ഭരണസംഘത്തിന്റെ കത്ത്
ഭരണസംഘത്തിന്റെ കത്ത്
ഞങ്ങളുടെ പ്രിയ സഹോദരങ്ങളേ,
സഹാരാധകരോടു സ്നേഹവും നന്ദിയും പ്രകടമാക്കാനുള്ള ഒരവസരവും അപ്പൊസ്തലനായ പൗലൊസ് പാഴാക്കിയില്ല. റോമിലെ ക്രിസ്ത്യാനികൾക്ക് അവൻ എഴുതി: “നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യംതന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.” (റോമ. 1:8) ശക്തമായ വിശ്വാസവും തീക്ഷ്ണമായ പ്രസംഗപ്രവർത്തനവും നിമിത്തം റോമാ സാമ്രാജ്യത്തിലെങ്ങും പുകൾപെറ്റവരായിരുന്നു ഒന്നാം നൂറ്റാണ്ടിലെ ആ ക്രിസ്ത്യാനികൾ. (1 തെസ്സ. 1:8) പൗലൊസിന് തന്റെ സഹോദരങ്ങളോട് അത്രയും ആഴമായ വാത്സല്യം തോന്നിയതു സ്വാഭാവികം മാത്രം!
നിങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം പൗലൊസിനെപ്പോലെ ഞങ്ങളും യഹോവയ്ക്കു നന്ദിയേകുകയാണ്. നിങ്ങളെ ഏവരെയും ഞങ്ങൾ അങ്ങേയറ്റം സ്നേഹിക്കുന്നു! യഹോവയും നിങ്ങളെ ഓരോരുത്തരെയും സ്നേഹിക്കുന്നുവെന്ന് ഉറപ്പുണ്ടായിരിക്കുക. നിങ്ങളിൽ ചിലർ കടുത്ത എതിർപ്പുകൾ നേരിടുന്നെങ്കിലും പ്രസംഗവേലയിൽ നിർബാധം തുടരുകതന്നെ ചെയ്യുന്നു. നിങ്ങളുടെ ധൈര്യവും നിർഭയത്വവും യഹോവയുടെ ഹൃദയത്തെ എത്രമാത്രം സന്തോഷിപ്പിക്കുന്നുണ്ടാകും!—സദൃ. 27:11.
വിശ്വാസത്തെ ബലപ്പെടുത്തുന്ന, ഉദ്വേഗജനകമായ അനേകം വിവരങ്ങൾ ഈ വാർഷികപുസ്തകത്തിൽ വായിക്കാനാകും. “യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ—ആധുനികനാളിൽ” എന്ന ഭാഗം ശ്രദ്ധയോടെ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ കർത്താവായ യേശുക്രിസ്തു “ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു” എന്നും അവന്റെ അനുഗാമികൾക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും വെളി. 6:2; യെശ. 54:17.
ഫലിക്കുകയില്ല എന്നുമുള്ളതിന്റെ ധാരാളം തെളിവുകൾ നിങ്ങൾ കണ്ടെത്തും.—ഫിലിപ്പിയിലെ ക്രിസ്ത്യാനികൾക്ക് പൗലൊസ് എഴുതി: “സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മ നിമിത്തം ഞാൻ . . . എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.” (ഫിലി. 1:3-6) നിങ്ങളോടുള്ള ബന്ധത്തിൽ പൗലൊസിന്റെ അതേ വികാരമാണു ഞങ്ങൾക്കുമുള്ളത്. 2007 സേവനവർഷം ലോകമെമ്പാടുമുള്ള 236 ദേശങ്ങളിലായി 66,91,790 പ്രസാധകർ ചേർന്ന് മൊത്തം 143,17,61,554 മണിക്കൂർ സുവാർത്താപ്രസംഗവേലയിൽ ചെലവഴിച്ചു. സുവാർത്തയുടെ വ്യാപനത്തിനായി അതിബൃഹത്തായ ഒരു ശ്രമമാണ് നിങ്ങൾ ചെയ്യുന്നത്! യഹോവയുടെ മഹത്ത്വത്തിൽ കലാശിക്കുന്ന നമ്മുടെ കൂട്ടായ ശ്രമങ്ങളിൽനിന്ന് ഇതിനോടകം ലക്ഷക്കണക്കിനാളുകൾ പ്രയോജനം നേടിയിരിക്കുന്നു!
