിനും സ്വർഗാരോഹണത്തിനും ശേഷവും ‘ജാതികൾക്കുള്ള’ യഹോവയുടെ “സാക്ഷി”യായി തുടർന്നു.
14, 15. (എ) താൻ “പ്രഭുവും അധിപതിയും” ആണെന്നു യേശു തെളിയിച്ചത് എങ്ങനെ? (ബി) യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ അനുഗാമികൾക്ക് എന്തു പ്രത്യാശ ഉണ്ടായിരുന്നു?
14 യേശു ഒരു “പ്രഭുവും അധിപതിയും” കൂടി ആയിരിക്കണമായിരുന്നു. ഈ പ്രാവചനിക വർണനയ്ക്കു ചേർച്ചയിൽ, ഭൂമിയിൽ ആയിരുന്നപ്പോൾ അവൻ തന്റെ ശിരഃസ്ഥാനം സംബന്ധിച്ച ഉത്തരവാദിത്വങ്ങൾ പൂർണമായി സ്വീകരിക്കുകയും എല്ലാ വിധങ്ങളിലും നേതൃത്വം വഹിക്കുകയും ചെയ്തു. അവൻ വൻ ജനക്കൂട്ടങ്ങളെ ആകർഷിക്കുകയും അവരെ സത്യത്തിന്റെ വചനങ്ങൾ പഠിപ്പിക്കുകയും തന്റെ നേതൃത്വം പിൻപറ്റുന്നവർക്കു ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചു പറയുകയും ചെയ്തു. (മത്തായി 4:24; 7:28, 29; 11:5) അവൻ തന്റെ ശിഷ്യന്മാരെ നന്നായി പരിശീലിപ്പിക്കുകയും പ്രസംഗ നിയമനം ഏറ്റെടുക്കാൻ അവരെ സജ്ജരാക്കുകയും ചെയ്തു. (ലൂക്കൊസ് 10:1-12; പ്രവൃത്തികൾ 1:8; കൊലൊസ്സ്യർ 1:23) വെറും മൂന്നര വർഷംകൊണ്ട് യേശു നാനാ വംശജരായ ആയിരക്കണക്കിന് അംഗങ്ങൾ ഐക്യത്തോടെ കൂടിവന്നിരിക്കുന്ന ഒരു അന്താരാഷ്ട്ര സഭയ്ക്ക് അടിസ്ഥാനമിട്ടു! ബൃഹത്തായ അത്തരമൊരു വേല ഒരു യഥാർഥ ‘പ്രഭുവിനും അധിപതിക്കും’ മാത്രമേ നിവർത്തിക്കാനാകൂ. b
15 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയിലേക്കു കൂട്ടിച്ചേർക്കപ്പെട്ടവർ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഭിഷിക്തരായി. യേശുവിനോടൊപ്പം സ്വർഗീയ രാജ്യത്തിൽ സഹ ഭരണാധികാരികൾ ആയിരിക്കുകയെന്ന പ്രത്യാശ അവർക്ക് ഉണ്ടായിരുന്നു. (വെളിപ്പാടു 14:1) എന്നിരുന്നാലും, യെശയ്യാവിന്റെ പ്രവചനത്തിന് ക്രിസ്ത്യാനിത്വത്തിന്റെ ആദിമ നാളുകളിൽ മാത്രമല്ല നിവൃത്തിയുള്ളത്. ദൈവരാജ്യത്തിന്റെ രാജാവ് എന്ന നിലയിൽ യേശുക്രിസ്തു ഭരണം ആരംഭിച്ചത് 1914-ലാണ് എന്നു തെളിവു പ്രകടമാക്കുന്നു. താമസിയാതെ, ഭൂമിയിലെ അഭിഷിക്ത ക്രിസ്ത്യാനികളുടെ ഇടയിൽ ഒരു പ്രത്യേക സാഹചര്യം ഉടലെടുത്തു. പൊ.യു.മു. ആറാം നൂറ്റാണ്ടിലെ യഹൂദ പ്രവാസികളുടേതിനു സമാനമായ ഒന്നായിരുന്നു അത്. വാസ്തവത്തിൽ, ആ ക്രിസ്ത്യാനികൾക്കു സംഭവിച്ചത് യെശയ്യാ പ്രവചനത്തിന്റെ ഒരു വലിയ നിവൃത്തിയാണ്.
