വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 11

അവർ യേശു​വി​നെ​ക്കു​റിച്ച്‌ എഴുതി

അവർ യേശു​വി​നെ​ക്കു​റിച്ച്‌ എഴുതി

ചിത്ര​ത്തി​ലെ ആളുകളെ മോൻ കണ്ടോ?— അവർ മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹ​ന്നാൻ, പത്രോസ്‌, യാക്കോബ്‌, യൂദാ, പൗലോസ്‌ എന്നിവ​രാണ്‌. അവർ യേശു​വി​ന്റെ കാലത്ത്‌ ജീവി​ച്ചി​രു​ന്ന​വ​രാണ്‌. അവർ യേശു​വി​നെ​ക്കു​റിച്ച്‌ എഴുതു​ക​യും ചെയ്‌തു. നമുക്ക്‌ ഈ പുരു​ഷ​ന്മാ​രെ​ക്കു​റിച്ച്‌ കൂടുതൽ കാര്യങ്ങൾ പഠിക്കാം.

ഈ ആളുക​ളെ​പ്പറ്റി എന്തൊക്കെ അറിയാം?

അവരിൽ മൂന്ന്‌ പേർ യേശു​വി​നോ​ടൊ​പ്പം പ്രസം​ഗിച്ച അപ്പൊ​സ്‌ത​ല​ന്മാ​രാണ്‌. ആ മൂന്ന്‌ പേർ ആരൊ​ക്കെ​യാ​ണെന്ന്‌ അറിയാ​മോ?— മത്തായി​യും യോഹ​ന്നാ​നും പത്രോ​സും. അപ്പൊ​സ്‌ത​ല​ന്മാ​രായ മത്തായി​ക്കും യോഹ​ന്നാ​നും യേശു​വി​നെ നന്നായി അറിയാ​മാ​യി​രു​ന്നു. അവർ യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ ഓരോ പുസ്‌തകം എഴുതി. യോഹ​ന്നാൻ അപ്പൊ​സ്‌തലൻ വെളി​പാട്‌ എന്ന പുസ്‌ത​ക​വും എഴുതി. കൂടാതെ അദ്ദേഹം 1 യോഹ​ന്നാൻ, 2 യോഹ​ന്നാൻ, 3 യോഹ​ന്നാൻ എന്നീ മൂന്ന്‌ ലേഖന​ങ്ങ​ളും എഴുതി​യി​ട്ടുണ്ട്‌. പത്രോസ്‌ അപ്പൊ​സ്‌തലൻ എഴുതിയ രണ്ട്‌ ലേഖന​ങ്ങ​ളും ബൈബി​ളി​ലുണ്ട്‌. 1 പത്രോസ്‌, 2 പത്രോസ്‌ എന്നാണ്‌ അവയെ വിളി​ക്കു​ന്നത്‌. യഹോവ സ്വർഗ​ത്തിൽനി​ന്നു സംസാ​രിച്ച ഒരു സന്ദർഭ​ത്തെ​പ്പറ്റി തന്റെ രണ്ടാമത്തെ ലേഖന​ത്തിൽ പത്രോസ്‌ എഴുതി​യി​ട്ടുണ്ട്‌. അപ്പോൾ യഹോവ യേശു​വി​നെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: ‘ഇവൻ എന്റെ പുത്രൻ. ഞാൻ ഇവനെ സ്‌നേ​ഹി​ക്കു​ന്നു, ഇവനെ​ക്കു​റിച്ച്‌ ഞാൻ അഭിമാ​നി​ക്കു​ന്നു!’

ചിത്ര​ത്തി​ലെ മറ്റ്‌ ആളുക​ളും അവർ എഴുതിയ പുസ്‌ത​ക​ങ്ങ​ളി​ലൂ​ടെ യേശു​വി​നെ​ക്കു​റിച്ച്‌ നമ്മെ പഠിപ്പി​ക്കു​ന്നു. ഒരാൾ മർക്കോസ്‌ ആണ്‌. യേശു​വി​നെ പട്ടാള​ക്കാർ പിടി​കൂ​ടി​യ​പ്പോൾ സാധ്യ​ത​യ​നു​സ​രിച്ച്‌ മർക്കോസ്‌ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. അങ്ങനെ​യാ​ണെ​ങ്കിൽ അവിടെ നടന്ന കാര്യ​ങ്ങ​ളെ​ല്ലാം അവൻ കണ്ടുകാ​ണും. മറ്റൊ​രാൾ ലൂക്കോസ്‌ ആണ്‌. അവൻ ഒരു ഡോക്‌ട​റാ​യി​രു​ന്നു. യേശു മരിച്ചു​ക​ഴി​ഞ്ഞാ​യി​രി​ക്കാം അവൻ ഒരു ക്രിസ്‌ത്യാ​നി​യാ​യത്‌.