മറ്റൊരു സന്ദർഭത്തിൽ സഹോദരങ്ങളോടുള്ള സമാനുഭാവത്തിന്റെ തെളിവെന്ന നിലയിൽ പൗലൊസ് തെസ്സലൊനീക്യർക്ക് എഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള പ്രത്യാശയാൽ നിങ്ങൾ കാണിക്കുന്ന സഹനം നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ ഞങ്ങൾ നിരന്തരം ഓർക്കുന്നു.” (1 തെസ്സ. 1:2, 3, NW) അതേ, പല വെല്ലുവിളികളും നിറഞ്ഞതാണു ജീവിതം. പ്രശ്നങ്ങൾ ഉണ്ടാകും, എന്നാൽ അതു സഹിക്കുന്നതാണു പ്രധാനം. എന്തെല്ലാം വെല്ലുവിളികളാണു നിങ്ങൾ നേരിടുന്നത്? യഹോവയുടെ സേവനത്തിൽ പൂർണമായി ഏർപ്പെടുന്നതിൽനിന്നു നിങ്ങളെ തടയുന്ന ഗുരുതരമായ ഒരു രോഗം നിമിത്തം നിങ്ങൾ നിരാശയിലാണോ? എല്ലാമെല്ലാമായിരുന്ന ജീവിതസഖി മരണമടഞ്ഞതിന്റെ വേദനയിലാണോ നിങ്ങൾ? (സദൃ. 30:15, 16) കർത്താവിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന തിരുവെഴുത്തു ബുദ്ധിയുപദേശം വിശ്വസ്തതയോടെ പിൻപറ്റുന്നതിനാൽ, യഹോവയെ സ്നേഹിക്കുന്ന ഒരു ജീവിതപങ്കാളിയെ കണ്ടെത്തുക അസാധ്യമാണെന്നു തോന്നുന്ന ഒരു സാഹചര്യത്തിലാണോ നിങ്ങൾ? (1 കൊരി. 7:39) കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്മധ്യേയും മക്കളെ പോറ്റാൻ കഠിനാധ്വാനം ചെയ്യുന്ന ഒരാളാണോ നിങ്ങൾ? നിങ്ങളുടെ സാഹചര്യം എന്തായിരുന്നാലും രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുന്നെങ്കിൽ “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകള”യുകയില്ല എന്ന് ഉറപ്പുണ്ടായിരിക്കാം. അതുകൊണ്ട് പ്രിയ സഹോദരങ്ങളേ, “നന്മ ചെയ്കയിൽ . . . [നിങ്ങൾ ഒരിക്കലും] മടുത്തുപോകരുത്”!—എബ്രാ. 6:10; ഗലാ. 6:9.
സഹിച്ചുനിൽക്കാൻ നിങ്ങളെ എന്തു സഹായിക്കും? തെസ്സലൊനീക്യരുടെ കാര്യത്തിലെന്നപോലെ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശ” നിങ്ങളെ അതിനു സഹായിക്കും. പിന്നീടൊരിക്കൽ “രക്ഷയുടെ പ്രത്യാശ”യെ ഉറപ്പുള്ള ശിരസ്ത്രമെന്നു പൗലൊസ് വിളിച്ചത് നല്ല കാരണത്തോടെയാണ്. നിഷേധാത്മക ചിന്തകളിൽനിന്നും കൂടെക്കൂടെയുണ്ടാകുന്ന സംശയങ്ങളിൽനിന്നും ഒരു ക്രിസ്ത്യാനിയെ സംരക്ഷിക്കാൻ അതിനാകും.—1 തെസ്സ. 5:8.
സന്തോഷപൂർവം സഹിച്ചുനിൽക്കുമ്പോൾ വാസ്തവത്തിൽ നിങ്ങൾ പരമാധികാരം സംബന്ധിച്ച വലിയ വിവാദവിഷയത്തിൽ യഹോവയുടെ പക്ഷം നിന്നുകൊണ്ട് സാത്താന്റെ നിന്ദകൾക്കു മറുപടികൊടുക്കുകയാണ്. ദൈവദാസന്മാർ സ്വതവേ സ്വാർഥരാണെന്നും ഏതാനും നാളുകൾ ദൈവത്തെ സേവിക്കാൻ തയ്യാറായേക്കുമെങ്കിലും പീഡനങ്ങൾ വർധിക്കുകയോ പ്രതീക്ഷിക്കുന്ന സമയത്തിലും കൂടുതൽ ഈ വ്യവസ്ഥിതി നീളുകയോ ചെയ്താൽ ദൈവത്തോടുള്ള അവരുടെ സ്നേഹം തണുത്തുപോകുമെന്നുമാണ് സാത്താൻ വാദിക്കുന്നത്. നിന്ദ്യനായ നുണയൻ എന്നനിലയിൽ പിശാചിനെ തുറന്നുകാട്ടാനുള്ള അനുപമമായ അവസരം നിങ്ങൾക്കുണ്ട്. നമ്മുടെ പ്രത്യാശ യാഥാർഥ്യമാകുന്ന നാളിനോടു നാം പൂർവാധികം അടുത്തുകൊണ്ടിരിക്കുകയാണ്.
ശക്തമായ വിശ്വാസം, ശുശ്രൂഷയിലെ മുഴുദേഹിയോടെയുള്ള പങ്കുപറ്റൽ, സഹിഷ്ണുത എന്നിവയെപ്രതി സഹോദരങ്ങളെ അഭിനന്ദിക്കാനുള്ള അവസരങ്ങൾ പൗലൊസ് പാഴാക്കാതിരുന്നതുപോലെ നിങ്ങളെ അഭിനന്ദിക്കുന്നതിലും ഞങ്ങളുടെ സ്നേഹം നിങ്ങളെ അറിയിക്കുന്നതിലും ഞങ്ങൾക്ക് എത്രയും സന്തോഷമുണ്ട്. നിങ്ങളുടെ നല്ല വേല തുടരുക!
സമൃദ്ധമായ ആത്മീയ അനുഗ്രഹങ്ങളുടേതായിരിക്കട്ടെ ഈ വർഷം. ശുഭാശംസകളോടെ.
നിങ്ങളുടെ സഹോദരങ്ങൾ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം