എനിക്ക് ഇത്ര വിഷാദം അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
അധ്യായം 13
എനിക്ക് ഇത്ര വിഷാദം അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
പതിനേഴു വയസ്സാകുന്നതുവരെ മെലാനി ഒരു ഉത്തമ പുത്രിയെ സംബന്ധിച്ചുളള അവളുടെ അമ്മയുടെ ആദർശത്തിനൊത്തുതന്നെ എല്ലായ്പ്പോഴും പെരുമാറിയിരുന്നു. പിന്നീട് അവൾ സ്കൂൾ പ്രവർത്തനങ്ങളിൽ നിന്ന് പിൻവലിഞ്ഞു, പാർട്ടികൾക്കുളള ക്ഷണം സ്വീകരിക്കാതായി, അവളുടെ ഗ്രേഡ് ‘എ’യിൽനിന്ന് ‘സി’യിലേക്കു താണപ്പോൾ അതേപ്പററി അവൾക്ക് എന്തെങ്കിലും ഉൽക്കണ്ഠയുളളതായിപ്പോലും തോന്നിയില്ല. എന്താണ് കുഴപ്പം എന്ന് അവളുടെ മാതാപിതാക്കൾ ശാന്തമായി അന്വേഷിച്ചപ്പോൾ “എന്നെ വെറുതേ വിട്ടേയ്ക്കു! എനിക്ക് ഒരു കുഴപ്പവും ഇല്ല” എന്ന് പറഞ്ഞ് അവൾ അവരുടെ നേരെ തട്ടിക്കയറി.
പതിനാലാം വയസ്സിൽ മാർക്ക് സാഹസികനും ശത്രുതാ മനോഭാവമുളളവനും പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരനും ആയിരുന്നു. സ്കൂളിൽ അവന് അടങ്ങിയിരിക്കാൻ കഴിയുമായിരുന്നില്ല, അവന് ശിഥിലീകരണ വാസനയും ഉണ്ടായിരുന്നു. മോഹഭംഗം അനുഭവപ്പെടുമ്പോൾ അല്ലെങ്കിൽ കോപാവേശമുണ്ടാകുമ്പോൾ അവൻ മോട്ടോർ സൈക്കിളിൽ മരുപ്രദേശത്തുകൂടെ പാഞ്ഞുപോകുമായിരുന്നു. അല്ലെങ്കിൽ സ്ക്കെയിററ് ബോർഡിൽ കുന്നിൻ ചെരിവിലൂടെ ചീറിപ്പായുമായിരുന്നു.
മെലാനിക്കും മാർക്കിനും ഒരേ രോഗംതന്നെയായിരുന്നു—വിഷാദം. നാഷനൽ ഇൻസ്ററിററ്യൂട്ട് ഓഫ് മെൻറൽ ഹെൽത്തിലെ ഡോ. ഡോണാൾഡ് മാക്ന്യൂ പറയുന്നത് സ്കൂൾ കുട്ടികളിൽ 10 മുതൽ 15 വരെ ശതമാനം പേർ മാനസികാവസ്ഥയിൽ ക്രമക്കേടുകൾ അനുഭവപ്പെടുന്നവരാണ് എന്നാണ്. അതിലും കുറഞ്ഞ ഒരു സംഖ്യക്ക് രൂക്ഷമായ വിഷാദവും അനുഭവപ്പെടുന്നു.
ചിലപ്പോൾ ഈ പ്രശ്നത്തിന് ജീവശാസ്ത്രപരമായ ഒരു കാരണമുണ്ട്. എന്തെങ്കിലും അണുബാധ അല്ലെങ്കിൽ അന്തസ്രാവി സംവിധാനത്തിലെ തകരാറ്, മാസമുറകൾക്കിടയിൽ ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനം, ഹൈപ്പോഗ്ലിസീമിയ, ചില മരുന്നുകളുടെ ഉപയോഗം, വിഷാംശമുളള ചില ലോഹങ്ങളുടെയോ രാസപദാർത്ഥങ്ങളുടെയോ സാമീപ്യം, അലേർജി ഉളവാക്കുന്ന വസ്തുക്കൾ, സന്തുലിതമല്ലാത്ത ഭക്ഷണക്രമം, രക്തക്കുറവ് എന്നിവയെല്ലാം വിഷാദത്തിന് ഇടയാക്കിയേക്കാം.
വിഷാദത്തിന് കാരണമാകുന്ന സമ്മർദ്ദങ്ങൾ
എന്നിരുന്നാലും കൗമാരപ്രായം തന്നെയാണ് മിക്കപ്പോഴും വൈകാരിക സമ്മർദ്ദത്തിന്റെ ഉറവ്, ജീവിതത്തിലെ ഉയർച്ചതാഴ്ചകളെ
കൈകാര്യം ചെയ്യുന്നതിൽ ഒരു മുതിർന്നയാളിന്റെ അനുഭവപരിചയം ഇല്ലാത്തതിനാൽ ഒരു യുവാവ് ആരും തനിക്കുവേണ്ടി കരുതുന്നില്ലെന്ന് വിചാരിക്കുകയും താരതമ്യേന നിസ്സാര കാര്യങ്ങൾ സംബന്ധിച്ചു പോലും വിഷാദമഗ്നായിത്തീരുകയും ചെയ്തേക്കാം.മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയാതെ വരുന്നതും വിഷാദത്തിനുളള മറെറാരു കാരണമായേക്കാം. ഉദാഹരണത്തിന് തന്റെ വിദ്യാസമ്പന്നരായ മാതാപിതാക്കളെ പ്രസാദിപ്പിക്കുന്നതിന് താൻ പഠനത്തിൽ ഏററം മുന്നിലായിരിക്കേണ്ടതുണ്ടെന്ന് ഡോണാൾഡിന് തോന്നി. അതിൽ പരാജയപ്പെട്ടപ്പോൾ അവൻ വിഷാദമഗ്നനായിത്തീരുകയും ആത്മഹത്യയെപ്പററി ചിന്തിക്കുകപോലും ചെയ്തു. “ഞാൻ ഒരിക്കലും ഒന്നും ശരിയായി ചെയ്തിട്ടില്ല. ഞാൻ എല്ലായ്പ്പോഴും എല്ലാവരെയും നിരാശപ്പെടുത്തിയിട്ടേയുളളു” എന്ന് ഡോണാൾഡ് വിലപിക്കുന്നു.
