പാഠം 6
സഹക്രിസ്ത്യാനികളുമായുള്ള സഹവാസം ഞങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുന്നു?
ക്രിസ്തീയയോഗങ്ങൾ ഞങ്ങൾ ഒരിക്കലും മുടക്കാറില്ല; കൊടുങ്കാട്ടിലൂടെ നടന്നിട്ടാണെങ്കിലും പ്രതികൂലകാലാവസ്ഥയെ മറികടന്നിട്ടാണെങ്കിലും ഞങ്ങൾ യോഗങ്ങൾക്ക് എത്തിച്ചേരും. ജീവിതത്തിൽ പലപല കഷ്ടപ്പാടുകളുണ്ടെങ്കിലും ജോലി ചെയ്ത് ക്ഷീണിച്ചിരിക്കുകയാണെങ്കിലും സഹവിശ്വാസികളോടു സഹവസിക്കാൻവേണ്ടി യഹോവയുടെ സാക്ഷികൾ ഇത്ര ശ്രമം ചെയ്യുന്നത് എന്തുകൊണ്ടാണ്?
അതു ഞങ്ങൾക്കു നന്മ കൈവരുത്തുന്നു. സഭയിലെ സഹവിശ്വാസികളെക്കുറിച്ച് പരാമർശിക്കവെ, “പരസ്പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക” എന്ന് പൗലോസ് എഴുതി. (എബ്രായർ 10:24) സഭയിലുള്ളവരെ അടുത്ത് അറിയാൻ ശ്രമിക്കണമെന്നു പൗലോസിന്റെ ഈ വാക്കുകൾ അർഥമാക്കുന്നു. മറ്റുള്ളവരെക്കുറിച്ച് ചിന്തയുള്ളവരായിരിക്കാനാണ് ഇവിടെ പൗലോസ് നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്. മറ്റു ക്രിസ്തീയകുടുംബങ്ങളെ അടുത്തറിയുമ്പോൾ, നമുക്കുള്ളതുപോലുള്ള പ്രശ്നങ്ങൾ അവർക്കുമുണ്ടെന്ന് നമ്മൾ തിരിച്ചറിയും. അവർ അവയെ തരണംചെയ്യുന്നത് എങ്ങനെയെന്നു മനസ്സിലാക്കുന്നതു സമാനമായ പ്രശ്നങ്ങളെ വിജയകരമായി കൈകാര്യംചെയ്യാൻ നമ്മളെയും സഹായിക്കും.
അതു നിലനിൽക്കുന്ന സ്നേഹബന്ധങ്ങൾ സ്ഥാപിക്കാൻ ഞങ്ങളെ സഹായിക്കുന്നു. യോഗങ്ങളിൽ ഞങ്ങളോടൊപ്പം കൂടിവരുന്നവരെ വെറും പരിചയക്കാരായല്ല ഞങ്ങൾ കാണുന്നത്; അടുത്ത കൂട്ടുകാരായാണ്. ഇതിനു പുറമേ, സഹവിശ്വാസികളുടെകൂടെ ഞങ്ങൾ ഉല്ലാസവേളകളും പങ്കിടാറുണ്ട്. ഇത്തരം സഹവാസംകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്? അതു ഞങ്ങളെ അന്യോന്യം പ്രിയങ്കരരാക്കുന്നു; ഞങ്ങളുടെ ഇടയിലെ സ്നേഹത്തിന്റെ ആഴം കൂട്ടുന്നു. ഞങ്ങൾ ഉറ്റ സ്നേഹിതരായതുകൊണ്ടുതന്നെ, ആർക്കെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഞങ്ങൾ അവരുടെ സഹായത്തിന് ഓടിയെത്തും. (സുഭാഷിതങ്ങൾ 17:17) സഭയിലെ എല്ലാവരുമായും സഹവസിച്ചുകൊണ്ട് ഞങ്ങൾ “അന്യോന്യം പരിഗണന” കാണിക്കുന്നു.—1 കൊരിന്ത്യർ 12:25, 26.
ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരെ കൂട്ടുകാരാക്കാൻ ഞങ്ങൾ നിങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ്. അങ്ങനെയുള്ള കൂട്ടുകാരെ നിങ്ങൾക്ക് യഹോവയുടെ സാക്ഷികളുടെ ഇടയിൽ കണ്ടെത്താനാകും. ഞങ്ങളുമായി സഹവസിക്കുന്നതിൽനിന്ന് ഒന്നും നിങ്ങളെ തടയാതിരിക്കട്ടെ!
-
യോഗങ്ങളിൽ സഹവിശ്വാസികളുമായി സഹവസിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?
-
ഞങ്ങളുടെ സഭയിലുള്ളവരെ അടുത്ത് അറിയാൻ നിങ്ങൾ എന്നാണു യോഗങ്ങൾക്കു വരുന്നത്?