പാഠം 7
ഞങ്ങളുടെ യോഗങ്ങളിൽ എന്തെല്ലാം പരിപാടികളാണുള്ളത്?
ആദ്യകാലത്തെ ക്രിസ്തീയ യോഗങ്ങളിൽ പാട്ട്, പ്രാർഥന, ബൈബിൾവായന, ബൈബിൾവാക്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയാണു പ്രധാനമായും ഉണ്ടായിരുന്നത്; മതാചാരങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടായിരുന്നില്ല. (1 കൊരിന്ത്യർ 14:26) ഞങ്ങളുടെ യോഗങ്ങളും ഏറെക്കുറെ അതേ വിധത്തിലാണു ക്രമീകരിച്ചിരിക്കുന്നത്.
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള, പ്രായോഗികമായ ഉപദേശം. വാരാന്തത്തിൽ ഓരോ സഭയിലും 30 മിനിട്ട് ദൈർഘ്യമുള്ള, ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസംഗം ഉണ്ട്. തിരുവെഴുത്തുകൾ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം, നമ്മുടെ കാലത്തിന്റെ പ്രാധാന്യം എന്താണ് എന്നൊക്കെ വ്യക്തമാക്കിത്തരുന്നതാണ് ഈ പ്രസംഗം. പ്രസംഗകൻ ബൈബിൾവാക്യങ്ങൾ പരാമർശിക്കുമ്പോൾ സദസ്സിലുള്ള എല്ലാവരും സ്വന്തം ബൈബിൾ എടുത്തുനോക്കും. പ്രസംഗത്തിനു ശേഷം ഒരു മണിക്കൂർ നേരം “വീക്ഷാഗോപുര”പഠനം ഉണ്ടായിരിക്കും. വീക്ഷാഗോപുരം എന്ന മാസികയുടെ അധ്യയനപതിപ്പിലെ ഒരു ലേഖനത്തിന്റെ ചർച്ചയാണ് ഇത്. അതിൽ പങ്കെടുക്കാൻ സഭയിലുള്ള എല്ലാവർക്കും അവസരമുണ്ട്. ബൈബിൾ നൽകുന്ന ഉപദേശം അനുസരിച്ച് ജീവിക്കാൻ ആഴ്ചതോറുമുള്ള ഈ ചർച്ച ഞങ്ങളെ സഹായിക്കുന്നു. ലോകമെങ്ങുമുള്ള 1,10,000-ത്തിലധികം വരുന്ന ഞങ്ങളുടെ എല്ലാ സഭകളിലും പഠിക്കുന്നത് ഒരേ ലേഖനംതന്നെയാണ്.
പഠിപ്പിക്കൽപ്രാപ്തി മെച്ചപ്പെടുത്താൻ സഹായം. മറ്റൊരു സഭായോഗത്തിനുവേണ്ടി മധ്യവാരത്തിലെ ഒരു വൈകുന്നേരം ഞങ്ങൾ കൂടിവരാറുണ്ട്. മൂന്നു ഭാഗമുള്ള ഈ യോഗത്തിന്റെ പേര് നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും എന്നാണ്. മാസംതോറും പ്രസിദ്ധീകരിക്കുന്ന ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിലാണ് അതിനുള്ള വിവരങ്ങളുള്ളത്. ഇതിലെ ആദ്യത്തെ പരിപാടി ‘ദൈവവചനത്തിൽനിന്നുള്ള നിധികൾ’ എന്നതാണ്. നമ്മൾ നേരത്തേ വായിച്ച ബൈബിൾഭാഗവുമായി കൂടുതൽ അടുത്ത് പരിചിതരാകാൻ ഇതു സഹായിക്കുന്നു. അടുത്തത് ‘വയൽസേവനത്തിനു സജ്ജരാകാം’ എന്ന പരിപാടിയാണ്. മറ്റുള്ളവരുമായി ബൈബിൾ എങ്ങനെ ചർച്ച ചെയ്യാം എന്നു കാണിക്കുന്ന അവതരണങ്ങളാണ് ഇതിലുള്ളത്. അവതരണങ്ങൾ നടത്തുമ്പോൾ അതു നന്നായി നിരീക്ഷിച്ചിട്ട് വായിക്കാനും സംസാരിക്കാനും ഉള്ള കഴിവ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില നിർദേശങ്ങൾ തരാൻ ഒരാളുണ്ട്. (1 തിമൊഥെയൊസ് 4:13) ‘ക്രിസ്ത്യാനികളായി ജീവിക്കാം’ എന്നതാണ് അവസാനത്തെ പരിപാടി. നമ്മുടെ നിത്യജീവിതത്തിൽ ബൈബിളിലെ തത്ത്വങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് അതിലൂടെ നമ്മൾ പഠിക്കും. ബൈബിളിനെക്കുറിച്ചുള്ള നമ്മുടെ അറിവ് കുറെക്കൂടി ആഴമുള്ളതാക്കുന്ന ഒരു ചോദ്യോത്തരച്ചർച്ചയും അതിലുണ്ട്.
ഞങ്ങളുടെ യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ, ബൈബിളിൽനിന്ന് നിങ്ങൾക്കു കിട്ടുന്ന അറിവ് തീർച്ചയായും നിങ്ങളിൽ മതിപ്പുളവാക്കും.—യശയ്യ 54:13.
-
യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ എന്തെല്ലാം പരിപാടികളാണുള്ളത്?
-
ഞങ്ങളുടെ ഏതു യോഗത്തിൽ സംബന്ധിക്കാനാണു നിങ്ങൾക്ക് ഇഷ്ടം?