ഭാഗം 10
വിശ്വാസത്തിന്റെ എതിരാളി
ഭൂമിയെ സൃഷ്ടിക്കുന്നതിനു വളരെ മുമ്പ് യഹോവയാംദൈവം സ്വർഗത്തിൽ ദൂതന്മാരെ സൃഷ്ടിച്ചു. എന്നാൽ കാലാന്തരത്തിൽ, ദൈവത്തിനുമാത്രം അർഹതപ്പെട്ട ആരാധന തനിക്കു ലഭിക്കണമെന്ന് ഒരു ദൂതൻ ആഗ്രഹിച്ചു. ആ ആഗ്രഹം ദൈവത്തോടു മത്സരിക്കുന്നതിലാണ് അവനെക്കൊണ്ടെത്തിച്ചത്. അവൻ സാത്താൻ ആയിത്തീർന്നു. സാത്താൻ എന്ന വാക്കിന്റെ അർഥംതന്നെ “എതിരാളി” എന്നാണ്. സാത്താൻ എങ്ങനെയാണ് ദൈവത്തിന് എതിരെ പ്രവർത്തിച്ചത്?
സാത്താൻ ഹവ്വായെ വഴിതെറ്റിച്ചു. ഏദെൻ തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെ ഫലം തിന്നരുതെന്നു കൽപ്പിക്കുകവഴി യഹോവയാംദൈവം ഹവ്വായിൽനിന്ന് നല്ലതെന്തോ പിടിച്ചുവെക്കുകയാണെന്ന് സാത്താൻ ധ്വനിപ്പിച്ചു. ദൈവം ഒരു നുണയനാണെന്നും ദൈവത്തിന്റെ നിർദേശം ഹവ്വാ അനുസരിക്കേണ്ടതില്ലെന്നും സൂചിപ്പിച്ചുകൊണ്ട് സാത്താൻ ഇങ്ങനെ പറഞ്ഞു: “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.” (ഉല്പത്തി 3:5) സാത്താന്റെ നുണ കണ്ണുംപൂട്ടി വിശ്വസിച്ച ഹവ്വാ ദൈവത്തിന്റെ നിയമം ലംഘിച്ചു; അങ്ങനെ ചെയ്യാൻ ആദാമിനെയും പ്രേരിപ്പിച്ചു. അന്നുമുതൽ, യഥാർഥ വിശ്വാസമുള്ളവരുടെ എതിരാളിയാണ് സാത്താൻ. ഇന്നും അവൻ ആളുകളെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെ?
വ്യാജവിശ്വാസം പ്രചരിക്കുന്നു
ഇസ്രായേൽമക്കളെ വഴിതെറ്റിക്കാൻ സാത്താൻ വിഗ്രഹാരാധനയും മാനുഷ പാരമ്പര്യങ്ങളും ഉപയോഗിച്ചു. “മനുഷ്യരുടെ കൽപ്പനകൾ ഉപദേശങ്ങളായി” പഠിപ്പിച്ചിരുന്ന മതനേതാക്കന്മാരോട് അവരുടെ ആരാധന വ്യർഥമാണെന്ന് മിശിഹായായ യേശു പറയുകയുണ്ടായി. (മത്തായി 15:9) ആ ജനത മിശിഹായെ തിരസ്കരിച്ചപ്പോൾ ദൈവം അവരെ തള്ളിക്കളഞ്ഞു. “ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്ത് അതിന്റെ ഫലം പുറപ്പെടുവിക്കുന്ന ഒരു ജനതയ്ക്കു കൊടുക്കുമെന്ന്” യേശു അവരോടു പറഞ്ഞു. (മത്തായി 21:43) അതുതന്നെ സംഭവിച്ചു; യേശുവിന്റെ അനുഗാമികൾ ദൈവാംഗീകാരമുള്ള ജനതയായിത്തീർന്നു.