ആധുനികകാല പ്രവാസവും വിടുതലും
16. 1914-ൽ യേശുവിന്റെ സിംഹാസനാരോഹണത്തെ തുടർന്ന് എന്ത് അരിഷ്ടത ഉണ്ടായി?
16 യേശു 1914-ൽ രാജാവായി സിംഹാസനാരോഹണം ചെയ്തപ്പോൾ ലോകത്തിൽ അഭൂതപൂർവമായ അരിഷ്ടത ഉണ്ടായി. എന്തുകൊണ്ട്? കാരണം, രാജാവായ യേശു സാത്താനെയും ദുഷ്ടാത്മ ജീവികളെയും സ്വർഗത്തിൽനിന്നു പുറത്താക്കി. ഭൂമിയിലേക്ക് എത്തിയ സാത്താൻ വിശുദ്ധന്മാരിൽ ശേഷിക്കുന്നവർക്കെതിരെ, അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പിനെതിരെ യുദ്ധം ചെയ്യാൻ തുടങ്ങി. (വെളിപ്പാടു 12:7-12, 17) അതിന്റെ പാരമ്യം 1918-ൽ ആയിരുന്നു. ആ വർഷം പ്രസംഗവേല ഏതാണ്ട് നിലച്ചതു പോലെ കാണപ്പെട്ടു, മാത്രമല്ല വാച്ച് ടവർ സൊസൈറ്റിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരെ അധികാരികൾ വ്യാജമായി രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കുകയും ചെയ്തു. അങ്ങനെ യഹോവയുടെ ആധുനികകാല ദാസന്മാർ ഒരു ആത്മീയ പ്രവാസത്തിലായി, അതു പുരാതന യഹൂദന്മാരുടെ അക്ഷരീയ അവസ്ഥയ്ക്കു സമാനമായിരുന്നു. അവർക്കു വലിയ അപമാനം സഹിക്കേണ്ടിവന്നു.
17. അഭിഷിക്തരുടെ അവസ്ഥയ്ക്ക് 1919-ൽ മാറ്റം വന്നത് എങ്ങനെ, അവർ ബലിഷ്ഠരാക്കപ്പെട്ടത് എങ്ങനെ?
17 എന്നിരുന്നാലും, ദൈവത്തിന്റെ അഭിഷിക്ത ദാസന്മാരുടെ ആ പ്രവാസാവസ്ഥ അധികനാൾ നീണ്ടുനിന്നില്ല. തടവിലാക്കപ്പെട്ട ഉദ്യോഗസ്ഥർ 1919 മാർച്ച് 26-ന് മോചിതരായി. അവർക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പിൻവലിക്കപ്പെട്ടു. വിമോചിതരായ തന്റെ ജനതയുടെ മേൽ യഹോവ തന്റെ ആത്മാവിനെ പകരുകയും മുന്നിലുള്ള വേലയ്ക്കായി അവരെ ശക്തരാക്കുകയും ചെയ്തു. സന്തോഷകരമെന്നു പറയട്ടെ, “ജീവജലം സൌജന്യമായി വാങ്ങട്ടെ” എന്ന ആഹ്വാനം അവർ ചെവിക്കൊണ്ടു. (വെളിപ്പാടു 22:17) അവർ ‘വില കൂടാതെ വീഞ്ഞും പാലും വാങ്ങി,’ മാത്രമല്ല അഭിഷിക്ത ശേഷിപ്പിനു മുൻകൂട്ടി കാണാൻ കഴിയാഞ്ഞ അത്ഭുതകരമായ ഒരു വികസനപ്രവർത്തനത്തിനായി അവർ ആത്മീയമായി ബലിഷ്ഠരാക്കപ്പെടുകയും ചെയ്തു.
ഒരു മഹാപുരുഷാരം ദൈവത്തിന്റെ അഭിഷിക്തനെ മഹത്ത്വപ്പെടുത്തുന്നു
18. യേശുക്രിസ്തുവിന്റെ അനുഗാമികളുടെ ഇടയിൽ ഏതു രണ്ട് കൂട്ടങ്ങൾ ഉണ്ട്, അവർ ഇന്ന് എന്തായിത്തീർന്നിരിക്കുന്നു?
18 യേശുവിന്റെ ശിഷ്യന്മാർക്ക് രണ്ടുതരം പ്രത്യാശകളുണ്ട്. ആദ്യം, 1,44,000 വരുന്ന ‘ചെറിയ ആട്ടിൻകൂട്ടം’ കൂട്ടിച്ചേർക്കപ്പെട്ടു. ‘ദൈവത്തിന്റെ യിസ്രായേൽ’ ആയ അവർ യഹൂദ, പുറജാതീയ പശ്ചാത്തലങ്ങളിൽ നിന്നുള്ള അഭിഷിക്ത ക്രിസ്ത്യാനികളാണ്. അവർക്ക് യേശുവിനോടൊപ്പം അവന്റെ സ്വർഗരാജ്യത്തിൽ വാഴുകയെന്ന പ്രത്യാശയുണ്ട്. (ലൂക്കൊസ് 12:32; ഗലാത്യർ 6:16; വെളിപ്പാടു 14:1) പിന്നീട്, ഈ അന്ത്യനാളുകളിൽ ‘വേറെ ആടുകളു’ടെ “ഒരു മഹാപുരുഷാരം” രംഗപ്രവേശം ചെയ്യുകയുണ്ടായി. ഒരു പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കുകയെന്ന പ്രത്യാശയാണ് അവർക്കുള്ളത്. എണ്ണം ക്ലിപ്തമല്ലാത്ത ഈ മഹാപുരുഷാരം, മഹോപദ്രവം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് ചെറിയ ആട്ടിൻകൂട്ടത്തിന്റെ ശേഷിപ്പിനോടൊപ്പം സേവിക്കുന്നു. അങ്ങനെ ഇരു കൂട്ടവും ചേർന്ന് ‘ഒരിടയന്റെ’ കീഴിലുള്ള ‘ഒരാട്ടിൻകൂട്ടം’ ആയിത്തീർന്നിരിക്കുന്നു.—വെളിപ്പാടു 7:9, 10; യോഹന്നാൻ 10:16.
19. ദൈവത്തിന്റെ ഇസ്രായേലിനു മുമ്പ് അറിയില്ലായിരുന്ന “ഒരു ജാതി” ആ ആത്മീയ ജനതയുടെ വിളിയോട് എങ്ങനെ പ്രതികരിച്ചിരിക്കുന്നു?
