നാലു ദിവസം മരിച്ചവനായിരുന്ന മനുഷ്യൻ
അധ്യായം 16
നാലു ദിവസം മരിച്ചവനായിരുന്ന മനുഷ്യൻ
ജീവനോടിരിക്കുന്നത് അത്ഭുതകരമല്ലയോ? നീ ജീവിതം ആസ്വദിക്കുന്നുണ്ടോ?—ഞാൻ ജീവിതം ആസ്വദിക്കുന്നുണ്ട്. നാം ജീവനോടിരിക്കുമ്പോൾ നമുക്കു രസകരമായ വളരെയധികം കാര്യങ്ങൾ ചെയ്യാൻ കഴിയും.
എന്നാൽ ഒരു മനുഷ്യനും എന്നേക്കും ജീവിച്ചിട്ടില്ലെന്നു നീ അറിഞ്ഞിരുന്നോ?—പെട്ടെന്നോ പിന്നീടോ സകലയാളുകളും മരിച്ചിട്ടുണ്ട്. മരിച്ച ആരെയെങ്കിലുംകുറിച്ചു നിനക്കറിയാമോ?—
ഒരിക്കൽ യേശുവിന്റെ ഒരു നല്ല സ്നേഹിതൻ മരിച്ചു. ഈ സ്നേഹിതൻ യെരൂശലേമിൽനിന്നു ദൂരെയല്ലാഞ്ഞ ഒരു ചെറിയ പട്ടണമായ ബഥനിയിൽ ജീവിച്ചിരുന്നു. അവന്റെ പേർ ലാസർ എന്നായിരുന്നു. അവനു മാർത്തയെന്നും മറിയയെന്നും പേരുണ്ടായിരുന്ന രണ്ടു സഹോദരിമാർ ഉണ്ടായിരുന്നു.
ഒരുദിവസം ലാസറിനു കലശലായ രോഗം ബാധിച്ചു. യേശു ആ സമയത്തു ദൂരെയായിരുന്നു. അതുകൊണ്ടു മാർത്തയും മറിയയും തങ്ങളുടെ സഹോദരനായ ലാസറിനു രോഗം പിടിച്ചെന്ന വാർത്ത അവനെ അറിയിച്ചു. അവർ ഇതു ചെയ്തത് എന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടെന്നാൽ യേശുവിനു അവരുടെ സഹോദരനെ സൗഖ്യമാക്കാൻ കഴിയുമെന്ന് അവർ അറിഞ്ഞിരുന്നു. യേശു ഒരു ഡോക്ടറായിരുന്നില്ല; എന്നാൽ അവനു സകലതരം രോഗവും സൗഖ്യമാക്കാൻ ദൈവത്തിൽനിന്നു ശക്തി ലഭിച്ചിരുന്നു.
എന്നാൽ യേശു വരുന്നതിനു മുമ്പു ലാസറിനു രോഗം മൂർച്ഛിച്ചു മരിച്ചു. ലാസർ ഉറങ്ങുകയാണെന്നു യേശു തന്റെ ശിഷ്യൻമാരോടു പറഞ്ഞു. എന്നാൽ താൻ അവനെ ഉണർത്താൻ പോകുകയാണെന്നു യേശു പറഞ്ഞു. യേശു അർഥമാക്കിയതു ശിഷ്യൻമാർക്കു മനസ്സിലായില്ല. അതുകൊണ്ട് യേശു ലാസർ
മരിച്ചുവെന്ന് അപ്പോൾ സ്പഷ്ടമായി പറഞ്ഞു. മരണം ഒരു ഗാഢനിദ്രപോലെയാണ്, ആൾ സ്വപ്നംപോലും കാണുന്നില്ലാത്തവിധം അത്ര ഗാഢമായ നിദ്രപോലെയാണ്.യേശു ഇപ്പോൾ മാർത്തയെയും മറിയയെയും സന്ദർശിക്കാൻ പോയി. അവിടെ കുടുംബത്തിന്റെ അനേകം സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവരുടെ സഹോദരൻ മരിച്ചുപോയതുകൊണ്ട് അവർ മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കാൻ വന്നിരുന്നു.
യേശു വരുന്നുണ്ടെന്നു മാർത്ത കേട്ടപ്പോൾ അവൾ അവനെ എതിരേൽക്കാൻ ചെന്നു. പെട്ടെന്നു മറിയയും യേശുവിനെ കാണാൻ വന്നു. അവൾ വളരെ സങ്കടത്തോടെ കരയുകയായിരുന്നു; അവൾ അവന്റെ പാദത്തിങ്കൽ വീണു. മറിയയെ അനുഗമിച്ച മററു സ്നേഹിതരും കരയുകയായിരുന്നു. സകലരും കരയുന്നതു കണ്ടപ്പോൾ യേശുവും സങ്കടപ്പെട്ടു കരയാൻ തുടങ്ങി.