യേശുവിന്റെ അനുയായികളെ ദുഷിപ്പിക്കാനായിരുന്നു സാത്താന്റെ അടുത്ത ശ്രമം. അവൻ അതിൽ വിജയിച്ചോ? അക്കാര്യം ഒരു പ്രാവചനിക ദൃഷ്ടാന്തത്തിലൂടെ യേശു മുൻകൂട്ടിപ്പറഞ്ഞു. ആ ദൃഷ്ടാന്തം ഇങ്ങനെയായിരുന്നു. ഒരു മനുഷ്യൻ വയലിൽ നല്ല ഗോതമ്പു വിതച്ചു. എന്നാൽ അതിനുശേഷം ശത്രു വന്ന് ഗോതമ്പിനിടയിൽ കള വിതച്ചിട്ടു പോയി. കൊയ്ത്തുകാലംവരെയും ഗോതമ്പും കളകളും ഒരുമിച്ചു വളരാൻ യജമാനൻ അനുവദിച്ചു. എന്നാൽ കൊയ്ത്തിന്റെ സമയത്ത് കളകൾ വേർതിരിച്ച് നശിപ്പിച്ചുകളഞ്ഞു. ഗോതമ്പാകട്ടെ ഉടമസ്ഥൻ തന്റെ കളപ്പുരയിൽ ശേഖരിച്ചു.
ദൃഷ്ടാന്തം പറഞ്ഞതിനുശേഷം യേശു അതിന്റെ അർഥം ശിഷ്യന്മാർക്ക് വിശദീകരിച്ചുകൊടുത്തു. യേശുതന്നെയാണ് വിതക്കാരൻ. “നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാർ. കളകളോ ദുഷ്ടനായവന്റെ പുത്രന്മാർ. അവ വിതച്ച ശത്രു പിശാച്. കൊയ്ത്ത് യുഗസമാപ്തി. കൊയ്യുന്നവർ ദൂതന്മാർ,” യേശു തുടർന്നു. (മത്തായി 13:38, 39) തന്റെ യഥാർഥ അനുഗാമികളെ യേശു ഗോതമ്പിനോട് ഉപമിച്ചു. എന്നാൽ യേശുവിന്റെ യഥാർഥ അനുഗാമികൾക്കിടയിൽ സാത്താൻ കളകൾപോലുള്ള കപടവിശ്വാസികളെ വിതച്ചു. അങ്ങനെ യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, യേശുവിന്റെ മരണത്തെ തുടർന്നുവന്ന നൂറ്റാണ്ടുകളിൽ കപടവിശ്വാസികൾ രംഗപ്രവേശം ചെയ്തു. അവർ, ത്രിത്വം (മൂന്നു വ്യക്തികൾ അടങ്ങുന്നതാണ് ദൈവം എന്ന ആശയം) പോലുള്ള വിശ്വാസത്യാഗപരമായ ഉപദേശങ്ങൾ ഉന്നമിപ്പിച്ചു. മാത്രമല്ല, അവർ വിഗ്രഹങ്ങളെ ആരാധിക്കുകയും രാഷ്ട്രീയത്തിൽ ഉൾപ്പെടുകയും ചെയ്തു. ഒരു ന്യൂനപക്ഷം മാത്രമേ യേശുവിന്റെ ഉപദേശങ്ങൾ അനുസരിച്ചുള്ളൂ.
യഥാർഥ വിശ്വാസം പരിരക്ഷിക്കപ്പെടുന്നു
ഇങ്ങനെയൊക്കെയാണെങ്കിലും യേശു പറഞ്ഞതുപോലെ സാഹചര്യത്തിനു മാറ്റം വരും. ദൈവദൂതന്മാർ യഥാർഥ വിശ്വാസം ഇല്ലാത്തവരെ
വേർതിരിച്ച് നശിപ്പിക്കും. അപ്പോൾ യഥാർഥ വിശ്വാസമുള്ളവർ ആരാണെന്ന് വ്യക്തമാകും. ഒടുവിൽ വിശ്വാസത്തിന്റെ മുഖ്യ എതിരാളിയായ പിശാചായ സാത്താനും നശിപ്പിക്കപ്പെടും. അതെ, യഥാർഥ വിശ്വാസം വിജയംവരിക്കും!എന്നാൽ യഥാർഥ വിശ്വാസമുള്ളവരെ ഇന്ന് എങ്ങനെ തിരിച്ചറിയാനാകും? അതേക്കുറിച്ചാണ് നാം അടുത്തതായി ചിന്തിക്കുന്നത്.