19 യെശയ്യാ പ്രവചനത്തിലെ പിൻവരുന്ന വാക്കുകളിൽനിന്നു മഹാപുരുഷാരത്തിന്റെ കൂട്ടിച്ചേർപ്പിനെ സംബന്ധിച്ച വിവരങ്ങൾ മനസ്സിലാക്കാനാകും: “നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്റെ ദൈവമായ യഹോവനിമിത്തവും യിസ്രായേലിന്റെ പരിശുദ്ധൻനിമിത്തവും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കയാൽ തന്നേ നിന്റെ അടുക്കൽ ഓടിവരും.” (യെശയ്യാവു 55:5) ആത്മീയ പ്രവാസത്തിൽ നിന്നുള്ള അഭിഷിക്ത ശേഷിപ്പിന്റെ വിടുതലിനെ തുടർന്നുള്ള വർഷങ്ങളിൽ, യഹോവയുടെ ആരാധനയിലേക്ക് ഒരു വലിയ “ജാതി”യെ വിളിക്കുന്നതിൽ തങ്ങൾ ഒരു മാധ്യമമായി വർത്തിക്കുമെന്ന് അവർ ആദ്യം മനസ്സിലാക്കിയിരുന്നില്ല. എങ്കിലും കാലം കടന്നുപോയപ്പോൾ, സ്വർഗീയ പ്രത്യാശ ഇല്ലാത്ത ആത്മാർഥഹൃദയരായ വ്യക്തികൾ അഭിഷിക്തരോടൊപ്പം സഹവസിക്കാനും അവരുടേതു പോലുള്ള തീക്ഷ്ണതയോടെതന്നെ യഹോവയെ സേവിക്കാനും തുടങ്ങി. ഈ നവാഗതർ, യഹോവ ദൈവജനത്തിന്റെ ഇടയിൽ ഉണ്ടെന്നു തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ മഹത്ത്വപ്പെടുത്തപ്പെട്ട അവസ്ഥ ശ്രദ്ധിക്കാൻ തുടങ്ങി. (സെഖര്യാവു 8:23) 1930-കളിൽ, തങ്ങളുടെ ഇടയിൽ എണ്ണത്തിൽ വർധിച്ചുകൊണ്ടിരുന്ന ഈ ആളുകൾ ആരാണെന്ന് അഭിഷിക്തർ വ്യക്തമായി തിരിച്ചറിഞ്ഞു. അങ്ങനെ ഒരു വലിയ കൂട്ടിച്ചേർക്കൽ വേല ഇനിയും നടക്കാനിരിക്കുന്നതായി അവർ മനസ്സിലാക്കി. ആ മഹാപുരുഷാരം നല്ല കാരണത്തോടെതന്നെ ദൈവത്തിന്റെ ഉടമ്പടി ജനതയോടു സഹവസിക്കാൻ ധൃതിപ്പെട്ടുവന്നു.
20. (എ) നമ്മുടെ നാളിൽ ‘യഹോവയെ അന്വേഷിക്കുന്നത്’ അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്, അത് എങ്ങനെ ചെയ്യാനാകും? (ബി) തന്നെ അന്വേഷിക്കുന്നവരോട് യഹോവ എങ്ങനെ പ്രതികരിക്കും?
20 യെശയ്യാവിന്റെ നാളിൽ പിൻവരുന്ന ആഹ്വാനം നൽകപ്പെട്ടു: “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.” (യെശയ്യാവു 55:6) നമ്മുടെ നാളുകളിൽ, ഈ വാക്കുകൾ ദൈവത്തിന്റെ ഇസ്രായേലിന്റെ ഭാഗമായിരിക്കുന്നവർക്കും എണ്ണത്തിൽ വർധിച്ചുവരുന്ന മഹാപുരുഷാരത്തിനും വളരെ ഉചിതമാണ്. യഹോവയുടെ അനുഗ്രഹം ചില വ്യവസ്ഥകളോടു കൂടിയതാണ്, അവൻ അനിശ്ചിത കാലത്തേക്കു തന്റെ ക്ഷണം വെച്ചുനീട്ടുകയുമില്ല. ദൈവപ്രീതി തേടാനുള്ള സമയം ഇപ്പോഴാണ്. യഹോവയുടെ ന്യായവിധിക്കുള്ള നിയമിത സമയം വരുമ്പോൾ, സമയം വളരെ വൈകിപ്പോയിരിക്കും. അതുകൊണ്ട് യെശയ്യാവ് പറയുന്നു: “ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.”—യെശയ്യാവു 55:7.
21. ഇസ്രായേൽ ജനത തങ്ങളുടെ പൂർവപിതാക്കന്മാർ നടത്തിയ പ്രഖ്യാപനത്തോട് വിശ്വാസമില്ലായ്മ കാട്ടിയത് എങ്ങനെ?
21 “യഹോവയിങ്കലേക്കു തിരിയട്ടെ” എന്ന പ്രയോഗം സൂചിപ്പിക്കുന്നത്, അനുതപിക്കേണ്ടവർക്ക് മുമ്പ് ദൈവവുമായി ഒരു ബന്ധം ഉണ്ടായിരുന്നു എന്നാണ്. യെശയ്യാ പ്രവചനത്തിന്റെ ഈ ഭാഗത്തിന്റെ പല വശങ്ങൾക്കും ബാബിലോണിലെ യഹൂദ പ്രവാസികളുടെമേൽ ആദ്യ നിവൃത്തി ഉണ്ടെന്ന് ഈ പദപ്രയോഗം കാണിക്കുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ്, ഈ പ്രവാസികളുടെ പൂർവപിതാക്കന്മാർ പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് യഹോവയെ അനുസരിക്കാനുള്ള അവരുടെ ദൃഢനിശ്ചയം പ്രകടമാക്കി: “മറ്റു ദൈവങ്ങളെ സേവിക്കാൻ തക്കവണ്ണം യഹോവയെ ഉപേക്ഷിക്കുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അചിന്തനീയമാണ്.” (യോശുവ 24:16, NW) ‘അചിന്തനീയമായത്’ ആവർത്തിച്ചാവർത്തിച്ച് സംഭവിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു! ദൈവജനത്തിന്റെ വിശ്വാസമില്ലായ്മ നിമിത്തമാണ് അവർ ഇപ്പോൾ ബാബിലോണിൽ പ്രവാസികൾ ആയിരിക്കുന്നത്.
22. തന്റെ ചിന്തകളും വഴികളും മനുഷ്യരുടേതിനെക്കാൾ ഉയർന്നതാണെന്ന് യഹോവ പറയുന്നത് എന്തുകൊണ്ട്?
22 അവർ അനുതപിച്ചാൽ എന്തു സംഭവിക്കും? താൻ ‘ധാരാളമായി ക്ഷമിക്കും’ എന്ന് യെശയ്യാവ് മുഖാന്തരം യഹോവ വാഗ്ദാനം ചെയ്യുന്നു. എന്നിട്ട് അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.” (യെശയ്യാവു 55:8, 9) യഹോവ പൂർണതയുള്ളവനും അവന്റെ വിചാരങ്ങളും വഴികളും മനുഷ്യർക്ക് എത്താവുന്നതിലും ഉയർന്നതുമാണ്. ദൈവം പ്രകടമാക്കുന്ന കരുണ പോലും അതേ അളവിൽ മനുഷ്യർക്കു പ്രകടമാക്കാൻ സാധ്യമല്ല. ഇതു ചിന്തിക്കുക: നാം ഒരു സഹമനുഷ്യനോടു ക്ഷമിക്കുമ്പോൾ, അത് ഒരു പാപി മറ്റൊരു പാപിയോടു ക്ഷമിക്കുന്ന അവസ്ഥയാണ്. ഇന്നോ നാളെയോ ഒരു സഹമനുഷ്യൻ നമ്മോടു ക്ഷമിക്കേണ്ട അവസ്ഥ വരുമെന്ന് നമുക്കറിയാം. (മത്തായി 6:12) എന്നാൽ തനിക്ക് ക്ഷമ ആവശ്യമില്ലെങ്കിലും, യഹോവ ‘ധാരാളമായി ക്ഷമിക്കുന്നു’! വാസ്തവത്തിൽ, അവൻ മഹാ സ്നേഹദയ ഉള്ള ദൈവമാണ്. മുഴുഹൃദയാ തന്നിലേക്കു മടങ്ങിവരുന്നവരുടെ മേൽ യഹോവ കരുണ നിമിത്തം ആകാശത്തിന്റെ കിളിവാതിലുകളെ തുറന്ന് അനുഗ്രഹം ചൊരിയുന്നു.—മലാഖി 3:10.