അവർ എവിടെയാണു ലാസറിനെ വെച്ചതെന്നു മഹദ്ഗുരു ചോദിച്ചു. അതിങ്കൽ ലാസറിനെ കുഴിച്ചിട്ടിരുന്ന ഗുഹയിലേക്ക് ആളുകൾ യേശുവിനെ നയിച്ചു. യേശു അപ്പോൾ അവിടെയുണ്ടായിരുന്ന ആളുകളോട്: ‘ഗുഹയുടെ മുമ്പിൽനിന്നു കല്ല് ഉരുട്ടി മാററുവിൻ’ എന്നു പറഞ്ഞു. അവർ അതു ചെയ്യണമോ?—
അതു ശരിയാണെന്നു മാർത്ത വിചാരിച്ചില്ല. അവൾ: ‘കർത്താവേ, ഇപ്പോൾ അവനു നാററം വച്ചിരിക്കണം, എന്തുകൊണ്ടെന്നാൽ അവൻ മരിച്ചിട്ടു നാലു ദിവസമായിരിക്കുന്നു’ എന്നു പറഞ്ഞു. അല്പം കഴിയുമ്പോൾ മൃതദേഹങ്ങൾക്കു നാററം വയ്ക്കുന്നുവെന്നതു സത്യമാണ്.
എന്നാൽ യേശു അവളോട്: “നീ വിശ്വസിക്കുമെങ്കിൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ?” എന്നു പറഞ്ഞു. ദൈവത്തിനു മഹത്വം കൈവരുത്തുന്ന
എന്തോ മാർത്ത കാണുമെന്നാണു യേശു അർഥമാക്കിയത്. യേശു എന്തുചെയ്യാൻ പോകയായിരുന്നു?കല്ലു മാററിയപ്പോൾ യേശു ഉച്ചത്തിൽ യഹോവയോടു പ്രാർഥിച്ചു. അപ്പോൾ യേശു ഒരു ഉറച്ച ശബ്ദത്തിൽ: “ലാസറേ, പുറത്തുവരൂ!” എന്നു പറഞ്ഞു. അവൻ പുറത്തു വരുമോ?—അവനു കഴിയുമോ?—
കൊളളാം, ഉറങ്ങുന്ന ആരെയെങ്കിലും നിനക്ക് ഉണർത്താൻ കഴിയുമോ?—നീ ഒരു ഉറച്ച ശബ്ദത്തിൽ വിളിക്കുകയാണെങ്കിൽ അവൻ ഉണരും. എന്നാൽ മരണത്തിൽ ഉറങ്ങുന്ന ആരെയെങ്കിലും നിനക്ക് ഉണർത്താൻ കഴിയുമോ?—ഇല്ല. നീ എത്രതന്നെ ഉറക്കെ വിളിച്ചാലും, മരിച്ചവർ കേൾക്കുകയില്ല. മരിച്ചവരെ ഉണർത്താൻ നിനക്കോ എനിക്കോ ചെയ്യാൻ കഴിയുന്ന ഒന്നുമില്ല.
എന്നാൽ യേശു വ്യത്യസ്തനാണ്. അവനു ദൈവത്തിൽനിന്നു പ്രത്യേക ശക്തി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട്, യേശു ലാസറിനെ വിളിച്ചപ്പോൾ ഒരു അത്ഭുതകാര്യം സംഭവിച്ചു. നാലു ദിവസമായി മരിച്ചിരുന്ന മനുഷ്യൻ ഗുഹയിൽനിന്നു വെളിയിൽവന്നു! അവൻ ജീവനിലേക്കു തിരികെ വരുത്തപ്പെട്ടിരുന്നു! അവനു വീണ്ടും ശ്വസിക്കാനും നടക്കാനും സംസാരിക്കാനും കഴിഞ്ഞു! അതെ, ലാസർ നാലുദിവസം മരിച്ചിരുന്നശേഷം യേശു അവനെ ഉയിർപ്പിച്ചു. അത് അത്ഭുതകരമല്ലായിരുന്നുവോ?——യോഹന്നാൻ 11:1-44.
എന്നാൽ ലാസർ മരിച്ചിരുന്ന നാലു ദിവസം അവൻ എവിടെയായിരുന്നുവെന്നു നീ ചോദിച്ചേക്കാം. ലാസർ മരിച്ചപ്പോൾ അവൻ സ്വർഗത്തിലേക്കു പോയോ? അവൻ ദൈവത്തോടും വിശുദ്ധദൂതൻമാരോടുംകൂടെ അവിടെ ജീവിച്ചിരിക്കുകയായിരുന്നോ?—
ഇപ്പോൾ ചിന്തിക്കൂ: ലാസർ ആ നാലുദിവസം സ്വർഗത്തിലായിരുന്നെങ്കിൽ അവൻ അതിനെസംബന്ധിച്ച് എന്തെങ്കിലും പറയുകയില്ലായിരുന്നോ?—അവൻ സ്വർഗത്തിലായിരുന്നെങ്കിൽ യേശു ആ ആഹ്ളാദകരമായ സ്ഥലത്തുനിന്ന് അവനെ തിരികെ വരുത്തുമായിരുന്നോ?—ലാസർ സ്വർഗത്തിലായിരുന്നുവെന്നു ബൈബിൾ പറയുന്നില്ല.