ഒരു പരാജയബോധം വിഷാദത്തിനിടയാക്കിയേക്കാം എന്നത് എപ്പഫ്രോദിത്തോസ് എന്ന മനുഷ്യന്റെ സംഗതിയിൽനിന്ന് വ്യക്തമാണ്. ഒന്നാം നൂററാണ്ടിൽ ജയിലിലായിരുന്ന പൗലോസ് അപ്പോസ്തലനെ സഹായിക്കാനായി ഈ വിശ്വസ്ത ക്രിസ്ത്യാനിയെ നിയോഗിച്ചയച്ചു. എന്നാൽ അയാൾ പൗലോസിന്റെ അടുക്കൽ എത്തിയപ്പോൾ പെട്ടെന്നുതന്നെ രോഗബാധിതനായിത്തീരുകയും പകരം പൗലോസ് അയാളെ ശുശ്രൂഷിക്കേണ്ടതായി വരികയും ചെയ്തു! താൻ ഒരു പരാജയമാണെന്ന് എപ്പഫ്രോദിത്തോസ് വിചാരിക്കുകയും “വിഷാദമഗ്നായിത്തീരുകയും” ചെയ്തത് എന്തുകൊണ്ടെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയും. പ്രത്യക്ഷത്തിൽ രോഗിയായിത്തീരുന്നതിനു മുമ്പ് ചെയ്ത നല്ല കാര്യങ്ങളൊന്നും അയാൾ കണക്കിലെടുത്തില്ല.—ഫിലിപ്യർ 2:25-30.
നഷ്ടബോധം
ററൂ യംഗ് ററു ഡൈ—യൂത്ത് ആൻഡ് സൂയിസൈഡ് എന്ന തന്റെ [ഇംഗ്ലീഷ്] പുസ്തകത്തിൽ ഫ്രാൻസീൻ ക്ലാഗ്സ്ബ്രേൺ ഇപ്രകാരം എഴുതി: “വൈകാരികമായി ഉണ്ടാകുന്ന മ്ലാനതകൾ മിക്കതിന്റെയും അടിയിൽ കിടക്കുന്നത് ആഴമായ ഒരു നഷ്ടബോധമാണ്, ആഴമായി സ്നേഹിക്കപ്പെട്ടിരുന്ന ഒരാളിന്റെയോ വസ്തുവിന്റെയോ നഷ്ടം.” അപ്രകാരം മരണത്തിലൂടെയോ വിവാഹമോചനത്തിലൂടെയോ മാതാപിതാക്കളിൽ ഒരാളെ നഷ്ടമാകുന്നത്, ഒരു ജോലിയുടെയൊ
ജീവിതവൃത്തിയുടെയോ നഷ്ടം, അല്ലെങ്കിൽ ഒരുവന്റെ ശാരീരികാരോഗ്യത്തിന്റെ നഷ്ടം പോലും വിഷാദത്തിന് ഇടയാക്കിയേക്കാം.ചെറുപ്രായത്തിലുളള ഒരാളെ സംബന്ധിച്ചിടത്തോളം ഏററം വിനാശകരമായ നഷ്ടം സ്നേഹത്തിന്റെ നഷ്ടമാണ്, തന്നെ ആർക്കും വേണ്ട എന്നോ തനിക്കുവേണ്ടി കരുതാൻ ആരുമില്ല എന്നോ ഉളള തോന്നൽ. “എന്റെ അമ്മ ഞങ്ങളെ ഉപേക്ഷിച്ചു പോയപ്പോൾ വഞ്ചിക്കപ്പെട്ടതായും ഒററപ്പെടുത്തപ്പെട്ടതായും ഉളള തോന്നൽ എനിക്കുണ്ടായി,” എന്ന് മേരി എന്നു പേരായ ഒരു യുവതി വെളിപ്പെടുത്തി. “എന്റെ ലോകം പെട്ടെന്ന് കീഴ്മേൽ മറിഞ്ഞതായി എനിക്കുതോന്നി.”
അപ്പോൾ വിവാഹമോചനം, മുഴുക്കുടി, അഗമ്യഗമനം, ഭാര്യാപ്രഹരം, ശിശുദ്രോഹം, അല്ലെങ്കിൽ സ്വന്തം പ്രശ്നങ്ങളിൽ മുങ്ങിപ്പോയ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെടുന്നത്, എന്നിവ പോലുളള കുടുംബപ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ യുവജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന അമ്പരപ്പും വേദനയും ഒന്നു വിഭാവനം ചെയ്യുക. ബൈബിളിലെ ഈ സദൃശവാക്യം എത്ര സത്യമാണ്: “അനർത്ഥകാലത്ത് നിങ്ങൾ നിരുത്സാഹിതനായിത്തീർന്നിരിക്കുന്നുവോ? നിങ്ങൾക്ക് ശക്തി [വിഷാദത്തെ ചെറുക്കുന്നതിനുളള പ്രാപ്തി ഉൾപ്പെടെ] ഒട്ടും ഉണ്ടായിരിക്കുകയില്ല!” (സദൃശവാക്യങ്ങൾ 24:10) യുവപ്രായത്തിലുളള ഒരാൾ തന്റെ കുടുംബത്തിലെ പ്രശ്നങ്ങൾക്ക് തന്നെത്തന്നെ അനാവശ്യമായി കുററപ്പെടുത്തിയേക്കാം.
രോഗലക്ഷണങ്ങൾ തിരിച്ചറിയൽ
വിഷാദം തന്നെ പല ഡിഗ്രിയിലുളളതുണ്ട്. യുവപ്രായത്തിലുളള ഒരാൾക്ക് വൈകാരികമായി തളർത്തുന്ന എന്തെങ്കിലും സംഭവത്താൽ താല്ക്കാലത്തേക്ക് ധൈര്യക്ഷയം ഉണ്ടായേക്കാം. എന്നാൽ അത്തരം മ്ലാനതകൾ താരതമ്യേന ചുരുങ്ങിയ സമയത്തിനുളളിൽ മാഞ്ഞുപോകുന്നു.
എന്നിരുന്നാലും ആ വിഷാദം നീണ്ടു നിൽക്കുകയും യൗവനക്കാരന് പൊതുവേ നിഷേധാത്മക മനോഭാവവും തന്നെ ഒന്നിനും കൊളളില്ല എന്ന വിചാരവും ഉൽക്കണ്ഠയും കോപവും അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ അതിന് ഡോക്ടർമാർ താണതരം സ്ഥായിയായ വിഷാദം എന്നു വിളിക്കുന്ന അവസ്ഥയിലേക്ക് വികാസം പ്രാപിക്കാൻ കഴിയും. (തുടക്കത്തിൽ പരാമർശിച്ച) മാർക്കിന്റെയും മെലാനിയുടെയും അനുഭവങ്ങൾ പ്രകടമാക്കുന്നപ്രകാരം രോഗലക്ഷണങ്ങൾ വളരെ വ്യത്യസ്തങ്ങളായിരിക്കാൻ കഴിയും. ഒരു യുവാവിന് അനുഭവപ്പെടുന്നത് ഉൽക്കണ്ഠയായിരിക്കാം. മറെറാരാൾക്ക് എല്ലായ്പ്പോഴും തളർച്ചയോ വിശപ്പില്ലായ്മയോ ഉറക്കമില്ലായ്മയോ തൂക്കക്കുറവ് അനുഭവപ്പെടുന്നതോ തുടരെയുണ്ടാകുന്ന അപകടങ്ങളോ ആയിരിക്കാം രോഗലക്ഷണങ്ങൾ.
