പാഠം 3
ബൈബിൾസത്യം മറനീക്കിയെടുത്തത് എങ്ങനെ?
ക്രിസ്തുവിന്റെ മരണശേഷം ആദിമക്രിസ്ത്യാനികളുടെ ഇടയിൽനിന്ന് വ്യാജോപദേഷ്ടാക്കൾ എഴുന്നേൽക്കുമെന്നും അവർ ബൈബിൾസത്യത്തെ ദുഷിപ്പിക്കുമെന്നും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (പ്രവൃത്തികൾ 20:29, 30) ക്രമേണ, അതുതന്നെയാണു സംഭവിച്ചതും. അവർ യേശുവിന്റെ ഉപദേശങ്ങളെ മറ്റു മതങ്ങളുടെ പഠിപ്പിക്കലുകളുമായി കൂട്ടിക്കുഴച്ചു. അങ്ങനെ വ്യാജക്രിസ്ത്യാനിത്വം ഉടലെടുത്തു. (2 തിമൊഥെയൊസ് 4:3, 4) ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങളാണ് ഇന്നു നമ്മൾ മനസ്സിലാക്കിയിരിക്കുന്നതെന്നു നമുക്ക് എങ്ങനെ ഉറപ്പുവരുത്താം?
സത്യം വെളിപ്പെടുത്താനുള്ള യഹോവയുടെ സമയം വന്നു. ‘അവസാനകാലത്ത്’ സത്യത്തെക്കുറിച്ചുള്ള “ശരിയായ അറിവ് സമൃദ്ധമാകും” എന്നു ദൈവം മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ദാനിയേൽ 12:4) ക്രൈസ്തവസഭ പഠിപ്പിക്കുന്ന പലതും ബൈബിളിലുള്ളതല്ലെന്ന് 1870-ൽ സത്യാന്വേഷികളുടെ ഒരു ചെറിയ കൂട്ടം തിരിച്ചറിഞ്ഞു. അതുകൊണ്ട് ബൈബിൾ ശരിക്കും എന്താണു പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കാൻ അവർ അന്വേഷണം ആരംഭിച്ചു; അതിന് യഹോവ അവരെ സഹായിക്കുകയും ചെയ്തു.
ആത്മാർഥഹൃദയമുള്ളവർ ശ്രദ്ധയോടെ ബൈബിൾ പഠിച്ചു. ഞങ്ങളുടെ മുൻഗാമികളായ ആ ബൈബിൾവിദ്യാർഥികളുടെ അതേ പഠനരീതിയാണ് ഇന്നു ഞങ്ങളും പിൻപറ്റിപ്പോരുന്നത്. ഉത്സാഹികളായ അവർ ബൈബിൾ വിഷയംവിഷയമായി ചർച്ച ചെയ്തു. ഏതെങ്കിലും ബൈബിൾഭാഗം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായി കണ്ടാൽ, അതെക്കുറിച്ച് വിശദീകരിക്കുന്ന മറ്റു ബൈബിൾഭാഗങ്ങൾ അവർ പരിശോധിക്കും. ബൈബിളിന്റെ മറ്റു ഭാഗങ്ങളുമായി യോജിക്കുന്ന ഒരു നിഗമനത്തിൽ എത്തിച്ചേരുമ്പോൾ അതു കുറിച്ചുവെക്കും. ഇങ്ങനെ, ബൈബിളിനെ വ്യാഖ്യാനിക്കാൻ ബൈബിളിനെത്തന്നെ അനുവദിക്കുകവഴി ദൈവത്തിന്റെ പേര്, ദൈവരാജ്യം, മനുഷ്യരെയും ഭൂമിയെയും കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം, മരിച്ചവരുടെ അവസ്ഥ, പുനരുത്ഥാനപ്രത്യാശ എന്നിവയെക്കുറിച്ചുള്ള സത്യം അവർ മറനീക്കിയെടുത്തു. അവരുടെ ഈ അന്വേഷണം പല വ്യാജവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിടിയിൽനിന്ന് അവരെ സ്വതന്ത്രരാക്കി.—യോഹന്നാൻ 8:31, 32.
ബൈബിളിലെ സത്യം ലോകമെങ്ങും അറിയിക്കേണ്ട സമയമായെന്ന് 1879 ആയപ്പോഴേക്കും ബൈബിൾവിദ്യാർഥികൾ മനസ്സിലാക്കി. അതുകൊണ്ട് അവർ ആ വർഷം വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി; അത് ഇന്നോളം ഞങ്ങൾ പ്രസിദ്ധീകരിച്ചുവരുന്നു. 240 ദേശങ്ങളിലും 750-ലധികം ഭാഷകളിലും ആയി ഞങ്ങൾ ഇന്നു ബൈബിൾസത്യം മറ്റുള്ളവരെ അറിയിക്കുന്നു. സത്യത്തെക്കുറിച്ചുള്ള അറിവ് ഇത്ര സമൃദ്ധമായി മുമ്പ് ഒരിക്കലും ലഭ്യമായിരുന്നിട്ടില്ല.
-
ക്രിസ്തുവിന്റെ മരണശേഷം ബൈബിൾസത്യത്തിന് എന്തു സംഭവിച്ചു?
-
ദൈവവചനത്തിലെ സത്യം മറനീക്കിയെടുക്കാൻ ഞങ്ങൾക്കു സാധിച്ചത് എങ്ങനെ?