ലാസർ ഉറങ്ങുകയായിരുന്നെന്നു യേശു പറഞ്ഞുവെന്നോർക്കുക. നീ ഉറങ്ങുമ്പോൾ എന്താണവസ്ഥ?—
നീ വളരെ ഗാഢമായ ഉറക്കത്തിലായിരിക്കുമ്പോൾ നിനക്കു ചുററും സംഭവിക്കുന്നതെന്തെന്നു നിനക്കറിയാൻ പാടില്ല, അറിയാമോ?—നീ ഉണരുമ്പോൾ നീ ഒരു ക്ലോക്കിൽ നോക്കുന്നതുവരെ നീ എത്രനേരമായി ഉറങ്ങുകയായിരുന്നുവെന്നു നിനക്കറിയാൻ പാടില്ല.
മരിച്ച ആളുകളെ സംബന്ധിച്ച് അതുപോലെയാണ്. സംഭവിക്കുന്നതൊന്നും അവർക്കറിയാൻ പാടില്ല. അവർക്ക് ഒന്നും അനുഭവപ്പെടുന്നില്ല. അവർക്ക് ഒന്നും ചെയ്യാനും സാധിക്കുകയില്ല.
എന്നാൽ ചിലയാളുകൾക്കു മരിച്ചവരെ ഭയമാണ്. മരിച്ചവർ അവരെ ഉപദ്രവിച്ചേക്കുമെന്നു വിചാരിക്കുന്നതുകൊണ്ട് അവർ ഒരു ശവക്കോട്ടയിൽ പോകുകയില്ല. നിനക്ക് അതു സങ്കല്പിക്കാൻ കഴിയുമോ?—ഇല്ല, മരിച്ചവർക്ക് ഒന്നും ചെയ്യാൻ സാധ്യമല്ലെന്നു ബൈബിൾ പറയുന്നു.
മരിച്ചവർ ഒരു പ്രത്യേകദിവസം ആത്മാക്കളായി ജീവനുളളവരെ സന്ദർശിക്കാൻ വരുന്നുവെന്ന് ആരെങ്കിലും പറയുന്നതു നീ എന്നെങ്കിലും കേട്ടിട്ടുണ്ടോ?—ചിലയാളുകൾ അതു വിശ്വസിക്കുന്നു. അതുകൊണ്ട് അവർ മരിച്ചവർക്കുവേണ്ടി ഭക്ഷണം തയ്യാറാക്കിവെക്കുന്നു. അല്ലെങ്കിൽ അവർക്ക് ആ ദിവസങ്ങളിൽ പ്രത്യേകവിരുന്നുകൾ ഉണ്ടായിരിക്കാം. എന്നാൽ ആ കാര്യങ്ങൾ ചെയ്യുന്നയാളുകൾ മരിച്ചവരെക്കുറിച്ചു ദൈവം പറയുന്നതു യഥാർഥത്തിൽ വിശ്വസിക്കുന്നുണ്ടെന്നു നീ വിചാരിക്കുന്നുവോ?—
ദൈവം പറയുന്നതു നീ വിശ്വസിക്കുന്നുവോ?—നാം വിശ്വസിക്കുന്നുവെങ്കിൽ നമുക്കു മരിച്ചവരെക്കുറിച്ചു ഭയമുണ്ടായിരിക്കയില്ല; എന്നാൽ നാം ജീവിച്ചിരിക്കുന്നതിൽ നാം സന്തുഷ്ടരായിരിക്കും. നാം യഥാർഥത്തിൽ ജീവനുവേണ്ടി ദൈവത്തോടു നന്ദിയുളളവരാണെങ്കിൽ നാം ഓരോ ദിവസവും ജീവിക്കുന്ന വിധത്താൽ നാം അതു പ്രകടമാക്കും. ദൈവം അംഗീകരിക്കുന്ന കാര്യങ്ങൾ നാം ചെയ്യും.
(മരിച്ചവരുടെ അവസ്ഥയോടുളള വിപരീതതാരതമ്യത്തിൽ ദൈനന്ദിന ജീവിതത്തോടുളള വിലമതിപ്പ് ഊന്നിപ്പറയുന്നതിനു സഭാപ്രസംഗി 9:5, 10; യെഹെസ്കേൽ 18:4; സങ്കീർത്തനം 115:17 [113:17, Dy] എന്നിവ വായിക്കുക.)