തുടരെ പാർട്ടികളിൽ സംബന്ധിക്കുക, യഥേഷ്ടം ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുക, നശീകരണ വാസന പ്രകടമാക്കുക, അമിതമായി മദ്യപിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ഉല്ലാസം തേടി നടന്നുകൊണ്ട് ചില ചെറുപ്പക്കാർ തങ്ങളുടെ മ്ലാനത മറയ്ക്കാൻ ശ്രമിക്കുന്നു. “ഞാൻ കൂടെക്കൂടെ വീട്ടിൽ നിന്ന് പുറത്തേക്കു പോകുന്നത് എന്തിനാണെന്ന് എനിക്ക് വാസ്തവത്തിൽ അറിഞ്ഞുകൂടാ” എന്ന് ഒരു 14 വയസ്സുകാരൻ സമ്മതിച്ചു പറഞ്ഞു. “ഞാൻ ഒററയ്ക്കായിരിക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷാദം അനുഭവപ്പെടുന്നു എന്ന് എനിക്കറിയാം.” അത് ബൈബിൾ വിവരിക്കുന്നതുപോലെതന്നെയാണ്. “ചിരിക്കുമ്പോൾപോലും ഹൃദയം ദുഃഖിച്ചിരിക്കാം.”—വെറും മ്ലാനത മാത്രമായിരിക്കാത്തപ്പോൾ
താണതരം സ്ഥായിയായ വിഷാദം കൈകാര്യം ചെയ്യപ്പെടുന്നില്ലെങ്കിൽ അതു കൂടുതൽ ഗൗരവതരമായ രോഗത്തിലേക്ക്, ഗുരുതരമായ വിഷാദത്തിലേക്ക്, നയിച്ചേക്കാം. (പേജ് 107 കാണുക.) “എന്റെ ഉളളിൽ ഞാൻ ‘മരിച്ച’ അവസ്ഥയിലാണെന്ന് എനിക്ക് എപ്പോഴും തോന്നി,” ഗുരുതരമായ വിഷാദത്തിന് ഇരയായ മേരി വിശദീകരിച്ചു. “ഞാൻ തികച്ചും നിർവികാരയായി ജീവിതം തളളിനീക്കുകയായിരുന്നു. എനിക്ക് എല്ലായ്പ്പോഴും ഭയം അനുഭവപ്പെട്ടിരുന്നു.” ഗുരുതരമായ വിഷാദമാണെങ്കിൽ മ്ലാനത കഠിനമായിരിക്കുകയും മാസങ്ങളോളം തുടരുകയും ചെയ്തേക്കാം. അതുകൊണ്ട് ഈ തരത്തിലുളള മ്ലാനതയാണ് കൗമാരപ്രായക്കാർക്കിടയിലെ ആത്മഹത്യയുടെ ഏററം പൊതുവായ ഘടകം. അത്തരം ആത്മഹത്യകൾ ഇപ്പോൾ പല രാജ്യങ്ങളിലെയും “ഒളിഞ്ഞു കിടക്കുന്ന” സാംക്രമിക രോഗമായി കണക്കാക്കപ്പെടുന്നു.
ഗുരുതരമായ വിഷാദത്തോട് ബന്ധപ്പെട്ട് വിടാതെ തുടരുന്ന ഒരു വികാരമാണ് കഠിനമായ നിരാശാ ബോധം—ഏററം മാരകമായതും. ഗുരുതരമായ വിഷാദത്തിന് അടിമയായിരുന്ന ഒരു 14 വയസ്സുകാരി വിവിയനെപ്പററി പ്രൊഫസ്സർ ജോൺ ഈ. മായ്ക്ക് എഴുതുന്നു.
പ്രത്യക്ഷത്തിൽ അവൾക്കുവേണ്ടി കരുതുന്ന മാതാപിതാക്കളുളള ഒരു യുവതിയായിരുന്നു അവൾ. എന്നാൽ നിരാശയുടെ പടുകുഴിയിൽ പതിച്ച അവൾ തൂങ്ങി മരിച്ചു! “അവളുടെ മ്ലാനത എന്നെങ്കിലും അവളെ വിട്ടുമാറുമെന്ന്, അവളുടെ വേദനയിൽ നിന്ന് വിമുക്തയാകാനുളള പ്രതീക്ഷ അവൾക്കുണ്ടെന്ന്, കാണാനുളള വിവിയന്റെ അപ്രാപ്തി ആത്മഹത്യ ചെയ്യാനുളള അവളുടെ തീരുമാനത്തിലെ ഒരു മുഖ്യഘടകമായിരുന്നു” എന്ന് പ്രൊഫസ്സർ മായ്ക്ക് എഴുതി.ഗുരുതരമായ വിഷാദത്താൽ ബാധിക്കപ്പെടുന്നവർ തങ്ങൾക്ക് ഒരിക്കലും സൗഖ്യം വരികയില്ല, ഒരു ഭാവിയില്ല എന്ന് വിചാരിക്കുന്നു. വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് അത്തരം നിരാശാബോധം മിക്കപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്നു.
എന്നാൽ അതിനുളള പരിഹാരം ആത്മഹത്യയല്ല. ജീവിതം തുടർച്ചയായ ഒരു പേടി സ്വപ്നമായി മാറിയിരുന്ന മേരി ഇപ്രകാരം സമ്മതിച്ചു: “ആത്മഹത്യയെപ്പററിയുളള ചിന്തകൾ തീർച്ചയായും എന്റെ മനസ്സിൽ വന്നു. എന്നാൽ ഞാൻ എന്നെത്തന്നെ കൊലപ്പെടുത്താത്തിടത്തോളം കാലം എല്ലായ്പ്പോഴും പ്രത്യാശിക്കാൻ വകയുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു.” എല്ലാം അവസാനിപ്പിക്കുന്നതിനാൽ വാസ്തവത്തിൽ ഒന്നും പരിഹരിക്കപ്പെടുന്നില്ല. ദുഃഖകരമെന്നു പറയട്ടെ, നിരാശയെ അഭിമുഖീകരിക്കുമ്പോൾ പല യുവജനങ്ങൾക്കും മറെറാരു മാർഗ്ഗമോ അനുകൂലമായ അനന്തരഫലങ്ങളോ വിഭാവനം ചെയ്യാൻ കഴിയുന്നില്ല. ഹെറോയിൻ കുത്തിവച്ചുകൊണ്ട് മേരി തന്റെ പ്രശ്നം മറച്ചു വയ്ക്കാൻ ശ്രമിച്ചു. “ആ മയക്കുമരുന്നിന്റെ കെട്ട് വിടുന്നതുവരെ എനിക്ക് ധാരാളം ആത്മധൈര്യമുണ്ടായിരുന്നു,” എന്ന് മേരി പറഞ്ഞു.
ലഘുവായ ദുരിതങ്ങളെ നേരിടൽ
വിഷാദ വിചാരങ്ങളെ നേരിടാനുളള ബുദ്ധിപൂർവ്വകമായ മാർഗ്ഗങ്ങളുണ്ട്. “ചിലർക്ക് വിഷാദം അനുഭവപ്പെടുന്നത് അവർക്ക് വിശക്കുമ്പോഴാണ്,” എന്ന് വിഷാദം സംബന്ധിച്ച ന്യൂയോർക്കിലെ ഒരു
വിദഗ്ദ്ധനായ ഡോ. നാഥാൻ എസ്സ്. ക്ലൈൻ നിരീക്ഷിച്ചു. “ഒരു വ്യക്തി പ്രഭാത ഭക്ഷണം കഴിക്കാതിരുന്നേക്കാം, എന്തെങ്കിലും കാരണത്താൽ ഉച്ചഭക്ഷണവും കഴിക്കാതിരിക്കുന്നു. എന്നിട്ട് മൂന്നു മണിയാകുമ്പോഴേക്കും തനിക്ക് എന്തോ കുഴപ്പം പററിയിരിക്കുന്നു എന്ന് വിചാരിച്ചു തുടങ്ങുന്നു.”നിങ്ങൾ എന്തു കഴിക്കുന്നു എന്നതും ഒരു വ്യത്യാസം ഉളവാക്കിയേക്കാം. നിരാശാബോധത്തിന്റെ ശല്യം അനുഭവപ്പെട്ടിരുന്ന ഡെബി എന്ന യുവതി ഇപ്രകാരം സമ്മതിച്ചു: “കയ്യിൽ കിട്ടുന്നത് എന്തും ഭക്ഷിക്കുന്ന രീതി എന്റെ മാനസികാവസ്ഥക്ക് ഇത്രമാത്രം ദോഷകരമാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല. ഞാൻ അങ്ങനെയുളളവ വളരെയധികം കഴിച്ചിരുന്നു. എന്നാൽ മധുരപലഹാരങ്ങൾ കുറഞ്ഞതോതിൽ മാത്രം കഴിക്കുമ്പോൾ എനിക്ക് കൂടുതൽ സുഖം അനുഭവപ്പെടുന്നു.” സഹായകമായ മററ് പടികൾ: ഏതെങ്കിലും തരത്തിലുളള വ്യായാമങ്ങൾ നിങ്ങളുടെ ഉത്സാഹം വർദ്ധിപ്പിച്ചേക്കാം. ചിലരുടെ സംഗതിയിൽ ഒരു വൈദ്യപരിശോധന ഉചിതമായിരിക്കാം, കാരണം വിഷാദം ചിലപ്പോൾ ഏതെങ്കിലും ശാരീരികമായ രോഗത്തിന്റെ ലക്ഷണമായിരിക്കാവുന്നതാണ്.
മാനസിക പോരാട്ടത്തിൽ വിജയിക്കൽ
മിക്കപ്പോഴും വിഷാദത്തിനിടയാക്കുന്നത് അല്ലെങ്കിൽ അതിനെ വർദ്ധിപ്പിക്കുന്നത് അവനവനെപ്പററിത്തന്നെ നിഷേധാത്മകമായ വിചാരങ്ങളുണ്ടായിരിക്കുന്നതിനാലാണ്. “വളരെയധികം പേർ നിങ്ങളെ പരിഹസിക്കുമ്പോൾ നിങ്ങളെ ഒന്നിനും കൊളളില്ല എന്ന് നിങ്ങൾക്ക് തോന്നാനിടയാകുന്നു” എന്ന് 18 വയസ്സുകാരി എവലിൻ ആവലാതി പറയുന്നു.
ഇതു പരിഗണിക്കുക: ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളുടെ മൂല്യം നിർണ്ണയിക്കേണ്ടത് മററുളളവരാണോ? അത്തരം ആക്ഷേപം ക്രിസ്തീയ അപ്പോസ്തലനായ പൗലോസിന്റെ മേലും കുന്നിക്കപ്പെട്ടു. അദ്ദേഹം ബലഹീനനാണെന്നും അദ്ദേഹത്തിന് പ്രസംഗചാതുര്യമില്ലെന്നും 2 കൊരിന്ത്യർ 10:7, 10, 17, 18.
ചിലർ പറഞ്ഞു. അത് താൻ ഒന്നിനും കൊളളാത്തവനാണ് എന്ന് പൗലോസ് വിചാരിക്കാനിടയാക്കിയോ? അശേഷമില്ല! ദൈവത്തിന്റെ നിലവാരത്തോട് ഒത്തു പോകുന്നതാണ് പ്രധാന സംഗതി എന്ന് പൗലോസിന് അറിയാമായിരുന്നു. മററുളളവർ എന്തു പറഞ്ഞിരുന്നു എന്നത് പരിഗണിക്കാതെ, ദൈവസഹായത്താൽ തനിക്ക് നേടാൻ കഴിഞ്ഞതിൽ അവന് പ്രശംസിക്കാൻ കഴിയുമായിരുന്നു. നിങ്ങളും നിങ്ങൾക്ക് ദൈവവുമായി ഒരു നല്ല നിലയുണ്ട് എന്ന വസ്തുത നിങ്ങളെത്തന്നെ ഓർമ്മിപ്പിക്കുന്നുവെങ്കിൽ മിക്കപ്പോഴും വിഷാദഭാവം മാറും.—നിങ്ങളുടെ ഏതെങ്കിലും ബലഹീനത സംബന്ധിച്ചോ നിങ്ങൾ ചെയ്തുപോയ ഏതെങ്കിലും പാപം സംബന്ധിച്ചോ നിങ്ങൾക്ക് വിഷാദം അനുഭവപ്പെടുന്നെങ്കിലെന്ത്? “നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പാണ് എന്ന് തെളിഞ്ഞാലും അവ ഹിമം പോലെ വെളുപ്പിക്കപ്പെടും,” എന്ന് ദൈവം യിസ്രായേലിനോട് പറഞ്ഞു. (യെശയ്യാവ് 1:18) നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ കരുണയും ക്ഷമയും ഒരിക്കലും അവഗണിക്കരുത്. (സങ്കീർത്തനം 103:8-14) എന്നാൽ നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ നിങ്ങൾ കഠിനശ്രമം ചെയ്യുന്നുണ്ടോ? നിങ്ങളുടെ മനസ്സിൽ കുററബോധം തോന്നാതിരിക്കണമെങ്കിൽ നിങ്ങൾ നിങ്ങളുടെ പങ്ക് ചെയ്യണം. സദൃശവാക്യങ്ങൾ പറയുന്നതുപോലെ: “[തന്റെ ലംഘനങ്ങളെ] ഏററുപറഞ്ഞ് ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും.”—സദൃശവാക്യങ്ങൾ 28:13.