യഹോവയിലേക്കു മടങ്ങുന്നവർക്ക് അനുഗ്രഹങ്ങൾ
23. യഹോവ തന്റെ വചനത്തിന്റെ നിവൃത്തിയുടെ ഉറപ്പിനെ ദൃഷ്ടാന്തീകരിക്കുന്നത് എങ്ങനെ?
23 യഹോവ തന്റെ ജനത്തിന് ഈ വാഗ്ദാനം നൽകുന്നു: “മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാവു 55:10, 11) യഹോവ പറയുന്ന സകലതും തീർച്ചയായും നിവൃത്തിയേറും. ആകാശത്തുനിന്നു പെയ്യുന്ന മഴയും ഹിമവും ഭൂമിയെ പൂരിതമാക്കി ഫലം പുറപ്പെടുവിക്കുന്നു. അതുപോലെ, യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന വചനം തികച്ചും ആശ്രയയോഗ്യമായിരിക്കും. തന്റെ വാഗ്ദാനം അവൻ വീഴ്ചകൂടാതെ നിവർത്തിക്കും.—സംഖ്യാപുസ്തകം 23:19.
24, 25. യെശയ്യാവ് മുഖാന്തരം യഹോവ നൽകിയ നിർദേശപ്രകാരം പ്രവർത്തിക്കുന്ന യഹൂദ പ്രവാസികളെ എന്ത് അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു?
24 അതിനാൽ, യെശയ്യാവ് മുഖാന്തരം യഹോവ തങ്ങളോട് പ്രാവചനികമായി അരുളിച്ചെയ്തിരിക്കുന്ന വചനങ്ങൾ യഹൂദന്മാർ ചെവിക്കൊള്ളുന്നെങ്കിൽ, യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന രക്ഷ അവർക്കു നിശ്ചയമായും ലഭിക്കും. തത്ഫലമായി, അവർക്കു വലിയ സന്തോഷമുണ്ടാകും. യഹോവ ഇങ്ങനെ പ്രസ്താവിക്കുന്നു: “നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; ദേശത്തിലെ സകല വൃക്ഷങ്ങളും കൈ കൊട്ടും. മുള്ളിന്നു പകരം സരളവൃക്ഷം മുളെക്കും; പറക്കാരെക്കു പകരം കൊഴുന്തു മുളെക്കും; അതു യഹോവെക്കു ഒരു കീർത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായോരു അടയാളമായും ഇരിക്കും.”—യെശയ്യാവു 55:12, 13.
25 പൊ.യു.മു. 537-നെ തുടർന്നുള്ള വർഷങ്ങളിൽ, യഹൂദ പ്രവാസികൾ ബാബിലോണിൽനിന്നു സന്തോഷത്തോടെ പുറപ്പെട്ടു പോകുന്നു. (സങ്കീർത്തനം 126:1, 2) യെരൂശലേമിൽ എത്തുമ്പോൾ, മുള്ളും പറക്കാരയും വളർന്നുനിൽക്കുന്ന ഒരു ദേശമാണ് അവർ കാണുന്നത്. ദശകങ്ങളോളം അവിടം ശൂന്യമായി കിടന്നിരുന്നുവെന്ന് ഓർക്കുക. എന്നാൽ അതിനു മനോഹരമായ പരിവർത്തനം വരുത്തുന്നതിൽ മടങ്ങിയെത്തിയ ദൈവജനത്തിനു പങ്കു വഹിക്കാനാകും! മുള്ളിനും പറക്കാരയ്ക്കും പകരം, ഉയരമുള്ള സരളവൃക്ഷവും കൊഴുന്തും വളരും. യഹോവയുടെ ജനം ‘പൊട്ടി ആർത്തുകൊണ്ട്’ അവനെ സേവിക്കവേ, അവന്റെ അനുഗ്രഹം വ്യക്തമായും പ്രകടമാകും. അതു ദേശം സന്തോഷിക്കുന്നതു പോലെയായിരിക്കും.