ചിത്ര​ത്തിൽ കാണുന്ന മറ്റു രണ്ട്‌ ബൈബി​ളെ​ഴു​ത്തു​കാർ യേശു​വി​ന്റെ അനുജ​ന്മാ​രാണ്‌. അവരുടെ പേരുകൾ മോന്‌ അറിയാ​മോ?— യാക്കോ​ബും യൂദാ​യും. ആദ്യ​മൊ​ന്നും അവർക്ക്‌ യേശു​വിൽ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നില്ല. യേശു​വിന്‌ ഭ്രാന്താ​ണെ​ന്നു​പോ​ലും അവർ ചിന്തിച്ചു. എന്നാൽ, പിന്നീട്‌ അവർ യേശു​വിൽ വിശ്വ​സി​ക്കു​ക​യും ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രു​ക​യും ചെയ്‌തു.

ചിത്ര​ത്തിൽ ഇനിയു​ള്ളത്‌ പൗലോസ്‌ ആണ്‌. അവനും ഒരു ബൈബി​ളെ​ഴു​ത്തു​കാ​ര​നാണ്‌. ക്രിസ്‌ത്യാ​നി​യാ​യി​ത്തീ​രു​ന്ന​തി​നു മുമ്പ്‌ അവന്റെ പേര്‌ ശൗൽ എന്നായി​രു​ന്നു. ശൗലിന്‌ ക്രിസ്‌ത്യാ​നി​കളെ ഇഷ്ടമി​ല്ലാ​യി​രു​ന്നു; അതു​കൊണ്ട്‌ അവരോട്‌ ക്രൂര​മാ​യി പെരു​മാ​റി. എന്നാൽ, പൗലോസ്‌ ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീർന്നത്‌ എങ്ങനെ​യാ​ണെന്നു മോന്‌ അറിയാ​മോ?— ഒരു ദിവസം പൗലോസ്‌ ദമസ്‌കൊ​സി​ലേ​ക്കുള്ള വഴിയി​ലൂ​ടെ യാത്ര​ചെ​യ്യു​ക​യാ​യി​രു​ന്നു. പെട്ടെന്ന്‌ ആകാശ​ത്തു​നിന്ന്‌ ആരോ അവനോ​ടു സംസാ​രി​ക്കു​ന്ന​താ​യി കേട്ടു! അത്‌ യേശു​വാ​യി​രു​ന്നു! അവൻ പൗലോ​സി​നോട്‌ ഇങ്ങനെ ചോദി​ച്ചു: ‘എന്നിൽ വിശ്വ​സി​ക്കുന്ന ആളുകളെ നീ എന്തിനാണ്‌ ഉപദ്ര​വി​ക്കു​ന്നത്‌?’ അതിനു ശേഷം പൗലോസ്‌ മോശം സ്വഭാവം മാറ്റി ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീർന്നു. റോമർതു​ടങ്ങി എബ്രാ​യർവ​രെ​യുള്ള ബൈബി​ളി​ലെ 14 പുസ്‌ത​കങ്ങൾ അവൻ എഴുതി​യ​വ​യാണ്‌.

നമ്മൾ എല്ലാ ദിവസ​വും ബൈബിൾ വായി​ക്കാ​റുണ്ട്‌, അല്ലേ?— ബൈബിൾ വായി​ക്കു​മ്പോൾ യേശു​വി​നെ​ക്കു​റിച്ച്‌ ഒട്ടേറെ കാര്യങ്ങൾ നമ്മൾ മനസ്സി​ലാ​ക്കും. യേശു​വി​നെ​ക്കു​റി​ച്ചു കൂടുതൽ പഠിക്കാൻ മോന്‌ ഇഷ്ടമാ​ണോ?—