മ്ലാനതയ്ക്കെതിരെ പോരാടാനുളള മറെറാരു മാർഗ്ഗം നിങ്ങൾതന്നെ നിങ്ങൾക്ക് നേടാൻ കഴിയുന്ന ലാക്കുകൾ വയ്ക്കുക എന്നതാണ്. ജീവിതത്തിൽ വിജയിക്കുന്നതിന് നിങ്ങൾ ക്ലാസ്സിൽ ഒന്നാമനായിരിക്കണമെന്നില്ല. (സഭാപ്രസംഗി 7:16-18) നൈരാശ്യങ്ങൾ ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്ന വസ്തുത അംഗീകരിക്കുക. അത്തരം സന്ദർഭങ്ങളിൽ ‘എനിക്ക് എന്തു സംഭവിക്കുന്നു എന്നതിൽ ആർക്കും യാതൊരു ശ്രദ്ധയുമില്ല, അവർ ഒരിക്കലും ശ്രദ്ധിക്കാനും പോകുന്നില്ല’ എന്ന് വിചാരിക്കുന്നതിനു പകരം നിങ്ങളോടുതന്നെ പറയുക, ‘ഞാൻ അതിൽ വിജയിക്കും.’ നന്നായി ഒന്നു കരയുന്നതുകൊണ്ടും കുഴപ്പമൊന്നുമില്ല.
നേട്ടത്തിന്റെ മൂല്യം
നിരുത്സാഹത്തിന്റെ ആവർത്തിച്ചുളള ആക്രമണങ്ങളെ വിജയകരമായി തരണം ചെയ്ത ഡാഫ്നേ പറയുന്നു: “നിരാശാബോധം താനേ നമ്മെ വിട്ടുമാറുകയില്ല. നിങ്ങൾ ചിന്തയിൽ മാററം വരുത്തുകയോ കായികമായി എന്തെങ്കിലും പ്രവൃത്തിയിൽ ഉൾപ്പെടുകയോ വേണം. എന്തെങ്കിലും ചെയ്തു തുടങ്ങുകതന്നെ വേണം.” ഒരു വിഷാദചിന്തയെ തരണം ചെയ്യാൻ കഠിനാദ്ധ്വാനം ചെയ്ത ലിൻഡ പറഞ്ഞത് പരിഗണിക്കുക: “ഞാൻ ഒരു തയ്യൽ യജ്ഞത്തിലാണ്. ഞാൻ കുറേ വസ്ത്രങ്ങൾ തുന്നാൻ ശ്രമിക്കുന്നു, ക്രമേണ ഞാൻ എന്നെ അലട്ടുന്ന പ്രശ്നം മറക്കുന്നു. അതു വാസ്തവത്തിൽ എന്നെ സഹായിക്കുന്നു.” നിങ്ങൾക്ക് ചെയ്യാൻ പ്രാപ്തിയുളള കാര്യങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ആത്മാഭിമാനം വർദ്ധിപ്പിക്കുന്നു. വിഷാദത്തിന്റെ സന്ദർഭങ്ങളിലാകട്ടെ അതു തീരെ ഇല്ല.
ഉല്ലാസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും പ്രയോജനകരമാണ്. നിങ്ങൾക്ക് വ്യക്തിപരമായി ആവശ്യമുളള എന്തെങ്കിലും വാങ്ങാൻ വേണ്ടി കടയിൽ പോകുന്നത്, കളികളിൽ ഏർപ്പെടുന്നത്, നിങ്ങൾക്ക് ഇഷ്ടമുളള ഒരു വിഭവം പാകം ചെയ്യുന്നത്, ഒരു പുസ്തകശേഖരം പരിശോധിക്കുന്നത്, ഒരു നേരത്തെ ആഹാരം വെളിയിൽ പോയി കഴിക്കുന്നത്, വായന, എവേക്ക്! മാസികയിലും മററും കാണപ്പെടുന്നതുപോലുളള പദപ്രശ്നങ്ങളുടെ ഉത്തരങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് എന്നിവ പോലുളള കാര്യങ്ങൾ പരീക്ഷിച്ചു നോക്കുക.
ചെറിയ വിനോദയാത്രകൾ ആസൂത്രണം ചെയ്യുന്നതിനാൽ അല്ലെങ്കിൽ തനിക്കുവേണ്ടിത്തന്നെ ചില ചെറിയ ലാക്കുകൾ വയ്ക്കുന്നതിനാൽ മ്ലാനതയെ നേരിടാൻ കഴിയുമെന്ന് ഡെബി കണ്ടെത്തി. എന്നിരുന്നാലും മററുളളവരെ സഹായിക്കുന്നതിനുവേണ്ടി കാര്യങ്ങൾ ചെയ്യുന്നത് ഏററം വലിയ സഹായങ്ങളിലൊന്നാണെന്ന് തെളിഞ്ഞു. “വളരെ വിഷാദമഗ്നയായിരുന്ന ഈ ചെറുപ്പക്കാരിയെ ഞാൻ കണ്ടുമുട്ടി ഞാൻ അവളോടൊത്ത് ബൈബിൾ പഠിക്കാൻ ആരംഭിച്ചു,” ഡെബി വെളിപ്പെടുത്തി. “അവളുടെ മ്ലാനതയെ എങ്ങനെ കീഴടക്കാം എന്ന് അവളോട് പറയാൻ വാരംതോറുമുളള ഈ ചർച്ചകൾ എനിക്ക് അവസരം നൽകി. ബൈബിൾ അവൾക്ക് യഥാർത്ഥ പ്രത്യാശ നൽകി. അത് അതേസമയം എന്നെയും സഹായിച്ചു.” അത് യേശു പറഞ്ഞതുപോലെ തന്നെയാണ്: “സ്വീകരിക്കുന്നതിലുളളതിനേക്കാൾ അധികം സന്തോഷം കൊടുക്കുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35.
അതേപ്പററി ആരോടെങ്കിലും സംസാരിക്കുക
“മനുഷ്യന്റെ ഹൃദയത്തിലെ ഉൽക്കണ്ഠയാണ് അതിനെ ഇടിച്ചുകളയുന്നത്, എന്നാൽ നല്ല വാക്കാണ് അതിനെ സന്തോഷിപ്പിക്കുന്നത്.” (സദൃശവാക്യങ്ങൾ 12:25) ഗ്രാഹ്യമുളള ഒരു വ്യക്തിയിൽനിന്നുളള ഒരു “നല്ല വാക്കിന്” വലിയ വ്യത്യാസം ഉളവാക്കാൻ കഴിയും. നിങ്ങളുടെ ഹൃദയത്തിലുളളതെന്താണെന്ന് ഒരു മനുഷ്യനും കണ്ടുപിടിക്കാൻ കഴിയുകയില്ല, അതുകൊണ്ട് നിങ്ങൾക്ക് വിശ്വസിക്കാവുന്നതും നിങ്ങളെ സഹായിക്കാൻ കഴിയുന്നതുമായ ആരുടെയെങ്കിലും മുമ്പിൽ നിങ്ങളുടെ ഹൃദയം പകരുക. “ഒരു സുഹൃത്ത് എല്ലാക്കാലത്തും സ്നേഹിക്കുന്നു, അനർത്ഥകാലത്ത് അവൻ ഒരു സഹോദരനായിത്തീരുന്നു,” എന്ന് സദൃശവാക്യങ്ങൾ 17:17 പറയുന്നു. (ദി ബൈബിൾ ഇൻ ബെയിസിക് ഇംഗ്ലീഷ്) “ആരോടും പറയാത്തപ്പോൾ അത് ഒരു വലിയ ഭാരം തനിയെ ചുമക്കുന്നതുപോലെയാണ്,” എന്ന് 22 വയസ്സുളള ഇവാൻ പറഞ്ഞു. “എന്നാൽ സഹായിക്കാൻ കഴിവുളള ആരെങ്കിലുമായി പങ്കുവയ്ക്കുമ്പോൾ ഭാരം വളരെ കുറയുന്നു.”
നിങ്ങൾ പറഞ്ഞേക്കാം, ‘ഞാൻ അതു പരീക്ഷിച്ചു നോക്കിയിട്ടുളളതാണ്, എനിക്ക് ആകെ കൂടി ലഭിക്കുന്നത് ജീവിതത്തിന്റെ ശോഭനമായ വശം കാണാനുളള ഒരു സുദീർഘമായ ഉപദേശപ്രസംഗമാണ്.’ ഗ്രാഹ്യത്തോടെ ശ്രദ്ധിക്കുക മാത്രമല്ല വസ്തുനിഷ്ഠമായി ഉപദേശിക്കാനും കൂടെ കഴിയുന്ന ഒരാളെ നിങ്ങൾക്ക് എവിടെയാണ് കണ്ടെത്താൻ കഴിയുക?—സഹായം കണ്ടെത്തൽ
നിങ്ങളുടെ മാതാപിതാക്കൾക്ക് ‘നിങ്ങളുടെ ഹൃദയം കൊടുത്തുകൊണ്ട്’ ആരംഭിക്കുക. (സദൃശവാക്യങ്ങൾ 23:26) മററാരെക്കാളും നന്നായി നിങ്ങളെ അറിയുന്നത് അവരാണ്, നിങ്ങൾ അനുവദിക്കുമെങ്കിൽ മിക്കപ്പോഴും അവർക്ക് നിങ്ങളെ സഹായിക്കാനും കഴിയും. നിങ്ങളുടെ പ്രശ്നം ഗുരുതരമാണെന്ന് അവർ മനസ്സിലാക്കുന്നുവെങ്കിൽ നിങ്ങൾക്ക് വിദഗ്ദ്ധസഹായം ലഭിക്കാനുളള ഏർപ്പാടും അവർ ചെയ്യും. a
ക്രിസ്തീയ സഭയിലെ അംഗങ്ങൾ സഹായത്തിന്റെ മറെറാരു ഉറവാണ്. “വർഷങ്ങളോളം ഞാൻ നല്ല നാട്യം കാണിച്ചിരുന്നതുകൊണ്ട് വാസ്തവത്തിൽ ഞാൻ എത്രത്തോളം വിഷാദമഗ്നയായിരുന്നുവെന്ന് ആരും അറിഞ്ഞിരുന്നില്ല” എന്ന് മേരി വെളിപ്പെടുത്തി. “എന്നാൽ പിന്നീട് സഭയിലെ പ്രായമുളള ഒരു സ്ത്രീയോട് ഞാൻ കാര്യങ്ങൾ തുറന്നു പറഞ്ഞു. അവർ വളരെ ഗ്രാഹ്യമുളളവരായിരുന്നു! എനിക്കുണ്ടായിരുന്നതുപോലുളള ചില അനുഭവങ്ങൾ മുമ്പ് അവർക്കും ഉണ്ടായിരുന്നു. മററാളുകൾക്ക് ഇതുപോലുളള പ്രശ്നങ്ങൾ ഉണ്ടായിട്ട് അവർ കുഴപ്പം കൂടാതെ അതിൽ നിന്ന് കരകയറി എന്ന് തിരിച്ചറിയാൻ അവർ എന്നെ പ്രോത്സാഹിപ്പിച്ചു.”
ഇല്ല, മേരിയുടെ മ്ലാനത പെട്ടെന്ന് അവളെ വിട്ടുമാറിയില്ല. എന്നാൽ സാവകാശം ദൈവവുമായുളള അവളുടെ ബന്ധം കൂടുതൽ ആഴമുളളതാക്കിയപ്പോൾ അവൾ അവളുടെ വികാരങ്ങളെ നേരിടാൻ തുടങ്ങി. യഹോവയുടെ സത്യാരാധകർക്കിടയിൽ നിങ്ങളുടെ ക്ഷേമത്തിൽ യഥാർത്ഥ താല്പര്യമുളള സുഹൃത്തുക്കളെയും “കുടുംബത്തെയും” നിങ്ങൾക്കും കണ്ടെത്താൻ കഴിയും.—മർക്കോസ് 10:29, 30; യോഹന്നാൻ 13:34, 35.
സാധാരണയിൽ കവിഞ്ഞശക്തി
എന്നിരുന്നാലും മ്ലാനത അകററുന്നതിനുളള ഏററംശക്തമായ സഹായം ദൈവത്തിൽനിന്നുളള “സാധാരണയിൽ കവിഞ്ഞശക്തി” എന്ന് അപ്പോസ്തലനായ പൗലോസ് വിളിച്ച സഹായമാണ്. (2 കൊരിന്ത്യർ 4:7) നിങ്ങൾ അവനിൽ ആശ്രയിക്കുന്നുവെങ്കിൽ മ്ലാനതയ്ക്കെതിരെ പോരാടുന്നതിന് അവന് നിങ്ങളെ സഹായിക്കാൻ കഴിയും. (സങ്കീർത്തനം 55:22) അവന്റെ പരിശുദ്ധാത്മാവിനാൽ, നിങ്ങൾക്ക് സാധാരണ ലഭിക്കുന്നതിൽ കൂടുതൽ ശക്തി അവൻ നൽകുന്നു.
ദൈവവുമായുളള ഈ സുഹൃദ്ബന്ധം വാസ്തവത്തിൽ നമുക്ക് ഉറപ്പു നൽകുന്നു. ജോർജിയ എന്ന യുവതി പറയുന്നു: “എനിക്ക് സങ്കടം തോന്നുമ്പോൾ ഞാൻ വളരെയധികം പ്രാർത്ഥിക്കും. എന്റെ പ്രശ്നം എത്ര ആഴമേറിയതായാലും യഹോവ ഒരു വഴി കാണിച്ചുതരും എന്ന് എനിക്കറിയാം.” ഇപ്രകാരം കൂട്ടിച്ചേർത്തുകൊണ്ട് ഡാഫ്നേ അതിനോട് യോജിക്കുന്നു: “നിങ്ങൾക്ക് സർവ്വതും യഹോവയോട് പറയാൻ കഴിയും. നിങ്ങൾ നിങ്ങളുടെ ഹൃദയം അവന്റെ മുമ്പാകെ പകരുക. മറെറാരു മനുഷ്യനും അങ്ങനെ ചെയ്യാൻ കഴിയുകയില്ലെങ്കിലും അവൻ നിങ്ങളെ മനസ്സിലാക്കുന്നുവെന്നും നിങ്ങൾക്കുവേണ്ടി കരുതുന്നുവെന്നും നിങ്ങൾക്കറിയാം.”
അതുകൊണ്ട് നിങ്ങൾക്ക് മ്ലാനത അനുഭവപ്പെടുന്നുവെങ്കിൽ ദൈവത്തോടു പ്രാർത്ഥിക്കയും ജ്ഞാനവും ഗ്രാഹ്യവുമുളള, നിങ്ങൾക്ക് നിങ്ങളുടെ വികാരങ്ങൾ തുറന്നു പറയാൻ കൊളളാവുന്ന, ഒരാളെ കണ്ടുപിടിക്കുകയും ചെയ്യുക. ക്രിസ്തീയ സഭകളിൽ വിദഗ്ദ്ധ ഉപദേഷ്ടാക്കൻമാരായ “പ്രായമേറിയ പുരുഷൻമാരെ” നിങ്ങൾ കണ്ടെത്തും. (യാക്കോബ് 5:14, 15) ദൈവവുമായുളള നിങ്ങളുടെ സഖിത്വം നിലനിർത്തുന്നതിന് നിങ്ങളെ സഹായിക്കാൻ അവർ തയ്യാറാണ്. കാരണം, ദൈവം നിങ്ങളെ മനസ്സിലാക്കുകയും നിങ്ങളുടെ ഉൽക്കണ്ഠകൾ അവന്റെമേൽ ഇട്ടുകൊളളാൻ നിങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നു; എന്തുകൊണ്ടന്നാൽ “അവൻ നിങ്ങൾക്കുവേണ്ടി കരുതുന്നു.” (1 പത്രോസ് 5:6, 7) വാസ്തവത്തിൽ ബൈബിൾ ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു: “സകല ചിന്തയേയും കവിയുന്ന ദൈവിക സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും മാനസിക പ്രാപ്തികളെയും ക്രിസ്തുയേശു മുഖേന കാത്തുരക്ഷിക്കും.”—ഫിലിപ്യർ 4:7.
[അടിക്കുറിപ്പുകൾ]
a ഗുരുതരമായ മ്ലാനതയ്ക്ക് അടിമകളായിരിക്കുന്നവർക്ക് ആത്മഹത്യ ചെയ്യാനുളള ചായ്വുളളതിനാൽ വിദഗ്ദ്ധസഹായം ലഭിക്കേണ്ടതുണ്ടെന്ന് മിക്ക വൈദ്യശാസ്ത്ര വിദഗ്ദ്ധരും ഉപദേശിക്കുന്നു. ഉദാഹരണത്തിന് ഒരു ഡോക്ടർക്ക് മാത്രം നൽകാൻ കഴിയുന്ന തരത്തിലുളള വൈദ്യസഹായത്തിന്റെ ആവശ്യമുണ്ടായിരുന്നേക്കാം.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ ഒരു യുവാവ് വിഷാദമഗ്നനായിത്തീരാൻ ഇടയാക്കുന്ന ചില സംഗതികൾ എന്തൊക്കെയാണ്? നിങ്ങൾക്ക് എന്നെങ്കിലും അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടോ?
◻ താണതരം സ്ഥായിയായ മ്ലാനതയുടെ ലക്ഷണങ്ങൾ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടോ?
◻ ഗുരുതരമായ മ്ലാനത തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുമോ? ഇത് വളരെ ഗൗരവതരമായ രോഗമായിരിക്കുന്നത് എന്തുകൊണ്ട്?
◻ മ്ലാനതയെ നേരിടാനുളള ചില മാർഗ്ഗങ്ങൾ പറയുക. ഈ നിർദ്ദേശങ്ങളിൽ ഏതെങ്കിലും ഫലപ്രദമായി നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ?
◻ ഗൗരവതരമായ വിഷാദം അനുഭവപ്പെടുമ്പോൾ കാര്യങ്ങൾ തുറന്ന് ചർച്ചചെയ്യുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
[106-ാം പേജിലെ ആകർഷകവാക്യം]
കൗമാരപ്രായക്കാർക്കിടയിലെ ആത്മഹത്യയുടെ ഏററം പൊതുവായ ഘടകം ഗുരുതരമായ മ്ലാനതയാണ്
[112-ാം പേജിലെ ആകർഷകവാക്യം]
ദൈവവുമായുളള വ്യക്തിപരമായ സഖിത്വത്തിന് ഗുരുതരമായ മ്ലാനതയെ നേരിടുന്നതിൽ നിങ്ങളെ സഹായിക്കാൻ കഴിയും
[107-ാം പേജിലെ ചതുരം]
അതു ഗുരുതരമായ മ്ലാനതയായിരിക്കുമോ?
ഗുരുതരമായ പ്രശ്നമില്ലാതെ തന്നെ ഏതൊരാൾക്കും താഴെപ്പറയുന്ന രോഗലക്ഷണങ്ങൾ താല്ക്കാലത്തേക്ക് അനുഭവപ്പെട്ടേക്കാം. എന്നിരുന്നാലും ഇവയിൽ പല ലക്ഷണങ്ങൾ തുടരുന്നുവെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ സാധാരണ ജീവിതത്തിന് തടസ്സമാകാവുന്ന തരത്തിൽ ഇതിൽ ഏതെങ്കിലും ഒരു ലക്ഷണം ഗുരുതരമാണെങ്കിൽ നിങ്ങൾക്ക് (1) ഒരു ഡോക്ടർ സമഗ്രപരിശോധന നടത്താൻ ആവശ്യമായ ഏതെങ്കിലും ശാരീരിക രോഗമുണ്ട്. അല്ലെങ്കിൽ (2) നിങ്ങൾക്ക് ഗുരുതരമായ മാനസിക ക്രമക്കേട്—ഗുരുതരമായ മ്ലാനത—ഉണ്ട്.
നിങ്ങൾക്ക് യാതൊന്നിലും ഒരു രസം തോന്നുന്നില്ല. നിങ്ങൾ ഒരിക്കൽ ആസ്വദിച്ചിരുന്ന പ്രവർത്തനങ്ങളിൽ ഇപ്പോൾ സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല. ജീവിതം അയഥാർത്ഥമായി തോന്നുന്നു. ഏതോ മൂടൽമഞ്ഞിലെന്നപോലെ നിങ്ങൾ ജീവിതത്തിലെ ചലനങ്ങളെല്ലാം യാന്ത്രികമായി നിർവ്വഹിക്കുന്നു.
ഒന്നിനും കൊളളാത്ത അവസ്ഥ. നിങ്ങളുടെ ജീവിതത്തിൽ മററുളളവർക്ക് സംഭാവന നൽകാൻ തക്ക പ്രാധാന്യമുളള ഒന്നും ഇല്ല എന്നും നിങ്ങളുടെ ജീവിതം ഒന്നിനും കൊളളാത്തതാണെന്നും നിങ്ങൾ വിചാരിക്കുന്നു. നിങ്ങൾക്ക് വല്ലാത്ത കുററബോധവും തോന്നിയേക്കാം.
മാനസ്സികാവസ്ഥയിൽ പെട്ടെന്നുളള മാററങ്ങൾ. നിങ്ങൾ ഒരിക്കൽ മററുളളവരുടെ കാര്യങ്ങളിൽ അതീവ താൽപര്യം എടുത്തിരുന്ന ആളായിരുന്നെങ്കിൽ, ഇപ്പോൾ നിങ്ങൾ തികച്ചും ഒററപ്പെടാൻ ശ്രമിച്ചേക്കാം. അല്ലെങ്കിൽ നേരെ തിരിച്ചും. നിങ്ങൾ മിക്കപ്പോഴും കരഞ്ഞേക്കാം.
തികഞ്ഞ പ്രത്യാശയില്ലായ്മ. കാര്യങ്ങൾ ആകെ മോശമാണെന്നും അവസ്ഥകൾ മെച്ചപ്പെടുത്താൻ നിങ്ങൾക്ക് യാതൊന്നും ചെയ്യാൻ കഴിയില്ലെന്നും അവസ്ഥകൾ ഒരിക്കലും മെച്ചമാവുകയില്ലെന്നും നിങ്ങൾക്ക് തോന്നുന്നു.
നിങ്ങൾ മരിച്ചുപോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രയാസം വളരെ വലുതായതുകൊണ്ട് നിങ്ങൾ മരിച്ചുപോയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് നിങ്ങൾക്ക് കൂടെക്കൂടെ തോന്നുന്നു.
ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ഒരേ ചിന്തകൾ തന്നെ വീണ്ടും വീണ്ടും മനസ്സിലേക്ക് വരുന്നു. അല്ലെങ്കിൽ നിങ്ങൾ വായിക്കുമ്പോൾ കാര്യം ഗ്രഹിക്കാൻ കഴിയാതെ പോകുന്നു.
ഭക്ഷണത്തിന്റെ അല്ലെങ്കിൽ വിസർജ്ജനത്തിന്റെ കാര്യത്തിൽ മാററം. വിശപ്പില്ലായ്മ അല്ലെങ്കിൽ അതിഭക്ഷണം. ഇടയ്ക്കിടെ മലബന്ധം അല്ലെങ്കിൽ ഒഴിച്ചിൽ.
ഉറക്കത്തിന്റെ പതിവിൽ വ്യതിയാനം. ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിത ഉറക്കം. നിങ്ങൾക്ക് കൂടെക്കൂടെ പേടിപ്പിക്കുന്ന സ്വപ്നം ഉണ്ടായേക്കാം.
വേദനയും നൊമ്പരവും. തലവേദന, കോച്ചൽ, വയററിലും നെഞ്ചിലും വേദന. തക്ക കാരണമില്ലാതെ നിങ്ങൾക്ക് ക്ഷീണം തോന്നുന്നു.
[108-ാം പേജിലെ ചിത്രം]
തന്റെ മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ജീവിക്കുന്നതിലെ പരാജയം ഒരു യുവാവിന് മ്ലാനത അനുഭവപ്പെടാൻ ഇടയാക്കി യേക്കാം
[109-ാം പേജിലെ ചിത്രം]
മ്ലാനതയെ നേരിടാനുളള ഏററം നല്ല മാർഗ്ഗങ്ങളിലൊന്ന് മററുളളവരോട് സംസാരിക്കുന്നതും അവരുടെ മുമ്പാകെ നിങ്ങളുടെ ഹൃദയം പകരുന്നതുമാണ്
[110-ാം പേജിലെ ചിത്രം]
മററുളളവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യുന്നതാണ് മ്ലാനതയെ കീഴടക്കാനുളള മറെറാരു മാർഗ്ഗം