26. എന്ത് അനുഗൃഹീത അവസ്ഥയാണ് ഇന്നു ദൈവജനം ആസ്വദിക്കുന്നത്?
26 അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പ് 1919-ൽ ആത്മീയ പ്രവാസത്തിൽനിന്നു വിടുവിക്കപ്പെട്ടു. (യെശയ്യാവു 66:8) വേറെ ആടുകളുടെ മഹാപുരുഷാരത്തോടൊപ്പം അവർ ഇപ്പോൾ ഒരു ആത്മീയ പറുദീസയിൽ സന്തോഷത്തോടെ ദൈവത്തെ സേവിക്കുകയാണ്. ബാബിലോണിയൻ സ്വാധീനത്തിന്റെ യാതൊരു കളങ്കവുമില്ലാത്ത അവർ അനുഗൃഹീതമായ ഒരു അവസ്ഥയിലാണ്. അത് യഹോവയ്ക്ക് “കീർത്തി” ആയിരിക്കുന്നു. അവരുടെ ആത്മീയ സമൃദ്ധി അവന്റെ നാമത്തെ മഹത്ത്വപ്പെടുത്തുകയും യഥാർഥ പ്രവചനത്തിന്റെ ദൈവം എന്ന നിലയിൽ അവനെ വാഴ്ത്തുകയും ചെയ്യുന്നു. ദൈവം അവരെപ്രതി ചെയ്തിരിക്കുന്ന കാര്യങ്ങൾ അവന്റെ ദൈവത്വം പ്രകടമാക്കുന്നു. മാത്രമല്ല, തന്റെ വചനത്തോടുള്ള അവന്റെ വിശ്വസ്തതയുടെയും അനുതാപമുള്ളവരോടുള്ള കരുണയുടെയും തെളിവു കൂടിയാണ് അത്. ‘ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങുന്നതിൽ’ തുടരുന്നവർ അവനെ എന്നേക്കും സേവിക്കുന്നതിൽ സന്തോഷിക്കട്ടെ!
[അടിക്കുറിപ്പുകൾ]
a പുരാതന ബാബിലോണിയൻ ബിസിനസ് രേഖകളിൽ പല യഹൂദ പേരുകളും കാണാം.
b യേശു ശിഷ്യരാക്കൽ വേലയ്ക്കു മേൽനോട്ടം നൽകുന്നതിൽ തുടരുന്നു. (വെളിപ്പാടു 14:14-16) ഇന്ന് ക്രിസ്തീയ സ്ത്രീപുരുഷന്മാർ യേശുവിനെ സഭയുടെ ശിരസ്സായി കാണുന്നു. (1 കൊരിന്ത്യർ 11:3) തക്കസമയം വരുമ്പോൾ, “പ്രഭുവും അധിപതിയും” എന്ന നിലയിൽ യേശു, ദൈവത്തിന്റെ ശത്രുക്കൾക്കെതിരെയുള്ള നിർണായക യുദ്ധമായ അർമഗെദോനു നേതൃത്വം നൽകും.—വെളിപ്പാടു 19:19-21.
[അധ്യയന ചോദ്യങ്ങൾ]
[234-ാം പേജിലെ ചിത്രം]
ആത്മീയ ദാഹമുള്ള യഹൂദർക്ക് ‘വെള്ളത്തിനു വരാനും’ ‘വീഞ്ഞും പാലും വാങ്ങാനും’ ഉള്ള ക്ഷണം നൽകിയിരിക്കുന്നു
[239-ാം പേജിലെ ചിത്രം]
താൻ വംശങ്ങൾക്കു “പ്രഭുവും അധിപതിയും” ആണെന്ന് യേശു തെളിയിച്ചു
[244, 245 പേജുകളിലെ ചിത്രങ്ങൾ]
‘ദുഷ്ടൻ തന്റെ വഴി ഉപേക്ഷിക്കട്ടെ’