യേശു നമുക്കുവേണ്ടി തന്റെ ജീവൻ നൽകി
അധ്യായം 40
യേശു നമുക്കുവേണ്ടി തന്റെ ജീവൻ നൽകി
നിനക്ക് കുറെ നല്ല സ്നേഹിതൻമാരുണ്ട്, ഇല്ലയോ?—എന്നാൽ അവർ യഥാർഥ അപകടത്തിലായിരിക്കുന്നുവെന്നിരിക്കട്ടെ. അവർ മുങ്ങിക്കൊണ്ടിരുന്ന ഒരു ബോട്ടിലായിരിക്കുന്നുവെങ്കിലോ? നിനക്കു കഴിയുമെങ്കിൽ നീ അവരെ രക്ഷിക്കാനാഗ്രഹിക്കുമോ?—അവരെ സഹായിക്കുമ്പോൾ നീ മരിച്ചാലും നീ അതു ചെയ്യുമോ?—മററാളുകളെ രക്ഷിക്കാൻ തന്റെ ജീവനെ കൊടുക്കുന്ന ഒരുവൻ താൻ അവരെ വളരെയധികം സ്നേഹിക്കുന്നുവെന്നു പ്രകടമാക്കുന്നു.
നമ്മോടു തനിക്ക് അത്തരം സ്നേഹമുണ്ടെന്ന് യേശു തെളിയിച്ചു. അവൻ സ്വർഗം വിടുന്നതിനും നമുക്കുവേണ്ടി മരിക്കാൻ ഭൂമിയിലേക്കയയ്ക്കപ്പെടുന്നതിനും മനസ്സുളളവനായിരുന്നു. അവൻ നമുക്കുവേണ്ടി മരിച്ചുവെന്ന് നീ അറിഞ്ഞിരുന്നുവോ?—
അവൻ ഇത് എങ്ങനെ ചെയ്തുവെന്ന് കേൾക്കാൻ നീ ഇഷ്ടപ്പെടുന്നുവോ?—നാം അവിടെത്തന്നെയാണെന്നു നമുക്കു നടിക്കാം. എന്തു സംഭവിക്കുന്നുവെന്നു നമുക്കു കാണാൻ കഴിയും.
യെരൂശലേമിൽ ഒരു വസന്തരാത്രിയിൽ വളരെ വൈകിയ സമയം. ചന്ദ്രൻ വലുതും ശോഭയേറിയതുമായി പ്രകാശിക്കുന്നു. നാം നഗരത്തിൽ നോക്കുമ്പോൾ, യേശുവും അവന്റെ അപ്പോസ്തലൻമാരും ഒരു വലിയ ഗെയിററിലൂടെ നടന്ന് നഗരം വിട്ടുപോകുന്നതു നാം കാണുന്നു. അവർ ഒലിവുമലയെന്നു വിളിക്കപ്പെടുന്ന ഒരു കുന്നിലേക്കു വന്നിട്ട് ഒരു തോട്ടത്തിലേക്കു പോകുന്നു. നമുക്ക് അവരെ അനുഗമിക്കാം?—
നാം വീക്ഷിക്കുമ്പോൾ യേശു ശിഷ്യൻമാരെ വിട്ടു മാറിപ്പോകുന്നതും തന്റെ പിതാവിനോടു പ്രാർഥിക്കാൻ മുട്ടുകുത്തുന്നതും നാം കാണുന്നു. അവൻ മൂന്നുപ്രാവശ്യം ഇതു ചെയ്യുന്നു. ഓരോ പ്രാവശ്യവും അവൻ മടങ്ങി വന്ന് അവന്റെ ശിഷ്യൻമാരോട് അവരും പ്രാർഥിക്കേണ്ടതാണെന്ന് പറയുന്നു. എന്തുകൊണ്ട്? എന്താണു സംഭവിക്കാൻ പോകുന്നത്?—
നോക്കൂ! ആ തോട്ടത്തിന്റെ നേരേവരുന്ന ആ മനുഷ്യരെ നീ കാണുന്നുവോ? അവരിൽ ചിലർക്കു വിളക്കുകളുണ്ട്. മററു ചിലർക്കു കുറുവടികളുണ്ട്. വാളുകളേന്തിയ പടയാളികളുണ്ട്. അവർ വളരെ ശത്രുതാഭാവം പ്രകടമാക്കുന്നു. തീർച്ചയായും യേശു അവർ വരുന്നതു കണ്ടിരിക്കണം. അവൻ ഓടിപ്പോകാൻ ശ്രമിക്കേണ്ടയോ?—
യേശു അവരെ കാണുന്നുണ്ട്. എന്നാൽ അവൻ ഓടിപ്പോകുന്നില്ല. ഇപ്പോൾ പടയാളികൾ വന്ന് യേശുവിനെ അറസ്ററു ചെയ്യുന്നു. തന്നെ പിടിച്ചുകൊണ്ടു പോകാൻ അവൻ അവരെ അനുവദിക്കുമോ? അവന് തന്റെ പിതാവിനെ വിളിച്ചപേക്ഷിക്കാമായിരുന്നു. ദൈവത്തിന് ആയിരക്കണക്കിനു ദൂതൻമാരെ അവനുവേണ്ടി അയച്ചുകൊടുക്കാൻ കഴിയും. അവർക്ക് ആ മനുഷ്യരെ ഏതാനും മിനിററുകൾകൊണ്ടു നശിപ്പിക്കാൻ കഴിയുമായിരുന്നു. നീ യേശു ആയിരുന്നെങ്കിൽ നീ ദൂതൻമാർക്കുവേണ്ടി അപേക്ഷിക്കുമായിരുന്നോ?—
എന്നാൽ യേശു തന്നെ പിടിക്കാൻ ആ മനുഷ്യരെ അനുവദിക്കുന്നു. എന്തുകൊണ്ട്?—എന്തുകൊണ്ടെന്നാൽ അവൻ നമുക്കുവേണ്ടി മരിക്കാൻ മനസ്സൊരുക്കമുളളവനാണ്. അതിനേക്കാൾ പ്രാധാന്യമുളള ഒരു കാരണമുണ്ട്. അവൻ ശിഷ്യനായ പത്രോസിനോട്: ‘ദൈവത്തിന്റെ വചനം നിവൃത്തിയാകണം’ എന്നു പറയുന്നു. യേശു മനുഷ്യവർഗത്തിനുവേണ്ടി തന്റെ ജീവൻ നൽകുമെന്നു ബൈബിളിൽ നേരത്തെ എഴുതപ്പെട്ടിരുന്നു.
യേശുവിന്റെ ശിഷ്യൻമാർ ഇപ്പോൾ ഭയപ്പെട്ട് ഓടിപ്പോകുന്നു. പടയാളികൾ യേശുവിനെ പിടിച്ചു നഗരത്തിലേക്കു തിരിച്ചു കൊണ്ടുപോകുന്നു. നമുക്ക് അവരെ അനുഗമിച്ച് എന്തു സംഭവിക്കുന്നുവെന്നു കാണാം.
അവർ യേശുവിനെ മുഖ്യപുരോഹിതൻമാരുടെ അടുക്കൽ കൊണ്ടുപോകുന്നു. പുരോഹിതൻമാർ ബൈബിൾ പഠിപ്പിക്കുന്നില്ലെന്ന് യേശു ജനങ്ങൾക്കു കാണിച്ചുകൊടുത്തുകൊണ്ടിരുന്നതിനാൽ ഈ പുരോഹിതൻമാർ യേശുവിനെ ദ്വേഷിച്ചു.
പുരോഹിതൻമാർ ഒരു വിസ്താരം നടത്തുന്നു. അവർ യേശുവിനെക്കുറിച്ചു വ്യാജംപറയുന്ന മനുഷ്യരെ കൊണ്ടുവരുന്നു. യേശു എന്തോ തെററു ചെയ്തിരിക്കുന്നുവെന്നു തെളിയിക്കാൻ ശ്രമിക്കുന്നതിന് അവർ യേശുവിനോടു ചോദ്യങ്ങൾ ചോദിക്കുന്നു. എന്നാൽ അവർക്ക് അവനെതിരായി ഒരു കാര്യവും തെളിയിക്കാൻ കഴിയുന്നില്ല. അപ്പോൾ പുരോഹിതൻമാർ യേശുവിനോട്: ‘നീ ദൈവപുത്രനാണോ’യെന്നു
ചോദിക്കുന്നു. ‘അതെ’ എന്ന് യേശു പറയുന്നു. പുരോഹിതൻമാർ കോപിച്ച്: ‘അവൻ കുററക്കാരനാണ്! അവനെ കൊല്ലണം!’ എന്നു പറയുന്നു. മററുളള എല്ലാവരും സമ്മതിക്കുന്നു. അതുകൊണ്ട് അവിടെയുളള ആളുകളിൽ ചിലർ യേശുവിനെ കളിയാക്കാൻ തുടങ്ങുന്നു. അവർ അവനെ തുപ്പുകയും മുഷ്ടികൾകൊണ്ട് കുത്തുകയും ചെയ്യുന്നു. യേശു ബൈബിളിൽ നിന്ന് സത്യം പഠിപ്പിച്ചതുകൊണ്ട് അവൻ പശ്ചാത്തപിച്ചു തുടങ്ങിയോ? നീ എന്തു വിചാരിക്കുമായിരുന്നു?—യേശുവിനു ഖേദമില്ല. അവൻ പരാതി പറയുകയോ തിരിച്ചുകുത്തുകയോപോലും ചെയ്യുന്നില്ല.
പ്രഭാതം വരുന്നു. യേശു രാത്രി മുഴുവൻ ഉറങ്ങാതെ നിൽക്കുകയായിരുന്നു. പുരോഹിതൻമാർ ഇപ്പോൾ യേശുവിനെ ബന്ധിച്ച് ഗവർണറായ പീലാത്തോസിന്റെ അടുക്കലേക്കു നയിക്കുന്നു.
അവർ പീലാത്തോസിനോട്: ‘യേശു ഗവൺമെൻറിനെതിരാണ്. അവനെ കൊല്ലണം’ എന്നു പറയുന്നു. എന്നാൽ പുരോഹിതൻമാർ വ്യാജം പറയുകയാണെന്ന് പീലാത്തോസിനു മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ടു പീലാത്തോസ് അവരോട്: ‘ഞാൻ ഈ മനുഷ്യനിൽ ഒരു തെററും കാണുന്നില്ല. ഞാൻ ഇവനെ വിട്ടയയ്ക്കും’ എന്നു പറയുന്നു. എന്നാൽ പുരോഹിതൻമാരും മററുളളവരും ‘പാടില്ല! അവനെ കൊല്ലണം!’ എന്ന് ആക്രോശിക്കുന്നു.
പിന്നീട്, താൻ യേശുവിനെ സ്വതന്ത്രനായി വിട്ടയയ്ക്കാൻ പോകുകയാണെന്ന് ജനങ്ങളോടു പറയാൻ പീലാത്തോസ് വീണ്ടും ശ്രമിക്കുന്നു. എന്നാൽ ‘നീ അവനെ വിട്ടയച്ചാൽ നീയും ഗവൺമെൻറിനെതിരാണ്! അവനെ കൊല്ലൂ!’ എന്ന് പുരോഹിതൻമാർ ജനക്കൂട്ടത്തെക്കൊണ്ട് ആക്രോശിപ്പിക്കുന്നു. വലിയ ഒച്ചപ്പാട് ഉണ്ടാകുന്നു. പീലാത്തോസ് എന്തുചെയ്യും?
അവൻ വഴങ്ങുന്നു. ആദ്യമായി അവൻ യേശുവിനെ ചാട്ടകൊണ്ട് അടിപ്പിക്കുന്നു. അനന്തരം അവനെ കൊല്ലാൻ അവൻ പടയാളികൾക്കു വിട്ടുകൊടുക്കുന്നു.
അവർ യേശുവിന് ഒരു വലിയ തൂൺ അഥവാ സ്തംഭം ചുമക്കാൻ കൊടുക്കുന്നു. ഒടുവിൽ അവർ നഗരത്തിനു വെളിയിൽ തലയോടിടം എന്നു വിളിക്കുന്ന ഒരു സ്ഥലത്തെത്തുന്നു. അവിടെ അവർ യേശുവിന്റെ കൈകളും പാദങ്ങളും സ്തംഭത്തോടു ചേർത്ത് ആണി തറയ്ക്കുന്നു. അനന്തരം അവർ യേശു അതിൻമേൽ തൂങ്ങിക്കിടക്കത്തക്കവണ്ണം കുത്തനെ നിർത്തുന്നു. രക്തമൊലിക്കുന്നു. വളരെ വലിയ വേദന അനുഭവപ്പെടുന്നു.
യേശു പെട്ടെന്നു മരിക്കുന്നില്ല. അവൻ സ്തംഭത്തിൽ തൂങ്ങിക്കിടക്കുന്നു. മുഖ്യപുരോഹിതൻമാർ അവനെ കളിയാക്കുന്നു. അവർ പറയുന്നു: “നീ ഒരു ദൈവപുത്രനാണെങ്കിൽ ദണ്ഡനസ്തംഭത്തിൽ നിന്ന് ഇറങ്ങിവരൂ!” എന്നാൽ അവന്റെ പിതാവ് എന്തു ചെയ്യാനാണ് അവനെ അയച്ചതെന്ന് യേശുവിനറിയാം. നമുക്കു നിത്യജീവൻ ലഭിക്കാനുളള അവസരം ലഭിക്കേണ്ടതിന് താൻ തന്റെ പൂർണതയുളള ജീവൻ നൽകേണ്ടതാണെന്ന് അവനറിയാം. ഒടുവിൽ, അന്ന് ഉച്ചതിരിഞ്ഞ് ഏകദേശം മൂന്നുമണിയായപ്പോൾ യേശു തന്റെ പിതാവിനോടു നിലവിളിക്കുകയും മരിക്കുകയും ചെയ്യുന്നു.—മത്തായി 26:36–27:50; ലൂക്കോസ് 22:39–23:46; യോഹന്നാൻ 18:1–19:30.
യേശു ആദാമിൽനിന്ന് എത്ര വ്യത്യസ്തനായിരുന്നു! ആദാം ദൈവത്തോടു സ്നേഹം പ്രകടമാക്കിയില്ല. അവൻ ദൈവത്തോട് അനുസരണക്കേടു കാണിച്ചു. ആദാം നമ്മോടും സ്നേഹം പ്രകടമാക്കിയില്ല. അവൻ പാപംചെയ്തതുകൊണ്ട് നാമെല്ലാം നമ്മിൽ പാപത്തോടുകൂടെ ജനിച്ചിരിക്കുന്നു. എന്നാൽ യേശു ദൈവത്തോടും നമ്മോടും സ്നേഹം പ്രകടമാക്കി. അവൻ എല്ലായ്പോഴും ദൈവത്തെ അനുസരിച്ചു. ആദാം നമ്മോടു ചെയ്ത ദ്രോഹം നീക്കുന്നതിന് അവൻ തന്റെ ജീവൻ നൽകി.
യേശു എത്ര അത്ഭുതകരമായ കാര്യമാണു ചെയ്തതെന്നു നീ വിലമതിക്കുന്നുവോ?—നീ ദൈവത്തോടു പ്രാർഥിക്കുമ്പോൾ അവന്റെ പുത്രൻ ചെയ്തതിനുവേണ്ടി നീ അവനു നന്ദികൊടുക്കുന്നുവോ?—നീ അതു വിലമതിക്കുന്നുവെന്ന് അതു പ്രകടമാക്കും. മഹദ്ഗുരു പറയുന്നത് നാം യഥാർഥമായി ചെയ്യുന്നുവെങ്കിൽ, അവൻ നമുക്കുവേണ്ടി തന്റെ ജീവനെ നൽകിയതിനെ നാം എത്രയധികം വിലമതിക്കുന്നുവെന്ന് നാം പൂർവാധികം പ്രകടമാക്കുന്നതായിരിക്കും.
(യേശു നമുക്കുവേണ്ടി ചെയ്തതിനോടുളള വിലമതിപ്പ് കെട്ടുപണിചെയ്യുന്നതിന് യോഹന്നാൻ 3:16; റോമർ 5:8, 19; 1 തിമൊഥെയോസ് 2:5, 6; മത്തായി 20:28 എന്നിവ വായിക്കുക.)